കലാഭവൻ നവാസ് അന്തരിച്ചു
Saturday, August 2, 2025 8:30 AM IST
ചലച്ചിത്ര താരം കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് മുറിയിൽ എത്തിയതായിരുന്നു.
നവാസ് കുഴഞ്ഞു വീണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പ്രകന്പനം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു നവാസ്. ഇന്ന് അദ്ദേഹത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചിരുന്നു. ഹോട്ടല്‍ മുറി വെക്കേറ്റ് ചെയ്യാനായാണ് നവാസ് എത്തിയത്.
ഹോട്ടൽ റൂമിലെത്തിയ നവാസ് പുറത്തുവരാൻ താമസിച്ചതോടെ ഹോട്ടൽ ജീവനക്കാരൻ റൂമിലെത്തി നോക്കിയപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കലാഭവന്റെ സ്റ്റേജ് പരിപാടികളിലൂടെ ശ്രദ്ധേയനായ അദ്ദേഹം 1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനാണ് കലാഭവൻ നവാസ്. അദ്ദേഹത്തിന്റെ ഭാര്യ രഹ്നയും ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സഹോദരൻ നിയാസ് ബക്കറും ചലച്ചിത്ര താരമാണ്.
മിസ്റ്റർ & മിസ്സിസ്, ചൈതന്യം, മിമിക്സ് ആക്ഷൻ 500 ,ജൂനിയർ മാൻഡ്രേക്ക്, ഹിറ്റ്ലർ ബ്രദേഴ്സ്, മാട്ടുപ്പെട്ടിമച്ചാൻ, അമ്മ അമ്മായിയമ്മ, മൈ ഡിയർ കരടി, ചൻദാമാമ, ചട്ടമ്പിനാട്, മേരനാം ഷാജി തുടങ്ങി നിരവധി ചിത്രങ്ങളിലാണ് നവാസ് വേഷമണിഞ്ഞിരിക്കുന്നത്.