ഒരു ദേശത്തിന്റെ കഥയുമായി അധർമ്മസ്ഥല; ചിത്രീകരണം ഉടൻ
Monday, August 11, 2025 11:39 AM IST
34 വർഷത്തോളം സിനിമാ സീരിയൽ രംഗത്തെ അനുഭവ സമ്പത്തുമായി സെന്നൻ പള്ളാശേരി തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അധർമ്മസ്ഥല.
കക്ഷിരാഷ്ട്രീയഭേദമന്യേ അധർമ്മവും അക്രമവും അരങ്ങേറുന്ന നിഗൂഢമായ ഒരു ദേശം. സമൂഹത്തിലെ ഉന്നതർ എന്ന പേരിൽ ഒരു കൂട്ടം അധമരായ മനുഷ്യർ കാട്ടിക്കൂട്ടുന്ന അത്യാഗ്രഹങ്ങൾക്ക് ബലിയാടാകുന്ന ഒരുകൂട്ടം പാവം സ്ത്രീകളും പുരുഷന്മാരും.
നിഗൂഢമായ ഈ ദേശത്തിന്റെ സത്യങ്ങൾ ജനങ്ങൾക്ക് മുൻപിൽ തുറന്നുകാട്ടാൻ ജീവൻ പണയം വെച്ച് നീങ്ങുന്ന റിട്ടയേഡ് മേജർ ചന്ദ്രകാന്ത്. നക്സലൈറ്റ് എന്ന് മുദ്രകുത്തി രാഷ്ട്രീയ ജീവിതത്തിൽ നിന്ന് മാറ്റിനിർത്തപ്പെട്ട വെള്ളത്തൂവൽ ജോൺ എന്ന സത്യസന്ധനായ രാഷ്ട്രീയക്കാരൻ. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്ന് ഉയർന്നു വന്ന യുവ നേതാവ് രുദ്ര പ്രതാപ്.
തീവ്രവാദിയിൽ നിന്ന് ആത്മീയ നേതാവായി മാറിയ മജീദ് ലബ്ബ. യുവജനപ്രസ്ഥാനത്തിൽ നിന്ന് ഉയർന്നുവന്ന ഗർജിക്കുന്ന സ്ത്രീ ശബ്ദം ക്രിസ്റ്റീനാ ഫെർണാണ്ടസ്. അക്രമങ്ങളുടെയും അധർമ്മത്തിന്റെയും പ്രതീകങ്ങളായ കോൺട്രാക്ടർ ശിവരാജൻ തമ്പാൻ. ആലം ജിഹാദി ടോണി ഫെർണാണ്ടസ്. ഇവരുടെ എല്ലാം ബുദ്ധികേന്ദ്രമായ സാത്വികനായ നീലകണ്ഠൻ നമ്പൂതിരി. ഇവർക്കെതിരെ കാഹളവുമായി എത്തുന്ന ഒരു കൂട്ടം ദേശസ്നേഹികളായ കഥാപാത്രങ്ങൾ...ഇവരിൽ നിന്നും ആരംഭിക്കുന്നു അധർമ്മസ്ഥല.
ജോസ് വരാപ്പുഴയുടേതാണ് കഥ. ജോസ് വരാപ്പുഴയും സെന്നൻ പള്ളാശ്ശേരിയും കൈകോർക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ പഴയതും പുതിയതുമായ ഒരായിരം താരങ്ങൾ അണിനിരക്കുന്നു.
ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ലൊക്കേഷനുകൾ അരുണാചൽ പ്രദേശ്, ടിബറ്റ്, ഭൂട്ടാൻ, കൊല്ലങ്കോട് തുടങ്ങിയ സ്ഥലങ്ങളാണ്. പി ആർ ഒ-എ.എസ്. ദിനേശ്.