നാം പഠിക്കുന്ന ചില പാഠങ്ങൾ
Sunday, July 23, 2023 12:41 AM IST
എല്ലാ മനുഷ്യരുംതന്നെ എന്തെങ്കിലും അനുദിനം പഠിക്കുന്നവരാണ്. കണ്ടും കേട്ടുമാണ് ആദ്യം പഠിക്കുന്നത്. പിന്നീടു പാഠപുസ്തകങ്ങളിൽനിന്നും വിദ്യാപീഠങ്ങളിൽനിന്നും ഏറെ പഠിക്കും. അപ്പോഴേക്കും ജീവിതാനുഭവങ്ങളിൽനിന്നു വിവിധ പാഠങ്ങൾ പഠിക്കാൻ തുടങ്ങിയിരിക്കും.
നമ്മുടെ ഒൗദ്യോഗിക പഠനകാലം അവസാനിപ്പിച്ചാലും പിന്നെയും പഠനം തുടർന്നുകൊണ്ടിരിക്കും. ആ പഠനത്തിനു സഹായമായി വിവിധ സാമൂഹ്യ സന്പർക്ക മാധ്യമങ്ങളായിരിക്കും കൂടുതലായി വിനിയോഗിക്കുക.
കണ്ടും കേട്ടും വായിച്ചും പഠിച്ചും നാം ഒട്ടേറെ കാര്യങ്ങൾ പഠിക്കാറുണ്ട്. എന്നാൽ, ചിലപ്പോൾ ജീവിതാനുഭവങ്ങളായിരിക്കാം കൂടുതൽ നമ്മെ പഠിപ്പിക്കുക. ആ ജീവിതാനുഭവങ്ങൾക്കാകട്ടെ നാം മറ്റ് ഏതു രംഗങ്ങളിൽനിന്നു പഠിക്കുന്ന കാര്യങ്ങളേക്കാൾ പ്രസക്തിയുണ്ടായിരിക്കും. കാരണം, അവയാണ് മുന്നോട്ടുള്ള നമ്മുടെ ജീവിതത്തിനു പലപ്പോഴും ഏറെ വെളിച്ചം നൽകുന്നത്.
ഞാൻ പഠിച്ച പാഠങ്ങൾ എന്ന പേരിൽ പലരും അവരുടെ ജീവിതാനുഭവങ്ങളിൽനിന്നുള്ള വിജ്ഞാനം പങ്കുവയ്ക്കാറുണ്ട്. ചിലപ്പോൾ, അവ വിവിധ ഉറവിടങ്ങളിൽനിന്നു സമാഹരിച്ചവയുമാകാം. അങ്ങനെയുള്ള ഒരെണ്ണത്തിൽനിന്നു തെരഞ്ഞെടുത്ത ചില പാഠങ്ങൾ താഴെ കൊടുക്കുന്നു.
മറ്റൊരാളെക്കൊണ്ട് എന്നെ സ്നേഹിപ്പിക്കാനാവില്ലെന്നു ഞാൻ പഠിച്ചു. എനിക്കു ചെയ്യാൻ സാധിക്കുന്നത് മറ്റുള്ളവർക്കു സ്നേഹയോഗ്യനാകാൻ എന്നെ ആക്കിത്തീർക്കും എന്നതാണ്.
ഞാൻ ആഗ്രഹിക്കുന്നതുപോലുള്ള വ്യക്തിത്വത്തിന് ഉടമയാകാൻ എനിക്കു പൂർണമായി സാധിച്ചെന്നു വരില്ല. എന്നാൽ, ഞാൻ പരിശ്രമിച്ചാൽ, എന്റെ വ്യക്തിത്വം അനുദിനം ഏറെ മെച്ചപ്പെടുത്താൻ സാധിക്കുമെന്നു ഞാൻ പഠിച്ചു.
എന്റെ പെരുമാറ്റത്തിലും പ്രവൃത്തിയിലും സംഭവിക്കുന്ന പോരായ്മകൾക്ക് എന്ത് ഒഴികഴിവുകൾ പറഞ്ഞാലും അവയുടെ പൂർണ ഉത്തരവാദിത്വം എന്റേതാണെന്നു ഞാൻ പഠിച്ചു.
എന്റെ സുഹൃത്തുക്കൾ എത്ര നല്ലവരാണെങ്കിലും അവരുടെ ചില പ്രവൃത്തികൾ എന്നെ വേദനിപ്പിച്ചേക്കാം. അപ്പോൾ, അവരോട് ഹൃദയപൂർവം ക്ഷമിക്കുന്നതാണ് നല്ലതെന്നു ഞാൻ പഠിച്ചു.
എന്നെക്കുറിച്ച് മറ്റുള്ളവരിൽ വിശ്വാസം ജനിപ്പിക്കാൻ ഏറെ വർഷങ്ങൾ വേണ്ടിവന്നേക്കാം. എന്നാൽ, മറ്റുള്ളവർക്ക് എന്നിലുള്ള വിശ്വാസം നശിപ്പിക്കാൻ വെറും ഒരു നിമിഷം മാത്രം മതി എന്നു ഞാൻ പഠിച്ചു.
ജീവിതത്തിൽ എനിക്ക് എന്താണ് ഉള്ളത് എന്നതിനേക്കാൾ പ്രധാനം ആരാണ് ഉള്ളത് എന്നു ഞാൻ പഠിച്ചു. ഒരു നിമിഷം മാത്രം നീണ്ടുനിൽക്കുന്ന എന്റെ ഒരു വാക്കോ പ്രവൃത്തിയോ മതി എനിക്കു ജീവിതകാലം മനോവേദന നീണ്ടുനിൽക്കാൻ എന്നു ഞാൻ പഠിച്ചു.
എന്റെ വാക്കിനോ പ്രവൃത്തിക്കോ ഒരു ഖേദപ്രകടനം ആവശ്യമായി വന്നാൽ, ഒരു ഒഴികഴിവുകൂടി ചേർത്ത് ആ ഖേദപ്രകടനം അർഥശൂന്യമാക്കരുത് എന്നു ഞാൻ പഠിച്ചു.
ബന്ധുക്കളെയും സ്നേഹിതരെയുമൊക്കെ വേർപിരിയുന്പോൾ അത് എപ്പോഴും സ്നേഹപൂർണമായ വാക്കുകൾ കൊണ്ടായിരിക്കണമെന്നു ഞാൻ പഠിച്ചു. കാരണം, അവരെ ചിലപ്പോൾ നാം കണ്ടെന്നു വരാനിടയില്ല.
ജീവിതം മടുത്തു എന്ന് എനിക്കു തോന്നിയാലും ഇനിയും ഏറെ ദൂരം നന്നായി മുന്നോട്ടു പോകാൻ സാധിക്കുമെന്നു ഞാൻ പഠിച്ചു.
എന്റെ മോശമായ സ്വഭാവരീതികളെ നിയന്ത്രിച്ചില്ലെങ്കിൽ അവ എന്റെ സ്വഭാവത്തെ നിയന്ത്രിക്കുമെന്നു ഞാൻ പഠിച്ചു.
പ്രത്യാഘാതം എന്തുതന്നെയായാലും ശരിയായ കാര്യങ്ങൾ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് യഥാർഥ ആരാധ്യപുരുഷൻ എന്നു ഞാൻ പഠിച്ചു.
നാം തകർന്നിരിക്കുന്പോൾ നമ്മെ കൂടുതൽ തകർക്കാൻ ശ്രമിക്കുന്നുവെന്നു നാം കരുതുന്നവരാകാം ചിലപ്പോൾ നമ്മെ കൈപിടിച്ചുയർത്തുന്നത് എന്നു ഞാൻ പഠിച്ചു.
അടുത്തായാലും അകലത്തിലായാലും നല്ല സ്നേഹബന്ധങ്ങളും സുഹൃദ്ബന്ധങ്ങളും എപ്പോഴും വളർന്നുകൊണ്ടിരിക്കും എന്നു ഞാൻ പഠിച്ചു.
നാം ആഗ്രഹിക്കുന്ന രീതിയിൽ ഒരാൾ നമ്മെ സ്നേഹിക്കുന്നില്ലെന്നു കരുതി ആ വ്യക്തി ആത്മാർഥമായി നമ്മെ സ്നേഹിക്കുന്നില്ലെന്നു കരുതുന്നതു ശരിയല്ലെന്നു ഞാൻ പഠിച്ചു.
ശരിയായ കാരണത്തിന്റെ പേരിൽ മറ്റൊരാളോട് കോപിക്കാൻ എനിക്ക് അർഹതയുണ്ടെന്നു ഞാൻ കരുതിയാലും ആ വ്യക്തിയോട് മോശമായി പെരുമാറാൻ അർഹതയില്ലെന്നു ഞാൻ പഠിച്ചു.
എന്റെ മനോവിഷമങ്ങൾ എന്തുതന്നെയായാലും അതിന്റെ പേരിൽ ലോകം എനിക്കുവേണ്ടി നിശ്ചലമാകണമെന്നു ഞാൻ കരുതുന്നതിൽ അർഥമില്ലെന്നു പഠിച്ചു. ലോകം എപ്പോഴും മുൻപോട്ടുതന്നെ പൊയ്ക്കൊണ്ടിരിക്കും.
നാം ആരായിരുന്നുവോ അതിനു നമ്മുടെ ജീവിതസാഹചര്യങ്ങൾ വഴിയൊരുക്കിയിരിക്കും. എന്നാൽ, നാം ആരായിത്തീരണം എന്നതിന്റെ ഉത്തരവാദിത്വം നമുക്കുതന്നെയാണെന്നു ഞാൻ പഠിച്ചു.
രണ്ടുപേർ കാണുന്നത് ഒരേ കാര്യമാണെങ്കിലും അവർ മനസിലാക്കുന്നത് എപ്പോഴും ഒരേ വിധത്തിലായിരിക്കുകയില്ലെന്നു ഞാൻ പഠിച്ചു.
നാം പറയുന്നതും പ്രവർത്തിക്കുന്നതും മറ്റുള്ളവർ മറന്നുപോയേക്കാം. എന്നാൽ, നാം അവരെ എപ്രകാരം സന്തുഷ്ടരാക്കി എന്നത് അവർ മറക്കില്ല എന്നു ഞാൻ പഠിച്ചു.
ഓമർ വാഷിംഗ്ടണ് എന്നൊരാളുടെ പേരിൽ വായിക്കാനിടയായ ചില ജീവിതപാഠങ്ങളാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ഇവ വായിക്കുന്നതുവഴി നമുക്കും ചില പാഠങ്ങൾ പഠിക്കാനാവും എന്നത് ഒരു നല്ല കാര്യമാണ്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ