ബയോളജിയും സാങ്കേതികവിദ്യയും ചേർന്ന ബയോഇൻഫർമാറ്റിക്സ്
Monday, July 28, 2025 11:52 PM IST
കിരൺ ജെ.കെ.വി.
ബയോളജിയോടൊപ്പം കന്പ്യൂട്ടർ സയൻസിനോടും കൂട്ടുകൂടാൻ ഇഷ്ടമുള്ളവർക്ക് ഇണങ്ങുന്ന മേഖലയാണ് ബയോഇൻഫർമാറ്റിക്സ്. ബയോളജി, കന്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയെല്ലാം ചേർന്ന് ഉരുത്തിരിഞ്ഞ ബയോഇൻഫർമാറ്റിക്സ് രംഗത്ത് ഇന്ത്യയിൽ അവസരങ്ങൾ വർധിക്കുകയാണ്. ബയോളജിയും കന്പ്യൂട്ടർ സയൻസസും ഡാറ്റാ അനാലിസിസും സംഗമിക്കുന്ന കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്.
അതിനാൽത്തന്നെ ഈ മേഖലയിലെ ഗവേഷണങ്ങളും വർധിക്കുകയാണ്. വ്യക്തികളുടെ ഡിഎൻഎയും ജനിതക ഘടനയും എങ്ങനെ വ്യാഖ്യാനിക്കാമെന്നും കസ്റ്റമൈസ് ചെയ്ത മരുന്നുകൾ എങ്ങനെ ഉത്പാദിപ്പിക്കാമെന്നും മേഖലയിലെ വിദഗ്ധർ ഗവേഷണം ചെയ്യുന്നു. അതിവേഗം പെരുകുന്ന ഹെൽത്ത് ഡാറ്റ ഉചിതമായി വ്യാഖ്യനിച്ച് രോഗങ്ങൾ മുൻകൂട്ടി കണ്ടെത്താൻ സാധിക്കുന്നു. കാർഷികരംഗത്ത് ബയോഇൻഫർമാറ്റിക്സ് കരുത്തുറ്റ വിളകളും കൂടുതൽ ലാഭവും നൽകുന്നു.
പരിണാമശാസ്ത്രവുമായി ബന്ധപ്പെട്ട പഠനങ്ങൾക്കും ഈ മേഖല സംഭാവന നൽകുന്നു. ജീൻ തെറാപ്പി, വാക്സിൻ നിർമാണം, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള തന്ത്രങ്ങൾ എന്നിങ്ങനെ നീളുന്നു ബയോഇൻഫർമാറ്റിക്സിന്റെ സാധ്യതകൾ. ബയോടെക്നോളജി കന്പനികൾ, ഫാർമസ്യൂട്ടിക്കൽ കന്പനികൾ, ഗവേഷണ സ്ഥാപനങ്ങൾ, ആരോഗ്യപരിപാലന രംഗത്തെ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം കഴിവുള്ളവർക്ക് അവസരങ്ങളുണ്ട്.
കരിയർ പ്ലാനിംഗ് എങ്ങനെ?
പ്ലസ് ടുവിന് ബയോളജി പഠിച്ച വിദ്യാർഥികൾക്ക് ബിഎസ്സി (ഓണേഴ്സ്) ബയോഇൻഫർമാറ്റിക്സ് തെരഞ്ഞെടുക്കാം. ഇതിനുശേഷം എംഎസ്സി ബയോഇൻഫർമാറ്റിക്സ് അഥവാ പിജി ഡിപ്ലോമ ചെയ്യാം. പ്ലസ്ടുവിന് മാത്തമാറ്റിക്സ് പഠിച്ചവർക്കാകട്ടേ ബിടെക് ഇൻ ബയോഇൻഫർമാറ്റിക്സ്, തുടർന്ന് എംഎസ് സി എന്നിങ്ങനെ മുന്നോട്ടു നീങ്ങാം.
വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, അമിറ്റി യൂണിവേഴ്സിറ്റി, എംജി സർവകലാശാല എന്നിവ ബിരുദപഠനത്തിന് ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. പിജിക്ക് സ്റ്റെല്ലാ മാരിസ്, ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, കാലിക്കറ്റ് സർവകലാശാല, യൂണിയൻ ക്രിസ്്റ്റ്യൻ കോളജ്, മാർ അത്തനേഷ്യസ് കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്നിവയും പരിഗണിക്കാം.
പഠനം പൂർത്തിയാക്കുന്നവർക്ക് ശ്രദ്ധ കേന്ദ്രീകരിക്കാവുന്ന മേഖലകൾ മെഡിക്കൽ ബയോഇൻഫർമാറ്റിക്സ്, അനിമൽ ബയോഇൻഫർമാറ്റിക്സ്, ഫൊറൻസിക് ബയോഇൻഫർമാറ്റിക്സ്, എൻവയണ്മെന്റൽ ബയോഇൻഫർമാറ്റിക്സ് എന്നിവയാണ്. ബയോഇൻഫർമാറ്റിക്സ് അനലിസ്റ്റ്, ബയോസ്റ്റാറ്റിസ്റ്റീഷൻ, ബയോഇൻഫർമാറ്റിക്സ് സോഫ്റ്റ്വേർ ഡെവലപ്പർ, മെഡിക്കൽ കോഡർ തുടങ്ങിയ ജോലികളിലാണ് ഏറെപ്പേരും ഭാവിയിൽ എത്തിപ്പെടാറുള്ളത്.
കഠിനാധ്വാനം ചെയ്യുകയും നിരന്തരം നൈപുണ്യങ്ങൾ പുതുക്കുകയും ചെയ്യുന്നവർക്ക് അഞ്ചു മുതൽ പത്ത് ലക്ഷം രൂപ വരെ വാർഷികവരുമാനം നേടാനും ബയോഇൻഫർമാറ്റിക്സ് മേഖലയിൽ സാധിക്കും.