രജനിയുടെ മാസ് ആക്ഷൻ, ഞെട്ടിച്ച് സൗബിൻ, ഒപ്പം ആമിറും; കൂലി ട്രെയിലർ
Monday, August 4, 2025 9:07 AM IST
ആരാധകർ ആവേശത്തോടെ കാത്തിരുന്ന ലോകേഷ്-രജനി ചിത്രം കൂലിയുടെ ട്രെയിലർ എത്തി. സൗബിന്റെ ഇൻട്രോയോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. പിന്നീടാണ് സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ ഇൻട്രോ വരുന്നത്. മൂന്നുമിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിൽ ഉപേന്ദ്ര, ആമിർ ഖാൻ, സത്യരാജ്, നാഗാർജുന തുടങ്ങിയവരും എത്തുന്നുണ്ട്.
ആക്ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാംഗ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമാണ് കൂലി. ഓഗസ്റ്റ് 14നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. രജനികാന്തിന്റെ 171ാം സിനിമയായി ഒരുങ്ങുന്ന കൂലിയിൽ ശ്രുതി ഹാസനാണ് നായിക.
ഇന്ത്യയിലേക്ക് സിംഗപ്പൂർ, ദുബായി, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സ്വർണ്ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോർട്ട്.
ചിത്രത്തിലെ കടുത്ത വയലൻസ് രംഗങ്ങൾ കണക്കിലെടുത്ത് ‘എ’ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് ഒരു രജനികാന്ത് ചിത്രത്തിന് എ സർട്ടിഫക്കറ്റ് ലഭിക്കുന്നത്. ഇതോടെ രജനിയുടെ സിനിമകളിൽ ഏറ്റവുമധികം വയലൻസുള്ള സിനിമയാകും ‘കൂലി’.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമാണം. 38 വർഷങ്ങൾക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് കൂലി. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകൻ. സംഗീതം അനിരുദ്ധ് രവിചന്ദർ.