എന്റെ കൈയില്‍ പല ബോംബുകളും ഇരിപ്പുണ്ട്, ഇതിനെല്ലാം പുറകിൽ അനിൽ തോമസ്; സജി നന്ത്യാട്ട്
Tuesday, August 12, 2025 11:38 AM IST
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സംഘടനാ തെരഞ്ഞെടുപ്പില്‍ സാന്ദ്രാ തോമസിന്റെ നാമനിര്‍ദേശപത്രിക അസാധുവാക്കാന്‍ ചരടുവലിച്ചത് നിര്‍മാതാവ് അനില്‍ തോമസാണെന്ന് രാജിവെച്ച ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട്.
സാന്ദ്രാ തോമസിന്റെ നിര്‍മാണത്തില്‍ സിനിമ സംവിധാനം ചെയ്യാന്‍ അനില്‍ തോമസ് സമീപിച്ചിരുന്നു. കഥകേട്ടശേഷം സിനിമ ചെയ്യാന്‍ താത്പര്യമില്ലെന്ന് സാന്ദ്ര പറഞ്ഞതോടെയാണ് അനില്‍ തോമസ് അവരെ പുറത്താക്കാന്‍ ചരടുവലിച്ചതെന്നും സജി നന്ത്യാട്ട് ആരോപിച്ചു.
""രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാനുള്ള തന്റേടം ഞാന്‍ കാണിക്കും. അതുകൊണ്ടുതന്നെ നല്ല വിരോധികളുണ്ട്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ ഒരു വ്യക്തിയുണ്ട്. ഇതുവരെ ആ വ്യക്തി മറനീക്കി പുറത്തുവന്നിട്ടില്ല. ഇയാളാണ് ഇതിന്റെയെല്ലാം സൂത്രധാരന്‍.
സാന്ദ്രാ തോമസിനെ പുറത്താക്കാന്‍ ചരടുവലിച്ചത് അനില്‍ തോമസ് ആണ്. ഒളിച്ചിരിക്കുന്ന വ്യക്തി ഇയാളാണ്. മുഴുവന്‍ പ്രശ്നങ്ങളും ഉണ്ടാക്കിയത് ഇയാളാണ്. സാന്ദ്രാ തോമസിന്റെ നിര്‍മാണത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ അനില്‍ തോമസ് സോപ്പിട്ടുനടന്നിരുന്നു. കഥ കൊള്ളില്ല, ചെയ്യാന്‍ താത്പര്യമില്ലെന്ന് സാന്ദ്രാ തോമസ് പറഞ്ഞിടത്തുനിന്ന് അവരെ തീര്‍ക്കാന്‍ ശ്രമം തുടങ്ങി. അനില്‍ തോമസാണ് സാന്ദ്രാ തോമസിനെ പുറത്താക്കാന്‍ ബ്രെയിന്‍വാഷ് ചെയ്തത്.
സാന്ദ്രാ തോമസിനെ പറത്താക്കരുതെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ അന്നൊരു ഡയലോഗ് പറഞ്ഞു, എല്ലാ പാമ്പും ചേരയല്ല. സാന്ദ്രാ തോമസിനെ പുറത്താക്കുമ്പോള്‍ അവര്‍ അവരുടെ വഴിക്ക് നീങ്ങും, വലിയ പ്രശ്നങ്ങളായി മാറും. വലിയ വിഴുപ്പലക്കലായി മാറും.
സാന്ദ്രാ തോമസ് കേസുമായി പോയി വലിയ പ്രശ്നമായി. രണ്ടുംരണ്ട് ദിക്കിലേക്ക് പോയി. അതിന്റെയൊന്നും ആവശ്യമില്ലായിരുന്നു. അതില്‍ ഏറ്റവും നിരപരാധിയായ ആളാണ് ആന്റോ ജോസഫ്. അദ്ദേഹം പോലും പൊതുസമൂഹത്തിന് മുന്നില്‍ ചോദ്യചിഹ്നമായി, മോശമായ പ്രതിച്ഛായിലേക്ക് കൊണ്ടെത്തിച്ചതിനുപിന്നില്‍ ഈ വ്യക്തിയാണ്. വിതരണക്കാരുടെ അംഗത്വത്തില്‍നിന്ന് എന്നെ മാറ്റിനിര്‍ത്തിയതിന് പിന്നിലും അനില്‍ തോമസാണ് വലിയ പങ്കുവഹിച്ചത്.
തിരുവനന്തപുരത്ത് മന്ത്രി സജി ചെറിയാനുമായി ചര്‍ച്ചയ്ക്കുപോയി. അന്ന് രാത്രി അവിടെ ഈ ഗൂഢസംഘം ഒരു ഹോട്ടലില്‍ എന്നെ എങ്ങനെ ഫിലിം ചേംബര്‍ പ്രസിഡന്റ് ആക്കാതിരിക്കാം എന്ന കാര്യത്തെക്കുറിച്ച് ഗവേഷണം നടത്തുകയായിരുന്നു.
അധികാരമോഹികളും സാമ്പത്തിക ക്രമക്കേട് നടത്തുന്നവരുമുണ്ട്. ഇവര്‍ അടക്കി ഭരിക്കുമ്പോള്‍ അത് ചോദ്യംചെയ്യാന്‍ വന്നാല്‍ ഇല്ലാതാക്കുക എന്നത് അഞ്ചാറുപേരുടെ അജന്‍ഡയാണ്. അതിന് അവര്‍ നല്ല തിരിക്കഥ രചിക്കും.
അനില്‍ തോമസ് എന്ന വ്യക്തി എവിടെ കയറിയാലും പ്രശ്നമാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലേയും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനിലേയും കുലംമുടിക്കാനിറങ്ങിയവര്‍ക്കെതിരേ ഞാന്‍ വിരല്‍ ചൂണ്ടും. സാന്ദ്രാ തോമസ് വരുന്നതിന് മുമ്പ് സിനിമാ രാഷ്ട്രീയം തുടങ്ങിയ ആളാണ് ഞാന്‍.
സിനിമാ നിര്‍മാതാക്കള്‍ എന്ന് പറയുന്നവര്‍ പൊട്ടന്മാരല്ല. വിദ്യാഭ്യാസവും തറവാടിത്തവും അറിവും നന്നായി ചിന്തിക്കുന്നവരുമാണ്. നിര്‍മാതാക്കളുടെ സംഘടനയുടെ ബൈലോയില്‍ കുറേ വ്യക്തതക്കുറവുകളുണ്ട്. ബൈലോ ഭേദഗതി ചെയ്യേണ്ട സമയം കഴിഞ്ഞു. വ്യക്തതയില്ലായ്മകൊണ്ടാണ് രണ്ടുകൂട്ടരും അവകാശവാദം ഉന്നയിക്കുന്നത്.
ജി. സുരേഷ് കുമാര്‍ വൈകാരികമായി പ്രതികരിക്കുന്ന മനുഷ്യനാണ്. അദ്ദേഹം ഒരു ഭീകരനായി എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. മലയാള സിനിമ കണ്ട ഏറ്റവും നല്ല മനുഷ്യന് ജി. സുരേഷ് കുമാര്‍ ആണ്. സജി ചേട്ടന് ഒരു അമ്പലം പണിതുവച്ചോ എന്നാണ് സാന്ദ്ര എന്നോട് പറഞ്ഞത്.
അദ്ദേഹം ബ്രെയ്ന്വാഷ്ഡ് ആവുന്നുണ്ട്. ആദ്യം ആരുചെന്ന് പറയുന്നോ അദ്ദേഹം അതുവിശ്വസിക്കും. അതുവെച്ച് പ്രതികരിക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും പലര്‍ക്കും വേദനിക്കും.
എന്റെ കൈയില്‍ പല ബോംബുകളും ഇരിപ്പുണ്ട്. എന്റെ സംഘടനയെ അധികം മോശമാക്കാതിരിക്കാനാണ് അത് പുറത്തുവിടാത്തത്. ഓരോ വ്യക്തികളേയും കുറിച്ച് പറയാത്തത് അവര്‍ക്ക് കുടുംബം ഉള്ളതുകൊണ്ടാണ്. നമ്മള് പറഞ്ഞ് ഒരു കുടുംബം തകരരുത് എന്നുള്ളതുകൊണ്ടുമാത്രമാണ്. അല്ലാതെ പറയാന്‍ അറിയാഞ്ഞിട്ടോ, കൈയില്‍ കാര്യങ്ങള്‍ ഇല്ലാഞ്ഞിട്ടോ അല്ല.
സാന്ദ്രാ തോമസിന്റെ കൈയില്‍ പല കാര്യങ്ങളുമുണ്ട്. അങ്ങനെ ഒന്നും ചെയ്യരുത് എന്ന് ഞാന്‍ പറഞ്ഞു. ആവേശത്തില്‍ എടുത്ത് ചാടാം. മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം. ചേംബറിന്റെ കെട്ടിടത്തിന്റെ പുനര്‍നിര്‍മാണത്തിന് വേണ്ടി ഒന്നേകാല്‍ കോടി രൂപ ചെലവായി. അതില്‍ അന്വേഷണം നടത്തണമെന്ന് ഞാന്‍ പല പ്രാവശ്യം പറഞ്ഞു. അതാണ് എന്നോട് വിരോധമുണ്ടാവാന്‍ കാരണം'. സജി നന്ത്യാട്ട് വ്യക്തമാക്കി.