എംജി സർവകലാശാല ബിരുദ പ്രവേശനം: അപേക്ഷയിലെ തെറ്റു തിരുത്താൻ പിന്നീട് അവസരം
Wednesday, July 29, 2020 11:10 PM IST
കോട്ടയം: എംജി സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിൽ ബിരുദ പ്രോഗ്രാമുകളിലേക്ക് ഏകജാലകം വഴിയുള്ള പ്രവേശനത്തിന് 25 മണിക്കൂറിനുള്ളിൽ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്തത് 31252 പേർ.
28ന് ഉച്ചകഴിഞ്ഞാണ് ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചത്. www.cap.mgu.a c.in എന്ന വെബ്സൈറ്റിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഓണ്‍ലൈൻ അപേക്ഷയിൽ തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ തിരുത്തുന്നതിനും ഓപ്ഷനുകളിൽ മാറ്റം വരുത്തുന്നതിനും പിന്നീട് അവസരം നൽകും. ഇതിനുള്ള തീയതി പിന്നീട് പ്രഖ്യാപിക്കും.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രജിസ്ട്രേഷനുള്ള അവസാന തീയതി പ്രഖ്യാപിച്ചിട്ടില്ല. അതിനാൽ അപേക്ഷ നൽകുന്നതിനായി അക്ഷയ കേന്ദ്രങ്ങളെയും മറ്റും ആശ്രയിക്കുന്നവർ തിരക്കൊഴിവാക്കി സാമൂഹിക അകലം പാലിച്ച് അപേക്ഷ നൽകുന്നതിന് ശ്രദ്ധിക്കണം.