കാന്താര 2- വിന്റെ കേരളത്തിലെ പ്രദർശന വിലക്ക് പിൻവലിച്ച് ഫിയോക്ക്; ചിത്രം ഒക്ടോബർ രണ്ടിന് തന്നെ പ്രദർശനത്തിനെത്തും
Saturday, September 13, 2025 9:03 AM IST
ഹോംബാലെ ഫിലിംസിന്റെ കാന്താര സിനിമയുടെ രണ്ടാം ഭാഗം കേരളത്തിൽ ഒക്ടോബർ രണ്ടിന് തന്നെ പ്രദർശിപ്പിക്കും. സംസ്ഥാനത്ത് സിനിമ പ്രദർശിപ്പിക്കില്ലെന്ന തീരുമാനം തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് പിൻവലിച്ചു.
ഫിലിം ചേമ്പറിന്റെ നേതൃത്വത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും ഫിയോക്കും തമ്മിൽ നടത്തിയ ചർച്ചയുടെ ഭാഗമായാണ് ഈ തീരുമാനം. സിനിമയുടെ ആദ്യ രണ്ട് ആഴ്ച്ചയിലെ കളക്ഷനിൽ 55 ശതമാനം വിതരണക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയത്.
എന്നാൽ ആദ്യത്തെ രണ്ട് ആഴ്ച(14 ദിവസം) ഹോൾഡ് ഓവർ ഇല്ലാതെ 55 ശതമാനവും രണ്ടാമത്തെ ആഴ്ചയിൽ 50 ശതമാനം വീതവും വിതരണക്കാർക്ക് നൽകാമെന്ന് ധാരണയിലെത്തി. ഹോൾഡ് ഓവർ ഇല്ലാതെ പ്രദർശിപ്പിക്കാമെന്ന നിലപാടിനെ സ്വാഗതം ചെയ്താണ് പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ഈ തീരുമാനം അംഗീകരിച്ചത്.
2022ൽ ഋഷഭ് ഷെട്ടി സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നട ചിത്രമാണ് കാന്താര. ചിത്രത്തിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു. സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ഋഷഭ് ഷെട്ടിക്ക് ലഭിച്ചു.
കാന്താരയുടെ രണ്ടാം ഭാഗം കന്നഡ, ഹിന്ദി, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി, ഭാഷകളിലായി ഒക്ടോബർ 2ന് റിലീസ് ചെയ്യും. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായതിനാൽ തന്നെ റിലീസ് വിലക്ക് പിൻവലിച്ചത് പ്രേക്ഷകർക്ക് വലിയ ആശ്വാസം നൽകുകയാണ്.