കഠിനാധ്വാനികൾക്കായി ആക്ച്വറി എന്ന ഓപ്ഷൻ
Monday, August 11, 2025 11:23 PM IST
കിരൺ ജെ.കെ.വി.
വളരെയധികം തൊഴിൽ സാധ്യതകളുള്ള, മികച്ച വരുമാനം ലഭിക്കാവുന്ന, സമീപഭാവിയിൽ പ്രസക്തി നഷ്ടപ്പെടാൻ സാധ്യതയില്ലാത്ത മേഖല അന്വേഷിക്കുന്നവർക്ക് ആക്ച്വറി മേഖല ഒഴിവാക്കാനാകില്ല. വെല്ലുവിളി നിറഞ്ഞ പഠനകാലത്തിലൂടെ നിശ്ചയദാർഢ്യത്തോടെ നീങ്ങാൻ തയാറുള്ളവർക്ക് ഇത് നല്ല ഒാപ്ഷനാണ്. ഇൻഷ്വറൻസ് കന്പനികളുടെ പശ്ചാത്തലത്തിൽ, സാന്പത്തിക റിസ്കുകൾ അവലോകനം ചെയ്ത് പോളിസികൾക്ക് ഉചിതമായ പ്രീമിയം നിശ്ചയിക്കുകയെന്നതാണ് അക്ച്വറിയുടെ പ്രധാന ജോലി.
ഫീൽഡിൽ നിലനിൽക്കാൻ ഇൻഷ്വറൻസ് കന്പനികളെ സഹായിക്കുന്നതും അക്ച്വറികൾ നടത്തുന്ന അവലോകനമാണ്. ഗണിതത്തിലും സ്റ്റാറ്റിസ്റ്റിക്സിലുമുള്ള കഴിവിനൊപ്പം പ്രോബ്ലം സോൾവിംഗും വിശകലനാത്മക ചിന്താഗതിയും കൂടിയേ തീരൂ. ബിസിനസ് ലോകത്തെക്കുറിച്ചുള്ള ധാരണയും കമ്യൂണിക്കേഷൻ സ്കില്ലും ആവശ്യമാണ്.
നവീനമായ ഇൻഷ്വറൻസ് പദ്ധതികൾ അവതരിപ്പിക്കാനും ഇൻഷ്വറൻസ് മാനേജ്മെന്റും മാർക്കറ്റിംഗും കൈകാര്യം ചെയ്യാനും ആക്ച്വറിയുടെ മികവ് തന്നെ വേണം. എല്ലാക്കാര്യങ്ങളും ഇക്കാലത്ത് ഡാറ്റയിൽ അധിഷ്ഠിതമായതിനാൽ ഡാറ്റയുടെ പിൻബലത്തോടെ അപകടസാധ്യതകൾ പരിശോധിച്ച് പരിഹാരങ്ങൾ നിർദേശിക്കാൻ കഴിവുള്ള ആക്ച്വറികളെ കന്പനികൾ തേടുന്നുണ്ട്.
ആക്ച്വറികൾക്ക് ഏറ്റവും കൂടുതൽ അവസരങ്ങൾ നൽകുന്നത് ഇൻഷുറൻസ് മേഖലയാണെങ്കിലും ബാങ്കിംഗ്, ബിസിനസ് പ്ലാനിംഗ്, കണ്‍സൾട്ടിംഗ്, ഡാറ്റ സയൻസ്, ഫിനാൻസ് എന്നിവിടങ്ങളിലും ഇതിന് സാധ്യതകളുണ്ട്. സർക്കാർ ഏജൻസികൾക്ക് വേണ്ടി ജോലി ചെയ്യുന്നവരും അധ്യാപനവും ഗവേഷണവുമായി നീങ്ങുന്നവരുമുണ്ട്.
മാർ അത്തനേഷ്യസ് കോളജ് (കോതമംഗലം), അമിറ്റി സ്കൂൾ ഓഫ് ഇൻഷ്വറൻസ് ആൻഡ് ആക്ച്വൂറിയൽ സയൻസ് (നോയിഡ), ക്രൈസ്റ്റ് യൂണിവേഴ്സിറ്റി (ബംഗളുരൂ), യൂണിവേഴ്സിറ്റി ഓഫ് മദ്രാസ് (ചെന്നൈ) എന്നിവ പഠനത്തിനായി തെരഞ്ഞെടുക്കാവുന്ന സ്ഥാപനങ്ങളാണ്.
എങ്ങനെ മേഖലയിലേക്ക് കടക്കാം?
ഈ കരിയറിൽ താത്പര്യമുള്ളവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് ഓഫ് ഇന്ത്യയുടെ പരീക്ഷകൾ പാസാകണം. പ്ലസ്ടുവിന് സയൻസോ കൊമേഴ്സോ പഠിച്ചവരായിരിക്കണം. മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിൽ ബിരുദമെടുക്കുന്നത് നല്ലതാണെങ്കിലും നിർബന്ധമില്ല. സ്റ്റാറ്റിസ്റ്റിക്സ് അഥവാ ആക്ച്വറിയൽ സയൻസിൽ പിജിയെടുക്കുന്നത് കരിയറിൽ ഉയരാൻ സഹായിച്ചേക്കാം.
എംബിഎ ഫിനാൻസും പരിഗണിക്കാവുന്നതാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് ഓഫ് ഇന്ത്യയുടെ പരീക്ഷയ്ക്ക് സ്റ്റാറ്റിസ്റ്റിക്സ്, ഫിനാൻഷൽ മാനേജ്മെന്റ്, ഇക്കണോമിക്സ് എന്നിവയാണ് പഠിക്കേണ്ടത്. മേയ്, ജൂണ്‍, ഒക്ടോബർ, നവംബർ എന്നീ മാസങ്ങളിലാണ് പരീക്ഷ നടക്കാറുള്ളത്.
എൻട്രൻസ് ടെസ്റ്റിൽ ജയിക്കുന്നവർക്കാണ് അടുത്ത ഘട്ടങ്ങളിലേക്ക് കടക്കാൻ സാധിക്കുക. 70 ചോദ്യങ്ങളുള്ള ഓണ്‍ലൈൻ, മൾട്ടിപ്പിൾ ചോയ്സ് പരീക്ഷയാണിത്. ഇത് പാസായവർ തുടർപരീക്ഷകളെ നേരിടണം. ഇവയെ കോർ പ്രിൻസിപ്പിൾസ്, കോർ പ്രാക്ടീസസ്, സ്പെഷലിസ്റ്റ് പ്രിൻസിപ്പിൾസ്, സ്പെഷലിസ്റ്റ് അഡ്വാൻസ്ഡ് എന്നിങ്ങനെ വിവിധ ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്.
വിശദവിവരങ്ങൾക്ക് https://www.actuariesindia.org സന്ദർശിക്കുക.