സർവകലാശാലാ സംശയങ്ങൾ
Sunday, July 27, 2025 11:38 PM IST
പാരാമെഡിക്കല്‍ പ്രോഗ്രാമുകള്‍ എന്ന് നമ്മള് വിശേഷിപ്പിക്കുന്ന പത്തോളം പ്രോഗ്രാമുകള്‍ക്ക് ഇനിമുതല്‍ പ്രവേശനം ലഭിക്കുന്നത് നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാണെന്നും ഈ പ്രോഗ്രാമുകള്‍ അറിയപ്പെടാന്‍ പോകുന്നത് മറ്റു പേരിലാണെന്നും കേട്ടു. ഇതിന്റെ നിജസ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ?
റസിയ മുഹമ്മദ്, തൊടുപുഴ.
രാജ്യത്ത് നടക്കുന്ന വ്യത്യസ്തങ്ങളായ പാരാമെഡിക്കല്‍ പ്രോഗ്രാമുകളെ റെഗുലേറ്റ് ചെയ്യുന്ന ബോഡിയായ National Commission for Allied and Health care Professionals (NCAHP) അടുത്തനാളില്‍ പരസ്യപ്പെടുത്തിയ വിജ്ഞാനപ്രകാരം രാജ്യത്തെ അലൈഡ് ഹെല്‍ത്ത് സയന്‍സ് പ്രോഗ്രാമുകള്‍ക്ക് രാജ്യത്താകമാനം ഏക രൂപവും ഏക രൂപത്തിലുള്ള പ്രവേശന രീതിയും സ്കീം ആന്‍ഡ് സിലബസ് ഏകീകരണവും മറ്റും നടത്തുന്നതിന്റെ ഭാഗമായി ഇപ്പോള്‍ നിലനില്‍ക്കുന്ന കരിക്കുലത്തിലും സിലബസിലും ടീച്ചിംഗിലും സ്ഥാപനങ്ങളിലെ പശ്ചാത്തല ക്രമീകരണങ്ങളിലും ക്ലിനിക്കല്‍ സ്റ്റാന്‍ഡേര്‍ഡിലും അടക്കം കാര്യമായ മാറ്റം ഉണ്ടാകും. അതിലേക്കായി NCAHPയുടെ പുതിയ കരിക്കുലം തയാറായിക്കഴിഞ്ഞു എന്നാണ് അറിയിച്ചത്.
2026 മുതല്‍ ഈ കരിക്കുലത്തെ പിന്തുടര്ന്നാവും താഴെപ്പറയുന്ന വിഭാഗത്തില്‍ പെടുന്ന പ്രോഗ്രാമുകളുടെ പ്രവേശനവും പഠനവും പരീക്ഷയും മറ്റു പരിശീലനവും. 10 ഹെഡുകളില്‍ പെടുന്ന വ്യത്യസ്ത പ്രോഗ്രാമുകളാണ് NCAHP നിയന്ത്രണത്തില്‍ വരുന്നത്.
1. Medical Laboratory and Life Sciences.
2. Trauma Burn Care and Surgical Anesthesia related technology.
3. Physiotherapy Professional.
4. Nutrition Science Professional.
5. Ophthalmic Science Professional.
6. Occupational Therapy Professional.
7. Community Care, Behavioural Health Science and Professionals.
8. Medical Radiology, Imaging and Therapeutic Technology Professional.
9. Medical Technologist and Physician Asosciate.
10. Health Information Management and Health Informatic Professional.
പുതുക്കിയ നിര്‍ദേശങ്ങള്‍ പ്രകാരം 2026 മുതല്‍ Physiotherapy, Optometry, Nutrition and Dietetics, Dialysis Technology And Therapy programs എന്നീ പ്രോഗ്രാമിലേക്ക് ഉള്ള പ്രവേശനവും NEET പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പ്രവര്‍ത്തന അധികാരമുള്ള സ്റ്റാറ്റ്യൂട്ടറി ബോഡിയാണ് NCAHPഎന്നതിനാല്‍ നടപ്പിലാക്കാന്‍ പോകുന്ന പരിഷ്കാരം കേരളത്തിലെ ഇത്തരം പ്രോഗ്രാമുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കും ബാധകമായിരിക്കും.
പാരാ മെഡിക്കല്‍ പ്രോഗ്രാംസ് എന്നതിനപ്പുറത്ത് ഈ പ്രോഗ്രാമുകള്‍ അലൈഡ് ഹെല്‍ത്ത് കെയര്‍ പ്രോഗ്രാമുകള്‍ എന്നും ഇത് പ്രാക്ടീസ് ചെയ്യുന്നവരെ അലൈഡ് ഹെല്‍ത്ത് കെയര്‍ പ്രഫഷണല്‍സ് എന്നുമായിരിക്കും വിശേഷിപ്പിക്കപ്പെടുന്നത്.
ഞാൻ ബിടെക് ഫുഡ് ടെക്നോളജി അവസാനവര്‍ഷം പഠിക്കുന്നു. എന്റെ തുടര്‍ പഠനത്തില്‍ എംടെക് ഫുഡ് സയന്‍സ് അല്ലെങ്കില്‍ എംഎസ്സി ഫുഡ് സയന്‍സ് ഇവയിൽ ഉപരിപഠനം നടത്താനാണ് ആഗ്രഹം. എംടെക് ഫുഡ് സയന്‍സും എംഎസ്സി ഫുഡ് സയന്‍സും തമ്മിലുള്ള വ്യത്യാസം പറയാമോ?
അഭിലാഷ് എസ്. നായര്‍, ചെറുതുരുത്തി.
ആദ്യമേതന്നെ പറയട്ടെ, എംടെക് ഫുഡ് ടെക്നോളജി പ്രോഗ്രാം ഒരു പ്രഫഷണല്‍ പ്രോഗ്രാമിന്റെ ഗണത്തില്‍ പെടുന്നതാണ്. എന്നാല്‍ എംഎസ്സി ഫുഡ് സയന്‍സ് എന്നു പറയുന്നത് ഒരു നോണ്പ്രഫഷണല് പ്രോഗ്രാമിന്റെ ബിരുദാനന്തര ബിരുദ പ്രോഗ്രാം ആണ്. പഠിതാവിന്റെ താത്പര്യം അനുസരിച്ച് ഇതില്‍ ഏത് പ്രോഗ്രാമും തെരഞ്ഞെടുക്കാം. എംടെക് ഫുഡ് സയന്‍സും എംഎസ്സി ഫുഡ് സയന്‍സും തമ്മിൽ സിലബസിലും സ്കീമിലും പ്രായോഗിക പരിശീലനത്തിലും പിന്നീടുള്ള ഉപയോഗത്തിലും പല വ്യത്യാസങ്ങളും ഉണ്ട്.
എംടെക് ഇന്‍ ഫുഡ് സയന്‍സ്
ഇത് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുകയും പഠന പരിശീലനം ക്രമീകരിക്കുകയും ചെയ്തിട്ടുള്ളത് പ്രായോഗിക ശാസ്ത്ര ( Applied science)ത്തിലാണ്. എന്‍ജിനിയറിംഗ് നിയമങ്ങൾ ഫുഡ് ടെക്നോളജിയില്‍ പ്രയോഗിക്കും എന്നതിനെ ഊന്നിനിന്നുകൊണ്ടുള്ള പഠനം ആയിരിക്കും. എന്‍ജിനിയറിംഗ് പഠനരീതി തന്നെയാണ് ഇവിടെയും പിന്തുടരുക.
ആയതിനാല്‍ പ്രധാനമായും ഫുഡ് സയന്‍സ് മേഖലയിലെ വ്യവസായ സംരംഭങ്ങളുടെ പ്രവര്‍ത്തനത്തെയും അവയിലെ നിര്‍മാണരീതികളെയും പ്രത്യേകം പ്രാധാന്യത്തോടെ കാണുന്നതാണ്. തത്ഫലമായി എംടെക് ഫുഡ് സയന്‍സ് പഠിച്ച ജയിക്കുന്ന ഒരാള്‍ക്ക് ഫുഡ് സയന്‍സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വലിയ വ്യവസായസംരംഭങ്ങളോടു ചേര്‍ന്ന് ജോലി ചെയ്യാന്‍ അവസരം ലഭിക്കും. ഫുഡ് സയന്‍സിലെ പുതിയ സാങ്കേതികവിദ്യകള്‍ വളര്‍ത്തുന്നതിനും അത് പ്രായോഗിക തലത്തില്‍ ഉപയോഗിക്കുന്നതും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ട മേഖലയില്‍ ആയിരിക്കും തൊഴില്‍ ലഭിക്കുക. ഈ ജോബ് റോളുകളുമായി ചേര്‍ന്നു പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് എംടെക് ഫുഡ് സയന്‍സ് യോജിക്കുക.
എംഎസ്സി ഫുഡ് സയന്‍സ്
അടിസ്ഥാനശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് എംഎസ്സി ഫുഡ് സയന്‍സ് ഊന്നല്‍ നല്‍കുന്നത്. എംഎസ്സി ഫുഡ് സയന്‍സ് കൂടുതല്‍ കേന്ദ്രീകരിക്കുന്നത് അക്കാദമിക തലത്തിലുള്ള തിയറികള്‍ ഫുഡ് സയന്‍സുമായി ബന്ധപ്പെടുത്തി കണ്ടെത്തുന്നതിനാണ്. ഈ അറിവുകള്‍ ലഭിക്കുന്നതിനുള്ള ഗവേഷണങ്ങളില്‍ ലബോറട്ടറികളില്‍ പ്രവര്‍ത്തിക്കുന്നതിനുതകുന്ന വിധത്തിലുള്ള ശാസ്ത്രപാഠങ്ങളെയും അവയുടെ പ്രയോഗരീതികളെയും അവ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെ സംബന്ധിച്ചുമൊക്കെയുള്ള ആഴത്തിലുള്ള പഠനത്തിലാണ് മുന്തിയ പരിഗണന.
ഈ മേഖലയില്‍ കൂടുതല്‍ പരീക്ഷണ ഗവേഷണങ്ങള്‍ നടത്തുന്നതിനും അക്കാദമികമായ നേട്ടങ്ങള്‍ കൈവരിക്കുന്നതുമാണ് എംഎസ്സി ഫുഡ് സയന്‍സ് പഠിക്കുന്നതിലൂടെ ഒരു പഠിതാവിന്റെ മുമ്പില്‍ തുറക്കപ്പെടുന്ന അവസരങ്ങള്‍.
അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ് ([email protected])