സഹോദരനെപ്പോലെയാണ് ജയൻ ചേർത്തലയെ കരുതിയത്, എന്നിട്ടും വഞ്ചിച്ചു; ഓഡിയോ ക്ലിപ്പ് പുറത്തുവന്ന സംഭവത്തിൽ നാസർ ലത്തീഫ്
Friday, August 1, 2025 11:42 AM IST
അമ്മയിലെ വനിത അംഗങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള തന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്ന സംഭവത്തിൽ വിശദീകരണവുമായി നടൻ നാസർ ലത്തീഫ്.
ജയൻ ചേർത്തലയ്ക്ക് ഒരു വർഷം മുൻപ് ഒരു പ്രത്യേക സാഹചര്യത്തിൽ അയച്ച ഓഡിയോ ആയിരുന്നു ഇതെന്നും സ്വന്തം സഹോദരനായി കരുതിയ അയാൾ ഈ വിശ്വാസ വഞ്ചന ചെയ്യുമെന്ന് കരുതിയില്ലെന്നും നാസർ പറഞ്ഞു.
‘‘പ്രിയപ്പെട്ടവരെ നമസ്കാരം, ഞാൻ നാസർ ലത്തീഫ്. ഇന്ന് എനിക്ക് വളരെ ഒരു ദുഃഖം നിറഞ്ഞ ഒരു ദിവസമാണ്. സന്തോഷമുണ്ട് എന്റെ നോമിനേഷൻ സ്വീകരിച്ചു. ഞാൻ വൈസ് പ്രസിഡന്റ് ആയി നിൽക്കുന്നുണ്ട് എന്ന് ഞാൻ നിങ്ങളെ അറിയിച്ചു, ഇപ്പോഴും അറിയിക്കുന്നു.
എന്നാൽ ഞാൻ എന്റെ സ്വന്തം സഹോദരനായി കരുതുന്ന എന്റെ സുഹൃത്തും വളരെ അടുത്ത സഹയാർഥിയുമായി മനസിൽ സൂക്ഷിക്കുന്ന ജയൻ ചേർത്തലയ്ക്ക് ഒരു വർഷം മുമ്പ് എന്റെഏതോ ഒരു മാനസിക വിഷമത്തിൽ ഒരു ഓഡിയോ ക്ലിപ്പ് അയച്ചിരുന്നു.
ആ ഓഡിയോ ക്ലിപ്പ് ഇപ്പോൾ എടുത്ത് വലിയ രീതിയിൽ ഇലക്ഷൻ സ്റ്റണ്ട് ആയി പുറത്തേക്ക് ഇറക്കി. എന്തിനാണ് ഇത്, ഇതിന്റെ ആവശ്യം വല്ലതും ഉണ്ടോ? അങ്ങനെ ഇറക്കാനാണെങ്കിൽ എന്റെ കൈയിൽ എത്രയോ ക്ലിപ്സ് ഇരിപ്പുണ്ട്. ഞാൻ അതൊക്കെ പുറത്തേക്ക് വിട്ടു കഴിഞ്ഞാൽ വലിയ വിവാദങ്ങളാകും ‘അമ്മ’യ്ക്കകത്ത്.
ഞാൻ അങ്ങനെയുള്ള ഒരു മനുഷ്യനല്ല. ഇതൊക്കെ വിശ്വാസവഞ്ചനയാണ്. നമ്മൾ ഒരു സുഹൃത്തിനെ വിശ്വസിച്ച് ഒരു കാര്യം അയയ്ക്കുമ്പോൾ അത് ഒരു വർഷം സൂക്ഷിച്ചുവെച്ച് ഇലക്ഷൻ തീരുമാനിക്കുന്ന ദിവസം അതെടുത്ത് വൈറൽ ആക്കി എല്ലാ ചാനലുകാർക്കും കൊടുത്ത് നമ്മളെ ഒരുമാതിരി ചീപ്പ് ആക്കുന്ന ഒരു പരിപാടി. എന്തിനാണ് ഇതിന്റെ ആവശ്യം? എന്ത് നേടാനാണ്, എന്നോട് ഒരു വാക്ക് പറഞ്ഞാൽ മതി ഞാൻ ഒഴിഞ്ഞു തരാം.
ഇപ്പോഴും ഞാൻ തയാറാണ്. എനിക്ക് ‘അമ്മ’യ്ക്കകത്ത് വന്നിരുന്ന് ഒന്നും നേടാനില്ല. സത്യസന്ധമായി ദൈവം സാക്ഷിയായി അതിനുവേണ്ടിയല്ല കേട്ടോ ഞാൻ ഇതിനകത്ത് നിൽക്കുന്നത്. എനിക്ക് എന്തെങ്കിലും സൽപ്രവർത്തികൾ ചെയ്യാൻ ഒരു ആഗ്രഹം തോന്നി.
അതിനുവേണ്ടി മാത്രമാണ് നിൽക്കുന്നത്. ഇപ്പോഴും ഞാൻ ഏതു നിമിഷം വേണമെങ്കിലും ഇതിൽ നിന്ന് മാറിത്തരാം. എനിക്ക് സന്തോഷമാണ്. എന്റെ അനുജത്തിയെ പോലെ ഞാൻ കരുതുന്ന ലക്ഷ്മിപ്രിയയും, എന്റെ അനുജനെ പോലെ കരുതുന്ന ജയൻ ചേർത്തലയും വന്നിരുന്നോട്ടെ ആ കസേരയിൽ. അവര് ഭരിച്ചോട്ടെ. എനിക്ക് ഇതിനകത്ത് ഒരു നിർബന്ധവുമില്ല. എന്നാൽ എന്തിനാണ് എന്നെ ഇങ്ങനെ ദ്രോഹിക്കുന്നത്. ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ് എന്നെ ദ്രോഹിക്കുന്നത്?
ഒരു വർഷം മുമ്പ് എന്തോ ഒരു മാനസിക വിഷമം തോന്നിയ സമയത്ത് അയച്ച ഒരു ഓഡിയോ ക്ലിപ്പ് എടുത്ത് സൂക്ഷിച്ചു വച്ച് ഇപ്പോ ഈ നേരത്ത് അയച്ചത് വിശ്വാസവഞ്ചന അല്ലേ.
ഇതിൽ കൂടുതൽ ഞാൻ എന്ത് പറയണം എനിക്ക് ഒന്നും പറയാനില്ല. പ്രിയപ്പെട്ടവരെ നിങ്ങൾക്ക് എന്റെ സത്യസന്ധത മനസിലാവുമെങ്കിൽ നിങ്ങൾക്ക് വോട്ട് ഇടാം. അല്ലെന്നുണ്ടെങ്കിൽ നിങ്ങൾക്ക് നന്നായി തോന്നുന്ന ആർക്കും വോട്ട് കൊടുത്തു വിജയിപ്പിക്കു.
നമ്മുടെ എല്ലാവരുടെയും ആവശ്യം ‘അമ്മ’ എന്ന സംഘടന നന്നായി മുന്നോട്ടു പോകണം അതിൽ എല്ലാവർക്കും നന്മകൾ ഉണ്ടാവണം. ഇത് മാത്രമേ നമ്മുടെ എല്ലാവരുടെയും ചിന്തയുള്ളൂ. അതുകൊണ്ട് ഞാൻ കൂടുതലായിട്ട് ഒന്നും സംസാരിക്കുന്നില്ല. മാനസികമായിട്ട് അത്രയും വിഷമമുണ്ട്.
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ, ഇത് ചെയ്തവരെയും ദൈവം നന്നാക്കട്ടെ എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. ഇത്ര കാലഘട്ടത്തിന്റെ ഉള്ളിൽ ഞാൻ ഇങ്ങനെ ഒരിക്കലും ചെയ്യുന്ന ഒരാളല്ല, ആരോടും ഞാൻ ചെയ്തിട്ടില്ല ഒരാളോടും ചെയ്തിട്ടില്ല.
ലോകത്ത് എന്താ സുഹൃത്തുക്കൾ തമ്മിൽ സംസാരിക്കുമ്പോൾ എന്തെങ്കിലും വാചകങ്ങൾ വായിൽ നിന്ന് വന്നു പോവൂല്ലേ, ഇതൊക്കെ ആദ്യമായിട്ടാണോ? അല്ലാണ്ട് ഞാൻ ഒന്നും കൈയിട്ട് വാരിയിട്ടില്ല, ഒന്നും ചെയ്തിട്ടില്ല, ഒരു തെറ്റും ചെയ്യും ചെയ്തിട്ടില്ല അതിനുള്ള ഒന്നും ഞാൻ കാണിച്ചിട്ടില്ല, പിന്നെ എന്തിനാണ് എന്നെ ഇങ്ങനെ ക്രൂശിക്കുന്നത്? എന്തിനാണ് എന്നെ കുരിശിൽ കയറ്റുന്നത്, എന്തായാലും എല്ലാവരോടും സോറി.”നാസർ ലത്തീഫ് വീഡിയോയിൽ പറയുന്നു.