സിനിമയുടെ പേര് വ്യാജ ഒപ്പിട്ട് സ്വന്തമാക്കി; നിവിൻ പോളിയുടെ പരാതിയിൽ നിർമാതാവിനെതിരെ കേസെടുത്ത് പോലീസ്
Tuesday, July 29, 2025 11:55 AM IST
ആക്ഷൻ ഹീറോ ബിജു - 2 എന്ന സിനിമയുടെ പേര് വ്യാജ ഒപ്പിട്ട് സ്വന്തമാക്കിയെന്ന നിവിൻ പോളിയുടെ പരാതിയില്‍ നിർമാതാവ് പി.എ. ഷംനാസിനെതിരെ പോലീസ് കേസെടുത്തു.
ആക്ഷന്‍ ഹീറോ ബിജു-2 എന്ന ചിത്രവുമായി ബന്ധപ്പെട്ട് 2023ല്‍ നിവിന്‍ പോളി, സംവിധായകന് ഏബ്രിഡ് ഷൈന്‍, തലയോലപ്പറമ്പ് സ്വദേശി ഷംനാസ് എന്നിവര്‍ ഒപ്പിട്ട കരാറില്‍ സിനിമയുടെ എല്ലാത്തരം അവകാശങ്ങളും നിവിന്‍ പോളിയുടെ നിർമാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നു.
ഇക്കാര്യം മറച്ചു വച്ച് ഫിലിം ചേംബറില്‍ നിന്നും ചിത്രത്തിന്റെ പേരിന്റെ അവകാശം ഷംനാസ് സ്വന്തമാക്കുകയായിരുന്നു. ഇതിനായി നിവിന്‍ പോളിയുടെ ഒപ്പ് വ്യാജമായി ചേര്‍ത്ത രേഖ ഹാജരാക്കി. പോലീസ് അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ തെളിഞ്ഞതോടെ ഷംനാസിനെതിരെ പാലാരിവട്ടം പോലീസ് കേസെടുക്കുകയായിരുന്നു.
വ്യാജ ഒപ്പിട്ടതായി തെളിഞ്ഞതോടെ ഫിലിം ചേംബറും ഷംനാസിനെതിരെ നടപടികള്‍ സ്വീകരിക്കും. പോലീസ് കേസ് നല്‍കുന്നത് കൂടാതെ ഇയാളുടെ നിർമാണ കമ്പനിക്ക് ഫിലിം ചേംബര്‍ നിരോധനം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്.
ഈ ചിത്രത്തിന്റെ അവകാശങ്ങള്‍ തനിക്കാണെന്നും, പോളി ജൂനിയര്‍ കമ്പനി ഓവര്‍സീസ് അവകാശം താനറിയാതെ മറ്റൊരു കമ്പനിക്ക് നല്‍കിയെന്നും കാണിച്ചു ഷംനാസ് നൽകിയ പരാതിയില്‍ നേരത്തെ നിവിന്‍ പോളിക്കെതിരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.