പുരസ്കാര തിളക്കത്തില്‍ സിഎന്‍ ഗ്ലോബല്‍ മൂവീസ്; മൂന്ന് പുരസ്കാരങ്ങള്‍ നേടി സ്വര്‍ഗം
Friday, August 8, 2025 3:10 PM IST
16-ാമത് ജെ.സി ഡാനിയേൽ ഫൗണ്ടേഷൻ പുരസ്കാരത്തിൽ സിഎൻ ഗ്ലോബൽ മൂവീസിന്റെ ആദ്യചിത്രം സ്വര്‍ഗം സിനിമയ്ക്കു ശ്രദ്ധേയ നേട്ടം. മൂന്നു പുരസ്കാരങ്ങളാണ് സിനിമ സ്വന്തമാക്കിയത്.
മികച്ച കഥയ്ക്ക് ഡോ. ലിസി കെ. ഫെർണാണ്ടസും മികച്ച ഛായാഗ്രഹകന് എസ്. ശരവണനും മികച്ച പശ്ചാത്തല സംഗീതത്തിന് ബിജിലാലുമാണ് സ്വർഗം എന്ന ചിത്രത്തിലൂടെ അവാർഡിന് അർഹരായത്. സെപ്റ്റംബറിൽ തിരുവനന്തപുരത്ത് അവാർഡുകൾ വിതരണം ചെയ്യും.
ഡോ. ലിസി കെ. ഫെര്‍ണാണ്ടസിന്റേതാണ് കഥ. സംവിധാനം റജീസ് ആന്റണി. 2024 നവംബര്‍ എട്ടിന് റിലീസ് ചെയ്ത ചിത്രം മികച്ച കഥ, അഭിനേതാക്കളുടെ പ്രകടനം, ഗാനങ്ങൾ എന്നിവകൊണ്ട് ശ്രദ്ധേയമാണ്.
നേകത്തെ നല്ല സന്ദേശത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡും സ്വർഗം സ്വന്തമാക്കിയിരുന്നു. ഗ്രാമീണ അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ കുടുംബ ചിത്രത്തില്‍ അജു വര്‍ഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള, ജോണി, സിജോയ് വര്‍ഗീസ്, വിനീത് തട്ടില്‍, ഉണ്ണി രാജ തുടങ്ങയവരായിരുന്നു മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സമൂഹത്തിന് നല്ല സന്ദേശം നല്കുന്ന എന്ന ലക്ഷ്യവുമായി ഡോ. ലിസി കെ. ഫെര്‍ണാണ്ടസിനൊപ്പം 15 പ്രവാസികള്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രം ആഴ്ചകളോളം വിവിധ രാജ്യങ്ങളിലുള്ള തീയറ്ററുകളില്‍ നിറഞ്ഞോടി. ആമസോണിലും മനോരമ മാക്സിലും സണ്‍ നെക്സ്റ്റിലും ഇപ്പോഴും സ്വര്‍ഗം സിനിമയുടെ പ്രയാണം തുടരുന്നു.
വര്‍ഗീസ് തോമസ് (യുഎഇ), രഞ്ജിത്ത് ജോണ്‍ (ഓസ്ട്രേലിയ), സിബി മാണി കുമാരമംഗലം (ഇറ്റലി), മാത്യു തോമസ് (യുഎഇ), മനോജ് തോമസ് (യുഎഇ), ജോര്‍ജുകുട്ടി പോള്‍ (ഒമാന്‍), ബേബിച്ചന് വര്‍ഗീസ് (ഓസ്ട്രേലിയ), റോണി ജോണ്‍ (സൗത്ത് ആഫ്രിക്ക), ഷാജി ജേക്കബ് (നൈജീരിയ), പിന്റോ മാത്യു (നൈജീരിയ), ജോസ് ആന്റണി (യുഎഇ), വിപിന്‍ വര്‍ഗീസ് (യുഎഇ), ജോണ്സണ് പുന്നേലിപറമ്പില്‍ (ഓസ്ട്രേലിയ), എല്‍സമ്മ എബ്രാഹാം ആണ്ടൂര്‍ (ഇന്ത്യ), ജോബി തോമസ് മറ്റത്തില്‍ (കുവൈറ്റ്) എന്നിവരാണ് സ്വർഗം എന്ന ചിത്രത്തിന്റെ നിര്‍മാതാക്കള്‍.