പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗ്രീൻ കേരള റൈഡുമായി തദ്ദേശ സ്വയംഭരണ വകുപ്പ്
Thursday, June 5, 2025 2:29 AM IST
തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് ഗ്രീൻ കേരള റൈഡ് സംഘടിപ്പിക്കുന്നു. പ്രകൃതിയിൽ ക്രമാതീതമായി വർധിക്കുന്ന കാർബൺ എമിഷന്റെ അളവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് തദ്ദേശസ്വയംഭരണ വകുപ്പ് ഗ്രീൻ കേരള റൈഡ് നടത്തുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർക്കിടയിലാണ് പരിപാടി സംഘടിപ്പിക്കുക.
ഇന്ന് ഓഫീസുകളിലേക്കുള്ള യാത്രയ്ക്കായി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുക, സ്വകാര്യ വാഹനത്തിൽ ഓഫീസിൽ വരുന്നവർ സഹപ്രവർത്തകരുമായി ഒരുമിച്ച് വെഹിക്കിൾ പൂളിംഗ് സംവിധാനം ഉപയോഗപ്പെടുത്തുക, എസി, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് തദ്ദേശ വകുപ്പ് മുന്നോട്ടു വച്ചിട്ടുള്ളത്.
പരിസ്ഥിതി ദിനത്തിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽനിന്നായി എൽഎസ്ജിഡി പ്രിൻസിപ്പൽ ഡയറക്ടറേറ്റ് ഓഫീസിലേക്ക് എത്തുന്ന ജീവനക്കാർക്കായി കെഎസ്ആർടിസി യുമായി സഹകരിച്ച് രാവിലെയും വൈകുന്നേരവും ഇലക്ട്രിക് ബസ് സർവീസും ക്രമീകരിച്ചിട്ടുണ്ട്.
പരിപാടിയുടെ ഭാഗമായി വ്യക്തി, ഗ്രൂപ്പ്, സ്ഥാപനം എന്നീ കാറ്റഗറിയിൽ മികച്ച മാതൃക പിന്തുടരുന്നവർക്ക് സമ്മാനമുണ്ട്. കാമ്പയിനിൽ പങ്കെടുക്കുന്നവർ അന്നേ ദിവസം ചെയ്യുന്ന മാതൃകയുടെ ആശയം വ്യക്തമാക്കുന്ന ഫോട്ടോ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നീ സമൂഹമാധ്യമങ്ങളിൽ #greenkeralaride എന്ന ഹാഷ്ടാഗോടെ പോസ്റ്റ് ചെയ്യണം.