സിനിമാ ടിക്കറ്റ് നിരക്ക്; ഏഴംഗ സമിതിയെ നിയോഗിച്ചതായി സര്‍ക്കാര്‍
Tuesday, August 12, 2025 9:21 AM IST
അമിത സിനിമാ ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരിശോധനയ്ക്ക് ഏഴംഗ സമിതിയെ നിയോഗിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
വിശദമായ പഠനം ആവശ്യമുള്ള വിഷയമായതിനാലാണ് ജൂലൈ 26ലെ ഉത്തരവ് പ്രകാരം സമിതിയെ നിയമിച്ചിട്ടുള്ളത്. വിഷയത്തില്‍ നയപരമായ തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും കോടതിയെ അറിയിച്ചു.
ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് തടയാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കോട്ടയം തിരുവാര്‍പ്പ് സ്വദേശി ജി. മനു നായരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
സമിതിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് അറിയണമെന്നും ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുന്നുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും വ്യക്തമാക്കിയ ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് സമിതി രൂപവത്കരിച്ച് പുറപ്പെടുവിച്ച ഉത്തരവ് ഹാജരാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്കി. ബന്ധപ്പെട്ടവരുമായി സമിതി ചര്‍ച്ച നടത്തണമെന്ന് മള്‍ട്ടിപ്ലക്സ് അസോസിയേഷന് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.