വെള്ളൂർ: വെള്ളൂർ പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, 10 വാർഡുകളിൽ എച്ച്എൻഎല്ലിന്റെ കാലം മുതൽ നടത്തിവന്നിരുന്ന കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വ്യവസായമന്ത്രി പി. രാജീവിന് വെള്ളൂർ പഞ്ചായത്ത് നിവേദനം നൽകി. സി.കെ. ആശ എംഎൽഎ, വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ. നികിതകുമാർ, മുൻപഞ്ചായത്ത് പ്രസിഡന്റ് ലൂക്ക് മാത്യു, പഞ്ചായത്ത് സെക്രട്ടറി ദേവിപാർവതി, ജൂണിയർ സൂപ്രണ്ട് ആശാലത തുടങ്ങിയവർ പങ്കെടുത്തു.
പ്രശ്നത്തിന് ഉടൻ പരിഹാരം കാണുമെന്നു മന്ത്രി അറിയിച്ചു. കെആർഎൽ ഭൂമിയിലൂടെ കടന്നു പോകുന്ന പൈപ്പ് ലൈൻ -തൊണ്ണൂർ റോഡ്, ചെക്ക് പോസ്റ്റ് -കല്ലുവേലി റോഡ് പൂർണമായി അടയ്ക്കുന്നത് ഒഴിവാക്കണമെന്നും നൂറുകണക്കിന് ആളുകൾ ഉപയോഗിക്കുന്ന ഈ വഴി നിലവിലെ രൂപത്തിൽ ഉപയോഗിക്കാൻ സാഹചര്യം ഒരുക്കുക, മുളക്കുളം ചന്തപ്പാലം റോഡ് പണി വേഗത്തിലാക്കുക, മൂവാറ്റുപുഴയാറിൽ മണൽ വാരൽ ആരംഭിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് മന്ത്രിമാരായ എം.ബി. രാജേഷ്, മുഹമ്മദ് റിയാസ്, കെ. രാജൻ എന്നിവരെയും കണ്ടു.
പഞ്ചായത്തിന്റെ ആവശ്യങ്ങൾക്ക് പരിഹാരം കാണാമെന്നു മന്ത്രിമാർ ഉറപ്പു നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് നികിത കുമാർ അറിയിച്ചു.