വിവാദ നായികയും കല്ലുവെച്ച നുണകൾ ആവർത്തിച്ചു പറയുന്നയാളുമാണ് ശ്വേത; ആലപ്പി അഷറഫ്
Wednesday, July 30, 2025 12:13 PM IST
താര സംഘടന അമ്മയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളില്‍ പ്രതികരണവുമായി സംവിധായകന് ആലപ്പി അഷ്റഫ്. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന നടി ശ്വേത മേനോന് കല്ലുവെച്ച നുണകള്‍ ആവര്‍ത്തിച്ചു പറയുന്ന ആളാണെന്നും വിവാദ നായികയാണെന്നും അഷറഫ് പറയുന്നു ഹീറോ ഇമേജുള്ള പൊതുസമ്മതനായ ജഗദീഷ് തലപ്പത്ത് വരുന്നതല്ലേ നല്ലതെന്നും അഷ്റഫ് ചോദിക്കുന്നു.
""കടുത്ത മത്സരത്തിലേക്ക് കടന്നിരിക്കുകയാണല്ലോ അമ്മയുടെ പൊന്നുമക്കള്. ഒരു നേതാവ്, നയിക്കേണ്ടയാള്‍, അദ്ദേഹത്തിന്റെ പ്രവര്‍ത്തികളും വാക്കുകളും ധാര്മികമായിരിക്കണം.
അയാളുടെ ജീവിതം സത്യസന്ധമായിരിക്കണം. ഇടപെടലുകള്‍ മഹത്വമുള്ളതാകണം. ഇത്തരം ഗുണങ്ങളാല്‍ സമ്പന്നനായ ഒരാളായിരിക്കണം അമ്മയുടെ തലപ്പത്ത് വരേണ്ടത്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ സംഘടന വീണ്ടുമൊരു പതനത്തിലേക്ക് കൂപ്പു കുത്തും.
ഏറ്റവും മര്‍മപ്രധാനമായ പദവി പ്രസിഡന്റിതോണ്. മോഹന്‍ലാല്‍ ഒഴിഞ്ഞ പദവി. ഓരോ അംഗവും വളരെ ഗൗരവ്വമായി ചിന്തിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ഇവിടെ നിങ്ങളുടെ തീരുമാനം തെറ്റിയാല്‍ സംഘടനയുടെ പതനം മാത്രമല്ല, നൂറ് കണക്കിന് പേര്‍ക്ക് ലഭിക്കുന്ന പെന്‍ഷനും മറ്റും ഇല്ലാതാകും. അതിനാല്‍ ഇച്ഛാശക്തിയും കാര്യഗൗരവ്വവും സംഘടനാപാഠവവും ഉള്ള ഒരാള്‍ അമ്മയെ നയിക്കണം.
പ്രസിഡന്റ് സ്ഥാനം ഒഴിച്ചാൽ മറ്റ് സ്ഥാനങ്ങളിലേക്ക് പലരും യോഗ്യരുമാണ്. എല്ലാവർക്കും അവരുടേതായ കഴിവുകളും ഉണ്ടാകും. പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്ന ആൾ നല്ല കഴിവുള്ള ഒരാളാണെങ്കിൽ മറ്റു കുറവുകളൊക്കെ അദ്ദേഹത്തിന് പരിഹരിച്ചു മുന്നോട്ടു പോകാൻ സാധിക്കും.
നടി മാലാ പാർവതി പറയുന്നു പൊതുസമൂഹത്തിനു മുൻപിൽ ജഗദീഷിന് ഹീറോ ഇമേജ് ഉണ്ട്. അയാൾ പൊതുസമ്മതനുമാണ്. പക്ഷേ ‘അമ്മ’ അംഗങ്ങൾക്കിടയിൽ അങ്ങനെയല്ല.
പൊതുസമ്മതനും ഹീറോ ഇമേജും ഉള്ള ഒരാൾ സംഘടനയുടെ തലപ്പത്ത് വരുന്നതല്ലേ അഭികാമ്യം. ജഗദീഷിനെതിരെ ഒരു കുറ്റം ചികഞ്ഞെടുത്തത് അദ്ദേഹം സംഘടനാ പ്രതിനിധിയായിരുന്നപ്പോൾ സഹായിക്കുന്നു എന്ന രീതിയിൽ പ്രവൃത്തിച്ചിട്ട് വാക്കുമാറിയ ഒരാളാണ് എന്നതാണ്. ഇതാണ് മാലാ പാർവതിയുടെ ഒരു ആരോപണം.
ജഗദീഷ് പറഞ്ഞത് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരട്ടെ എന്നും അന്വേഷണം നടക്കട്ടെ പുഴുക്കുത്തുകളൊക്കെ പൊതുസമൂഹത്തിന്റെ മുൻപിൽ വരട്ടെ എന്നായിരുന്നു, ഇതായിരിക്കണം ഒരുപക്ഷേ മാലാ പാർവതിയെ ചൊടിപ്പിച്ചത്.
‘അമ്മ’യുടെ പ്രസിഡന്റ് ആയി മത്സരിക്കുന്ന ശ്വേതാ മേനോനെതിരെ ഇതിനേക്കാൾ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടില്ലേ? എന്തുകൊണ്ടാണ് ശ്വേതാ മേനോന് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ നിന്നും പുറത്തു പോകേണ്ടി വന്നത്?
കല്ലു വച്ച നുണകൾ ആവർത്തിച്ച് ആവർത്തിച്ച് പറഞ്ഞതിന്റെ പേരിലാണ്. അത് കണ്ടുപിടിച്ച് തെളിവ് സഹിതം പുറത്തു കൊണ്ടുവന്നത് നമ്മളാരുമല്ല. സാക്ഷാൽ ‘അമ്മ’യുടെ പ്രസിഡന്റ് മോഹൻലാൽ ആണ്. അതാണ് ഞാൻ നേരത്തെ പറഞ്ഞത് നേതൃസ്ഥാനത്തേക്ക് വരുന്ന ആൾക്ക് വേണ്ട ഏറ്റവും വലിയ ക്വാളിറ്റി വാക്കിലും പ്രവർത്തിയിലും സത്യസന്ധത പുലർത്തുക എന്നത്.
ഏത് പ്രശ്നത്തിൽ ഇടപെട്ടാലും വിവാദം കൂടപ്പിറപ്പാണ് ശ്വേതാമേനോന്. ഇത് അവർ തന്നെ അഭിമുഖത്തിൽ പറഞ്ഞിട്ടുള്ളതാണ്. വിവാദങ്ങൾ കൊണ്ട് പൊറുതിമുട്ടിയ ‘അമ്മ’ സംഘടനയ്ക്ക് ഒരു വിവാദ നായിക കൂടി തലപ്പത്ത് വന്നാലുള്ള സ്ഥിതി ഒന്ന് ആലോചിച്ചു നോക്കിയാൽ നന്നായിരിക്കും.
ഇനി മാലാ പാർവതി പറഞ്ഞ രസകരമായ ഒരു കോമഡിയുണ്ട്. അത് കേട്ട് പലരും ചിരിച്ചു ചിരിച്ച് അവശരും ആയിട്ടുണ്ട്. ഇടവേള ബാബു ഉണ്ടായിരുന്നപ്പോൾ നല്ല അച്ചടക്കം ഉണ്ടായിരുന്നു എന്ന്.
ഇടവേള ബാബു ഉണ്ടായിരുന്നപ്പോൾ ഉള്ള അച്ചടക്കത്തെ കുറിച്ച് ഒന്ന് പരിശോധിക്കാം. ദിലീപ് മുതൽ അങ്ങോട്ട് തുടങ്ങിയാൽ വിജയ് ബാബു, സിദ്ദിഖ്, മണിയൻ പിള്ള രാജു, ബാബുരാജ്, ജയസൂര്യ, മുകേഷ് കൂടാതെ അച്ചടക്കത്തിന്റെ നേതാവായ ഇടവേള ബാബുവും. ഇവരുടെ എല്ലാം പേരിലുണ്ടായ ആരോപണങ്ങൾ വളരെ മര്യാദയോടെയും അച്ചടക്കത്തോടെ സൂക്ഷിച്ചതുകൊണ്ടാകാം അച്ചടക്കത്തിന്റെ വക്താവായി ഇടവേള ബാബുവിനെ കണ്ടത്.
പിന്നെ മാലാ പാർവതിയുടെ മറ്റൊരു അഭിപ്രായം ബാബുവിന്റെ വാക്കുകൾക്ക് വിശ്വാസീയത ഉണ്ടെന്നായിരുന്നു. ആ വിശ്വാസീയതയെ കുറിച്ച് പല കാര്യങ്ങളും ഗണേഷ് കുമാർ പലവട്ടം പലതും വെളിപ്പെടുത്തിയിട്ടുണ്ട്. അതിൽ ഒരു കാര്യം മാത്രം ഞാൻ ഇവിടെ സൂചിപ്പിക്കാം.
ബിനീഷ് കോടിയേരിയെ സംഘടനയിൽ നിന്നും പുറത്താക്കണമെന്ന് പറഞ്ഞപ്പോൾ ഗണേഷ് കുമാർ എതിർത്തു എന്ന് മാധ്യമങ്ങൾക്ക് വാർത്ത കൊടുക്കുകയും അത് ചാനലുകളിൽ എഴുതി കാണിക്കുകയും ചെയ്തു.
എന്നാൽ ബിനീഷ് കോടിയേരിയുടെ കാര്യം ചർച്ച ചെയ്തിരുന്ന മീറ്റിംഗിൽ ഗണേഷ് കുമാർ പങ്കെടുത്തിരുന്നില്ല. ഈ വിവരം ഗണേഷ് കുമാർ മനസാവാചാ അറിഞ്ഞതുമില്ല. ഗണേഷ് കുമാറിന്റെ പിതാവ് ആർ. ബാലകൃഷ്ണപിള്ള ടിവിയിൽ ഈ വാർത്ത കണ്ട് ഗണേഷ് കുമാറിനോട് ചോദിക്കുന്നു നീ ഇവിടെ ഇരിക്കുകയല്ലേ നീ ഇവിടെ ഇരിക്കുമ്പോൾ എങ്ങനെയാണ് ആ മീറ്റിംഗിൽ നീ എതിർത്തു എന്ന വാർത്ത വരുന്നത്. ഇതുകണ്ട് ഗണേഷ്കുമാർ ക്ഷുഭിതനായി ബാബുവിനെ വിളിക്കുന്നു. അതുവരെ ഗണേഷ്കുമാറിന്റെ ഏറ്റവും വിശ്വസ്തനായിരുന്നു ഇടവേള ബാബു.
തോന്നുന്നതുപോലെ ‘അമ്മ’യിൽ ചെയ്യാനും പറയാനും ഏകാധിപതിയെ പോലെ പെരുമാറാനും ബാബുവിന്റെ സ്വകാര്യ സ്വത്തല്ല ‘അമ്മ’ എന്നാണ് ഗണേഷ്കുമാർ അന്ന് പറഞ്ഞത്.
ഇത്തരം വിഷയങ്ങളൊക്കെ സമയവും സന്ദർഭവും മാറിയപ്പോൾ ഒരുപക്ഷേ മാലാപാർവതി വിസ്മരിച്ചതായിരിക്കാം. മറ്റൊരു സ്ഥാനാർത്ഥിയായ അൻസിബ ഹസൻ പറയുന്നു പീഡനകേസിൽ പെട്ട രാഷ്ട്രീയക്കാർ മത്സരിക്കുന്നില്ലേ അതിനേക്കാൾ വലുതല്ലല്ലോ ‘അമ്മ’ സംഘടന.
അവർ മത്സരിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പം ഇതാണ് ഞാൻ നേരത്തെ സൂചിപ്പിച്ചത് നേതൃത്വം വഹിക്കുന്ന ആളുടെ വാക്കുകൾക്ക് ധാർമികത ഉണ്ടായിരിക്കണമെന്ന്. ഇവരെയാണ് ചിലരൊക്കെ നിലപാടുകളുടെ രാജകുമാരി എന്ന് വിശേഷിപ്പിച്ചിട്ടുള്ളത്.
ബലാൽസംഘ പീഡന കേസിലെ പ്രതികളെ സംഘടനയിൽ നിലനിർത്താനുള്ള വാക്കുകളാണ് ഇതെന്ന് ഓർക്കണം. ഇനി മറ്റൊരു സ്ഥാനാർഥിയായ അനൂപ് ചന്ദ്രൻ, സ്വന്തമായി നിലപാടുള്ള, കാര്യങ്ങൾ വ്യക്തമായി പരപ്രേരണ കൂടാതെ സംസാരിക്കാൻ കഴിവുള്ള ഒരാളാണ്.
എന്നാൽ ഇവരെയൊക്കെ കടത്തിവെട്ടുന്ന ഒരു കോമഡി വിഡിയോയുമായി വന്നത് അനൂപ് ചന്ദ്രനാണ്. അനൂപ് ചന്ദ്രൻ സ്വന്തമായി ഒരു വിഡിയോ നിർമിച്ച ശേഷം അത് ‘അമ്മ’യുടെ ഗ്രൂപ്പിൽ ഇട്ടു. എന്നിട്ട് പറയുന്നു ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളോ വീഡിയോയോ പുറത്തുവിടാൻ പാടില്ല.
ഇത് അമ്മയുടെ മെമ്പർ മാർക്ക് മാത്രമുള്ളതാണ്. എന്നാൽ അപ്പോൾ തന്നെ ഇത് നഴ്സറി കുട്ടികളുടെ കയ്യിൽ വരെ എത്തി. അനൂപ് ചന്ദ്രന്റെ കൂർമ ബുദ്ധി സമ്മതിച്ചു കൊടുത്തേ പറ്റൂ. അനൂപ് ചന്ദ്രൻ പറയുന്നു ‘അമ്മ’ എന്ന സംഘടന ഇന്ത്യയിലെ കേരളത്തിലെ ഏറ്റവും നല്ല വലിയ സാംസ്കാരിക സംഘടനയാണെന്ന്.
ഇതേ അനൂപ് ചന്ദ്രൻ തന്നെ വിഡിയോയുടെ മറ്റൊരു ഭാഗത്ത് പറയുന്നുണ്ട് ‘അമ്മ’യിൽ ബലാൽസംഘ പ്രതികൾ ഉണ്ടെന്ന്, സാമ്പത്തിക തിരുമറി നടത്തുന്നവരുണ്ട്, ഒരു കോടി 60 ലക്ഷം തട്ടിപ്പ് നടത്തിയതായി സംശയിക്കപ്പെടുന്നു.
സിൽബന്ധി രാഷ്ട്രീയമുണ്ട്, സ്വാർഥ താല്പര്യങ്ങൾ സംരക്ഷിക്കാനായി വടംവലി നടത്തുന്നവരുമുണ്ട് എന്നൊക്കെ. ഈ സംഘടനയാണ് അനൂപ് ചന്ദ്രൻ ഏറ്റവും നല്ല സാംസ്കാരിക സംഘടനയായിട്ട് സംബോധന ചെയ്യുന്നത്.
അനൂപ് ചന്ദ്രൻ ബിഗ് ബോസിൽ വച്ച് ശ്വേതാ മേനോനുമായി ഇടഞ്ഞപ്പോൾ പറഞ്ഞിരുന്നത് ഇവരൊക്കെ സാംസ്കാരിക മാലിന്യങ്ങൾ എന്നായിരുന്നു. കൂടാതെ അവർക്കെതിരെ സ്ത്രീവിരുദ്ധത നിറഞ്ഞ അധിക്ഷേപം നടത്തിയത് ഞാൻ ഇവിടെ പറയുന്നില്ല.
അത് ശ്വേതാമേനോനും മറന്നിട്ടില്ല എന്ന് കരുതുന്നു. മല്ലിക സുകുമാരന്റെ വാക്കുകൾ നമ്മൾ അവഗണിക്കാൻ പാടില്ല. അവർ പറയുന്നു ആരോപണ വിധേയരും ക്രിമിനൽസും ഒന്നും മത്സരിക്കാൻ പാടില്ല എന്ന്.
‘അമ്മ’യിൽ ഇരട്ട നീതിയാണ് ഇപ്പോൾ നടക്കുന്നത് എന്ന്. മല്ലിക സുകുമാരൻ ചോദിക്കുന്നു ബാബുരാജിന് ഇലക്ഷനിൽ നിൽക്കാമെങ്കിൽ എന്തുകൊണ്ട് കൈനീട്ടം വാങ്ങുന്നവർക്ക് ഇലക്ഷനിൽ നിന്നുകൂടാ. ഇതൊക്കെ കൊണ്ടായിരിക്കാം ഒരുപക്ഷേ മല്ലികാസുകുമാരൻ പറയുന്നത് ഈ സംഘടന നിലനിൽക്കാൻ പോകുന്നില്ലെന്ന്.
‘അമ്മ’ ജിഎസ്ടി ഇനത്തിൽ ഒൻപത് കോടിയോളം രൂപ കുടിശിക അടയക്കാനുണ്ടെന്നും പറയപ്പെടുന്നു. ഇത് വർഷങ്ങളോളം അടയക്കാത്തത് കൊണ്ടുവന്ന കുടിശികയാണ്. ഇതിന്റെ ഉത്തരവാദികൾ സംഘടന വിട്ടു പോവുകയുംചെയ്തു.
ഈ കുടിശികയുടെ നോട്ടീസുകൾ എത്തിക്കഴിഞ്ഞു. അടച്ചില്ലെങ്കിൽ ജപ്തി നടപടി ഉൾപ്പെടെ നേരിടേണ്ടി വരും. അങ്ങനെ വന്നാൽ ‘അമ്മ’യുടെ ഓഫിസിന്റെ കാര്യം സ്വാഹ. എട്ടു കോടി രൂപയോളം അമ്മയിൽ നീക്കിയിരിപ്പുണ്ടെന്നും പറയുന്നു.
ഇത് സത്യമാണെങ്കിൽ ഇങ്ങനെയൊക്കെ സംഭവിച്ചാൽ പെൻഷനും ചികിത്സ ആനുകൂല്യങ്ങളും ഒക്കെ അവതാളത്തിലാകും. ഇവിടെയാണ് ഇച്ഛാശക്തിയും കാര്യപ്രാപ്തിയും യുക്തിപൂർവം ചിന്തിക്കാനും കഴിയുന്ന ഒരു നേതാവിന്റെ ആവശ്യം.
ജഗദീഷ് പറയുന്നത് തന്ത്രങ്ങളെ നേരിടാൻ ഞാൻ തയാറാണ്, എന്നാൽ കുതന്ത്രങ്ങളെ നേരിടാൻ എനിക്ക് പറ്റില്ല. ഇത്തരം കുത്തിത്തിരിപ്പും കുതന്ത്രങ്ങളും കാരണം ഒരുപക്ഷേ ജഗദീഷ് പിന്മാറിയേക്കാം.
ഒരു കാര്യം ഇവിടെ പറയാതെ വയ്യ ജഗദീഷ് അദ്ദേഹത്തിന്റെ സഹധർമ്മിണിയുടെ വേർപാടിനു ശേഷം വളരെ വ്യത്യസ്തനാണ്. നല്ല കർമങ്ങൾ മാത്രം ചെയ്യണമെന്ന് ചിന്തിക്കുന്ന ഒരു വ്യക്തിത്വം. പ്രമുഖ രാഷ്ട്രീയ പാർട്ടിയിൽ നിന്നും വലിയ ഓഫർ വന്നിട്ട് പോലും അത് തിരസ്കരിച്ച ആളാണ്.
ആരോഗ്യകരമല്ലാത്ത ഒരു മത്സരമാണെങ്കിൽ അദ്ദേഹം അതിൽ കടിച്ചു തൂങ്ങുമെന്ന് കരുതുന്നില്ല. അതിൽ നിന്ന് തന്നെ അദ്ദേഹത്തിന്റെ വ്യക്തിത്വം അളക്കാവുന്നതാണ്. ഇപ്പോൾ ഉള്ളതിൽ ഏറ്റവും മികച്ച സ്ഥാനാർത്ഥി ജഗദീഷ് ആണെന്നുള്ള കാര്യത്തിൽ യാതൊരു തർക്കവുമില്ല.
ഒരു കാര്യം ഇവിടെ ഓർമിപ്പിക്കാം മറ്റുള്ളവരുടെ വാക്കും നാക്കും ബുദ്ധിയുമായി പ്രവർത്തിക്കുന്ന പലരും മത്സരരംഗത്ത് ഉണ്ടെന്ന് ഓർക്കുക. ഇവിടെ നിങ്ങൾ ചിന്തിച്ച് ബുദ്ധിപൂർവം നിങ്ങളുടെ വോട്ടുകൾ വിനിയോഗിച്ചില്ലെങ്കിൽ ഈ സംഘടന ഒരു പഴംകഥയാകുമെന്ന് ഓർക്കുക.
‘അമ്മ’ എന്ന സംഘടന ചിലർ പറയുന്നു ക്ലബ്ബ് ആണെന്ന് മറ്റു ചിലർ പറയുന്നു ചാരിറ്റബിൾ സൊസൈറ്റി ആണെന്ന്. വേറെ ചിലർ പറയുന്നു സന്നദ്ധ സംഘടനയാണെന്ന്, എന്നാൽ ഇപ്പോൾ പറയുന്നു ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയാണെന്ന്, അതിനി എന്തുമാകട്ടെ ഈ സംഘടന നിലനിൽക്കേണ്ടത് അനിവാര്യമാണ്. സംശുദ്ധമായ, മാതൃകാപരമായ ഒരു സംഘടനയായി ‘അമ്മ’ നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു.’’ആലപ്പി അഷ്റഫിന്റെ വാക്കുകൾ.