അവാർഡ് പ്രഖ്യാപിച്ചാൽ പിന്നെ മിണ്ടരുത്, പ്രതികരണങ്ങൾ വേണ്ടത് പ്രഖ്യാപനത്തിന് മുൻപ്; മുകേഷ്
Friday, August 8, 2025 9:29 AM IST
ദേശീയ ചലചിത്ര അവാർഡ് പ്രഖ്യാപിച്ചുകഴിഞ്ഞാൽ പിന്നെ അതിനെക്കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ലെന്ന് നടനും എംഎൽഎയുമായ മുകേഷ്.
അവാർഡ് കൊടുത്തതിൽ വിയോജിപ്പുകളുണ്ടാകാമെങ്കിലും പ്രഖ്യാപന ശേഷം അത് പ്രകടിപ്പിച്ചിട്ട് കാര്യമില്ലെന്നും മുകേഷ് പറഞ്ഞു. ദേശീയ അവാർഡ് സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുകേഷ്.
""ജൂറി അവാർഡ് അനൗൺസ് ചെയ്യുന്നതു വരെ നമുക്ക് അഭിപ്രായം പറയാം. അനൗൺസ് ചെയ്തുകഴിഞ്ഞാൽ പിന്നെ അതിനെപ്പറ്റി മിണ്ടരുത്. അവാർഡ് പ്രഖ്യാപിച്ചു കഴിഞ്ഞ ശേഷം സംസാരിച്ചിട്ട് കാര്യമില്ല. നമ്മുടെ തീരുമാനമായിരിക്കില്ല ജൂറിയുടെ തീരുമാനം.
ഉർവശിക്കും വിജയരാഘവനുമെല്ലാം അവാർഡ് കൊടുക്കണം എന്ന് പറയാമെന്നല്ലാതെ, അതിൽ ഒന്നും സംഭവിക്കില്ല. അടുത്ത വർഷം ഇതിലും ഗംഭീരമായിട്ട് വരണം എന്ന് ചിന്തിക്കുന്നതായിരിക്കും നല്ലത്. ജൂറിയാണ് അന്തിമ തീരുമാനം എടുക്കുന്നത്. അതിൽ മാറ്റം വരില്ല എന്ന് മനസിലാക്കുക.
കേരള സ്റ്റോറിക്ക് അവാർഡ് കൊടുത്തത് ഒരിക്കലും അംഗീകരിക്കുന്നില്ല. എന്നുകരുതി അത് മാറ്റിക്കൊടുക്കണം എന്ന് പറയാൻ പറ്റില്ലല്ലോ. നമുക്ക് നമ്മുടെ അഭിപ്രായങ്ങൾ പറയാം. മലയാളി എന്ന നിലയിൽ എല്ലാ അവാർഡുകളും കേരളത്തിന് കിട്ടണമെന്നാണ് ആഗ്രഹം.
മലയാളത്തിൽ ആർക്കൊക്കെ അവാർഡ് കിട്ടി എന്ന് നോക്കി, അവരെ വിളിച്ച് അഭിനന്ദിക്കുന്നത് എന്റെ ശീലമാണ്. അവാർഡ് കിട്ടാത്തവരെ വിളിച്ച് ഇതിൽ പ്രതികരിക്കണം, പൊട്ടിത്തെറിക്കണം എന്ന് പറയുന്നത് ശരിയല്ല.''