"അയ്യോ അച്ഛാ പോകല്ലേ’; ജഗദീഷിനെ പരിഹസിച്ച് എം.എ. നിഷാദ്
Wednesday, July 30, 2025 9:59 AM IST
താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്ത് മത്സരിക്കാനിരുന്ന നടൻ ജഗദീഷ് പത്രിക പിന്‍വലിച്ചതിനെ വിമർശിച്ചും പരിഹസിച്ചും സിനിമാപ്രവർത്തകർ. തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാനുള്ള ജഗദീഷിന്റെ നിലപാട് പുരോഗമനപരം എന്ന് നിർമാതാവ് സാന്ദ്ര തോമസ് കുറിച്ചപ്പോൾ പിന്മാറാനുള്ള ജഗദീഷിന്റെ നിലപാട് സദുദ്ദേശപരമല്ല എന്നാണ് സംവിധായകൻ എം.എ. നിഷാദ് പറഞ്ഞത്.
അത് ശരി, അണ്ണനങ്ങ് പിൻമാറിയാൽ പോരെ? എന്തിനാണ് മമ്മൂക്കയുടേയും, ലാലേട്ടന്റെയും സമ്മതം? അവരോട് ചോദിച്ചിട്ടാണോ അണ്ണൻ പത്രിക നൽകിയത്? ഒരു അക്കാദമിക് ഇന്ററസ്റ്റ് അതു കൊണ്ട് ചോദിച്ചതാ. തെറ്റുണ്ടെങ്കിൽ മാപ്പാക്കണം. ‘അയ്യോ അച്ഛാ പോകല്ലേ’ മണക്കുന്നു. എന്തരോ എന്തൊ.’’ എം.എ. നിഷാദ് കുറിച്ചു.
സംഘടനാ തെരഞ്ഞെടുപ്പിൽ വനിതകള്‍ക്കു പിന്തുണ നൽകി മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും അഭിപ്രായം ആരാഞ്ഞശേഷം പത്രിക പിൻവലിക്കും എന്നാണ് ജഗദീഷ് പ്രഖ്യാപിച്ചത്.
താരസംഘടന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ 74 പേർ പത്രിക നൽകിയിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്കു വനിതകളുൾപ്പെടെ ആറ് പേരാണു പത്രിക നൽകിയത്. ഈ മാസം 31നു പത്രിക പിൻവലിക്കുന്ന ദിവസമേ പാനലുകളും കൂട്ടുകെട്ടുകളും സംബന്ധിച്ച് അന്തിമ ചിത്രമാകൂ.
ഓഗസ്റ്റ് 15നു കൊച്ചിയിലാണു തെരഞ്ഞെടുപ്പ്. ആദ്യമായാണ് ഇത്രയും പേർ മത്സരരംഗത്തെത്തുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്കു ജഗദീഷ്, ശ്വേതാ മേനോൻ, ദേവൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, രവീന്ദ്രൻ എന്നിവർ പത്രിക നൽകിയിട്ടുണ്ട്.
മത്സരരംഗത്തുള്ള ഏറ്റവും സീനിയർ അംഗങ്ങൾ ജഗദീഷും ദേവനുമാണ്. ‘അമ്മ’യിൽ തലമുറമാറ്റം വേണമെന്നും യുവനേതൃത്വം വരണമെന്നും നേതൃനിരയിലുണ്ടായിരുന്ന മുതിർന്ന നടന്മാർ പല തവണ അഭ്യർഥിച്ചെങ്കിലും പ്രമുഖ യുവനടന്മാർ മുന്നോട്ടു വന്നില്ല. വിജയരാഘവൻ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും പത്രിക നൽകിയിരുന്നില്ല.