കേരളം കണ്ട ഏറ്റവും വലിയ വഞ്ചകന്; മുഖ്യമന്ത്രിക്കെതിരേ രൂക്ഷവിമർശനവുമായി പി.വി. അൻവർ
Thursday, June 5, 2025 2:29 AM IST
നിലന്പൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷവിമർശനവുമായി പി.വി. അൻവർ. മുഖ്യമന്ത്രിയെ കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനുമെന്നാണ് മുഖ്യമന്ത്രിയെ അൻവർ വിശേഷിപ്പിച്ചത്. വി.എസ്. അച്യുതാനന്ദനെ വഞ്ചിച്ചതിന്റെ ഫലമാണ് പിണറായിയുടെ മുഖ്യമന്ത്രിസ്ഥാനമെന്നും അദ്ദേഹം ആരോപിച്ചു.
മലപ്പുറം ജില്ലയിൽ കുഴൽപ്പണം ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെയും അൻവർ ചോദ്യം ചെയ്തു. ഹിന്ദു പത്രം ഉയർത്തിപ്പിടിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവന എല്ലാവരെയും അറിയിച്ചത് ഞാനാണ്.
ബിജെപിയുമായി ഉണ്ടാക്കിയ കരാറിന്റെ ഭാഗമായിരുന്നു ആ പത്രസമ്മേളനം-അൻവർ പറഞ്ഞു. ന്യൂനപക്ഷ സംരക്ഷണം പറഞ്ഞ് രണ്ടാം തവണ അധികാരത്തിലെത്തിയ സർക്കാർ എൻആർസി, സിഎഎ വിഷയങ്ങളിൽ കേരളത്തെ വഞ്ചിച്ചുവെന്നും കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞിട്ടും ഇതുവരെ പിൻവലിച്ചിട്ടില്ല.
മുനന്പം വിഷയത്തിൽ അവിടത്തെ മനുഷ്യരെ വഞ്ചിച്ചു. ശബരിമല വിഷയത്തിൽ ഹൈന്ദവ സമുദായത്തെ ഭീഷണിപ്പെടുത്തി-അൻവർ കുറ്റപ്പെടുത്തി. മത വിഷയങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇടപെടുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു.
യുവാക്കളെയും കർഷകരെയും പ്രവാസികളെയും മുഖ്യമന്ത്രി വഞ്ചിച്ചു. 25 ലക്ഷം ആളുകൾക്ക് തൊഴിൽ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും നിലവിൽ കേരളത്തിൽ നിയമന നിരോധനമാണ്. കർഷകരോട് കൊടുംവഞ്ചനയാണു നടത്തിയത്.
ജപ്തി നടക്കില്ലെന്ന് കേരളത്തിന് ഉറപ്പു നൽകിയിട്ടും നിരവധി പേർ ജപ്തി കാരണം മരിച്ചു. പ്രവാസികളെയും മുഖ്യമന്ത്രി വാക്ക് പറഞ്ഞ് വഞ്ചിച്ചുവെന്നും നിതാഖാത്ത് കാരണം മടങ്ങിയെത്തുന്ന പ്രവാസികൾക്കു സഹായം വാഗ്ദാനം ചെയ്ത് വഞ്ചന കാട്ടി.
മണ്ഡലത്തിൽനിന്ന് 75,000 വോട്ട് താൻ സ്വന്തമാക്കുമെന്ന് അൻവർ പറഞ്ഞു. ട്രോളുന്നവർക്ക് ട്രോളാമെന്നും ചിന്തിക്കുന്നവർക്ക് ഉൾക്കൊള്ളാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥിനിർണയ ചർച്ച നടക്കുന്നതിനിടെ ആര്യാടൻ ഷൗക്കത്തിനോട് നീ ജയിക്കില്ലെന്ന് പറഞ്ഞതായും അൻവർ പറഞ്ഞു. പരാജയപ്പെടുമെന്ന് കൃത്യമായി പറഞ്ഞുകൊടുത്തിരുന്നു. ചില ഇടങ്ങളിൽനിന്ന് ഷൗക്കത്തിന് തീരെ വോട്ട് കിട്ടില്ല.
എനിക്ക് വി.എസ്. ജോയിയോട് പ്രത്യേക താത്പര്യമില്ല. പക്ഷേ, മലയോര കർഷകനാണ്. അവരുടെ പ്രശ്നങ്ങൾ അടുത്തറിയാം. പിന്നെ എടക്കര പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജയിംസിന്റെ പേര് പറഞ്ഞു. ജയിംസ് ഷൗക്കത്തിന്റെ വലംകൈയാണ്.
അദ്ദേഹമാണെങ്കിൽ പോലും കുഴപ്പമില്ല. 2026ൽ മത്സരിച്ചോളാൻ ഷൗക്കത്തിനോടു ഞാൻ പറഞ്ഞതാണ്. അതിനുവേണ്ടി കോണ്ഗ്രസ് നേതാക്കളുമായി സംസാരിക്കാമെന്ന് പറഞ്ഞതായും അൻവർ കൂട്ടിച്ചേർത്തു. എന്നാൽ കോണ്ഗ്രസ് നേതാക്കളെ വിശ്വസിക്കാൻ കഴിയില്ലെന്നായിരുന്നു ഷൗക്കത്തിന്റെ മറുപടി- അൻവർ പറഞ്ഞു.
തനിക്ക് ഇപ്പോഴും 500 കോടിയുടെ ആസ്തിയുണ്ടെങ്കിലും ഒരിഞ്ച് ഭൂമി പോലും വിൽക്കാൻ കഴിയില്ലെന്ന് അൻവർ വ്യക്തമാക്കി. എല്ലാം മിച്ചഭൂമിയിൽ ഉൾപ്പെടുത്തി കേസിൽ പെട്ടിരിക്കുകയാണ്. പൈസ ഇല്ല എന്നത് സത്യം. കൈയിൽ ഉണ്ടായിരുന്നത് 25,000 രൂപ മാത്രമാണ്. മത്സരിക്കാൻ പണമില്ല എന്നതു വസ്തുതയാണ്. മത്സരിക്കുന്നതിൽനിന്നു പിൻമാറാൻ ആവശ്യപ്പെട്ട് പലരും സംസാരിക്കുന്നുണ്ടെന്നും എന്നാൽ താൻ പിന്മാറില്ലെന്നും അൻവർ ഉറപ്പിച്ചു പറഞ്ഞു.