‘ആര്ക്കോ വേണ്ടി ഓക്കാനിക്കുന്നവര് സൂക്ഷിക്കണം’; വിജയ് ബാബുവിന് മറുപടിയുമായി സാന്ദ്ര തോമസ്
Monday, August 11, 2025 9:16 AM IST
നിർമാതാവ് സാന്ദ്ര തോമസിന് ഫ്രൈഡേ ഫിലിം ഹൗസ് നിർമിച്ച സിനിമകളുടെ സെൻസർ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നിർമാതാക്കളുടെ സംഘടനയുടെ നേതൃസ്ഥാനത്തേക്ക് മത്സരിക്കാൻ കഴിയില്ല എന്ന വിജയ് ബാബുവിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സാന്ദ്ര തോമസ്.
നിയമം പരിശോധിക്കുന്നത് വിജയ് ബാബുവിന്റെ സർട്ടിഫിക്കറ്റ് അല്ല, മറിച്ച് അസോസിയേഷന്റെ നിയമാവലിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണെന്നും സാന്ദ്ര തോമസ് പറഞ്ഞു.
""ചിലരുടെ നിലനിൽക്കാത്ത കുതന്ത്രങ്ങൾ മറനീക്കി പുറത്തു വരുന്നു, ഒരു തമാശയായി മാത്രം നമുക്കതിനെ കാണാം. ഞാൻ 2016 വരെ ഫ്രൈഡേ ഫിലിം ഹൗസിന്റെ മാനേജിംഗ് പാർട്ണർ ആയിരുന്നു എന്ന് വിജയ്ബാബു സമ്മതിച്ചു കഴിഞ്ഞിരിക്കുന്നു.
മറ്റൊരു അർത്ഥത്തിൽ ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിൽ 2016 വരെ പുറത്തുവന്ന സെൻസർഷിപ് ക്രെഡിറ്റും മാനേജിംഗ് പാർട്ണർ ആയിരുന്ന എന്റെ പേരിലാണെന്നും ഇതിൽനിന്നും വ്യക്തമാണ്. 2016ന് ശേഷം ഫ്രൈഡേ ഫിലിം ഹൗസിൽ ഞാനൊരു അവകാശവാദവും ഉന്നയിച്ചിട്ടില്ല.
എന്റെ വാദം കേരളാ ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ നിയമാവലി പ്രകാരം ഞാൻ മാനേജിംഗ് പാർട്ണർ ആയിരുന്നപ്പോഴുള്ള എല്ലാ സിനിമകളുടെയും സെൻസർഷിപ്പ് ക്രെഡിറ്റ് എന്റെ പേരിൽ ഉള്ളതാണെന്നാണ്.
അതിനാൽ KFPA യുടെ റെഗുലർ മെമ്പർ ആയ എനിക്ക് അസോസിയേഷന്റെ കീപോസ്റ്റിൽ നിയമപരമായി മത്സരിക്കാം. അതിനെ നിയമപരമായി ഖണ്ഡിക്കാവുന്ന ഒന്നും വിജയ് ബാബുവിന്റെ പോസ്റ്റിലില്ല. ഞാൻ പാർട്ണർഷിപ് ഒഴിഞ്ഞോ ഒഴിഞ്ഞില്ലയോ എന്നുള്ളത് ഇവിടെ തർക്കവിഷയമേ അല്ല. എന്നാൽ 2016 വരെ ഫ്രൈഡേ ഫിലിം ഹൗസിന്റെ മാനേജിംഗ് പാർട്ണർ ആയിരുന്നു എന്നുള്ളത് തർക്കമറ്റ വസ്തുതയാണ്.
നിയമം പരിശോധിക്കുന്നത് വിജയ് ബാബുവിന്റെ സർട്ടിഫിക്കറ്റ് അല്ല, മറിച്ച് അസോസിയേഷന്റെ ബൈലോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആണ്, നിയമത്തിന്റെ കണ്ണിൽ എങ്ങനെ എന്നുള്ളതാണ്! അത് കോടതി വിലയിരുത്തും. ആർക്കോ വേണ്ടി ഓക്കാനിക്കുന്നവർ സൂക്ഷ്മത പുലർത്തിയാൽ സമൂഹത്തിൽ അപഹാസ്യരാവാതിരിക്കാമെന്ന് ഓർത്താൽ നന്ന്''.
സാന്ദ്ര തോമസിന് ഫ്രൈഡേ ഫിലിം ഹൗസ് എന്ന പ്രൊഡക്ഷൻ കമ്പനിയെ പ്രതിനിധീകരിച്ച് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി വിജയ് ബാബു രംഗത്തു വന്നിരുന്നു.
ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിൽ റിലീസ് ചെയ്ത സിനിമകളുടെ സെൻസർ സർട്ടിഫിക്കറ്റ് നിർമ്മാണ കമ്പനിയുടെ പേരിലാണെന്നും വ്യക്തികൾക്ക് അല്ല നിർമ്മാണ കമ്പനിക്കാണ് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകുന്നത് എന്നുമായിരുന്നു വിജയ് ബാബു അഭിപ്രായപ്പെട്ടത്.
സാന്ദ്ര തോമസ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹി തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ പത്രിക പുനർ മൂല്യനിർണയത്തിൽ സാന്ദ്ര തോമസിന്റെ പത്രിക വരണാധികാരി തള്ളി.
മൂന്ന് സിനിമകളുടെ സെൻസർ സർട്ടിഫിക്കറ്റുകൾ സ്വന്തം പേരിൽ ഉണ്ടെങ്കിൽ മാത്രമേ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഒരു നിർമാതാവിന് മത്സരിക്കാൻ കഴിയൂ എന്നുള്ളത് കൊണ്ടാണ് സാന്ദ്രയുടെ പത്രിക തള്ളിയത് എന്നാണ് വിശദീകരണം.
സാന്ദ്രയുടെ സ്വന്തം പ്രൊഡക്ഷൻ കമ്പനിയുടെ പേരിൽ രണ്ട് സിനിമകളുടെ സെൻസർ സർട്ടിഫിക്കറ്റുകൾ മാത്രമാണ് ഉള്ളത്. മറ്റു ചിത്രങ്ങൾ സാന്ദ്ര മുൻപ് പാർട്ട്ണർ ആയിരുന്ന ഫ്രൈഡേ ഫിലിം ഹൗസ് എന്ന കമ്പനിയുടെ പേരിലാണ്.
ഒരു കമ്പനിയുടെ പേരിൽ തന്നെ മൂന്ന് സെൻസർ സർട്ടിഫിക്കറ്റുകൾ വേണം എന്നുള്ളതാണ് സാന്ദ്രയുടെ പത്രിക തള്ളാൻ കാരണം. വരണാധികാരിയുടെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് സാന്ദ്ര തോമസ് കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.