അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാതെ റെയില്‍വേ സ്റ്റേഷനുകളിൽ പാര്‍ക്കിംഗ് ഫീസ് കൊള്ള
Thursday, June 5, 2025 2:29 AM IST
കൊച്ചി: റെയില്‍വേ സ്റ്റേഷനുകളിലെ പാര്‍ക്കിംഗ് ഫീസ് കുത്തനേ വര്‍ധിപ്പിച്ചെങ്കിലും അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാത്തതു പ്രതിഷേധങ്ങള്‍ക്കിടയാക്കുന്നു. സ്റ്റേഷനുകളുടെ നവീകരണത്തിന്റെ ഭാഗമായാണു തിരുവനന്തപുരം ഡിവിഷന് പാർക്കിംഗ് ഫീസ് വർധിപ്പിച്ചത്.
50 ശതമാനം മുതല്‍ 100 ശതമാനം വരെ നിരക്ക് വര്‍ധിപ്പിച്ചെങ്കിലും മഴ നനയാതെ വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യംപോലും പലേടത്തും ഒരുക്കിയിട്ടില്ല. മഴ കനത്തതോടെ ചെളിക്കുണ്ടില്‍ വാഹനം പാര്‍ക്ക് ചെയ്യേണ്ട സാഹചര്യവുമുണ്ട്.
പാര്‍ക്ക് ചെയ്യുന്ന വാഹനത്തിന് കരാര്‍ ജീവനക്കാര്‍ യാതൊരുവിധ സുരക്ഷയും ഉറപ്പുനല്‍കാത്ത സാഹചര്യത്തില്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ വാഹനം വച്ചിട്ടു പോകേണ്ട സ്ഥിതിയാണ്. ഇതോടെ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതും ഇരുചക്ര വാഹനങ്ങളില്‍നിന്ന് പെട്രോള്‍ മോഷണം പോകുന്നതും വാഹനംതന്നെ മോഷണം പോകുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ആനുകാലികമായ മാറ്റമല്ല, പകല്കൊള്ളയാണു ഫീസ് വര്‍ധനയിലൂടെ ലക്ഷ്യമിട്ടിട്ടുള്ളതെന്ന് ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് ജനറല്‍ സെക്രട്ടറി ജെ. ലിയോണ്‍സ് ചൂണ്ടിക്കാട്ടി. ട്രെയിന്‍ ടിക്കറ്റ് കൂടാതെ വലിയ സാമ്പത്തികബാധ്യതയാണ് റെയില്‍വേ യാത്രക്കാരില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ക്കിംഗ് ഫീസ് വര്‍ധിപ്പിച്ച സാഹചര്യത്തില്‍ വാഹനങ്ങള്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യമൊരുക്കണമെന്നതാണ് പൊതുവില്‍ ഉയരുന്ന ആവശ്യം.
പുതിയ നിരക്ക് ഇങ്ങനെ
പുതിയ നിരക്ക് പ്രകാരം ആദ്യ രണ്ടു മണിക്കൂറിലേക്ക് ഇരുചക്രവാഹനം പാര്‍ക്ക് ചെയ്യുന്നതിന് 10 രൂപ നല്‍കണം. മുമ്പ് അഞ്ചു രൂപയായിരുന്നു ഇത്. കാര്‍ പാര്‍ക്കിംഗിന് 30 രൂപയും ബസിന് 130 രൂപയുമാണ് പുതിയ നിരക്ക്. നേരത്തേ ഇതു യഥാക്രമം 25 രൂപയും 120 രൂപയുമായിരുന്നു. രണ്ടു മുതല്‍ എട്ടു മണിക്കൂര്‍ വരെ ഇരുചക്രവാഹനങ്ങള്‍ക്ക് 20 (15 പഴയ നിരക്ക്) രൂപയും കാറിന് 50 (40) രൂപയും വലിയ വാഹനങ്ങള്‍ക്ക് 270 (25) രൂപയുമാണ് പുതിയ നിരക്ക്.
എട്ടു മണിക്കൂര്‍ മുതല്‍ 24 മണിക്കൂര്‍ വരെ ടൂ വീലര്‍ 30 (20), ഫോര്‍വീലര്‍ 80 (60), ബസ് 380 (360), 48 മണിക്കൂര്‍ വരെ ടൂവീലര്‍ 60 (50), കാര്‍ 180 (150), ബസ് 840 (650), 72 മണിക്കൂര്‍ വരെ ടൂവീലര്‍ 110 (100), കാര്‍ 300 (250), ബസ് 1260 (1000) എന്നിങ്ങനെയാണു പുതുക്കിയ നിരക്ക്. പിന്നീട് വരുന്ന ഓരോ ദിവസത്തേക്കും ടൂ വീലറിന് 70 (50) കാറിന് 200 (100), ബസിന് 840 (500) രൂപയും നല്‍കണം.
പ്രീമിയം പാര്‍ക്കിംഗ് നിരക്കിലും വര്‍ധന വന്നിട്ടുണ്ട്. രണ്ടു മണിക്കൂര്‍ വരെ ടൂവീലറിന് 15 രൂപയും ഫോര്‍വീലറിന് 40 (30) രൂപയുമാണ്. തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും യഥാക്രമം 15 രൂപയും 30(25) രൂപയും നല്‍കണം. ടൂവീലര്‍ പാര്‍ക്കിംഗിനുള്ള പ്രതിമാസ പാസ് നിരക്ക് 360 രൂപയില്‍നിന്ന് 600 ആയും വര്‍ധിപ്പിച്ചിട്ടുണ്ട്.