എല്ലാം കരുണാമയമായി മാറിയ ദിനം
Sunday, December 25, 2022 12:09 AM IST
സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ആദ്യമായി നേടിയ വനിതയാണു സ്വീഡിഷ് എഴുത്തുകാരി സെൽമ ലേഗർലോഫ് (1858-1940). 1909 ൽ ഈ പുരസ്കാരം ലഭിച്ചതിനെത്തുടർന്ന് 1914 ൽ സ്വീഡിഷ് അക്കാദമിയിലെ ആദ്യവനിതയായി അവർക്ക് അംഗത്വം ലഭിച്ചു. മുപ്പത്തിമൂന്നാം വയസിൽ ആദ്യ നോവൽ പ്രസിദ്ധീകരിച്ച സെൽമ പിൽക്കാലത്ത് ’ക്രൈസ്റ്റ് ലെജൻഡ്സ്’ എന്ന പേരിൽ ഈ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ സമാഹാരത്തിലെ ഒരു കഥയാണ് ’ദ ഹോളി നൈറ്റ്’.
സെൽമയ്ക്ക് അഞ്ചു വയസുള്ളപ്പോൾ അവളുടെ വല്യമ്മച്ചി പറഞ്ഞ കഥയായിട്ടാണ് ഈ കഥ അവതരിപ്പിച്ചിരിക്കുന്നത്. ആ കഥ ഇതാണ്:
കൊടുംതണുപ്പുള്ള ഒരു രാത്രി. ആകാശത്ത് അവിടെയുമിവിടെയും നക്ഷത്രങ്ങൾ കണ്ണുചിമ്മുന്നുണ്ട്. പാതിരാനേരം കഴിഞ്ഞപ്പോൾ ഒരു മനുഷ്യൻ ഒരു മൃഗശാലയിൽനിന്നു പുറത്തിറങ്ങി. അടുത്തുകണ്ട വീടിന്റെ വാതിലിൽ മുട്ടി ആ മനുഷ്യൻ പറഞ്ഞു, ’എന്റെ ഭാര്യ അല്പം മുന്പ് ഒരു ആണ്കുഞ്ഞിനെ പ്രസവിച്ചു. അവർക്കു ചൂട് നൽകാൻ തീകൂട്ടാൻ കുറേ കരിക്കട്ടകൾ തന്നാൽ ഉപകാരമായിരുന്നു.’’
പക്ഷേ, വീടിനകത്തുനിന്ന് ആരും പ്രതികരിച്ചില്ല. അവിടെയുള്ളവരെല്ലാം നല്ല ഉറക്കത്തിലായിരുന്നു. അപ്പോൾ ആ മനുഷ്യൻ അടുത്ത വീട്ടിലേക്കു പോയി. അവിടെയും ആരും വാതിൽ തുറന്നു സഹായിച്ചില്ല. പിന്നെയും ചില വാതിലുകൾ ആ മനുഷ്യൻ മുട്ടി. അപ്പോഴും ആരും സഹായത്തിനു വന്നില്ല.
അപ്പോഴാണ് അല്പം അകലെയായി തീ കത്തുന്നതു കണ്ടത്. ഉടനെ പ്രതീക്ഷയോടെ ആ മനുഷ്യൻ അവിടേക്കു നടന്നു. അവിടെ എത്തിയപ്പോൾ കത്തുന്ന തീയുടെ ചുറ്റിലുമായി ആടുകൾ ഉറങ്ങുന്നതും വൃദ്ധനായ ഒരു ആട്ടിടയനും മൂന്നു നായ്ക്കളും കാവലിരിക്കുന്നതും ആ മനുഷ്യൻ കണ്ടു.
ആ മനുഷ്യനെ അടുത്തു കണ്ടപ്പോൾ നായ്ക്കൾ കുരയ്ക്കാൻ ശ്രമിച്ചു. പക്ഷേ ശബ്ദം പുറത്തുവന്നില്ല. അപ്പോൾ അവ ഉടനെ ആ മനുഷ്യനെ ആക്രമിക്കാൻ പാഞ്ഞടുത്തു. ഒരു നായ് ആ മനുഷ്യന്റെ കാലിലും മറ്റൊന്ന് കൈയിലും മൂന്നാമതൊരെണ്ണം കഴുത്തിലും പല്ലുകളമർത്തി കടിച്ചുകീറാൻ നോക്കി. പക്ഷേ,ആ പല്ലുകൾക്ക് ആ മനുഷ്യനിൽ ഒരു പോറൽപോലും ഏല്പിക്കാൻ സാധിച്ചില്ല. ആ നായ്ക്കൾ അപ്പോൾ പിൻവാങ്ങി.
ഇതു കണ്ട ആടുകളുടെ ഇടയൻ അപ്പാടെ പകച്ചു. നായ്ക്കളെ മറികടന്ന് ആ മനുഷ്യൻ തീയോട് അടുത്തപ്പോൾ തന്റെ വടി ഉപയോഗിച്ച് ആ മനുഷ്യനെ തടയാൻ നോക്കി. എന്നാൽ, വിഫലമായി. വടി അകലെ ഒരിടത്തുപോയി വീണു. ഉടനെ ആ മനുഷ്യൻ ഇടയനെ സമീപിച്ചു പറഞ്ഞു, ’എനിക്കു തീയും കുറേ കരിക്കട്ടകളും വേണം. എന്റെ ഭാര്യ ഒരു കുഞ്ഞിനെ പ്രസവിച്ചു. അവർക്കു തീ കായാൻ വേണ്ടിയാണ്.
കാര്യങ്ങൾ പോകുന്നതു താൻ പ്രതീക്ഷിച്ചതുപോലെയല്ല എന്നു മനസിലാക്കിയ ഇടയൻ പറഞ്ഞു, ’ ആവശ്യമുള്ളിടത്തോളം നിങ്ങൾ എടുത്തുകൊള്ളുക.’ പക്ഷേ, അപ്പോഴേക്കും കരിക്കട്ടകൾ എരിഞ്ഞുതീരാറായിരുന്നു. കത്തിക്കാത്ത കരിക്കട്ടകളോ വിറകുകഷണങ്ങളോ അവിടെ ബാക്കിയില്ലായിരുന്നു.
എന്നാൽ, ആ മനുഷ്യന് അതൊരു പ്രശ്നമല്ലായിരുന്നു.
കത്തിജ്വലിക്കുന്ന കനൽക്കട്ടകൾ ആ മനുഷ്യൻ സ്വന്തം കൈകൾകൊണ്ട് വാരി തന്റെ മേലങ്കിയിൽ പൊതിഞ്ഞു. അപ്പോൾ, ആ മനുഷ്യന്റെ കൈകൾക്കു പൊള്ളലേൽക്കുകയോ മേലങ്കി കത്തുകയോ ചെയ്തില്ല! പൂക്കളും പഴങ്ങളും ശേഖരിക്കുന്ന ലാഘവത്തോടെ ആ മനുഷ്യൻ കനൽ വാരിയെടുത്ത് ഇടയനു നന്ദി പറഞ്ഞു വന്ന വഴിയേ തിരികെ നടക്കാൻ തുടങ്ങി.
കഠിനഹൃദയനായിരുന്നു ആ ഇടയൻ. എന്നാൽ അവിടെ സംഭവിച്ചതു കണ്ടപ്പോൾ അയാൾ അദ്ഭുതപ്പെടാൻ തുടങ്ങി. ’ഇത് എന്തുതരം രാത്രിയാണ്’?അയാൾ ആ മനുഷ്യനോടു ചോദിച്ചു. ’നായ്ക്കൾക്കു കുരയ്ക്കാനും കടിക്കാനും പറ്റാത്ത രാത്രി! ആടുകൾ ഭയപ്പെടാത്ത രാത്രി. കത്തുന്ന കനൽക്കട്ടകൾക്കു പൊള്ളലേല്പിക്കാൻ പറ്റാത്ത രാത്രി! ഇത് എന്തുതരം രാത്രിയാണ്? എന്തുകൊണ്ടാണ് എല്ലാം കരുണാമയമായി മാറിയിരിക്കുന്നത്? ’
ഉടനെ ആ മനുഷ്യൻ പറഞ്ഞു, ’നിങ്ങൾക്കു സ്വയം കാണാൻ സാധിക്കുന്നില്ലെങ്കിൽ എനിക്കു നിങ്ങളോട് പറയാനും സാധിക്കില്ല.’ ഇത്രയും പറഞ്ഞിട്ട് ആ മനുഷ്യൻ തന്റെ യാത്ര തുടർന്നു. അപ്പോൾ ഇടയൻ ആ മനുഷ്യനെ പിന്തുടർന്നു. ആ രാത്രിയുടെ പ്രത്യേകത കണ്ടുപിടിക്കുകയായിരുന്നു അയാളുടെ ലക്ഷ്യം.
അധികം വൈകാതെ ആ മനുഷ്യൻ മൃഗങ്ങൾ രാത്രി ഉറങ്ങുന്ന ഒരു ഗുഹയിലെത്തി. അപ്പോൾ, അവിടെ ഒരു അമ്മയെയും നവജാത ശിശുവിനെയും കണ്ടു. അയാൾ കഠിനഹൃദയനായിരുന്നെങ്കിലും തണുപ്പിൽ കഴിയുന്ന അമ്മയെയും ശിശുവിനെയും കണ്ടപ്പോൾ അയാളുടെ മനസലിഞ്ഞു. ഉടനെ, താൻ പുതച്ചിരുന്ന ആട്ടിൻതോലുകളിൽ ഒന്നെടുത്ത് അവർക്കു പുതയ്ക്കാൻ കൊടുത്തു.
അദ്ഭുതം! അപ്പോൾ, അയാളുടെ കണ്ണുകൾ തുറന്നു. അതുവരെ കാണാതിരുന്ന കാഴ്ച അയാൾ കണ്ടു. കേൾക്കാതിരുന്ന ഗാനം അയാൾ കേട്ടു. അപ്പോൾ കണ്ടത് അവിടെ നിറഞ്ഞുനിന്നിരുന്ന മാലാഖമാരെയായിരുന്നു. അയാൾ കേട്ടത് മാലാഖമാർ പാടിയ സ്വർഗീയ ഗാനമായിരുന്നു.
അപ്പോൾ ആ നവജാതശിശു മനുഷ്യരക്ഷയ്ക്കായി അവതരിച്ച ദൈവപുത്രനാണെന്ന് അയാൾ തിരിച്ചറിഞ്ഞു. സ്വന്തം പുത്രനെ മനുഷ്യരുടെ പാപങ്ങൾക്കു മോചനം നൽകാൻ അയച്ചു ദൈവം കരുണ കാണിച്ച ദിവസമാണെന്ന് അയാൾ മനസിലാക്കി. തന്മൂലമാണത്രേ, ആ രാത്രി എല്ലാം കരുണാമയമായി മാറിയത്. അയാൾ ഉടനെ ദൈവപുത്രനെ കുന്പിട്ട് ആരാധിച്ചു.
ദൈവം മനുഷ്യവംശത്തോട് അനന്തമായ കരുണ കാണിച്ച ദിവസമാണ് ഉണ്ണിയേശു പിറന്ന ദിനം. നാം ഉണ്ണിയേശുവിന്റെ പിറന്നാൾദിനമായി ക്രിസ്മസ് ആഘോഷിക്കുന്പോൾ ദൈവത്തിന്റെ അഗാധമായ സ്നേഹവും അനന്തമായ കരുണയുമാണ് നാം അനുസ്മരിക്കുന്നത്.
ദൈവം തന്റെ അനന്തമായ കരുണയും സ്നേഹവും വെളിവാക്കിയ ദിനമായ ക്രിസ്മസ് നാം ആഘോഷിക്കുന്പോൾ നാമും സ്നേഹവും കരുണയുമുള്ളവരായി മാറണം. അപ്പോൾ മാത്രമേ, മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ ആട്ടിടയനെപ്പോലെ നമുക്കും ഉണ്ണിയേശുവിനെ കാണാൻ സാധിക്കൂ. മാലാഖമാരുടെ സ്വർഗീയഗാനം ശ്രവിക്കാൻ സാധിക്കൂ.
ദൈവം കരുണ കാണിച്ച ക്രിസ്മസ് ദിനം നമുക്ക് മറക്കാതിരിക്കാം. അവിടത്തെപ്പോലെ നാമും സ്നേഹവും കരുണയുമുള്ളവരായി മാറിയാൽ നമ്മുടെ എല്ലാ ദിനങ്ങളും ക്രിസ്മസ്പോലെ സ്നേഹവും കരുണയുമുള്ള ദിനങ്ങളായി മാറും. എല്ലാവർക്കും ക്രിസ്മസിന്റെ സ്നേഹവും കരുണയും ആശംസിക്കുന്നു.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ