കമൽഹാസൻ - അൻപറിവ് ചിത്രത്തിന് തിരക്കഥ ഒരുക്കാൻ ശ്യാം പുഷ്കരൻ
Saturday, September 13, 2025 12:24 PM IST
കമൽഹാസനെ നായകനാക്കി അൻപറിവ് സഹോദരങ്ങൾ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മലയാളത്തിന്റെ പ്രിയങ്കരനായ ശ്യാം പുഷ്കരൻ. കമൽഹാസന്റെ 237-ാം ചിത്രമാണിത്.
കെജിഎഫ്, കൈതി, വിക്രം, ലിയോ, ആർഡിഎക്സ് തുടങ്ങി നിരവധി ചിത്രങ്ങളുടെ സംഘട്ടനമൊരുക്കി കെെയടി നേടിയവരാണ് അൻപറിവ് മാസ്റ്റേഴ്സ്. ഇവരുടെ ആദ്യ സംവിധാന സംരംഭമാണ് കമൽഹാസനെ നായകനാക്കി ഒരുങ്ങുന്നത്.
ആഷിഖ് അബുവിന്റെ സാൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിലൂടെയാണ് ശ്യാം പുഷ്കരൻ എഴുത്തുകാരനായി അരങ്ങേറ്റം കുറിച്ചത്. ഇയോബിന്റെ പുസ്തകം, മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും കുമ്പളങ്ങി നൈറ്റ്സ്, മായാനദി, ജോജി, റൈഫിൾ ക്ലബ് തുടങ്ങിയ ചിത്രങ്ങൾക്കും ശ്യാം പുഷ്കരനാണ് തിരക്കഥ ഒരുക്കിയത്.
മഹേഷിന്റെ പ്രതികാരത്തിന് ശ്യാമിന് ദേശീയ അവാർഡും ലഭിച്ചിരുന്നു. ഇതാദ്യമായാണ് ശ്യാം തമിഴ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. അൻപറിവ് സഹോദരങ്ങൾ സൂപ്പർ ആക്ഷൻ ചിത്രമാണ് അണിയറയിൽ ഒരുക്കുന്നത് എന്നാണ് റിപ്പോർട്ട്.