പുതുപ്പാടിയില്‍ ഒന്‍പതാം ക്ലാസുകാരന് പത്താം ക്ലാസുകാരുടെ മര്‍ദനം
Thursday, June 5, 2025 2:29 AM IST
കോഴിക്കോട്: പുതുപ്പാടിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിക്ക് പത്താംക്ലാസ് വിദ്യാര്‍ഥികളുടെ മര്‍ദനം. പുതുപ്പാടി ഗവ. ഹൈസ്കൂളിലെ വിദ്യാര്‍ഥിക്കാണു മര്‍ദനമേറ്റത്. നേരത്തേയുണ്ടായ പ്രശ്നത്തിന്റെ വൈരാഗ്യമാണ് ആക്രമണ കാരണമെന്നാണു വീട്ടുകാര്‍ നല്കുന്ന സൂചന.
വിദ്യാര്‍ഥിയുടെ തലയ്ക്കും കണ്ണിനുമാണ് പരിക്ക്. വിദ്യാര്‍ഥിയെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് നാലു വിദ്യാര്‍ഥികളെ 14 ദിവസത്തേക്കു സസ്പെന്‍ഡ് ചെയ്തതായി പ്രധാനാധ്യാപകന് ഈസക്കോയ അറിയിച്ചു. ആക്രമണം സംബന്ധിച്ച് ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിനു താമരശേരി പോലീസ് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
15ഓളം വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ഒന്‍പതാം ക്ലാസുകാരനെ മര്‍ദിച്ചതെന്ന് വീട്ടുകാര്‍ ആരോപിച്ചു. അതിനിടെ പരിക്കേറ്റ വിദ്യാര്‍ഥിയെ അധ്യാപകര്‍ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും സംഭവം ഒതുക്കാനാണ് അധ്യാപകര്‍ ശ്രമിച്ചതെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.
സ്കൂളിന്റെ ഭാഗത്തുനിന്നു വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നും നടപടിയെടുത്തിട്ടുണ്ടെന്നും പ്രധാനാധ്യാപകന് വ്യക്തമാക്കി. താമരശേരിയിലെ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസ് മറ്റു വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റു മരിച്ചതിന്റെ നടുക്കം മാറുംമുന്പേയാണു വീണ്ടും മറ്റൊരു വിദ്യാര്‍ഥിക്കു മർദനമേറ്റത്.