മടുക്കാതെ പഠിക്കാമെങ്കിൽ ഫിസിയോതെറാപ്പി എടുക്കാം
Monday, August 25, 2025 10:57 PM IST
കിരൺ ജെ.കെ.വി.
ഒരു രോഗിയുടെ ശാരീരിക പ്രവര്‍ത്തനങ്ങളും ചലനങ്ങളും പുനഃസ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനുമാണ് ഫിസിയോതെറാപ്പി. പരിക്കുകള്‍, രോഗങ്ങള്‍, വൈകല്യങ്ങള്‍ എന്നിവയില്‍ നിന്ന് ആളുകളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനായി വ്യായാമം, മാനുവല്‍ തെറാപ്പി എന്നിങ്ങനെയുള്ള സമീപനങ്ങളാണ് ഉപയോഗിക്കുന്നത്. ചലനശേഷി മെച്ചപ്പെടുത്തുകയും വേദന കുറയ്ക്കുകയും ചെയ്തുകൊണ്ട് മൊത്തത്തിലുള്ള ജീവിത നിലവാരം ഉയർത്തുകയാണ് ഫിസിയോതെറാപ്പിയുടെ ലക്ഷ്യം.
ആരോഗ്യമേഖലയില്‍ അതിവേഗം വളരുന്ന പ്രഫഷനാണ് ഫിസിയോത്തെറാപ്പി. യുദ്ധങ്ങളില്‍ പരിക്കേല്‍ക്കുന്ന സൈനികര്‍ക്ക് വേണ്ടി 1900കളില്‍ തുടക്കം കുറിച്ച ഈ മേഖല ഇന്ന് അതിനപ്പുറത്തേക്ക് വളര്‍ന്നിരിക്കുന്നു. ഇന്നത്തെ ലോകത്ത്, 1000 പേര്‍ക്ക് ഒരു ഫിസിയോത്തെറാപ്പിസ്റ്റ് വീതം വേണമെന്ന് അടുത്തിടെ ലോകാരോഗ്യസംഘടനയും അഭിപ്രായപ്പെട്ടിരുന്നു.
ആശുപത്രികള്‍, ക്ലിനിക്കുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ഫിസിയോത്തെറാപ്പിസ്റ്റുകള്ക്ക് പീഡിയാട്രിക്സ്, സ്പോര്‍ട്സ്, ന്യൂറോഫിസിയോത്തെറാപ്പി എന്നീ മേഖലകളില്‍ സ്പെഷലൈസ് ചെയ്യാനും അവസരങ്ങളുണ്ട്. സഹാനുഭൂതിയും ആശയവിനിമയ പാടവവും തുടര്‍ച്ചയായി മടുക്കാതെ പഠിക്കാനുള്ള മനസുമുള്ളവര്‍ക്ക് ഫിസിയോത്തെറാപ്പി മേഖലയില്‍ തിളങ്ങാം.
പഠനവും കരിയറും
പ്ലസ് ടുവില്‍ സയന്‍സ് (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) പഠിച്ചവര്‍ക്ക് നാല് വര്‍ഷം ദൈര്‍ഘ്യമുള്ള ബാച്ചിലര്‍ ഓഫ് ഫിസിയോത്തെറാപ്പി കോഴ്സ് എടുക്കാം. അനാറ്റമി, ഫിസിയോളജി, ബയോകെമിസ്ട്രി, എക്സര്‍സൈസ് തെറാപ്പി തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെട്ട കോഴ്സ് കഠിനാധ്വാനം ചെയ്യാന്‍ മനസുള്ളവര്‍ക്ക് മാത്രം ഉതകുന്നതാണ്. ഇതിനെത്തുടര്‍ന്ന് ആറ് മാസത്തെ ഇന്റേണ്‍ഷിപ്പും പിജിയും ചെയ്യുന്നവര്‍ക്ക് ഹോസ്പിറ്റലുകള്‍, ക്ലിനിക്കുകള്‍, റീഹാബിലിറ്റേഷന്‍ സെന്ററുകള്‍, കോര്‍പറേറ്റ് മേഖല, അധ്യാപനം, ഗവേഷണ രംഗം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കാം. പിജി ചെയ്യുന്നവര്‍ക്ക് ഓര്‍ത്തോപീഡിക്സ്, സ്പോര്‍ട്സ് മെഡിസിന്, കാര്‍ഡിയോതൊറാസിക്, പള്‍മണറി, ഗൈനക്കോളജി, ഹാന്‍ഡ് തെറാപ്പി, മാനുവല്‍ തെറാപ്പി എന്നിങ്ങനെയുളള സ്പെഷലൈസേഷനുകളില്‍ ഏതെങ്കിലും തെരഞ്ഞെടുക്കാം. ജെഡിറ്റി ഇസ്ലാം കോളേജ് ഒാഫ് ഫിസിയോത്തെറാപ്പി (കോഴിക്കോട്), ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പാരാമെഡിക്കൽ സയൻസ് (കണ്ണൂർ), മെഡിക്കൽ ട്രസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (കൊച്ചി), സ്കൂൾ ഒാഫ് മെഡിക്കൽ എജ്യൂക്കേഷൻ (കോട്ടയം) എന്നിവ കേരളത്തിൽ വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാവുന്ന സ്ഥാപനങ്ങളാണ്.