ജഗദീഷ് പൊതുസമൂഹത്തിന് ഹീറോ, അമ്മയിലെ അംഗങ്ങള്‍ക്ക് അങ്ങനെയല്ല; മാലാ പാര്‍വതി
Monday, July 28, 2025 1:29 PM IST
താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ജഗദീഷ് പൊതു സമൂഹത്തിന് ഹീറോ ആണെങ്കിലും അമ്മയിലെ അംഗങ്ങള്‍ക്കിടയില്‍ മറ്റൊരു അഭിപ്രായമാണെന്ന് നടി മാലാ പാര്‍വതി. ആരോപണ വിധേയനായ ബാബുരാജ് അമ്മയെ പ്രതിസന്ധിയിലാക്കാതെ മാറി നില്‍ക്കണമെന്നും അവർ പറഞ്ഞു.
""ആരോപണം നേരിട്ടവര്‍ മത്സരിക്കുന്നത് ഉചിതമല്ല. നിയമത്തിന്റെ അടിസ്ഥാനത്തില്‍ പറയുകയല്ല. മര്യാദയുടെ പേരില്‍ മാറിനില്‍ക്കണം. താരസംഘടനയായ അമ്മ സമൂഹത്തില്‍ ഇത്രയും ചര്‍ച്ചയാകുന്നത് മാതൃകാപരം ആയിരിക്കണം എന്നുള്ളതു കൊണ്ടാണ്.
ദിലീപിനെതിരായ വിഷയം മുതല്‍ ഓരോ വിഷയം വരുമ്പോഴും പൊതു സമൂഹത്തിന്റെയും മാധ്യമങ്ങളുടേയും ശ്രദ്ധ സംഘടനയ്ക്ക് മേലുണ്ടായിരുന്നു. എക്സിക്യൂട്ടീവ് അംഗമോ ഭാരവാഹിയോ ആയ ആള്‍ക്കെതിരെ ആരോപണം വരുമ്പോള്‍ അതാത് കാലത്ത് മാറ്റി നിര്‍ത്തിയിട്ടുണ്ട്. ദിലീപ് മാറി നിന്നു, വിജയ് ബാബു മാറി നിന്നു, സിദ്ധീഖ് മാറി നിന്നു.
സിദ്ധീഖ് മാറി നിന്നപ്പോഴാണ് രണ്ട് ദിവസം കഴിഞ്ഞ് ബാബുരാജിനെതിരെ ആരോപണം വന്നത്. അപ്പോള്‍ തന്നെ മാറി നില്‍ക്കണമെന്ന് ശ്വേത മേനോന് ചാനലിലൂടെ പറഞ്ഞു. പക്ഷെ അന്ന് അദ്ദേഹം അതിന് തയാറായിട്ടുണ്ടാകില്ല. അതുകൊണ്ടാകാം മോഹന്‍ലാല്‍ രാജിവെക്കുന്നതും അഡ്ഹോക് കമ്മിറ്റിയിലേക്ക് പോകുന്നതും.
അതിന് ശേഷം വീണ്ടുമൊരു തെരഞ്ഞെടുപ്പ് വരുമ്പോള്‍ അമ്മയുടെ ഭരണസമിതിയേയും അമ്മ സംഘടനയേയും പ്രതിസന്ധിയിലാക്കാതിരിക്കാനുള്ള ധാര്‍മിക മര്യാദ ബാബുരാജിന് ഉണ്ടാകേണ്ടതായിരുന്നു എന്നും മാലാ പാര്‍വതി പറയുന്നു.
അദ്ദേഹം നല്ല സംഘടകനാണ്. മറ്റ് പല നല്ല ഗുണങ്ങളുമുണ്ട് അദ്ദേഹത്തിന്. എനിക്ക് ഹാപ്പി സര്‍ദാറുമായി ബന്ധപ്പെട്ട് ചില ബുദ്ധിമുട്ടുകളുണ്ടായപ്പോള്‍ എന്നെ പിന്തുണച്ച വ്യക്തിയാണ്. പക്ഷെ, ഇങ്ങനൊരു ആരോപണം വരുന്ന സമയത്ത് വീണ്ടും സംഘടനയെ പ്രതിസന്ധിയിലാക്കാതിരിക്കാന്‍ ശ്രമിക്കണമായിരുന്നു എന്നാണ് എന്റെ പക്ഷം എന്നും താരം പറയുന്നു.
ഒരു വലിയ വിഭാഗം അമ്മയുടെ തെരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കുകയാണ്. ഇടവേള ബാബു വരണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു വിഭാഗമുണ്ട്. അദ്ദേഹത്തിന്റെ കാലത്തെ അച്ചടക്കവും മറ്റും തിരിച്ചുവരണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. കുറേക്കൂടി വിശ്വാസ്യതയുണ്ട് അദ്ദേഹത്തിന്. പക്ഷെ, അദ്ദേഹം പറ്റില്ല എന്ന് പറഞ്ഞ് മാറി നില്‍ക്കുകയാണ്. പിന്നെ വന്ന പേരുകള്‍ വിജയരാഘവന്റെയും ചാക്കോച്ചന്റെയുമൊക്കെയായിരുന്നു. അവരെല്ലാം തന്നെ ഒഴിഞ്ഞു.
ജഗദീഷ് വന്നിട്ടുണ്ട്. അദ്ദേഹം പൊതുസമൂഹത്തിന് വളരെ സ്വീകാര്യനാണ്. കാരണം അമ്മയെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ച വ്യക്തിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഹീറോ ഇമേജുണ്ട്. പക്ഷേ, അമ്മയിലെ അംഗങ്ങള്‍ക്ക് മറ്റൊരു ആംഗിളുണ്ട്.
സിദ്ധീഖ് വിഷയം വന്നപ്പോള്‍ ഇവര്‍ ഒരു പത്രസമ്മേളനം നടത്താന്‍ തയാറായിരിക്കുകയായിരുന്നു. അന്ന് ഇപ്പോള്‍ പത്രക്കാരെ കാണരുതെന്ന് ജഗദീഷ് ഉപദേശിച്ചു. അദ്ദേഹത്തിന്റെ കൂര്‍മബുദ്ധിയില്‍ വിശ്വസിക്കുന്ന അംഗങ്ങള്‍ ഇതോടെ പത്രസമ്മേളനം വേണ്ടെന്ന് വച്ചു.
എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ് അദ്ദേഹം ആഞ്ഞൊരു അടിയടിച്ചു. ഇവര്‍ക്ക് വായില്ലേ, സംസാരിച്ചു കൂടേ എന്ന് ചോദിച്ചു. അങ്ങനെയാണ് മൊത്തം പ്രതിസന്ധിയിലേക്ക് പോയത്. അത് അറിയാവുന്ന വലിയൊരു വിഭാഗം അംഗങ്ങള്‍ ജഗദീഷിനെതിരെ പ്രചരണം നടത്തുന്നതായിട്ടാണ് ഞാന്‍ മനസിലാക്കുന്നത്.'' എന്നാണ് മാലാ പാര്‍വതി പറയുന്നത്.