മമ്മൂട്ടി എളിയവന്റെ തോഴന്: കാതോലിക്കാബാവ
Tuesday, September 9, 2025 11:00 AM IST
എളിയവന്റെ പ്രത്യാശയാകുന്നു എന്നതുകൂടിയാണ് മമ്മൂട്ടിയെ ലോകത്തിന് പ്രിയപ്പെട്ടവനാക്കുന്നതെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ.
സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന് കീഴിലുള്ള പ്രിയ പ്രതിഭ കറിപൗഡര്‍ യൂണിറ്റിന് മമ്മൂട്ടി തുണയായ കഥ വിവരിച്ചാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്.
“പ്രിയപ്പെട്ട മമ്മൂട്ടിക്കുള്ള ഒരു ദിനം വൈകിയ ആശംസയാണിത്. ഇന്നലെ മുഴുവന്‍ ആശംസകളുടെ മഴയായിരുന്നുവല്ലോ. ഇന്ന് മരംപെയ്യട്ടെ. ലോകമറിയാനായി ഇനി പറയുന്ന കഥയാണ് അദ്ദേഹത്തിനായുള്ള ആശംസാവാചകങ്ങള്‍” എന്നു തുടങ്ങുന്നതാണ് കാതോലിക്കാബാവയുടെ ആശംസാ സന്ദേശം.
പ്രിയ പ്രതിഭ എന്ന പേരിലുള്ള കറിപൗഡര്‍ നിര്‍മാണം ഒരുപാട് പേരുടെ വിശപ്പ് മാറ്റാനും വേദനിക്കുന്നവര്‍ക്ക് സൗഖ്യം നല്‍കാനുമുള്ള ദൗത്യമായിരുന്നു. ശാരീരിക വൈകല്യങ്ങളാല്‍ മറ്റു ജോലികളൊന്നും ചെയ്യാന്‍ സാധിക്കാതെ സഭയ്ക്കു കീഴില്‍ പുനരധിവസിപ്പിക്കപ്പെട്ടവരെ പരിശീലിപ്പിച്ചാണ് 2002ല്‍ ചെറിയ തോതില്‍ യൂണിറ്റ് തുടങ്ങിയത്. വില്പനയില്നിന്നുള്ള വരുമാനം ഒരു നേരത്തെ ആഹാരത്തിനു ബുദ്ധിമുട്ടുന്നവര്‍ക്ക് മുതല്‍ കാന്‍സര്‍ രോഗികള്‍ക്കുവരെയായി മാറ്റിവയ്ക്കപ്പെട്ടു.
കോവിഡ് വന്നതോടെ സംരംഭം പ്രതിസന്ധിയിലായി. ഈ സമയത്താണ് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ മമ്മൂട്ടി പ്രിയ പ്രതിഭയുടെ പ്രചാരണദൗത്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചെയ്തത്. ഇതു മൂലം കുറെയേറെ വയറുകള്‍ ഇന്ന് നിറയുന്നുണ്ടെന്നും കാതോലിക്കാബാവയുടെ ആശംസയില്‍ പറയുന്നു.