ബാബുരാജ് വിട്ടുനിൽക്കണം, മത്സരിക്കരുത്; വിജയ് ബാബു
Tuesday, July 29, 2025 2:43 PM IST
താരസംഘടനയായ അമ്മയുടെ സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ നിന്നും ബാബുരാജ് വിട്ടുനിൽക്കുന്നതാണ് നല്ലതെന്ന് നടനും നിർമാതാവുമായ വിജയ് ബാബു.
കുറ്റാരോപിതനായപ്പോൾ താൻ മാറിനിന്നു. ബാബുരാജിനെപ്പോലെ സംഘടനയെ നയിക്കാൻ കഴിവുള്ളവർ വേറെ ഉള്ളപ്പോൾ എന്തിനാണ് മത്സരിക്കണമെന്ന് വാശിപിടിക്കുന്നതെന്ന് വിജയ് ബാബു ചോദിക്കുന്നു.
‘‘കുറ്റാരോപിതനായപ്പോൾ ഞാൻ മാറിനിന്നു. ബാബുരാജ് ഈ തവണ ‘അമ്മ’ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണം. കാരണം, അദ്ദേഹത്തിനെതിരെ ഒന്നിലധികം കേസുകൾ നിലവിലുണ്ട്. അദ്ദേഹം നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരട്ടെ.
നിങ്ങൾ ചെയ്തതുപോലെ സംഘടനയെ നയിക്കാൻ കഴിവുള്ള മറ്റ് നിരവധി ആളുകൾ ഉള്ളപ്പോൾ എന്തിനാണ് ഇത്ര ധൃതിപ്പെടുന്നത്, അതിനെക്കുറിച്ച് ഞാൻ തർക്കിക്കുന്നില്ല.
ഏതൊരു വ്യക്തിയെക്കാളും സംഘടനയാണ് വലുത്, അത് ശക്തമായി നിലനിൽക്കും. ബാബുരാജ്, ദയവായി ഇത് വ്യക്തിപരമായി എടുക്കരുത്. ഒരു മാറ്റത്തിനായി ഇത്തവണ സ്ത്രീകൾ നേതൃത്വം ഏറ്റെടുക്കട്ടെ എന്ന് ഞാനും വിശ്വസിക്കുന്നു.''വിജയ് ബാബു കുറിച്ചു.
താരസംഘടനായ അമ്മയിലെ ഭാരവാഹി തെരഞ്ഞെടുപ്പിൽ നിന്ന് നടൻ ബാബുരാജ് വിട്ടുനിൽക്കണമെന്ന അഭിപ്രായമാണ് ഭൂരിഭാഗം അംഗങ്ങൾക്കും. ആരോപണവിധേയരായവർ മാറിനിൽക്കുന്നതാണ് നല്ലതെന്ന് നടി മാലാ പാർവതി, അനൂപ് ചന്ദ്രൻ, മല്ലിക സുകുമാരൻ തുടങ്ങിയവർ അഭിപ്രായപ്പെട്ടിരുന്നു.