താത്കാലിക വിസിമാര്‍ക്ക് തുടരാനുള്ള ഉത്തരവ് നീട്ടി
Thursday, June 5, 2025 3:25 AM IST
കൊച്ചി: കേരള സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താത്കാലിക വൈസ് ചാന്‍സലര്‍മാര്‍ക്ക് തത്സ്ഥാനത്തു തുടരാനുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി രണ്ടാഴ്ചകൂടി നീട്ടി.
നയപരമായ തീരുമാനങ്ങള്‍ എടുക്കരുതെന്ന ഉപാധിയോടെയാണു തത്സ്ഥിതി തുടരാന്‍ ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, പി.വി. ബാലകൃഷ്ണന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഉത്തരവിട്ടത്.
രണ്ട് താത്കാലിക വിസിമാരെയും മുൻ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ചാന്‍സലറും വിസിമാരും നല്കിയ അപ്പീല്‍ ഹര്‍ജികളാണു കോടതിയുടെ പരിഗണനയിലുള്ളത്.
ഹര്‍ജിയില്‍ തത്സ്ഥിതി തുടരാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച കോടതി ഉത്തരവ് നാളെവരെ നീട്ടിയിരുന്നു. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണു രണ്ടാഴ്ചകൂടി നീട്ടിയത്. ഹർജികള്‍ വീണ്ടും 16ന് പരിഗണിക്കും.