പരമദരിദ്രമായ ജീവിതസാഹചര്യങ്ങളിൽ നിന്ന് വൻകിട വ്യവസായസംരംഭം പടുത്തുയർത്തിയ ജോണ് കുര്യാക്കോസ്. കൃത്രിമ പല്ലുനിർമാണത്തിൽ ഏഷ്യയിൽ ഏറ്റവും വലുതും ലോകത്തിൽ രണ്ടാമത്തേതുമായ സ്ഥാപനമാണ് ഇദ്ദേഹം സ്ഥാപിച്ച ഡെന്റ് കെയർ. കൂലിപ്പണിയിൽ നിന്ന് ശതകോടി ബിസിനസിലേക്കുള്ള ജോണിന്റെ പ്രയാണം ഒരു വിസ്മയമാണ്. നേട്ടങ്ങളുടെ നിറുകയിലെത്തുന്പോഴും എല്ലാം ദൈവാനുഗ്രഹം എന്നു മാത്രമാണ് ഇദ്ദേഹത്തിനു പറയാനുള്ളത്.
ദാരിദ്ര്യത്തിന്റെ പരമകോടിയെന്നും തകർച്ചയുടെ പടുകുഴിയെന്നും പറയാവുന്ന ജീവിതാവസ്ഥയിൽനിന്നും അതുല്യനേട്ടങ്ങൾ സ്വന്തമാക്കിയ കഥ പോലെ വിസ്മയം ജനിപ്പിക്കും ഈ കൃത്രിമ പല്ലു നിർമാണക്കന്പനി ഉടമയുടെ മുന്നേറ്റം. ശൂന്യതയിൽനിന്ന് മഹാസൗധം നിർമിക്കുന്ന മാന്ത്രികനെപ്പോലെയല്ല ചില്ലിക്കാശിൽനിന്ന് ശതകോടികളുടെ ബിസിനസ് പടുത്തുയർത്തി ആയിരങ്ങൾക്ക് തൊഴിൽ കൊടുക്കുന്ന അതിശയകരമായൊരു സാക്ഷ്യമാണ് ജോണ് കുര്യാക്കോസ് പങ്കുവയ്ക്കുന്നത്.
കഠിനാധ്വാനത്തിന്റെ ട്രാക്കിൽ ആത്മവിശ്വാസം കൈമുതലാക്കിയ കുതിപ്പിൽ ലോകോത്തരസംരംഭം കെട്ടിപ്പൊക്കിയ ധിഷണാശാലിയാണ് ജോണ്. മൂവാറ്റുപുഴയിൽ ഒരു മുറിയുടെ നാലു ചുവരുകൾക്കുള്ളിൽ ‘ഡെന്റ് കെയർ’ എന്ന പേരിൽ തുടങ്ങിയ പല്ലുനിർമാണ യൂണിറ്റ് യുഎസ്, യുകെ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽവരെ സ്ഥാപനങ്ങൾ തുറന്ന് അനേകരുടെ വിശ്വാസ്യത സ്വന്തമാക്കിയിരിക്കുന്നു. കൃത്രിമ ദന്തനിർമാണരംഗത്ത് ആഗോളതലത്തിൽ രണ്ടാം സ്ഥാനവും ഏഷ്യയിൽ ഒന്നാം സ്ഥാനവും സ്വന്തമാക്കാൻ കഴിഞ്ഞ ജോണ് കുര്യാക്കോസിന്റെ തികവും മികവും പാഠമാക്കേണ്ടതാണ്.
വിശപ്പിന്റെ ബാല്യം
മൂവാറ്റുപുഴ പാലക്കുഴ പുത്തൻപുരയിൽ പി.കെ.കുര്യാക്കോസ്-ഏലിയാമ്മ ദന്പതികളുടെ രണ്ടാമത്തെ മകനായ ജോണിന്റെ ബാല്യം ദാരിദ്ര്യത്തിന്റേതായിരുന്നു. ഉണ്ണാനും ഉടുക്കാനും പഠിക്കാനും വകയില്ലാത്ത ദൈന്യതയുടെ കുട്ടിക്കാലം. അടുക്കളയിൽ നാഴി അരിക്കു വകയില്ലാതെ വയർ എരിഞ്ഞ ദിനങ്ങൾ.
അയൽവീടുകളിൽനിന്ന് ഒൗദാര്യം കിട്ടിയിരുന്ന ചോറു വീതിച്ചാൽ വീട്ടിലെ അഞ്ച് അംഗങ്ങൾക്ക് അര തവിപോലും ഉണ്ണാൻ തികയുമായിരുന്നില്ല. ഒരു പുത്തനുടുപ്പിനും സ്ലേറ്റിനും മോഹിച്ച കാലം. ആർക്കും മുന്നിൽ കൈനീട്ടാൻ മടിക്കാത്ത വിധം ദുർബലമായിരുന്നു വീടിന്റെ സാന്പത്തിക അടിത്തറ.
അപ്പന് കൃഷിയും കൂലിപ്പണിയും. അടുക്കളവേലയ്ക്കു പോകുന്ന അമ്മ. അവരുടെ കലങ്ങളിൽ ശേഷിക്കുന്ന കഞ്ഞിയും പുഴുക്കുമായി അമ്മ സന്ധ്യമയക്കത്തിൽ വരുന്നതു കാത്തിരിക്കുന്ന മൂന്ന് ആണ്മക്കൾ. ആ ചോറിന്റെ വറ്റും ചൂടുവെള്ളവും കുടിച്ച് മെഴുകിയ തറയിൽ ചുരുണ്ടുറങ്ങിയ കാലം.
പാറക്കെട്ടിനു മുകളിലായിരുന്ന പഴക്കം ചെന്ന വീട്. വഴിയും വെള്ളവും വെളിച്ചവുമില്ലാത്ത ഒന്നു രണ്ട് ഇരുൾ മുറികൾ. കുടിവെള്ളം കിട്ടുന്ന എവിടെയെങ്കിലും ഒരു കിടപ്പാടവും അതിലൊരു ചെറിയ വീടും അപ്പന്റെ എക്കാലത്തെയും ആഗ്രഹമായിരുന്നു.
ഏറെക്കാലം കൂലിപ്പണി ചെയ്ത് കുറച്ചു പണം സ്വരൂപിച്ച് കിടക്കാനൊരിടം വാങ്ങാൻ അപ്പൻ നടത്തിയ നീക്കങ്ങൾക്കു ചുവടു പിഴച്ചു. സ്ഥലം നൽകാമെന്നു പറഞ്ഞയാൾ പണം മുൻകൂർ കൈപ്പറ്റിയെങ്കിലും കരാർ എഴുതിക്കൊടുത്തിരുന്നില്ല. ആ പണം അയാൾ കള്ളുകുടിച്ചുതീർത്തതോടെ സ്ഥലമെഴുത്ത് വിഫലമായി. ആ കൊടിയ വഞ്ചനയിൽ ആകെ തകർന്നുപോയ അപ്പന്റെ മനോനില തെറ്റിയതോടെ കുടുംബത്തിന്റെ സ്ഥിതി കൂടുതൽ പരുങ്ങലിലായി.
ദൈന്യ ജീവിതത്തിന്റെ ഇരകളായി അപ്പനും അമ്മയും മൂന്നു കുഞ്ഞുമക്കളും സഹനച്ചൂളയിൽ നീറിപ്പുകഞ്ഞു. അമ്മ കൂലിവേലയെടുത്തു കിട്ടുന്നത് അപ്പന്റെ ചികിൽസയ്ക്കുപോലും തികയുമായിരുന്നില്ല. മനോനില തകർന്ന അപ്പന്റെ മനസിനെ തിക്താനുഭവങ്ങൾ വേട്ടയാടുന്പോഴൊക്കെ നിരപരാധിയായ അമ്മയെ ക്രൂരമായി ഉപദ്രവിക്കും.
സഹനദാസിയെപ്പോലെ കരയുകയോ പരിഭവിക്കുകയോ ചെയ്യാതെ അമ്മ അപ്പന്റെ മർദനമുറകൾ സഹിച്ചുനിൽക്കും. മർദനം അവസാനിക്കുന്പോൾ അമ്മയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാനും കാലുകളിൽ വാരിപ്പുണർന്ന് കരയാനും മാത്രമേ മക്കൾക്കു കഴിഞ്ഞിരുന്നുള്ളൂ. സന്തോഷവും സമാധാനവും പ്രത്യാശയുമില്ലാതെ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ ഏങ്ങലടിച്ചുറങ്ങിയ ബാല്യം.
വഴിത്തിരിവായത് ആ വിളി
ഇനിയെന്തു ജീവിതമെന്നറിയാതെ ആണ്ടുവട്ടങ്ങൾ തള്ളിനീക്കി. അക്കാലത്ത് ഇടവകപള്ളിയിൽ നടന്ന വചനപ്രഘോഷണത്തിൽ പങ്കെടുത്തു പ്രാർഥിക്കാൻ അയൽവാസികളിലൊരാൾ അമ്മയെ നിർബന്ധിച്ചു. വിശ്വാസത്തോടെയുള്ള പ്രാർഥനയ്ക്കും മുട്ടിപ്പായുള്ള യാചനകൾക്കും കാരുണ്യവാനായ ദൈവം ഉത്തരമരുളുമെന്ന് അനുഭവിച്ചറിഞ്ഞ ദിനങ്ങളായിരുന്നു അത്.
അയൽവീട്ടിൽ നിന്ന് കടംവാങ്ങിയ വെള്ളമുണ്ടും കീറ്റ ചട്ടയും കരിന്പൻ കയറിയ നേരിയതും ധരിച്ചാണ് അമ്മ സുവിശേഷ യോഗത്തിൽ പങ്കെടുക്കാൻ പോയിരുന്നത്. ഹൃദയവ്യഥകൾ കർത്തൃസന്നിധിയിലർപ്പിച്ച് തിരികെയെത്തിയ അമ്മയുടെ മുഖത്തെ പ്രസരിപ്പും ഹൃദയത്തിൽ നിറഞ്ഞുപൊന്തിയ സന്തോഷവും നാവിലുതിർന്ന ആശ്വാസവാക്കുകളും കുടുംബത്തെ വിശ്വാസത്തിൽ ജ്വലിപ്പിച്ചു, വിശ്വാസത്തിൽ ബലപ്പെടുത്തി.
അമ്മയുടെ തീക്ഷ്ണമായ പ്രാർഥനകളും സ്തുതിപ്പുകളും മക്കൾക്ക് ആശ്വാസമായി. തിന്നാനൊന്നുമില്ലെങ്കിലും മനസിനെ തരളിതമാക്കിയ സമാധാനം അവരുടെ വിശപ്പിനെയും ദാഹത്തെയും മായിച്ചുകളഞ്ഞു.
രോഗിയായ ഭർത്താവിനെയും മൂന്ന് ആണ്മക്കളെയും കൂട്ടി തുടർദിവസങ്ങളിൽ അമ്മ ധ്യാനത്തിലും പ്രാർഥനകളിലും പങ്കുചേർന്നതോടെ ആത്മീയമായും ഭൗതികമായും അവർ വിശ്വാസത്തിൽ ബലപ്പെട്ടു. ഏറ്റവും വലിയ വൈദ്യനായി അവർ അനുഭവിച്ചറിഞ്ഞ യേശുവിന്റെ കൃപാകടാക്ഷത്തിൽ അപ്പന്റെ മനോരോഗം പൂർണമായി വിട്ടൊഴിഞ്ഞു മനസ് ശാന്തമായി.
ഡെന്റ് കെയറിന്റെ തുടക്കം
ഇല്ലായ്മകളുടെ ലോകത്തെ വെല്ലുവിളികളെ അതിജീവിച്ച ജോണിന്റെ കൗമാരം കൂടി അറിഞ്ഞശേഷം ഇക്കാലത്തെ വിജയഗാഥയിലേക്കു വരാം. കിഴക്കൻ പാലക്കുഴ സർക്കാർ സ്കൂളിൽനിന്നു പത്താം ക്ലാസ് പാസായെങ്കിലും പ്രീഡിഗ്രിയിലേക്ക് കാൽവയ്ക്കാൻ സാധിച്ചില്ല. മെഴുകുതിരിയോ റാന്തലോ പോയിട്ട് പാട്ടവിളക്കും മണ്ണെണ്ണയും വാങ്ങാൻപോലും വകയില്ലാത്തവന് എന്തു കോളജ് പഠനം.
കോളജ് പ്രവേശനത്തിനുവേണ്ട മാർക്കും പത്താം ക്ലാസ് ഫൈനൽ ബുക്കിലുണ്ടായിരുന്നില്ല. മാസം 15 രൂപ ഫീസ് അടയ്ക്കാൻ സാധ്യമല്ലാതിരുന്നതിനാൽ ട്യൂട്ടോറിയൽ കോളജിലും പോകാനായില്ല. വീടുപോറ്റാൻ പതിനഞ്ചാം വയസിൽ റബർ ടാപ്പിംഗ് ജോലി ചെയ്യാനായിരുന്നു മാതാപിതാക്കളുടെ ഉപദേശം. കൂറ്റൻ റബർ മരത്തിൽ ടാപ്പിംഗ് നടത്തുന്ന വഴിയോരത്ത് സഹപാഠികൾ മുന്തിയ വേഷത്തിൽ പ്രീഡിഗ്രിക്കു പോകുന്നതു കണ്ട ജോണിന് കണ്ണുകൾ നിറഞ്ഞു.
ടാപ്പിംഗിനൊപ്പം കൂലിപ്പണി ചെയ്തിട്ടും വീട് പോറ്റാനാതെ വന്നതോടെ സ്ഥിര വരുമാനമുള്ള എന്തെങ്കിലുമൊരു ജോലി സന്പാദിക്കണമെന്നായി ആഗ്രഹം. അങ്ങനെ മൂവാറ്റുപുഴയിലെ ഒരു സ്വകാര്യ ദന്തൽ ക്ലിനിക്കിൽ മാസം 250 രൂപ വേതനത്തിൽ അറ്റൻഡറായി. അല്ലലും അലച്ചിലും നിറഞ്ഞ അക്കാലത്ത് എന്തു ജോലിയും എത്ര സമയം വേണമെങ്കിലും ചെയ്യാൻ ഒരുക്കമായിരുന്നു.
അതിനാൽ രാവിലെതന്നെ ക്ലിനിക്കിലെത്തി ജോലികളെല്ലാം തീർത്ത് മറ്റെന്തെങ്കിലും ജോലിയുണ്ടോ എന്നു ഡോക്ടറോട് ചോദിക്കും. അങ്ങനെ ഇടവേളകളിൽ ഡോക്ടർ കൃത്രിമപല്ല് സെറ്റ് ചെയ്യാൻ ജോണിനെ പഠിപ്പിച്ചു. ആ ജോലിയുടെ വൈദഗ്ധ്യം വേഗത്തിൽ നേടിയ ജോണ് രാത്രികാലങ്ങളിൽ മറ്റ് ദന്തൽ ആശുപത്രികളിലും ഇതേ ജോലിക്കു പോകാൻതുടങ്ങി. ഒരു കൃത്രിമപല്ല് സെറ്റ് ചെയ്യുന്പോൾ 70 രൂപയായിരുന്നു പ്രതിഫലം. ദിവസം അഞ്ച് പല്ലുകൾവരെ സെറ്റ് ചെയ്തു. പല ദിവസങ്ങളിലും ഒരു മിനിറ്റുപോലും ഉറങ്ങാതെ സൂക്ഷ്മതയോടെയുള്ള അധ്വാനം. സ്വന്തമായി ഒരു ദന്തൽ നിർമാണ യൂണിറ്റ് ആരംഭിക്കണമെന്ന ആഗ്രഹം അക്കാലത്ത് മനസിൽ മൊട്ടിട്ടു.
അധ്വാനിച്ചുണ്ടാക്കിയ കുറച്ചു പണവും 15 ലക്ഷം രൂപ ബാങ്ക് വായ്പയും ചേർത്ത് രണ്ടു സഹോദരൻമാർക്കൊപ്പം ആറു ജീവനക്കാരുമായി 1988ൽ ജോണ് മൂവാറ്റുപുഴയിൽ ആരംഭിച്ച സ്ഥാപനമാണ് ദന്തനിർമാണ രംഗത്ത് ആഗോളതലത്തിൽ ഇക്കാലത്ത് പ്രശസ്തമായ ഡെന്റ് കെയറും വിവിധ രാജ്യങ്ങളിലുള്ള അനുബന്ധ സ്ഥാപനങ്ങളും.
4,000 ജീവനക്കാർ, 440 ഉത്പ്പന്നങ്ങൾ
മൂന്നുലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ മൂവാറ്റുപുഴയിൽ മൂന്നിടങ്ങളിലായി പ്രവർത്തിക്കുന്ന ഡെന്റ് കെയർ ദന്തൽലാബിൽ ഇരുപത്തിയഞ്ച് ഡോക്ടർമാരും എൻജിനിയർമാരും സാങ്കേതികവിദഗ്ധരും ഉൾപ്പെടെ നാലായിരം ജീവനക്കാരുണ്ട്. എല്ലാ തൊഴിൽനിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ച് വിവിധതരത്തിലുള്ള 440 ഉത്പന്നങ്ങളാണ് ഇവിടെ നിർമിക്കുന്നത്.
ബംഗളൂരു, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങൾക്കു പുറമേ വിദേശരാജ്യങ്ങളിലും യൂണിറ്റുകളുണ്ട്. യുഎഇയിലേക്കാണ് ഉത്പന്നങ്ങൾ പ്രധാനമായി കയറ്റുമതി ചെയ്യുന്നത്. ഡെന്റ് കെയർ ദന്തൽ ലാബിനു കീഴിൽ നെസ് മെഡി കോർപ്പറേഷൻ പ്രൈവറ്റ് ലിമിറ്റഡ് കന്പനിയും പ്രവർത്തിക്കുന്നു. മുപ്പത് വൈവിധ്യമാർന്ന ഉത്പന്നങ്ങളാണ് ഇതിനു കീഴിലുള്ളത്. ഇവർ വികസിപ്പിച്ച ത്രീ ഡി പ്രിന്റർ ലോകത്തിലെ ഏറ്റവും നൂതനമായ ഉത്പന്നമായി വിറ്റഴിക്കപ്പെടുന്നു.
ഉത്പന്നങ്ങളുടെ ഗുണനിലവാരത്തിലുള്ള വിട്ടുവീഴ്ചയില്ലായ്മയാണ് ഡെന്റ് കെയർ ദന്തൽ ലാബിന്റെ വിജയ രഹസ്യം. ദേശീയ, അന്തർദേശീയ സർട്ടിഫിക്കേഷൻ അടക്കം നിരവധി അംഗീകാരങ്ങൾ ഇവരുടെ സംരംഭങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
നിറയുന്ന പാനപാത്രം
മൂന്നു വർഷം പിന്നിട്ടാൽ ദന്തൽ നിർമാണത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തെത്താനുള്ള കൂട്ടായ അധ്വാനമാണ് ജോണും സഹപ്രവർത്തകരും നടത്തിവരുന്നത്. നാട്ടിൽ പതിനായിരം പേർക്ക് തൊഴിൽ നൽകുകയാണ് ലക്ഷ്യമെന്ന് ജോണ് കുര്യാക്കോസ് പറയുന്നു. ഈ സ്വപ്നം കൈവരിക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിനൊപ്പം ജീവനക്കാർക്ക് വിദേശങ്ങളിൽ വിദഗ്ധ പരിശീലനം നൽകിവരികയാണ്.
ദന്തനിർമാണത്തിലെ നൂതന ചലനങ്ങളെ ഉൾക്കൊള്ളാനും പുതിയ ഉത്പന്നങ്ങളിലൂടെ ആഗോള വിപണിയിൽ മുന്നേറാനുമാണ് ശ്രമം. ഒരേ മനസോടെ, ഒരേ ലക്ഷ്യപ്രാപ്തിക്കായി അധ്വാനിക്കുന്ന മൂന്നു കൂടപ്പിറപ്പുകളാണ് കന്പനിയുടെ ഡയറക്ടർമാരുമായ ജോണ് കുര്യാക്കോസും ബേബി കുര്യാക്കോസും സാജു കുര്യാക്കോസും.
ജീവിതപാതയിൽ തകരുകയും തളരുകയും ചെയ്യുന്നവർക്ക് കരുതലും കൈത്താങ്ങുമായി മാറുകയാണ് മൂന്നു സഹോദരങ്ങളും. ഉടുതുണിക്കു മറുതുണിയില്ലാതെ വലഞ്ഞ വറുതിയുടെ പഴയകാലത്തെ ഇവരിന്നും മറന്നിട്ടില്ല. തകർച്ചയുടെ ആഴങ്ങളിൽനിന്നും ഉയർച്ചയുടെ നിറുകയിലേക്കുള്ള പ്രയാണം ദൈവത്തിന്റെ കൃപയൊന്നു മാത്രമാണെന്ന് ആഴത്തിൽ വിശ്വസിക്കുകയും അതനുസരിച്ച് നൻമ ചൊരിയുകയും ചെയ്യാൻ മൂവരും മുന്നിലുണ്ട്.
മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്തതിൽ തീരുന്നില്ല സഹായഹസ്തം. ദുരിതമനുഭവിക്കുന്ന നിരവധി കുടുംബങ്ങൾക്ക് ഡെന്റ് കെയർ ഫൗണ്ടേഷനിലൂടെ അന്നദാനം നൽകുന്നു. 1,500 പേർക്ക് അഞ്ചുവർഷത്തേക്ക് സൗജന്യ ഡയാലിസിസിനുള്ള സൗകര്യം മൂവാറ്റുപുഴ നിർമല മെഡിക്കൽ സെന്ററിൽ ഒരുക്കിയിരിക്കുന്നു. 50 പേർക്ക് വീട് നിർമിക്കുന്നതിനു സ്ഥലം സൗജന്യമായി നൽകാൻ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നു.
ഭാരതിയാര് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ശ്രീബാലാജി ദന്തല് കോളജില്നിന്നു ദന്തല് ടെക്നീഷ്യന് കോഴ്സ് റാങ്കോടെ ജോൺ പാസായി. ജോണ് കുര്യാക്കോസിന്റെ വിസ്മയം ജനിപ്പിക്കുന്ന ജീവിത വിജയം വെളിവാക്കുകയാണ് ‘ഈ പാനപാത്രം നിറഞ്ഞുകവിയുന്നു’ എന്ന രചനയിലൂടെ. കോതമംഗലം എം.എ കോളജ് മുൻ അധ്യാപകൻ ഷെവ. ബേബി എം.വർഗീസ് രചിച്ച ഗ്രന്ഥം കഴിഞ്ഞ മാസം ഒട്ടേറെപ്പേർ പങ്കെടുത്ത ചടങ്ങിൽ ശശി തരൂർ എംപിയാണ് പ്രകാശനം ചെയ്തത്.
അംഗീകാര മുദ്ര
മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിൽനിന്ന് ഏറ്റുവാങ്ങിയ സുശ്രുത അവാർഡുൾപ്പെടെ നിരവധി പുരസ്കാരങ്ങളാണ് ജോണ് കുര്യാക്കോസിന് ആദരവായി ലഭിച്ചിരിക്കുന്നത്. മികച്ച വ്യവസായ സംരംഭകൻ, പെണ്ണമ്മ ജേക്കബ് ഫൗണ്ടേഷൻ പുരസ്കാരം, സംരംഭകനുള്ള ശ്രേഷ്ഠ പുരസ്കാരം, ദി ഇൻസ്പയറിംഗ് ലീഡർ പുരസ്കാരം, പ്രോജക്ട് ഇംപ്ലിമെന്റേഷൻ ഏജൻസീസ് അവാർഡ് തുടങ്ങിയ ഒട്ടനവധി ബഹുമതികൾ ഇദ്ദേഹത്തിനു സ്വന്തമായി.
രാജ്യത്ത് ആദ്യമായി ബ്രാൻഡഡ് ക്രൗണ് ആന്റ് ബ്രിഡ്ജ്-ഡെന്റൽ കെയർ നോവ അവതരിപ്പിച്ചതും ഡെന്റ് കെയറാണ്. ജെസി ജോണാണ് ഭാര്യ. ഡോ. ജോഷ്വ ജോണ് (ഡയറക്ടർ ഡെന്റ് കെയർ, മൂവാറ്റുപുഴ), ജോയൽ ജോണ് (ഡയറക്ടർ, ഡെന്റ്കെയർ, യുകെ), ജോബ് ജോണ് (ഗ്രിഫിത്ത് യൂണിവേഴ്സിറ്റി, ഓസ്ട്രേലിയ), ജോന്നാഥൻ ജോണ് ( ചാവറ ഇന്റർനാഷണൽ സ്കൂൾ, വാഴക്കുളം) എന്നിവരാണ് മക്കൾ.
ജെയിസ് വാട്ടപ്പിള്ളിൽ
ഫോട്ടോ: അഖിൽ പുരുഷോത്തമൻ