അമ്മ തെരഞ്ഞെടുപ്പ്: ബാബുരാജ് പിന്മാറണമെന്ന് മല്ലിക സുകുമാരന്‍
Tuesday, July 29, 2025 12:00 PM IST
അമ്മയുടെ തെരഞ്ഞെടുപ്പില്‍ നടന് ബാബുരാജ് മത്സരിക്കരുതെന്ന് നടി മല്ലിക സുകുമാരന്‍. ആരോപണ വിധേയന് മാറിനില്‍ക്കുകയാണു വേണ്ടത്. ബാബുരാജ് മത്സരിച്ചാല്‍ പല സംശയങ്ങള്‍ക്കും ഇടവരും. മടുത്തിട്ടാണ് മോഹന്‍ലാല്‍ അമ്മ പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറിയത്.
എല്ലാ പ്രശ്നങ്ങളിലും ലാലിന്റെ പേര് വലിച്ചിഴക്കുന്നത് ചിലരുടെ ശീലമാണ്. ലാലോ മമ്മൂട്ടിയോ ഇല്ലെങ്കില്‍ പ്രവര്‍ത്തന ഫണ്ട് പോലും ലഭിക്കില്ല.
തങ്ങള്‍ തെറ്റു കണ്ടാല്‍ തുറന്നുപറയും. അതിനാല്‍ താനും മകനും അമ്മയ്ക്ക് അപ്രിയരാണെന്നും മല്ലികാ സുകുമാരന്‍ സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, കുക്കു പരമേശ്വരന്, ജയന് ചേര്‍ത്തല, അനൂപ് ചന്ദ്രന്, രവീന്ദ്രന് എന്നിവര്‍ മത്സരിക്കും.
ആരോപണ വിധേയരായവര്‍ മാറിനില്‍ക്കുന്നതാണ് മര്യാദ എന്ന് അനൂപ് ചന്ദ്രനും പറഞ്ഞിരുന്നു. സംഘടനയുടെ മാഹാത്മ്യം മനസിലാക്കി മൂല്യമുള്ളവര്‍ രംഗത്തുവരണം. താനും മത്സരിക്കുന്നുണ്ടെന്നും അനൂപ് ചന്ദ്രന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ആരോപണ വിധേയര്‍ക്കും മത്സരിക്കാമെന്നാണ് സംഘടന അംഗമായ നടി സരയു പറഞ്ഞത്. പ്രസിഡന്റ് സ്ഥാനത്തേക്കു വനിതകള്‍ മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും സരയു വ്യക്തമാക്കി.