എത്രയോ ആളുകൾ ഏതെല്ലാം രീതിയിലാണ് ജീവിതത്തിന്റെ ഓരോരോ കാര്യങ്ങൾ നേടാൻ ശ്രമിക്കുന്നത്? പലപ്പോഴും അർഥശൂന്യവും യുക്തിരഹിതവുമായ ഈ പോരാട്ടങ്ങൾക്കുവേണ്ടി സ്വന്തം ആത്മാവിനെ പണയപ്പെടുത്തിയല്ലേ അവർ ജീവിക്കുന്നത്? ഈ വലിയ നഷ്ടത്തെക്കുറിച്ച് അവർ ഓർമിക്കാത്തത് ഏറെ ദുഃഖകരംതന്നെ.
ഗാന്ധിജിയുടെ അക്രമരഹിതമായ മാർഗങ്ങൾ പിന്തുടർന്ന് അമേരിക്കയിൽ കറുത്ത വർഗക്കാരുടെ പൗരാവകാശങ്ങൾക്കുവേണ്ടി പോരാടിയ നേതാവാണ് ഡോ. മാർട്ടിൻ ലൂതർ കിംഗ് ജൂണിയർ (1929-1968). തന്റെ പിതാവിനെപ്പോലെ, ബാപ്റ്റിസ്റ്റ് സഭയിലെ ഒരു മിനിസ്റ്റർ ആയിട്ടായിരുന്നു അദ്ദേഹം പൊതുജീവിതം ആരംഭിച്ചത്. 1955 മുതൽ 1968-ൽ വെടിയേറ്റു മരിക്കുന്നതുവരെ ഡോ. കിംഗ് പൗരാവകാശ പ്രസ്ഥാനത്തിന്റെ മുൻപന്തിയിലുണ്ടായിരുന്നു.
അമേരിക്കയിലെ ആഭ്യന്തര യുദ്ധത്തെത്തുടർന്ന് (1861-1865) അമേരിക്കയിൽ അടിമത്തം അവസാനിച്ചെങ്കിലും കറുത്ത വർഗക്കാർക്ക് വോട്ടുചെയ്യാനുള്ള അവസരം പല തെക്കൻ സംസ്ഥാനങ്ങളിലും നൽകിയിരുന്നില്ല. ഭരണഘടനയിലെ 13-ാം ഭേദഗതി കറുത്ത വർഗക്കാർക്ക് പൗരത്വം നേടിക്കൊടുത്തെങ്കിലും വോട്ടുചെയ്യാനുള്ള അവകാശം പല തെക്കൻ സംസ്ഥാനങ്ങളും തന്ത്രപരമായ രീതിയിൽ തടയുകയാണു ചെയ്തത്.
ഈ സാഹചര്യത്തിലാണ് വോട്ടുചെയ്യാനുള്ള അവകാശം ഉൾപ്പെടെ എല്ലാവർക്കും തുല്യ പൗരാവകാശങ്ങൾ ലഭിക്കുന്നതിനുവേണ്ടിയുള്ള പൗരസമത്വ പ്രക്ഷോഭം ആരംഭിച്ചത്.
പൗരാവകാശ സമത്വത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ ഫലമായി 1964-ൽ സിവിൽ റൈറ്റ്സ് ആക്ടും 1965-ൽ വോട്ടിംഗ് റൈറ്റ്സ് ആക്ടും 1968-ൽ ഫെയർ ഹൗസിംഗ് ആക്ടും പാസായി. ഈ നിയമങ്ങൾ പാസാക്കിയെടുക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു 1963ൽ വാഷിംഗ്ടണിൽവച്ച് "എനിക്ക് ഒരു സ്വപ്നമുണ്ട്’ എന്ന് ആരംഭിക്കുന്ന പ്രസിദ്ധമായ പ്രസംഗം ഡോ. കിംഗ് നടത്തിയത്.
വർഗീയ സമത്വത്തിനുവേണ്ടിയുള്ള അക്രമരഹിതമായ പോരാട്ടത്തിന് 1964-ൽ ഡോ. കിംഗിനു നോബൽ സമ്മാനം ലഭിച്ചു. എന്നാൽ, ഈ പോരാട്ടത്തിന്റെ പേരിൽത്തന്നെ 1968 ഏപ്രിൽ നാലിന് അദ്ദേഹം വെടിയേറ്റു കൊല്ലപ്പെട്ടു.
അദ്ദേഹം കൊല്ലപ്പെടുന്നതിനു രണ്ടുമാസം മുൻപ് അറ്റ്ലാൻഡയിലെ ഒരു ബാപ്റ്റിസ്റ്റ് ചർച്ചിൽ പ്രസംഗിക്കുന്ന അവസരത്തിൽ അദ്ദേഹം ഇപ്രകാരം പറഞ്ഞു:
"ഇടയ്ക്കിടെ എന്റെ മരണത്തെക്കുറിച്ചും എന്റെ ശവമടക്കിനെക്കുറിച്ചുമൊക്കെ ഞാൻ ചിന്തിക്കാറുണ്ട്. ഞാൻ മരിക്കുന്ന അവസരത്തിൽ നിങ്ങളാരെങ്കിലും ആ പ്രദേശത്തുണ്ടെങ്കിൽ, എനിക്ക് ആഘോഷമായ സംസ്കാരം ആവശ്യമില്ല എന്ന് ഓർമിക്കുക. അതുപോലെ, ദീർഘമായ ഒരു ചരമപ്രസംഗവും എനിക്കു വേണ്ട’. എന്റെ ചരമപ്രസംഗത്തിൽ പ്രസംഗകൻ എന്തു പറയണമെന്നും ഞാൻ ചിലപ്പോൾ ചിന്തിക്കാറുണ്ട്. എനിക്കു നോബൽ സമ്മാനം ലഭിച്ച കാര്യം പറയേണ്ടെന്ന് അദ്ദേഹത്തോടു പറയുക. അതിനു വലിയ പ്രാധാന്യമില്ല. എനിക്കു മുന്നൂറിനും നാനൂറിനുമിടയിൽ വേറെ അവാർഡുകൾ ലഭിച്ചിട്ടുണ്ടെന്ന കാര്യവും പറയേണ്ടെന്ന് അദ്ദേഹത്തോടു പറയുക. അവയ്ക്കും വലിയ പ്രാധാന്യമില്ല.
"എന്നാൽ, ആ ദിവസം ആരെങ്കിലും ഞാൻ എന്റെ ജീവിതം മറ്റുള്ളവരെ സേവിക്കാൻ വിനിയോഗിച്ചു എന്നു പറയണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. മാർട്ടിൻ ലൂതർ കിംഗ് ജൂണിയർ മറ്റുള്ളവരെ സ്നേഹിക്കാൻ ശ്രമിച്ചു എന്നു പറയണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. വിശക്കുന്നവർക്ക് ഭക്ഷണം നൽകാൻ ഞാൻ ശ്രമിച്ചു എന്ന് ആരെങ്കിലും അന്നു പറയണം. നഗ്നനരായവർക്ക് വസ്ത്രം നൽകാൻ ഞാൻ ശ്രമിച്ചു എന്ന് ആരെങ്കിലും പറയണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അതുപോലെ, തടങ്കലിൽ കഴിയുന്നവരെ സന്ദർശിക്കാനും ഞാൻ ശ്രമിച്ചു എന്ന് ആരെങ്കിലും പറയണം. അതോടൊപ്പം, മനുഷ്യരെ മുഴുവനും സ്നേഹിക്കാനും സേവിക്കാനും ശ്രമിച്ചു എന്നു പറയണം.’
ഡോ. കിംഗ് അന്ന് പ്രസംഗം അവസാനിപ്പിച്ചത് ഇപ്രകാരമാണ്: "എന്റെ ജീവിതം അവസാനിപ്പിക്കുന്പോൾ എനിക്കു ബാക്കിവച്ചിട്ടു പോകാൻ പണമൊന്നുമില്ല. സുന്ദരവും വിലയേറിയതുമായ വസ്തുക്കളുമില്ല. എന്നാൽ, മറ്റുള്ളവർക്കുവേണ്ടി അർപ്പിതമായ ഒരു ജീവിതം ബാക്കിവച്ചിട്ടാണ് ഞാൻ പോകുന്നത്.’
ഡോ. കിംഗ് അന്നു പറഞ്ഞതു വാസ്തവമായിരുന്നു. അദ്ദേഹം മരിക്കുന്പോൾ അദ്ദേഹത്തിനു വലിയ സന്പാദ്യമൊന്നുമില്ലായിരുന്നു. എന്നാൽ, മിച്ചംവച്ചിട്ടു പോകാൻ മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി സമർപ്പിച്ച ഒരു ജീവിതം അദ്ദേഹത്തിനുണ്ടായിരുന്നു.
ഇതു മൂലമാണ്, അദ്ദേഹം ഇന്നും ഏറെ ആദരിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ മരണശേഷം, 1977-ൽ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡവും 2003-ൽ കോണ്ഗ്രഷണൽ മെഡലും നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. അദ്ദേഹത്തിന്റെ ജന്മദിനം (ജനുവരി 15) ആഘോഷിക്കാൻ എല്ലാ വർഷവും ജനുവരിയിലെ മൂന്നാം തിങ്കളാഴ്ച പൊതു അവധി ദിവസവുമാക്കിയിട്ടുണ്ട്.
മറ്റുള്ളവരുടെ നന്മയ്ക്കായി സമർപ്പിച്ച ഒരു ജീവിതം ബാക്കിവച്ചിട്ടു പോകാനാണ് ഡോ. കിംഗ് തന്റെ ജീവിതകാലത്തു ശ്രമിച്ചത്. പണവും അധികാരവും പ്രതാപവും നേടാനല്ല അദ്ദേഹം ശ്രമിച്ചത്. തന്മൂലം, അദ്ദേഹം ഇന്നും അനുസ്മരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നു.
നാം മരിക്കുന്പോൾ എന്തായിരിക്കും നാം ബാക്കിവച്ചിട്ടു പോവുക? നാം സന്പാദിച്ച സ്വത്തും നാം കെട്ടിപ്പടുത്ത മണിമാളികകളും നാം നേടിയെടുത്ത അധികാരവും പ്രതാപവുമൊക്കെയോ? അവയൊക്കെ നല്ലതുതന്നെ. എന്നാൽ, അതിലേറെ ശ്രേഷ്ഠമല്ലേ മറ്റുള്ളവരുടെ സുഖത്തിനും സന്തോഷത്തിനും നന്മയ്ക്കുംവേണ്ടി ആത്മാർഥമായി ശ്രമിച്ച ഒരു ജീവിതം ബാക്കിവച്ചിട്ടു പോകുന്നത്.
എത്രയോ ആളുകൾ ഏതെല്ലാം രീതിയിലാണ് ജീവിതത്തിന്റെ ഓരോരോ കാര്യങ്ങൾ നേടാൻ ശ്രമിക്കുന്നത്? പലപ്പോഴും അർഥശൂന്യവും യുക്തിരഹിതവുമായ ഈ പോരാട്ടങ്ങൾക്കുവേണ്ടി സ്വന്തം ആത്മാവിനെ പണയപ്പെടുത്തിയല്ലേ അവർ ജീവിക്കുന്നത്? ഈ വലിയ നഷ്ടത്തെക്കുറിച്ച് അവർ ഓർമിക്കാത്തത് ഏറെ ദുഃഖകരംതന്നെ.
നമ്മുടെ ജീവിതാവസാനം നാം ബാക്കിവച്ചിട്ടുപോകുന്നത് സംശുദ്ധവും സ്നേഹസന്പന്നവുമായ ഒരു ജീവിതമാകണമെങ്കിൽ അതിനു നാം ശ്രമിച്ചു തുടങ്ങേണ്ട സമയം ഏറെ വൈകി എന്ന തിരിച്ചറിവോടെ നമുക്ക് ഉണർന്നു പ്രവർത്തിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ