1973 സെപ്റ്റംബർ 23. സാന്റിയാഗോയിലെ ആശുപത്രിയിൽ നെരൂദയെ ചികിത്സിച്ചിരുന്ന ഡോ. സെർജിയോ ഡ്രാപ്പർ ഡ്യൂട്ടി സമയം കഴിഞ്ഞപ്പോൾ ചുമതല കൈമാറിയത് പ്രൈസ് എന്ന ഡോക്ടർക്കാണ്. ഭവ്യതയോടെ പെരുമാറുന്ന, നീലക്കണ്ണുകളുള്ള, 27 വയസുള്ള ഒരാൾ. തുടർന്ന് ഒരു കുത്തിവയ്പിനുശേഷം, തനിക്കു തീരെ വയ്യെന്ന് നെരൂദ പറഞ്ഞു. മണിക്കൂറുകൾക്കകം അദ്ദേഹം മരിച്ചു; ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച കവി എന്ന് ഗബ്രിയേൽ ഗാർഷ്യ മാർക്കേസ് വിശേഷിപ്പിച്ച പാബ്ലോ നെരൂദ. കുത്തിവച്ച ഡോക്ടറോ? ആ പേരിലുള്ള ഒരാൾ ആശുപത്രിയുടെ രജിസ്റ്ററിൽ ഇല്ല. ആരായിരുന്നു അയാൾ? ആർക്കുമറിയില്ല. 50 വർഷത്തിനുശേഷം നെരൂദയുടെ കൊലപാതകം, സ്വാഭാവിക മരണമെന്ന മുഖംമൂടി അഴിച്ചുവയ്ക്കുന്നോ?
നെരൂദ കമ്യൂണിസ്റ്റായിരുന്നു. പക്ഷേ, കൗതുകകരമെന്നു പറയട്ടെ, അദ്ദേഹത്തിന്റെ കവിതകൾ വായിച്ചുകൊണ്ടിരുന്ന ബൂർഷ്വാസിപോലും അതു മറന്നുപോയി. അത്രമാത്രം വശ്യമായിരുന്നു വാക്കുകളുടെ ആ സംഘഗാനം.
ചിലിയിലെ കാടുകളും മനുഷ്യരും അവരുടെ പ്രണയവും പട്ടിണിയും രോഷജനകമായ രാഷ്ട്രീയവുമൊക്കെ വായിച്ച് ലോകമെങ്ങുമുള്ള മനുഷ്യർ അതു തങ്ങളുടെ പ്രണയവും പോരാട്ടങ്ങളുമാണെന്ന് അടക്കം പറഞ്ഞു. സ്വേച്ഛാധിപതികളാകട്ടെ അതു തങ്ങൾക്കെതിരെയാണെന്നു തിരിച്ചറിഞ്ഞു.
അങ്ങനെ ആ കവിതകൾ സാർവത്രികവും അനശ്വരവുമായി. കേരളവും ആ മഹാകവിയിൽ മുങ്ങിപ്പോയി. ഗുരു നിത്യചൈതന്യ യതിയും സച്ചിദാനന്ദനും ബാലചന്ദ്രൻ ചുള്ളിക്കാടും അയ്യപ്പപ്പണിക്കരുമൊക്കെ വായനയുടെ ഉന്മാദത്തിനൊടുവിൽ അതു മലയാളത്തിലേക്കു പകർത്തിയെഴുതി. അങ്ങനെ കേരളവും നെരൂദയുടെ കവിതകൾ മസ്തിഷ്കത്തിനും ഹൃദയത്തിനുമിടയിൽ സ്വകാര്യമായൊരിടത്ത് പൂഴ്ത്തിവച്ചു.
അതിലൊന്നിലെ അവസാന വരികൾ ഇങ്ങനെയായിരുന്നു:
""ഗിരിനിരകളിൽനിന്നു
ഞാൻ നിനക്കുവേണ്ടി
സൗഖ്യം തുളുന്പുന്ന
പൂക്കൾ കൊണ്ടുവരും;
നീലശംഖു പുഷ്പങ്ങൾ,
ചൂരൽക്കൊട്ടകൾ നിറച്ചും
ഉമ്മകൾ.
വസന്തം ചെറിമരങ്ങളുമായി
ചെയ്യുന്നത്
എനിക്ക് നീയുമായി ചെയ്യണം.''
(നീ നിത്യവും നൃത്തം ചെയ്യുന്നു.
വിവ: സച്ചിദാനന്ദൻ)
1924ൽ ഇരുപതാമത്തെ വയസിൽ "20 പ്രണയഗീതങ്ങൾ' എന്ന സമാഹാരത്തിൽ എഴുതിയ ഈ വാക്കുകളിലൂടെ നെരൂദ ഒരു വസന്തത്തെ കെട്ടഴിച്ചുവിടുകയായിരുന്നു. കണ്ണെത്താദൂരത്തോളം പ്രണയമല്ലാതെ മറ്റൊന്നും പുഷ്പിക്കാത്ത ആ വസന്തകാലം ചിലിയിൽ ഒതുങ്ങിയില്ല. ലോകമെങ്ങുമുള്ള യുവാക്കൾ അതു വായിച്ചു എന്നല്ല, അതു വായിച്ചവരെല്ലാം യുവാക്കളായി.
പക്ഷേ, വസന്തം ചെറിമരങ്ങളോടു ചെയ്യാത്തത് നെരൂദയോട് ആരോ ചെയ്തോ? ഫോറൻസിക് പരിശോധനകൾ സംശയങ്ങളെ പൂർവാധികം ബലപ്പെടുത്തിയിരിക്കുന്നു; നെരൂദയെ വിഷം കുത്തിവച്ചു കൊന്നുവെന്ന സംശയം.
മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്പോൾ അദ്ദേഹത്തിന് 69 വയസായിരുന്നു. അതിന് അത്രയും വർഷങ്ങൾക്കു മുന്പ് 1904 ജുലൈ 12-ന് അദ്ദേഹം ജനിച്ചപ്പോൾ മുതലുള്ള ഏതാനും കാര്യങ്ങൾ പറഞ്ഞിട്ട് നമുക്ക് സാന്റിയാഗോയിലേക്കു തിരിച്ചുവരാം. സാന്റിയാഗോ തെക്കേ അമേരിക്കൻ രാജ്യമായ ചിലിയുടെ തലസ്ഥാനമാണ്. അവിടത്തെ സാന്താ മരിയ ആശുപത്രിയിലാണ് നെരൂദ മരിച്ചത് അല്ലെങ്കിൽ കൊല്ലപ്പെട്ടത്.
ആൾമാറാട്ടം
റിക്കാർഡോ എലിസെർ നെഫ്താലി റെയെസ് ബസോ ആൾട്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. പക്ഷേ, കവിതയെഴുതുന്ന കാര്യം പിതാവ് ജോസ് ഡെൽ കാർമൻ റെയസ് മൊറാൽസ് അറിയാതിരിക്കാൻ നെരൂദയെന്ന തൂലികാനാമം സ്വീകരിച്ചു.
ചെക് മാധ്യമപവർത്തകനും എഴുത്തുകാരനും കവിയുമായിരുന്ന ഴാൻ നെരൂദയുടെ പേരിലേക്കായിരുന്നു ആൾമാറാട്ടം. പതിമൂന്നാം വയസിൽ കവിതയെഴുതി "ഉഴപ്പി'നടക്കുകയാണെന്ന് റെയിൽവേ ജോലിക്കാരനായ പിതാവ് അറിയരുതല്ലോ.
നെരൂദ ജനിച്ചതിന്റെ അടുത്ത മാസം അമ്മ റോസ ക്ഷയരോഗം മൂലം മരിച്ചു. പിന്നെ, രണ്ടാനമ്മ വളർത്തി. പത്താം വയസിൽ കവിതയെഴുതി തുടങ്ങിയവൻ ഇരുപതാം വയസിൽ അറിയപ്പെടുന്ന കവിയായി.
പക്ഷേ, അഗ്നിപർവ്വതങ്ങളും മഴക്കാടുകളും മലനിരകളും കടൽത്തീരങ്ങളും തടാകങ്ങളുമൊക്കെയുള്ള ചിലിയെന്ന മോഹിപ്പിക്കുന്ന നാട്ടിലെ കവി മാത്രമായിരുന്നില്ല നെരൂദ; രാഷ്ട്രീയക്കാരനുമായിരുന്നു.
പല കവിതകളിലൂടെയും അദ്ദേഹം രാഷ്ട്രീയം പാടുകയായിരുന്നു. ബർമയിലും കൊളംബോയിലും സിംഗപ്പൂരിലും ചിലിയുടെ സ്ഥാനപതിയായി. പിന്നീട് അർജന്റീനയിലും സ്പെയിനിലും നയതന്ത്ര ഉദ്യോഗസ്ഥനായിരിക്കെയാണ് കമ്യൂണിസത്തിലേക്ക് ആകൃഷ്ടനായത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലും നെരൂദയുടെ ഒരു മിന്നലാട്ടമുണ്ട്. 1929ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൽക്കട്ട സമ്മേളനത്തിൽ സൗഹൃദ പ്രതിനിധിയായി അദ്ദേഹം പങ്കെടുത്തു.
വിവാഹം, നൊബേൽ, സ്റ്റാലിൻ
ഡച്ചുകാരിയായ മറിക വോഗെൽസാങ്ങിനെയാണ് ആദ്യം വിവാഹം കഴിച്ചത്. ഏക മകൾ മാൽവ. അതിനിടെ അർജന്റീനക്കാരിയായ ദെലിയ ദെൽ ക്യാറിലുമായി അടുത്തത് ദാന്പത്യത്തെ തകർത്തു. മാൽവ ഒന്പതാമത്തെ വയസിൽ മരിച്ചതോടെ ഭാര്യയുമായുള്ള ബന്ധവും അവസാനിച്ചു. താമസിയാതെ ദെലിയയെ വിവാഹം ചെയ്തു. സ്ത്രീകളോടുള്ള തന്റെ ബന്ധങ്ങളെക്കുറിച്ചും നെരൂദ ഓർമക്കുറിപ്പുകളിൽ എഴുതി.
കമ്യൂണിസ്റ്റുകാരനാണെങ്കിലും സ്റ്റാലിനെ പുകഴ്ത്തി കവിതയെഴുതിയതിനാൽ അദ്ദേഹത്തിനു കഠിനമായ വിമർശനങ്ങളെ നേരിടേണ്ടിയും വന്നു. സുഹൃത്തും വിഖ്യാത എഴുത്തുകാരനുമായ ഒക്ടാവിയൊ പാസുമായുള്ള ബന്ധത്തിൽപോലും അതു വിള്ളലുണ്ടാക്കി. മനുഷ്യത്വവിരുദ്ധനായ ഹിറ്റ്ലറെ തകർത്തതും സ്പെയിനിലെ ഏകാധിപതി ഫ്രാങ്കോയെ എതിർത്തതുമൊക്കെയാണ് സ്റ്റാലിനോടുള്ള നെരൂദയുടെ ആരാധനയ്ക്കു പിന്നിലെന്നു വിലയിരുത്തപ്പെടാറുണ്ട്.
സ്റ്റാലിനിസം ചരിത്രപരമായ തെറ്റാണെന്നു നെരൂദ പിന്നീടു പ്രസ്താവിച്ചെന്നും മാവോയോടുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അമിതാരാധന സോഷ്യലിസ്റ്റ് വിഗ്രഹനിർമാണത്തിന്റെ ആവർത്തനമാണെന്നു തിരിച്ചറിഞ്ഞെന്നുമൊക്കെ ചില ലേഖനങ്ങളിൽ കാണുന്നുണ്ട്.
1971ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിനു തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സ്റ്റാലിനോടുള്ള നെരൂദയുടെ അടുപ്പം അവാർഡ് നിർണയ കമ്മിറ്റിയിൽ ചിലരുടെ എതിർപ്പിനിടയാക്കിയിരുന്നതായി കഴിഞ്ഞ വർഷം "ദ ഗാർഡിയൻ' റിപ്പോർട്ട് ചെയ്തിരുന്നു.
താൻ സ്റ്റാലിനിസത്തിൽനിന്ന് അകലുന്തോറും നെരൂദ അതിനോട് അടുക്കുകയാണെന്ന് ഒക്ടാവിയൊ പാസ് പറഞ്ഞു. പക്ഷേ, അദ്ദേഹത്തിന്റെ തലമുറയിലെ ഏറ്റവും മഹാനായ കവി നെരൂദയാണെന്ന കാര്യത്തിൽ ഒക്ടാവിയൊ പാസിനു സംശയമില്ല. അതുതന്നെയായിരുന്നു എല്ലാവരുടെയും പ്രശ്നം. രാഷ്ട്രീയമായി വിയോജിക്കുന്നവർക്കും നെരൂദയുടെ കവിതകൾ അടക്കാനാവാത്ത പ്രലോഭനമായിരുന്നു.
യതി പറഞ്ഞ രഹസ്യം
1988ൽ "നെരൂദയുടെ ഓർമക്കുറിപ്പുകൾ' മലയാളത്തിൽ പുറത്തിറക്കിയത് മൾബറി ബുക്സാണ്. അതിന്റെ അവസാന പേജിൽ വിവർത്തകൻ ഗുരു നിത്യചൈതന്യയതി വായനക്കാർക്കെഴുതിയ രഹസ്യക്കുറിപ്പിൽ ഇങ്ങനെയുണ്ട്:
നിങ്ങളെപ്പോലെ ഞാനും നെരൂദയുടെ വാക്കിന്റെ ചുഴിയിൽപ്പെട്ട് അതു നൽകുന്ന മോഹനിദ്രയിൽനിന്നു പുറത്തുവരാൻ കഴിയാതെ പലപ്പോഴും നഷ്ടപ്രജ്ഞനെപ്പോലെ, ഇതികർത്തവ്യതാമൂഢനെപ്പോലെ, നെരൂദയുടെ വാക്കുകൾ ഉള്ളിലുണർത്തുന്ന സ്വപ്നങ്ങൾക്കു തീരെ വശഗനായി, ഉറക്കത്തിൽ നടക്കുന്നവനെപ്പോലെ വഴിതെറ്റിപ്പോകുന്നവനാണ്...ഞാനൊരിക്കലും മദ്യപിച്ചിട്ടില്ല. എന്നാലും ഇതായിരിക്കണം മൂക്കറ്റം കുടിച്ചവന്റെ സ്ഥിതി. നെരൂദയുടെ വാക്കിനേക്കാൾ ആത്മാവിനെ ഉന്മത്തമാക്കുന്ന മദ്യമില്ല...''
ആ പുസ്തകത്തിന്റെ ലഹരിയിൽ യതിക്കൊരു കത്തെഴുതാനും അദ്ദേഹത്തിന്റെ ക്ഷണപ്രകാരം ഊട്ടിക്കു മുകളിലുള്ള ഫേൺഹില്ലിലെ ആശ്രമത്തിലെത്തി നെരൂദയുടെ വിവർത്തകനൊപ്പം താമസിക്കാനും ഈ ലേഖകനും കഴിഞ്ഞു. 1989ലെ ക്രിസ്മസ് കാലത്തായിരുന്നു നെരൂദയുടെ വാക്കിന്റെ ചുഴിയിൽപെട്ടുള്ള ആ യാത്ര.
ഓർമക്കുറിപ്പുകളിലെ തുടക്കം ചിലിയിലെ മഴക്കാടുകളിലൂടെയുള്ള കവിയുടെ നടത്തമാണ്. സത്യം പറഞ്ഞാൽ നമ്മുടെ കേരളത്തിലെ കാടുകളിലൂടെ നടക്കുന്പോഴും അങ്ങനെയാണല്ലോയെന്നു ചിന്തിക്കുന്നത് നെരൂദ പറയുന്നതു കേൾക്കുന്പോഴാണ്.
""മൗന നിശ്ചലതയാണ് കാടിന്റെ നിയമം. എന്നിട്ടും ദൂരത്തെവിടെയോ പേടിച്ചരണ്ടുപോയ ഒരു മൃഗം പുറപ്പെടുവിക്കുന്ന ദീനരോദനം. പെട്ടെന്നു കാട് നിയമം മൗനം ഭഞ്ജിച്ചതുപോലുണ്ടായ ഒരു ചിറകടി. തലയ്ക്കു മീതെ പറന്നുപോയ ഒരു കൂറ്റൻ പക്ഷിയാണത്. പിന്നെയും കൊടുങ്കാറ്റു വരുന്നതുപോലെ ഒരു ഇരന്പൽ. അത് കടുത്ത മൗനത്തിലമരുന്നു.
ഇനിയും അടുത്ത കാറ്റ് വീശുന്നതുവരെ വനം മൗനസമാധിയിലാണ്. കാറ്റു വന്നാൽ ഭൂമിയുടെ സംഗീതം ഒന്നായി ഉയിർത്തെഴുന്നേൽക്കുന്നതുപോലെ തോന്നും. ഈ ചിലിയൻ കാടുകൾ വെറും കാടുകളല്ല. ഈ കാടുകളെ അറിഞ്ഞിട്ടില്ലാത്തവർ ഭൂമിയെന്ന ഗ്രഹത്തെ ഇനിയും നല്ലതുപോലെ കണ്ടിട്ടില്ലെന്നുവേണം പറയാൻ...''
ഈ പുസ്തകം പൂർത്തിയാക്കുംമുന്പ് നാം നമ്മുടെ അടുത്തുള്ള കാട്ടിലേക്കോ കാടുപിടിച്ചുകിടക്കുന്ന സ്വന്തം തൊടിയിലേക്കോ ഇറങ്ങിനടക്കും. അല്ലെങ്കിൽ, ഇത്തിരിനേരമെങ്കിലും പുസ്തകം മടക്കിവച്ച് പഴയൊരു കാട്ടുസഞ്ചാരം ഓർമയിൽനിന്നു ചികഞ്ഞെടുത്ത് അതിൽ അഭിരമിക്കും. ചിലിയിലെ മഴക്കാടുകളെക്കുറിച്ച് എഴുതിയ ആൾ കേരളത്തിലെ ആസ്വാദകനോടു പോലും വീട്ടിൽനിന്നിറങ്ങാൻ പറയുന്നു. അങ്ങനെതന്നെയാണ് നെരൂദ സ്വേച്ഛാധിപതികൾക്കെതിരേ പൊരുതാനും പറഞ്ഞത്. "ചില കാര്യങ്ങളുടെ വിശദീകരണം' എന്ന കവിത അതു വ്യക്തമാക്കും:
""നിങ്ങൾ ചോദിക്കുന്നു,
എന്തുകൊണ്ടാണ് അവന്റെ കവിത
ഇലകളെയും കിനാവുകളെയും
ജന്മനാട്ടിലെ കൂറ്റൻ
അഗ്നിപർവതങ്ങളെയുംകുറിച്ചു
സംസാരിക്കാത്തത്?
വരൂ, ഈ തെരുവുകളിലെ
രക്തം കാണൂ,
വരൂ കാണൂ
ഈ തെരുവുകളിലെ രക്തം.
വരൂ, രക്തം കാണൂ,
ഈ തെരുവുകളിലെ രക്തം.''
ചിലിയിലേക്കു മടക്കം
വിദേശരാജ്യങ്ങളിലെ ജോലികൾക്കുശേഷം ചിലിയിൽ തിരിച്ചെത്തിയ നെരൂദ ചിലിയൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുകയും സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഖനി തൊഴിലാളി സമരങ്ങളിൽ സജീവമായി. 1948-ൽ അധികാരത്തിലെത്തിയ വലതുപക്ഷ സ്വേച്ഛാധിപതി ഗോൺഥാലെയെ വിമർശിച്ചത് രാജ്യത്തു കമ്യൂണിസം നിരോധിക്കാനും നെരൂദയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനും ഇടയാക്കി.
ഒളിവിലായ നെരൂദ അർജന്റീനയിലേക്കും മെക്സിക്കോയിലേക്കും പാരീസിലേക്കും യാത്ര ചെയ്തു. അക്കാലത്ത് നിരവധി കവിതകളെഴുതിയ അദ്ദേഹം 1958ലാണ് ചിലിയിൽ മടങ്ങിയെത്തിയത്. കവിതയെഴുത്തും രാഷ്ട്രീയപ്രവർത്തനവും അദ്ദേഹം ഒരുപോലെ കൊണ്ടുനടന്നു. ""നിങ്ങൾക്ക് എല്ലാ പൂവുകളെയും ഇറുത്തുകളയാനായേക്കും, പക്ഷേ, വസന്തത്തിന്റെ വരവ് തടയാനാകില്ലല്ലോ.'' എന്ന നെരൂദയുടെ വാക്കുകൾ ജനകീയമുന്നേറ്റങ്ങളെ അടിച്ചമർത്തുന്ന സ്വേച്ഛാധിപതികൾക്കുള്ള മുന്നറിയിപ്പായി ഇന്നും വായിക്കപ്പെടുന്നു.
സാന്താ മരിയ ആശുപത്രി
നെരൂദയുടെ പേരുപോലെ നീണ്ട കഥയാണ് ഇനിയുള്ളതും. പക്ഷേ, ചുരുക്കിപ്പറയാം. 1970ലെ ചിലിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മത്സരിപ്പിക്കാനൊരുങ്ങിയത് നെരൂദയെയാണ്. പാവങ്ങൾക്കും തൊഴിലാളികൾക്കും ഇടത്തരക്കാർക്കുമൊക്കെ നെരൂദ അത്ര പ്രിയങ്കരനായിരുന്നു. പക്ഷേ, അദ്ദേഹം വേണ്ടെന്നു പറഞ്ഞു. നെരൂദയുടെ സുഹൃത്ത് സാൽവദോർ അലിയെൻദേ 1970ൽ പ്രസിഡന്റായി. ജനാധിപത്യമാർഗത്തിലൂടെ അധികാരത്തിലെത്തിയ ചിലിയിലെ ആദ്യ കമ്യൂണിസ്റ്റ്. നെരൂദ ഫ്രാൻസിലെ ചിലിയൻ അംബാസിഡറായി.
1973ൽ അമേരിക്കയുടെ സഹായത്തോടെ ചിലിയൻ പട്ടാളത്തിലെ ഒരു വിഭാഗം ജനറൽ അഗസ്തോ പിനോഷെയുടെ നേതൃത്വത്തിൽ സാൽവദോർ സർക്കാരിനെ അട്ടിമറിച്ചു. സാൽവദോർ അലിയെൻദേ കൊല്ലപ്പെട്ടു. പട്ടാളത്തിനു പിടി കൊടുക്കാതെ സ്വയം വെടിവച്ചു മരിച്ചെന്നും ഭാഷ്യമുണ്ട്.
ദിവസങ്ങൾക്കകം നെരൂദയുടെ വീട്ടിൽ പട്ടാളമെത്തി. രോഗബാധിതനായിരുന്ന അദ്ദേഹം റെയ്ഡിനെത്തിയ പട്ടാളക്കാരോടു പറഞ്ഞത്, ""എല്ലായിടവും നോക്കിക്കൊള്ളൂ, ഇവിടെ നിങ്ങൾക്കു ഭയപ്പെടേണ്ടതായി ഒന്നേയുള്ളൂ; കവിത.'' എന്നാണ്.
നെരൂദയെ പട്ടാളം സാന്റിയാഗോയിലെ സാന്താ മരിയ ആശുപത്രിയിലെത്തിച്ചു. അവിടെവച്ച് 1973 സെപ്റ്റംബർ 23ന് പാബ്ലോ നെരൂദ അന്തരിച്ചു. ലോകം അദ്ദേഹത്തിനു മുന്നിൽ ശിരസു കുനിച്ചെങ്കിലും പിനോഷെ ഭരണകൂടം വിപുലമായ സംസ്കാരത്തിനോ വിലാപയാത്രയ്ക്കോ അനുവദിക്കാതെ കർഫ്യൂ പ്രഖ്യാപിച്ചു. പക്ഷേ, അതിനു പുല്ലുവില കൊടുത്ത് ജനം തങ്ങളുടെ കവിക്ക് ആദരാഞ്ജലിയർപ്പിക്കാൻ തെരുവിലിറങ്ങി. ആ വിലാപയാത്ര പട്ടാള ഭരണത്തിനെതിരേയുള്ള ആദ്യ ജനകീയ മുന്നേറ്റമായി വിലയിരുത്തപ്പെട്ടു.
ഒരു കുത്തിവയ്പ്
കാൻസർ ബാധിതനായിട്ടാണ് നെരൂദ മരിച്ചതെന്ന് ഔദ്യോഗിക വിശദീകരണമുണ്ടായെങ്കിലും കൊലപാതകമെന്ന സംശയം അന്നുതന്നെ ഉയർന്നിരുന്നു. തനിക്ക് ഒരു ഡോക്ടർ സംശയാസ്പദമായ കുത്തിവയ്പെടുത്തെന്ന് നെരൂദ മരണത്തിനു തൊട്ടുമുന്പ് തന്നോടു പറഞ്ഞതായി അദ്ദേഹത്തിന്റെ ഡ്രൈവറായിരുന്ന മാനുവലിന്റെ വെളിപ്പെടുത്തൽകൂടി കണക്കാക്കി അന്വേഷണം പ്രഖ്യാപിച്ചു.
2013ൽ ഭൗതികാവശിഷ്ടം ഫോറൻസിക് പരിശോധനയ്ക്കു വിധേയമാക്കി. 2015ൽ മരണം സ്വാഭാവികമല്ലെന്നു വെളിപ്പെടുത്തുകയും അന്വേഷണം തുടരുകയും ചെയ്തു. പിന്നീട് അണപ്പല്ലിന്റെ ഭാഗത്തുനിന്ന് ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഡെൻമാർക്കിലെയും കാനഡയിലെയും ലാബുകളിൽ ഇതു സ്ഥിരീകരിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പിനോഷെ ഭരണകൂടം കൊല ചെയ്ത തടവുകാരുടെ മൃതദേഹങ്ങളിൽ കണ്ടെത്തിയ അതേ ബാക്ടീരിയ. സാന്താ മരിയ ആശുപത്രിയിലെ മരണം കൊലപാതകമായിരുന്നെന്ന് ഏതാണ്ട് സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞു.
50 വർഷം മുന്പ് സാന്താമരിയയിൽ നെരൂദ മരിച്ച ദിവസം എന്താണു നടന്നതെന്ന് കൃത്യമായി അറിയണമെങ്കിൽ ഇനിയും കാത്തിരിക്കണം. പക്ഷേ, 10 വർഷം മുന്പ് മാധ്യമങ്ങളിൽ വന്ന ഒരു റിപ്പോർട്ട് വീണ്ടും സജീവമായിട്ടുണ്ട്.
നെരൂദയുടെ കുടുംബ വക്കീലായിരുന്ന റോഡോൾഫോ റയസ് പറഞ്ഞതനുസരിച്ച്, അന്ന് ആശുപത്രിയിൽ ഒരു അജ്ഞാത ഡോക്ടറുണ്ടായിരുന്നു; ഒരു ഗോസ്റ്റ് ഡോക്ടർ. നെരൂദയെ ചികിത്സിച്ചിരുന്ന ഡോ. സെർജിയോ ഡ്രാപ്പർ ഡ്യൂട്ടി സമയം കഴിഞ്ഞപ്പോൾ ചുമതല കൈമാറിയത് പ്രൈസ് എന്ന ഡോക്ടർക്കാണ്.
ഭവ്യതയോടെ പെരുമാറുന്ന, നീലക്കണ്ണുകളുള്ള, 27 വയസുള്ള പൊക്കമുള്ള ഒരാൾ. തുടർന്ന് ഡോക്ടറുടെ ഒരു കുത്തിവയ്പിനുശേഷം, തനിക്കു തീരെ വയ്യെന്ന് നെരൂദ പറഞ്ഞു. മണിക്കൂറുകൾക്കകം അദ്ദേഹം മരിച്ചു; ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച കവി എന്ന് ഗബ്രിയേൽ ഗാർഷ്യ മാർക്കേസ് വിശേഷിപ്പിച്ച പാബ്ലോ നെരൂദ. ആരായിരുന്നു കുത്തിവച്ച ഡോ. പ്രൈസ് ?
ആ പേരിലുള്ള ഒരാൾ ആശുപത്രിയുടെ രജിസ്റ്ററിൽ ഇല്ല. ആരായിരുന്നു അയാൾ? ആർക്കുമറിയില്ല. 50 വർഷത്തിനുശേഷം നെരൂദയുടെ കൊലപാതകം, സ്വാഭാവിക മരണമെന്ന മുഖംമൂടി അഴിച്ചുവയ്ക്കുന്നോ?എന്തായാലും, നെരൂദ ആദ്യകാലത്തെഴുതിയ "മരണം മാത്രം' എന്ന കവിത കേട്ടു പിരിയാം.
""മരണം നമ്മുടെ
കട്ടിലുകളിൽ കിടക്കുന്നു.
മടിയൻ മെത്തകളിൽ,
കറുത്ത പുതപ്പുകളിൽ.
അതു നിവർന്നു കിടക്കുന്നു,
പിന്നെ പെട്ടെന്നൂതിത്തുടങ്ങുന്നു,
അജ്ഞാതമായ ഒരു ശബ്ദമൂതി
വിരിപ്പുകൾ നിറയ്ക്കുന്നു,
പിന്നെ കിടക്കകൾ
ഒരു തുറമുഖത്തേക്കു
തുഴഞ്ഞുനീങ്ങുന്നു,
അവിടെ മരണം പടത്തലവന്റെ
ഉടുപ്പണിഞ്ഞു കാത്തിരിക്കുന്നു.''
പച്ചമഷികൊണ്ട് മാത്രം
കവിതയെഴുതിയിരുന്ന നെരൂദ.
നീലക്കണ്ണുകളുള്ള ഡോക്ടർ...
കഥ തുടർന്നേക്കാം; കവിതയുടെ സൗന്ദര്യമൊളിപ്പിക്കുന്ന നിഗൂഢതയുമായി.
ജോസ് ആൻഡ്രൂസ്