ലോകമെന്പാടും അവസരങ്ങളുള്ള ഒക്കുപ്പേഷണൽ തെറാപ്പി
Monday, September 1, 2025 11:16 PM IST
കിരൺ ജെ.കെ.വി.
ലോകത്തെവിടെയും അവസരങ്ങളുള്ള, നൂറുശതമാനം തൊഴിൽസാധ്യതയുള്ള മേഖലയെന്ന് പറയാവുന്ന ഒക്കുപ്പേഷണൽ തെറാപ്പി, കേരളത്തിൽ താരതമ്യേന പുതിയ കോഴ്സാണ്. പലവിധ രോഗങ്ങൾ തളർത്തിയവരെ വീണ്ടെടുത്ത് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതിൽ നിർണായകമായ പങ്കാണ് ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റിനുള്ളത്. പലതരം ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവരെ ദൈനംദിന കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുന്നവരാണ് ഈ പ്രഫഷണലുകൾ. സെറിബ്രൽ പാൾസിയോ ഓട്ടിസമോ ബാധിച്ച കുട്ടികൾക്ക് പ്രതീക്ഷ നൽകാനും മസ്തിഷ്കത്തിൽ പരിക്കേറ്റവർക്കും അംഗവൈകല്യം വന്നവർക്കും താങ്ങാകാനും സാധിക്കുമെന്ന് ഉറപ്പുള്ളവർക്ക് ഒക്കുപ്പേഷണൽ തെറാപ്പിയിലേക്ക് കടന്നുവരാം. ആശയവിനിമയത്തിലും പ്രശ്നപരിഹാരത്തിലുമുള്ള പാടവത്തോടൊപ്പം ക്ഷമയും സഹാനുഭൂതിയും തുടർച്ചയായി പഠിക്കാനുള്ള മനസുമുണ്ടെങ്കിൽ ഒക്കുപ്പേഷണൽ തെറാപ്പി സംതൃപ്തി പകരുന്ന ഫീൽഡാണ്.
പ്ലസ്ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ നിർബന്ധമായും പഠിച്ചിരിക്കണം. മനുഷ്യശരീരത്തെ അടുത്തറിയാൻ സഹായിക്കുന്ന അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി തുടങ്ങിയവ ബാച്ചിലർ ഓഫ് ഒക്കുപ്പേഷണൽ തെറാപ്പി (BOT) കോഴ്സിൽ ഉണ്ട്. പുനരധിവാസത്തിന്റെ മനഃശാസ്ത്രപരമായ വശങ്ങളും രോഗികളുടെ മാനസികക്ഷേമവും പഠനപ്രക്രിയയുടെ ഭാഗമാണ്. വിദഗ്ധരുടെ മേൽനോട്ടത്തിൽ യഥാർഥ രോഗികളുൾപ്പെടുന്ന പ്രാക്ടിക്കൽ ട്രെയിനിംഗ് സെഷനുകളും ഇന്റേണ്‍ഷിപ്പുകളും അടങ്ങുന്ന പഠനകാലം പൂർത്തിയാക്കുന്നവർക്ക് ഭാവിയിൽ ഹോസ്പിറ്റലുകൾ, റീഹാബിലിറ്റേഷൻ സെന്ററുകൾ, സ്കൂളുകൾ, മാനസികാരോഗ്യ ക്ലിനിക്കുകൾ, ഗവേഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ജോലികൾ കണ്ടെത്താം.
എവിടെ പഠിക്കാം?
വേൾഡ് ഫെഡറേഷൻ ഓഫ് ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്സ് (WFOT) അംഗീകരിച്ചിട്ടുള്ള ധാരാളം കോളജുകൾ ഇന്ത്യയിലുണ്ട്. കേരളത്തിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (തൃശൂർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (തിരുവനന്തപുരം) എന്നീ സ്ഥാപനങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു. ഇത്തരം സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് പ്രവൃത്തിപരിചയമില്ലാതെ തന്നെ ആഗോളതലത്തിലുള്ള ജോലികളെക്കുറിച്ച് സ്വപ്നം കാണാം. ലോകത്തെവിടെയും ജോലിചെയ്യാനും ആഗോള നിലവാരത്തിലുള്ള ഈ കോഴ്സുകൾ ചെയ്തവർക്ക് സാധിക്കും. ബിരുദത്തിന് ശേഷം വിദേശത്ത് പിജി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഇതൊരു മുതൽക്കൂട്ടാണ്. വേൾഡ് ഫെഡറേഷൻ ഓഫ് ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുകൾ (WF OT) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരിട്ട് അംഗീകാരം നൽകുന്നില്ല; പകരം, അതിന്റെ മിനിമം മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ള നിർദിഷ്ട വിദ്യാഭ്യാസ പരിപാടികൾക്ക് അംഗീകാരം നൽകുന്നു. കൂടാതെ, ഓൾ ഇന്ത്യ ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്സ് അസോസിയേഷൻ (AIOTA) അംഗീകരിച്ചിട്ടുള്ള കോഴ്സുകൾ ലഭ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ത്യയിലുടനീളമുണ്ട്. ഇവയിൽ ചിലത്: കെഎംസിഎച്ച് കോളേജ് ഓഫ് ഒക്കുപ്പേഷണൽ തെറാപ്പി (കോയന്പത്തൂർ), ക്രിസ്ത്യൻ മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റൽ (വെല്ലൂർ), ജയ്പുർ ഒക്കുപ്പേഷണൽ തെറാപ്പി കോളജ് (ജയ്പൂർ). കോഴ്സുകൾക്ക് റീഹാബിലിറ്റേഷൻ കൗണ്‍സിൽ ഓഫ് ഇന്ത്യ (RCI) യുടെ അംഗീകാരമുണ്ടോയെന്ന് പരിശോധിക്കുകയും വേണം.