ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ ഫലപ്രഖ്യാപനത്തിലെ കാലതാമസം മൂലം വിദ്യാര്‍ഥികള്‍ നേരിട്ടിരുന്ന ബുദ്ധിമുട്ടുകള്‍ പഴങ്കഥയാകുന്നു. അഫിലിയേറ്റഡ് കോളജുകളിലെ എല്ലാ പിജി പ്രോഗ്രാമുകളുടെയും ഫലം എംജി സര്‍വകലാശാല ജൂലൈ 30ന് മുന്‍പ് പ്രഖ്യാപിച്ചു. ഈ വര്‍ഷം സംസ്ഥാനത്ത് ആദ്യമായി ഈ നേട്ടം കൈവരിക്കുന്ന സര്‍വകലാശാലയാണ് എംജി ഈ വര്‍ഷം 84 പ്രോഗ്രാമുകളിലായി 5979 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. മുന്‍ വര്‍ഷങ്ങളില്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് പിജി പ്രോഗ്രാമുകളുടെ ഫലപ്രഖ്യാപന നടപടികള്‍ പൂര്‍ത്തിയായിരുന്നത്. ഇതു മൂലം തുടര്‍ പഠനവും ഗവേഷണവും നടത്തേണ്ട വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷം നഷ്ടമാകുന്ന സാഹചര്യമുണ്ടായിരുന്നു. ഈ സ്ഥിതി പരിഹരിക്കുന്നതിന് പരീക്ഷകളുടെ നടത്തിപ്പ് ചുമതലയുള്ള സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് സമയബന്ധിതമായ ഫലപ്രഖ്യാപനത്തിന് വഴിതെളിച്ചത്.
പിജി പ്രോഗ്രാമുകളുടെ പ്രാക്ടിക്കല്‍, വൈവ വോസി പരീക്ഷകള്‍ ജൂലൈ 18ന് പൂര്‍ത്തീകരിച്ചിരുന്നു. ഒന്‍പതു കേന്ദ്രങ്ങളിലായി ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നടത്തി. മൂല്യനിര്‍ണയ നടപടികള്‍ സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റി കണ്‍വീനര്‍ ഡോ. ജോജി അലക്‌സിന്റെയും പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.എം. ശ്രീജിത്തിന്റെയും മേല്‍നോട്ടത്തില്‍ എല്ലാ ദിവസവും വിലയിരുത്തി. അവസാന ഫലം ജൂലൈ 29ന് പ്രസിദ്ധീകരിച്ചു.
യുജിസി നെറ്റ്ജെആര്‍എഫ് യോഗ്യത നേടിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം തന്നെ പിഎച്ച്ഡിക്ക് ചേര്‍ന്നു പഠിക്കാന്‍ സാധിക്കും. കേരളത്തിനു പുറത്തുള്ള സര്‍വകലാശാലകളില്‍ ചേരാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും വര്‍ഷം നഷ്ടപ്പെടാതെ തുടര്‍ പഠനം സാധ്യമാകും. സിന്‍ഡിക്കേറ്റ് അംഗങ്ങളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടായ പരിശ്രമമാണ് അതിവേഗത്തില്‍ ഫലപ്രഖ്യാപനം നടത്താന്‍ സഹായകമായതെന്ന് വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ പറഞ്ഞു. ഈ വര്‍ഷം അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷ പൂര്‍ത്തിയായി തൊട്ടടുത്ത പ്രവൃത്തി ദിവസം ഫലം പ്രഖ്യാപിച്ച എംജി സര്‍വകലാശാല നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റര്‍ പരീക്ഷകളുടെ ഫലം മൂല്യനിര്‍ണയം പൂര്‍ത്തിയായതിന്റെ പിറ്റേന്ന് പ്രസിദ്ധീകരിച്ചിരുന്നു.

പിജി, ബിഎഡ്; ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെ്റ് പ്രസിദ്ധീകരിച്ചു

എംജി സര്‍വകലാശാലുടെ അഫിലിയേറ്റഡ് കോളജുകളില്‍ ബിരുദാനന്തര ബിരുദ, ബിഎഡ് പ്രോഗ്രാമുകളില്‍ ഏകജാലക സംവിധാനം വഴി പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ നിശ്ചിത സര്‍വകലാശാലാ ഫീസ് ഓഗസ്റ്റ് അഞ്ചിന് വൈകുന്നേരം നാലിനു മുന്‍പ് ഓണ്‍ലൈനില്‍ അടയ്ക്കണം. സ്ഥിര പ്രവേശനം എടുക്കുന്നവര്‍ കോളജുകളില്‍ നേരിട്ടെത്തി ട്യൂഷന്‍ ഫീസും അടയ്ക്കണം.

താത്കാലിക പ്രവേശനം എടുക്കുന്നവര്‍ ഓണ്‍ലൈനില്‍ ഇതിനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കുമ്പോള്‍ ലഭിക്കുന്ന അലോട്ട്‌മെന്റ് മെമ്മോ നിശ്ചിത സമയപരിധിക്കുള്ളില്‍ കോളജുകള്‍ക്ക് ഇമെയിലില്‍ നല്‍കിയാല്‍ മതിയാകും. ഒന്നാം ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ സ്ഥിര പ്രവേശനം എടുക്കണം. നിശ്ചിത സമയപരിധിക്കു മുന്‍പ് സര്‍വകലാശാലാ ഫീസ് അടയ്ക്കാത്തവരുടെയും ഫീസ് അടച്ചശേഷം അലോട്ട്‌മെന്റ് ഉറപ്പാക്കാത്തവരുടെയും അലോട്ട്‌മെന്റ് റദ്ദാകും.

പ്രവേശനം ഉറപ്പാക്കിയതിന്റെ തെളിവായി കണ്‍ഫര്‍മേഷന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം. പ്രവേശനം സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ സമര്‍പ്പിക്കുന്നതിന് കണ്‍ഫര്‍മേഷന്‍ സ്ലിപ്പ് ആവശ്യമാണ്. ഭിന്നശഷിക്കാര്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലെയും കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലെയും റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ലിസ്റ്റുകളില്‍ നിന്നുമുള്ള പ്രവേശനം ഓഗസ്റ്റ് 11നകം പൂര്‍ത്തീകരിക്കണം. താത്കാലിക പ്രവേശനമെടുക്കുന്നവര്‍ക്ക് ആറിന് ഓപ്ഷനുകള്‍ പുനഃക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും അവസരമുണ്ടാകും.

ഓണേഴ്‌സ് ബിരുദം; രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ്

സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ഓണേഴ്‌സ് ബിരുദ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ താത്കാലിക പ്രവേശനം എടുത്തവരും രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ലഭിച്ചവരും ഇന്ന് വൈകുന്നേരം നാലിനു മുന്‍പ് സ്ഥിര പ്രവേശനം നേടണം. നിശ്ചിത സമയപരിധിക്കുള്ളില്‍ സ്ഥിര പ്രവേശനം നേടാത്തവരുടെ അലോട്ട്‌മെന്റ് റദ്ദാകും.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എംഎസ്്‌സി ക്ലിനിക്കല്‍ ന്യൂട്രിഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്‌സ് (പിജിസിഎസ്എസ്, 2023 അഡ്മിഷന്‍ തോറ്റവര്‍ക്കുള്ള സ്‌പെഷല്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരശോധനയ്ക്കും 15 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.

പരീക്ഷാ തീയതി

മൂന്നാം സെമസ്റ്റര്‍ ബിആര്‍ക്ക് (2014 മുതല്‍ 2018 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ 18 മുതല്‍ നടക്കും.

ആറാം സെമസ്റ്റര്‍ ബിടെക്ക് (പുതിയ സ്‌കീം2010 മുതലുള്ള അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ 18 മുതല്‍ നടക്കും.

പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ എംഎഡ് സ്‌പെഷല്‍ എജ്യുക്കേഷന്‍ (ഇന്റലക്ച്വല്‍ ഡിസബിലിറ്റി 2023 അഡ്മിഷന്‍ റെഗുലര്‍ ജൂലൈ 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ് 22ന് രാവിലെ 10ന് മൂവാറ്റുപുഴ നിര്‍മല സദന്‍ ട്രെയിനിംഗ് കോളജ് ഫോര്‍ സ്‌പെഷല്‍ എജ്യുക്കേഷനില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ എംഎഡ് സ്‌പെഷല്‍ എജ്യുക്കേഷന്‍ (ഇന്റലക്ച്വല്‍ ഡിസബിലിറ്റി 2024 അഡ്മിഷന്‍ റെഗുലര്‍) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 22ന് ഉച്ചയക്ക് രണ്ടിന് മൂവാറ്റുപുഴ, നിര്‍മല സദന്‍ ട്രെയിനിംഗ് കോളജ് ഫോര്‍ സ്‌പെഷല്‍ എജ്യുക്കേഷനില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.