ഘടികാരങ്ങൾ നിലച്ച സമയം
Saturday, September 23, 2023 2:51 PM IST
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്രവർത്തനരഹിതം, മരണത്തിന്റെ കാലൊച്ച തൊട്ടരികെ...എന്നാൽ, ഉണ്ണിക്കൃഷ്ണനായി ഡോ.പി.ജെ. അനീഷ് കാത്തുവച്ച വമ്പൻ ട്വിസ്റ്റ് ഉണ്ടായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട ബാബുവേട്ടനു വേണ്ടി സിനിമാക്കാർകൂടി കൈകോർത്തതോടെ അതിജീവനത്തിന്റെ തകർപ്പൻ ക്ലൈമാക്സ്!
ആ കണ്ണുകൾ പതിയെ തുറന്നു, മങ്ങിയ കാഴ്ചകൾക്കുള്ളിലെ നിഴൽരൂപങ്ങൾ പതിയെ തെളിഞ്ഞുവന്നു. അദ്ദേഹം ചുണ്ടുകൾ അനക്കാൻ ശ്രമിച്ചു. നൊന്പരക്കാഴ്ചകളുടെ മരവിച്ച ആ ആശുപത്രി ഐസിയുവിൽ അടുത്ത നിമിഷം ആഹ്ലാദത്തിന്റെ ക്ലാപ്പടിച്ചു. ഓണവും ക്രിസ്മസും റംസാനുമെല്ലാംകൂടി ഒന്നിച്ചുവന്നതു പോലെ. ആ കിടപ്പിൽ ഉണ്ണിക്കൃഷ്ണന്റെ കണ്ണുകൾ ചുറ്റുംപരതി. ഏതൊക്കെയോ യന്ത്രങ്ങളുടെ തടവിലാണു താൻ. കുറച്ചുദിവസം മുന്‍പ് ഇവിടേക്കു വന്നത് ഓർക്കുന്നുണ്ട്, പിന്നെന്തു സംഭവിച്ചെന്ന് ഒരു പിടിയുമില്ല.
ഇതിനിടെ, സമീപത്തുനിന്ന ആരോ മന്ത്രിക്കുന്നതുപോലെ പറയുന്നതു കേട്ടു; 79 ദിവസങ്ങൾക്കു ശേഷമുള്ള അതിശയകരമായ തിരിച്ചുവരവാണിത്. ആ വാക്കുകൾ ചെവിയിൽ വന്നുവീണതും ഉണ്ണിക്കൃഷ്ണൻ ഞെട്ടിത്തരിച്ചുപോയി. 79 ദിവസങ്ങളോ? കഴിഞ്ഞ 79 ദിവസം താൻ അബോധാവസ്ഥയിൽ ആയിരുന്നോ? ആകാംക്ഷയിൽ അദ്ദേഹം ചുറ്റും നിന്ന മുഖങ്ങളിലേക്കു മാറിമാറി നോക്കി. അവിടെ സന്തോഷം കത്തിനിൽക്കുന്ന ഒരു മുഖം കണ്ടു, ഡോ.പി.ജെ.അനീഷ്. ഉണ്ണിക്കൃഷ്ണന്റെ ഈ ജീവിതസിനിമയിൽ നിർണായക റോൾ അഭിനയിച്ച മനുഷ്യസ്നേഹി.
ആ കഥയിലേക്ക്
നിരവധി കഥകൾ സിനിമകളാകുന്നത് അടുത്തുനിന്നു കണ്ടിട്ടുണ്ട് ഉണ്ണിക്കൃഷ്ണൻ എന്ന ചെറുപ്പക്കാരൻ. കാരണം കുറെ വർഷങ്ങളായി അദ്ദേഹത്തിന്റെ ജീവിതം സിനിമകളുടെ സെറ്റുകളിലായിരുന്നു. എന്നാൽ, തന്റെ ജീവിതംതന്നെ ഒരു സിനിമാക്കഥയെ വെല്ലുന്നതായി മാറുമെന്ന് ഈ 44-കാരൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ഈ കഥയിൽ സ്നേഹത്തിന്റെ മെലഡികളുണ്ട്, അതിജീവനത്തിന്റെ ഫൈറ്റ് സീനുകളുണ്ട്, നിശ്ചയദാർഢ്യത്തിന്റെ ത്രില്ലർ നിമിഷങ്ങളുണ്ട്.
ഉണ്ണിക്കൃഷ്നെ നമുക്ക് ബാബുവേട്ടൻ എന്നുവിളിക്കാം. നമ്മൾ മാത്രമല്ല, പ്രമുഖ താരങ്ങൾ അടക്കം സിനിമാസെറ്റിൽ മിക്കവരും അദ്ദേഹത്തെ ബാബുവേട്ടാ എന്നാണ് വിളിക്കുന്നത്. പറഞ്ഞുവരുന്നത് പാലക്കാട് മണ്ണാർക്കാട് അലനല്ലൂർ സ്വദേശിയായ ഉണ്ണിക്കൃഷ്ണനെക്കുറിച്ചാണ്.
സെറ്റിലെ താരങ്ങൾ
താരങ്ങളെ മാത്രമാണ് പലപ്പോഴും പ്രേക്ഷകർ കാണുന്നതെങ്കിലും സിനിമയും സിനിമാസെറ്റും വിവിധ തരം ജോലി ചെയ്യുന്നവരുടെ ഒരു സംഗമഭൂമിയാണ്. സംവിധായകർ, അഭിനേതാക്കൾ, എഴുത്തുകാർ, നർത്തകർ... അതങ്ങനെയങ്ങ് നീളും. പുറത്താരും അറിയുന്നില്ലെങ്കിലും അണിയറക്കാരുടെ പ്രിയപ്പെട്ടവരായി ഒരു സംഘമുണ്ട്, അവരാണ് പ്രൊഡക്ഷൻ അസിസ്റ്റന്റ് ടീം.
സംവിധായകൻ ഒരു കട്ട് പറയുന്ന ഇടവേളയിൽ ലെമണ്‍ ടീയോ കരിക്കിൻവെള്ളമോ ചെറുകടിയോ ഒക്കെയായി താരങ്ങൾക്കും സിനിമാപ്രവർത്തകർക്കും അരികിലേക്ക് ഓടിയെത്തുന്നവർ. അടുത്ത ടേക്കിനു മുന്‍പ് അവർ രംഗത്തുനിന്ന് അപ്രത്യക്ഷരാവുകയും ചെയ്യും. ഒറ്റ വാചകത്തിൽ പറഞ്ഞാൽ സിനിമാസെറ്റിന് ഉന്മേഷം പകരുന്ന കലവറക്കാർ. താരങ്ങളുടെയും സംവിധായകരുടെയുമൊക്കെ ഇഷ്ടങ്ങളും രുചികളുമൊക്കെ അവർ പറയാതെതന്നെ മനസിലാക്കിയെടുക്കുന്നവർ.
പുഞ്ചിരിയിൽ വീണവർ
അങ്ങനെ മലയാള സിനിമാ മേഖലയിൽ പ്രൊഡക്ഷൻ അസിസ്റ്റന്റ് ആയി പലരുടെയും പ്രിയം നേടിയ ചെറുപ്പക്കാരനാണ് ഉണ്ണിക്കൃഷ്ണൻ. മമ്മൂട്ടിയും മോഹൻലാലും മുതൽ അർജുൻ അശോകനും ബേസിൽ ജോസഫും വരെയുള്ള എല്ലാവർക്കും പരിചിതനായ ഒരു നാട്ടിൻപുറത്തുകാരൻ. 13 വർഷങ്ങൾക്കു മുന്‍പ് "ഐസക് ന്യൂട്ടണ്‍ സണ്‍ ഓഫ് ഫിലിപ്പോസ്' എന്ന സിനിമയിലൂടെ പ്രൊഡക്ഷൻ അസിസ്റ്റന്റായി അരങ്ങേറ്റം കുറിച്ചയാൾ.
2020 വരെ അദ്ദേഹം നിരവധി സിനിമകളുടെ ഭാഗമായി. തന്റെ സ്വതസിദ്ധമായ നിഷ്കളങ്കച്ചിരിയും സ്നേഹത്തിൽ ചാലിച്ച പെരുമാറ്റവും നിമിത്തം ഒട്ടുമിക്ക സംവിധായകർക്കും പ്രൊഡക്ഷൻ കന്പനികൾക്കും അഭിനേതാക്കൾക്കും പ്രിയങ്കരനായി മാറി. ഇതിനിടെ, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പോളേട്ടന്റെ വീട്, സപ്തമ.ശ്രീ. തസ്കരാഃ, പ്രണയവിലാസം, ജയ ജയ ജയ ജയഹേ തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തു.
എല്ലാം മാറിമറിഞ്ഞ ദിവസം
എന്നാൽ, 2020 ഒക്ടോബർ 13 ഉണ്ണിക്കൃഷ്ണന്റെ ജീവിതത്തെ ആകെ തകിടം മറിച്ചുകളഞ്ഞു. നായാട്ട് എന്ന സിനിമയുടെ സെറ്റിനൊപ്പമായിരുന്നു അക്കാലത്ത് അദ്ദേഹം. എന്നാൽ, കോവിഡ് നിമിത്തം സിനിമ നിർത്തിവച്ചു എല്ലാവരും വീടുകളിലേക്കു മടങ്ങി. മിക്കവരും ജോലിയൊന്നുമില്ലാതെ വീട്ടിലിരിപ്പായി. എന്നാൽ, കോവിഡ് കാലത്തും വെറുതെയിരിക്കാൻ ഉണ്ണിക്കൃഷ്ണൻ തയാറായില്ല.
അദ്ദേഹം അടുത്തൊരു ഗ്യാസ് ഏജൻസിയിൽ ഓട്ടോ ഓടിക്കാൻ പോയി. അതിനിടെ, ഒരു ദിവസം കാൽ ചെറുതായൊന്നു പൊള്ളി. പൊള്ളൽ ചെറിയൊരു മുറിവായി മാറി. എന്നാൽ, അതു കാര്യമാക്കാതെ അദ്ദേഹം വീണ്ടും ജോലിക്കു പോയി. ഇടയ്ക്കെപ്പോഴോ ചെളിവെള്ളത്തിലൂടെയൊക്കെ നടക്കേണ്ടിയും വന്നു. ഏതാനും ദിവസം കഴിഞ്ഞതോടെ ശരീരത്തിന് എന്തോ ഒരു അസ്വസ്ഥത. പിന്നാലെ പനിയും ശരീരവേദനയും. കോവിഡ് കാലമായിരുന്നതിനാൽ സംഭവം കോവിഡ് എന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ. എന്നാൽ, കോവിഡ് പരിശോധനയിൽ നെഗറ്റീവ്.
സീൻ മാറുന്നു
രോഗം മാറാതെ വന്നതോടെ തുടർപരിശോധന. എന്തോ വൈറസ് ശരീരത്തിൽ കയറിയതായി മണ്ണാർക്കാടുള്ള ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചു. അതോടെ വിദഗ്ധ പരിശോധനയ്ക്കായി ഒക്ടോബർ 13ന് ഉണ്ണിക്കൃഷ്ണൻ പെരിന്തൽമണ്ണയിലുള്ള സ്വകാര്യ ആശുപത്രിലേക്ക്. അവിടെ പരിശോധനയിൽ രോഗം തിരിച്ചറിഞ്ഞു, എലിപ്പനിയും മഞ്ഞപ്പിത്തവും.
എന്നാൽ, ഞെട്ടിക്കുന്ന കാര്യം അതായിരുന്നില്ല, എലിപ്പനി അതീവഗുരുതരമായി ഒട്ടുമിക്ക അവയവങ്ങളെയും ബാധിച്ചുകഴിഞ്ഞിരുന്നു. ഒരു നിമിഷം പോലും കളയാതെ ഡോക്ടർമാർ ഉണ്ണിക്കൃഷ്ണനെ ഐസിയുവിൽ പ്രവേശിപ്പിച്ചു. എന്നാൽ, ഐസിയുവിലെത്തി മണിക്കൂറുകൾക്കകം അദ്ദേഹത്തിന്റെ ബോധം നഷ്ടമായി. പിന്നെ നടന്നതൊന്നും ഓർമയിൽ ഇല്ല, എല്ലാം കൂടെ നിന്നവർ പറഞ്ഞുതന്ന അറിവ് മാത്രം.
79 ദിവസങ്ങൾ
നീണ്ട 79 ദിവസമാണ് ഉണ്ണിക്കൃഷ്ണൻ ഐസിയുവിലും വെന്റിലേറ്ററിലുമായി ബോധമറ്റു കിടന്നത്. ഇതിൽ 60 ദിവസവും വെന്റിലേറ്ററിലായിരുന്നു. 45 ദിവസം തുടർച്ചയായി ഡയാലിസിസ്. മരണം ഉറപ്പിച്ചെന്നു ഡോക്ടർമാർ പലവട്ടം വിധിപറഞ്ഞ ദിവസങ്ങളായിരുന്നു അത്. ഉണ്ണിക്കൃഷ്ണൻ ബാബുവിന്റെ ജന്മനാടായ അലനല്ലൂരിൽനിന്ന് ആളുകൾ കൂട്ടമായെത്തി; അദ്ദേഹത്തെ ഒരുനോക്കു കാണുകയെന്ന ലക്ഷ്യത്തോടെ.
ചിരിച്ചുകൊണ്ട് എല്ലാവരോടും ഇടപെട്ടിരുന്ന, തികച്ചും സൗമ്യനായ ഒരു മനുഷ്യന്റെ ആ സ്ഥിതിയിൽ വന്നവരൊക്കെ സങ്കടപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യ ശശികല ഈ ദിവസങ്ങൾ മുഴുവൻ ദൈവത്തെ വിളിച്ച് ആ ആശുപത്രി വരാന്തയിൽത്തന്നെ കാത്തിരുന്നു. ഈ മനുഷ്യനെ എല്ലാവരും ഇത്രയധികം ഇഷ്ടപ്പെട്ടിരുന്നല്ലോയെന്ന ചിന്ത ആശുപത്രിയിലെ മെഡിക്കൽ സംഘത്തെയും സ്പർശിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ അതീവ ഗുരുതരമായ ആരോഗ്യസ്ഥിതിയിൽ അവരും നിസഹായരായി.
ദൈവദൂതനെപ്പോലെ
പ്രതീക്ഷകൾ അസ്തമിക്കുകയാണെന്നു തോന്നിയ ആ സമയത്താണ് ദൈവത്തിന്റെ കരവുമായി ഒരു മനുഷ്യൻ ഉണ്ണിക്കൃഷ്ണനു വേണ്ടി പോരാടാൻ പ്രത്യേക താത്പര്യമെടുത്തു മുന്നോട്ടുവന്നത്. അത് ഡോക്ടർ പി.ജെ. അനീഷ് ആയിരുന്നു. അദ്ദേഹം ഒരു നിയോഗമെന്ന പോലെ, ഒരു വ്രതം എന്ന പോലെ ഉണ്ണിക്കൃഷ്ണന്റെ ജീവൻ തിരിച്ചുപിടിക്കാൻ പോരാട്ടം തുടങ്ങി.
എല്ലാവരും പൂണ്ടുറങ്ങുന്ന പുലർച്ചെ രണ്ടും മൂന്നും വരെയൊക്കെ ഉണ്ണികൃഷ്ണനായി ഡോക്ടർ അനീഷ് ആശുപത്രിയിൽ സമയം ചെലവഴിച്ചു. ആ ശരീരത്തിലെ ഓരോ ചലനങ്ങളെയും മാറ്റങ്ങളെയും അദ്ദേഹം നിരീക്ഷിച്ചുകൊണ്ടിരുന്നു. അതനുസരിച്ചു ചികിത്സകളും ക്രമീകരിച്ചു. എന്നാൽ, ചികിത്സാച്ചെലവ് വലിയൊരു പ്രതിസന്ധിയായി മുന്നിൽ വളരാൻ തുടങ്ങി.
ഞങ്ങളുണ്ട്, കൂടെ
ഇതിനിടെ, മറ്റൊന്നു സംഭവിക്കുന്നുണ്ടായിരുന്നു. പ്രിയങ്കരനായ ബാബുവേട്ടനെ അത്ര പെട്ടെന്നു വിട്ടുകൊടുക്കാൻ സിനിമാക്കാർ തയാറായിരുന്നില്ല. പ്രൊഡക്ഷൻ കണ്ട്രോളർ ഷാജി പട്ടിക്കരയുടെ നേതൃത്വത്തിൽ അവർ മുന്നിട്ടിറങ്ങി. ബാബുവേട്ടന്റെ സങ്കടസ്ഥിതി തിരിച്ചറിഞ്ഞ സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവർ അതിനോടു ചേർന്നു.
കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ, ജോജു ജോർജ്, ഇന്ദ്രൻസ്, അജു വർഗീസ് തുടങ്ങി പലരും സഹായവുമായെത്തി. ഉണ്ണിക്കൃഷ്ണനെ ഏറെ ഇഷ്ടപ്പെട്ടിരുന്ന അനിൽ രാധാകൃഷ്ണനെപ്പോലുള്ള സംവിധായകരും ഫെഫ്ക പ്രൊഡക്ഷൻ അസിസ്റ്റന്റ്സ് യൂണിയനുമൊക്കെ രംഗത്തിറങ്ങി. എന്തിനേറെ അലനല്ലൂർ ഗ്രാമവാസികളും തങ്ങളാൽ കഴിയുന്ന തുക സ്വരൂപിച്ചു.
സിനിമയില്ലാത്ത സമയത്ത് ഓട്ടോ ഓടിക്കാറുള്ള ഉണ്ണിക്കൃഷ്ണനായി ഓട്ടോറിക്ഷാ തൊഴിലാളി യൂണിയനും രംഗത്തെത്തി. ഏറ്റവും ശ്രദ്ധേയമായ കാര്യം ഇദ്ദേഹത്തിന്റെ ജീവനുവേണ്ടി ക്ഷേത്രങ്ങളിൽ മാത്രമല്ല, അലനല്ലൂരിലുള്ള ക്രൈസ്തവ ദേവാലയത്തിലും അലനല്ലൂർ മുണ്ടത്തു ജുമാ മസ്ജിദിലും പ്രാർഥനകൾ ഉയർന്നു.
വമ്പൻ ട്വിസ്റ്റ്
പക്ഷേ, പ്രയത്നവും പോരാട്ടവും മുറപോലെ നടന്നിട്ടും ഉണ്ണിക്കൃഷ്ണൻ ഉണർന്നില്ല. കാര്യമായ ഒരു പുരോഗതിയും കാണുന്നില്ല. പ്രതീക്ഷകൾ മങ്ങുകയാണോയെന്ന ആശങ്ക കനക്കുന്നതിനിടയിൽ അവസാന ഒരു ശ്രമംകൂടി നടത്താൻ ഡോക്ടർ അനീഷ് ഒരുങ്ങി. ഒന്നരലക്ഷം രൂപ വിലയുള്ള ഒരു മരുന്നുണ്ട്. അതൊന്നു പരീക്ഷിച്ചുനോക്കാമെന്നു ബന്ധുക്കളോടു പറഞ്ഞു.
അതിനൊപ്പം പറഞ്ഞ കാര്യങ്ങൾ എന്നാൽ അത്ര ശുഭകരമായിരുന്നില്ല. ജീവൻ രക്ഷിക്കാനുള്ള ശ്രമമാണ്. മരുന്നുകൊടുത്താലും ഒാർമയുണ്ടാകില്ല. പഴയതുപോലെ എഴുന്നേറ്റു നടക്കാനും കഴിഞ്ഞെന്നുവരില്ല. അപകടസാധ്യതകൾ പറഞ്ഞപ്പോഴും ജീവനോടെ തിരിച്ചുകിട്ടിയാൽ മതിയെന്നായിരുന്നു പ്രിയപ്പെട്ടവരുടെ മറുപടി.
അതോടെ കഴിഞ്ഞ വൃശ്ചികം ഒന്നിന് മുംബൈയിൽനിന്നെത്തിച്ച വിലപിടിപ്പുള്ള ആ മരുന്ന് ഉണ്ണിക്കൃഷ്ണനു ഡോക്ടർ നൽകി. അത്ര വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നെങ്കിലും അവിടെ അദ്ഭുതം ആരംഭിക്കുകയായിരുന്നു. ഉണ്ണിക്കൃഷ്ണന്റെ ജീവിതസിനിമയിലെ വന്പൻ ട്വിസ്റ്റ്.
കൈയടിപ്പിച്ച തിരിച്ചുവരവ്
മരുന്നിന്റെ ഫലമോ പ്രിയപ്പെട്ടവരുടെ പ്രാർഥനയോ ഡോക്ടറുടെ നിരന്തര പരിശ്രമമോ? എന്താണ് പരിഗണിക്കപ്പെട്ടതെന്നറിയില്ല, ദൈവം ഉണ്ണിക്കൃഷ്ണനെ ജീവിതത്തിലേക്കു തിരിച്ചുവിളിച്ചു. അങ്ങനെ 79-ാം ദിവസം ഉണ്ണിക്കൃഷ്ണൻ ബാബു എല്ലാവരെയും വിസ്മയിപ്പിച്ചുകൊണ്ട് കണ്ണുതുറന്നു. അതിനേക്കാൾ അദ്ഭുതം, അദ്ദേഹം സകലരെയും തിരിച്ചറിഞ്ഞു എന്നതായിരുന്നു. ആ മാറ്റം ഡോ.അനീഷിനു പോലും വിശ്വസിക്കാൻ കഴിഞ്ഞില്ല. "തങ്ങൾ ഈ ദിവസങ്ങളിൽ സർവശക്തനായ ദൈവത്തിന്റെ പ്രവൃത്തികൾക്കു സാക്ഷികളായി' എന്നായിരുന്നു പിന്നീട് ഡോക്ടർ ഇതേക്കുറിച്ചു തന്റെ വാട്സ്ആപ്പ് സ്റ്റാറ്റസിൽ കുറിച്ചത്.
അദ്ഭുതങ്ങൾ അവസാനിച്ചിരുന്നില്ല, ഉടനെങ്ങും എഴുന്നേറ്റു നടക്കാൻ സാധ്യതയില്ലെന്നു വൈദ്യശാസ്ത്രം വിധിയെഴുതിയ ആ യുവാവ് ആഴ്ചകൾക്കകം എഴുന്നേറ്റുനടന്നു. എഴുന്നേൽക്കാൻ രണ്ടു വർഷം വേണ്ടിവരുമെന്നായിരുന്നു വിദഗ്ധർ പറഞ്ഞിരുന്നത്. പക്ഷേ, അവിടെയും ഉണ്ണിക്കൃഷ്ണൻ കണക്കുകൂട്ടൽ തെറ്റിച്ചു. വെറും രണ്ടു മാസത്തിനുള്ളിൽ അദ്ദേഹം നടന്നു. ഫിസിയോതെറാപ്പി ചെയ്ത ഡോക്ടർ ഹരികൃഷ്ണൻ ഉണ്ണിക്കൃഷ്ണന്റെ മനസിനു നൽകിയിരുന്ന ബലം ചെറുതല്ല.
രണ്ടാം വരവും വരവേൽപ്പും
ഉണ്ണിക്കൃഷ്ണന്റെ ഈ രണ്ടാംവരവ് നാട്ടുകാരും ചലച്ചിത്ര സുഹൃത്തുക്കളും ശരിക്കും ആഘോഷിക്കുകയായിരുന്നു. രണ്ടു വർഷത്തിനു ശേഷം, "ജയജയ ജയ ജയഹേ' എന്ന ചലച്ചിത്രത്തിലൂടെ ഉണ്ണിക്കൃഷ്ണൻ ബാബു സിനിമാ സെറ്റിലേക്കും മടങ്ങിയെത്തി. ചിയേഴ്സ് പ്രൊഡക്ഷനും നടൻ ബേസിലും ദർശന രാജേന്ദ്രനുമൊക്കെ ചേർന്നു തകർപ്പൻ വരവേൽപ്പാണ് അന്ന് ഉണ്ണിക്കൃഷ്ണനു സമ്മാനിച്ചത്. മനുഷ്യരുടെ സ്നേഹവും ദൈവത്തിന്റെ ശക്തിയും തിരിച്ചുനൽകിയ ജീവിതം നന്നായിത്തന്നെ ജീവിക്കാനാണ് ഈ ചെറുപ്പക്കാരന്റെ തീരുമാനം.
അതുകൊണ്ട് ഇപ്പോൾ ഓരോ സിനിമ പൂർത്തീകരിച്ച ശേഷവും ഒരു മാസത്തെ ഇടവേള എടുക്കും. ആ സമയം ഭാര്യ ശശികലയ്ക്കും മക്കളായ ഗോപികയ്ക്കും ദേവികയ്ക്കും ഒപ്പം ചെലവഴിക്കും, പിന്നെ നാട്ടുകാർക്കൊപ്പവും. പിന്നീട് അടുത്ത സിനിമയ്ക്കായി സെറ്റിലേക്കു യാത്ര.
ഇപ്പോഴും ഏതെങ്കിലും സെറ്റിൽ ഒരു ഗ്ലാസ് ലെമണ്‍ ടീയുമായി നമുക്ക് അദ്ദേഹത്തെ കാണാൻ കഴിയും, പഴയ അതേ പ്രസരിപ്പോടെ. സെറ്റിലാകെ നിറഞ്ഞുനിൽക്കുന്പോൾ ഒരു അഭിനേതാവ് അല്ലെങ്കിൽ സഹപ്രവർത്തകൻ വിളിച്ചുപറയും, ബാബുവേട്ടാ ഒരു ചായ! പറഞ്ഞുതീരുംമുന്‍പ് ബാബുവേട്ടൻ തന്റെ കലവറയിലേക്കു പാഞ്ഞിട്ടുണ്ടാകും...
ആ 60 തീരുമാനങ്ങൾ!
ഉണ്ണിക്കൃഷ്ണൻ ചികിത്സയിലുള്ള ആ 79 ദിനങ്ങളിലും ഞാൻ പെരുന്തൽമണ്ണ വിട്ടു പോയില്ല. ജീവനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ പോരാട്ടത്തിൽ ഒപ്പം വേണമെന്നു തോന്നി. - ഉണ്ണിക്കൃഷ്ണന്റെ തിരിച്ചുവരവിൽ നിർണായക പങ്കുവഹിച്ച കോഴിക്കോട് താമസമാക്കിയ വയനാട് സ്വദേശി ഡോ.പി.ജെ. അനീഷ് പറയുന്നു. ചികിത്സ ഒരു ഘട്ടംകഴിഞ്ഞപ്പോൾ ഉണ്ണിക്കൃഷ്ണൻ ഇനി സാധാരണ ജീവിതത്തിലേക്കു മടങ്ങാൻ സാധ്യതയില്ലെന്നായിരുന്നു അൽഷിഫ ആശുപത്രിയിലെ ഡോക്ടർമാരുടെ നിഗമനം. കാരണം ആരോഗ്യസ്ഥിതി അത്രയ്ക്കു ഗുരുതരമായി മാറിയിരുന്നു.
വൃക്ക തകരാറിലായതിനാല്‍ നിരന്തര ഡയലിസിസ് തുടങ്ങി. പോരാഞ്ഞു ശ്വാസകോശത്തില്‍ രക്തം പൊടിയാന്‍ ആരംഭിച്ചതും സ്ഥിതി വഷളാക്കി. ഓരോ തവണയും താൻ ഐസിയുവില്‍നിന്നു പുറത്തേക്കു വരുന്പോൾ പ്രതീക്ഷയോടെ നില്ക്കുന്ന ഉണ്ണിക്കൃഷ്ണന്റെ കുടുംബം മനസിനെ വല്ലാതെ ഉലച്ചു. അവരുടെ കണ്ണുകളിലെ പ്രതീക്ഷ അണയാൻ പാടില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. ഉണ്ണിക്കൃഷ്ണനുവേണ്ടി ഒരു പോരാട്ടത്തിനു ഡോ. അനീഷ് തീരുമാനമെടുത്തു.
ചികിത്സാഘട്ടത്തിൽ ശരിയോ തെറ്റോ ആയി മാറാവുന്ന 60ല്‍പരം നിര്‍ണായക തീരുമാനങ്ങൾ എടുക്കേണ്ടി വന്നു. അടിയുറച്ച ദൈവവിശ്വാസവും ബന്ധുക്കളുടെ കണ്ണിലെ പ്രതീക്ഷയുമാണ് ഇതിനു ധൈര്യവും ആത്മവിശ്വാസവും നൽകിയതെന്നു അദ്ദേഹം പറയുന്നു. പെരുന്തൽമണ്ണ സെന്റ് അൽഫോൻസ പള്ളിയിൽ വിശുദ്ധ കുർബാനയ്ക്കായി പോകുന്പോൾ പലപ്പോഴും ഉണ്ണിക്കൃഷ്ണന്റെ ആരോഗ്യത്തെക്കുറിച്ചായിരുന്നു ഡോക്ടറുടെ പ്രാർഥന. എടുത്ത തീരുമാനങ്ങളിൽ 90 ശതമാനവും ശരിയായത് ദൈവാനുഗ്രഹവും ഭാഗ്യവുംകൊണ്ടാണെന്നു ഡോക്ടര്‍ പറയുന്നു.
തോൽക്കാതിരിക്കാൻ
ഇതിനിടെ, മിക്ക അവയവങ്ങളും 80 ശതമാനത്തിലധികം പ്രവര്‍ത്തനരഹിതമായതോടെ തോറ്റുമടങ്ങേണ്ടി വരുമോയെന്ന ആശങ്ക ഡോക്ടറെയും അലട്ടി. ജയിക്കുമെന്ന് ഉറപ്പില്ലാത്ത ഒരു കളിയില്‍ അദ്ദേഹം തോല്‍ക്കാതിരിക്കാന്‍ പരിശ്രമിച്ചു. കട്ടയ്ക്ക് സഹപ്രവർത്തകരും.
അതീവസങ്കീർണമായിരുന്നു സാഹചര്യങ്ങൾ.103 ഡിഗ്രിവരെ കൂടുന്ന പനിയെ പിടിച്ചുനിർത്താൻ ശ്രമിക്കുന്പോൾ രക്തസമ്മര്‍ദം ഉയരും. അതിനു പിന്നാലെ പോകുമ്പോള്‍ മറ്റൊന്ന്. അങ്ങനെ സ്ഥിതി കൂടുതൽ വഷളായതോടെ രോഗിയെ എറണാകുളത്തേക്കു മാറ്റിയാലോ എന്നായി ചിന്ത. എന്നാല്‍, കൊണ്ടുപോകാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല ഉണ്ണികൃഷ്ണന്.
ഒടുവില്‍ ഒരു അവസാനശ്രമത്തിന് ഡോ. അനീഷ് തീരുമാനമെടുത്തു. അങ്ങനെയാണ് മുംബൈയില്‍നിന്നെത്തിച്ച ഒന്നരലക്ഷം രൂപ വിലയുള്ള മരുന്നു നൽകിയത്. എല്ലാവരെയും അദ്ഭുതപ്പെടുത്തി 79-ാം ദിവസം ഉണ്ണിക്കൃഷ്ണൻ കണ്ണുതുറന്നു. ഡോക്ടറെ നോക്കി പുഞ്ചിരിച്ചു. അവിശ്വസനീയമായ അതിജീവനം.
ഉണ്ണിക്കൃഷ്ണന് എനിക്കിപ്പോള്‍ ഒരു സെല്‍ഫ് ബൂസ്റ്റും ആത്മവിശ്വാസവുമാണ്. പിന്നീട് മുന്നിലെത്തിയ പലരെയും രക്ഷിക്കാന്‍ റിസ്ക് എടുക്കാന്‍ രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നിട്ടില്ല.- നിലവില്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന് വിഭാഗത്തിൽ ജോലി ചെയ്യുന്ന കോഴിക്കോട് മേരിക്കുന്ന് പുതിയേടത്ത് വീട്ടിൽ ഡോ. പി.ജെ. അനീഷ് പറയുന്നു. ഡോ.അനിത തെരേസ അഗസ്റ്റിനാണ് അനീഷിന്റെ ഭാര്യ. മകൾ: അഡ്ലിൻ മേരി അനീഷ്.
ശരത് ജി. മോഹൻ