കലാഭവന്‍ നവാസിന്റെ ഖബറടക്കം ഇന്ന്; വൈകുന്നേരം നാലു മുതല്‍ പൊതുദര്‍ശനം
Saturday, August 2, 2025 8:56 AM IST
അന്തരിച്ച ചലച്ചിത്രതാരം കലാഭവന്‍ നവാസിന്റെ ഖബറടക്കം ഇന്ന് ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ നടത്തും. ഇന്ന് രാവിലെ 10.30 ഓടെ ചോറ്റാനിക്കര പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഹൃദയാഘാതം എന്നാണ് പ്രാഥമിക നിഗമനം.
പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം ഇന്ന് ഉച്ചക്ക് 12:30 ന് ആലുവ- പെരുന്പാവൂർ റൂട്ടിലെ നാലാം മൈലിലുള്ള വീട്ടിലേക്ക് ഭൗതിക ദേഹം എത്തിക്കും. ഒന്നു മുതല്‍ മൂന്നു വരെ വീട്ടിലും ഉച്ചയ്ക്ക് മൂന്ന് മുതല്‍ അഞ്ചു വരെ ആലുവ ടൗണ്‍ ഹാളിലും പൊതുദര്‍ശനമുണ്ടാകും. 5.15 ന് ആലുവ ടൗണ്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലാണ് ഖബറടക്കം നടക്കുന്നത്.
ഇന്നലെ രാത്രിയോടെയാണ് കലാഭവന്‍ നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയത്.
ഹോട്ടല്‍ മുറിയില്‍ ചെക്ക്ഔട്ട് വൈകിയതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.