ഓരോ അപകടത്തിനു പിന്നിലും നിരവധി കാരണങ്ങൾ ഉണ്ടാകാമെന്ന് പെരുന്പാവൂർ സ്വദേശിയായ പ്രഭാകരൻ പറയുന്നു. “പലപ്പോഴും അപകടങ്ങളുടെ യഥാർഥ കാരണത്തിലേക്ക് നാം എത്തുന്നില്ല. അശ്രദ്ധവും അലക്ഷ്യവുമായ ഡ്രൈവിംഗ് എന്നാകും 90 ശതമാനം അപകടങ്ങളുടെയും സൈറ്റ് ഇൻസ്പെക്ഷൻ റിപ്പോർട്ട്.
റോഡുകളിൽ പിടഞ്ഞുതീരുന്ന വിലപ്പെട്ട ജീവനുകൾ, കൈകാലുകൾ അറ്റ് വേദനയിൽ പുളയുന്നവർ, നിസഹായരായ ബന്ധുക്കൾ. വർധിച്ചുവരുന്ന റോഡപകടക്കാഴ്ചകളിൽ മനംമടുത്ത എം.എൻ. പ്രഭാകരൻ സ്വയം ചോദിച്ചു: എന്താവും ഇവിടെ മാത്രം ഇത്രയധികം വാഹനാപകടങ്ങൾ?.
അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിച്ച നാൾ മുതൽ ആവർത്തിച്ചുകൊണ്ടിരുന്ന ഈ ചോദ്യത്തിന് ഉത്തരം കിട്ടാൻ സുദീർഘമായ സർവീസ് കാലം മതിയാകാതെവന്നപ്പോൾ വിരമിച്ചശേഷവും അന്വേഷണവും നിരീക്ഷണവും തുടർന്നുകൊണ്ടിരുന്നു. അത് എത്തിച്ചതാവട്ടെ ഡ്രൈവിംഗിനെയും റോഡ് സുരക്ഷയെയുംകുറിച്ച് ആഴത്തിലുള്ള അറിവിലേക്കും ബോധ്യങ്ങളിലേക്കും.
ഓരോ അപകടത്തിനു പിന്നിലും നിരവധി കാരണങ്ങൾ ഉണ്ടാകാമെന്ന് പെരുന്പാവൂർ സ്വദേശിയായ പ്രഭാകരൻ പറയുന്നു. “പലപ്പോഴും അപകടങ്ങളുടെ യഥാർഥ കാരണത്തിലേക്ക് നാം എത്തുന്നില്ല. അശ്രദ്ധവും അലക്ഷ്യവുമായ ഡ്രൈവിംഗ് എന്നാകും 90 ശതമാനം അപകടങ്ങളുടെയും സൈറ്റ് ഇൻസ്പെക്ഷൻ റിപ്പോർട്ട്.
ഈ അശ്രദ്ധ എന്തുകൊണ്ടു സംഭവിക്കുന്നുവെന്ന് ആരും അന്വേഷിക്കുകയോ പഠിക്കുകയോ ചെയ്യുന്നില്ല. മാറുന്ന കാലത്തിനനുസരിച്ചുള്ള ഡ്രൈവിംഗ് പരിശീലനത്തിലേക്കു ഗിയർ മാറ്റിയാലേ റഫ് ആൻഡ് റാഷ് ഡ്രൈവിംഗ് ഒഴിവാക്കാനും അപകടങ്ങൾക്കു ബ്രേക്കിടാനും കഴിയൂ.
നമ്മുടെ നാട്ടിൽ കുറ്റമറ്റതും ശാസ്ത്രീയവുമായ ഡ്രൈവിംഗ് പരിശീലനത്തിന്റെ കുറവുണ്ട്. ഡ്രൈവിംഗ് ലൈസൻസ് ലക്ഷ്യമാക്കിയുള്ള പരിശീലനം മാത്രമാണിവിടെ നടക്കുന്നത്. ‘എച്ചും’ ‘എട്ടും’ എടുത്ത് കുറേദൂരം ഓടിച്ചു കാണിച്ചാൽ ഡ്രൈവിംഗ് ടെസ്റ്റ് പാസാകാം. ലൈസൻസ് കിട്ടും. ഇതാണ് നാം പിന്തുടരുന്ന പഠനരീതി.
വർഷങ്ങൾ പിന്നിടുകയും വാഹനങ്ങളും റോഡുകളും മാറിവരികയും ചെയ്തിരിക്കുന്നു. ഒപ്പം ഗതാഗത നിയമങ്ങളിൽ മാറ്റവും വന്നു. മാറിയ സാഹചര്യത്തിലും നമ്മുടെ ഡ്രൈവിംഗ് പരിശീലനരീതി ശൈശവാവസ്ഥയിൽ തന്നെയാണ്. ഇക്കാലത്ത് എട്ടും എച്ചും പോരെന്നു മാത്രമല്ല, ഈ പഴഞ്ചൻ ശൈലിക്ക് പ്രസക്തിയുമില്ല. ഡ്രൈവിംഗ് പരിശീലനത്തിൽ മാത്രം ആവശ്യമുള്ള എട്ടും എച്ചും പിന്നീട് ജീവിതത്തിൽ ഒരിക്കലുംതന്നെ ആവശ്യമായിവരുന്നുമില്ല.
മുൻപോട്ടുനോക്കി ജാഗ്രതയിൽ വാഹനമോടിക്കണം എന്നതായിരുന്നു പഴയ പ്രമാണം. എന്നാൽ തിരക്കേറിയ ഇക്കാലത്ത് ചുറ്റും കണ്ണോടിച്ചാണ് (മൂവിംഗ് ഐസ്) വണ്ടിയോടിക്കേണ്ടത്. അതിനാൽ ഒബ്സർവേഷൻ സ്കിൽ (നിരീക്ഷണപാടവം) പ്രധാനമാണ്.
റോഡ് മാറി, വാഹനങ്ങളും
അൻപത് വർഷം മുന്നിലെ ഗതാഗതമല്ല ഇന്നത്തേത്. റോഡിന്റെയും വാഹനങ്ങളുടെയും ഘടനയിൽ കാതലായ മാറ്റങ്ങളുണ്ടായി. മുന്പ് ഒരു അംബാസിഡർ കാറിനു മുന്നിൽ ഡ്രൈവർക്കും യാത്രക്കാർക്കുമായി ഒറ്റ സീറ്റായിരുന്നുവെങ്കിൽ ഇന്ന് വെവ്വേറെ സീറ്റുകളാണ്. അത് മുന്നോട്ടും പിൻപോട്ടും നീക്കാനും ഉയരം അഡ്ജസ്റ്റ് ചെയ്യാനുമൊക്കെ കഴിയും.
മുൻപ് വാഹനത്തിനുള്ളിൽ ഒരു നിരീക്ഷണക്കണ്ണാടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്നത് ഇരുവശങ്ങളിലുംകൂടി മൂന്നായി. സുരക്ഷയ്ക്കുവേണ്ടി നിരവധി ഉപകരണങ്ങളും വാണിംഗ് ലൈറ്റുകളുമുണ്ട്. ന്യൂജെൻ വാഹനങ്ങളുടെ മാറ്റങ്ങളെയും പുത്തൻ സംവിധാനങ്ങളെയും ശരിയായ രീതിയിൽ ഉപയോഗിക്കാൻ ഇക്കാലത്തെ ഡ്രൈവർക്ക് സാധിക്കുന്നില്ല. അവർ അതു പഠിക്കുകയോ പരിശീലിക്കുകയോ ചെയ്തിട്ടില്ല.
കാലോചിതമായ പുതിയ രീതികൾ പഠിപ്പിക്കാൻ പരന്പരാഗത ഡ്രൈവിംഗ് സ്കൂളുകൾക്ക് അറിയുകയുമില്ല. ഇതിനു പരിഹാരമായി ആദ്യം ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർക്ക് കാലോചിത പരിശീലനം നൽകണം. വാഹനമോടിക്കാൻ അറിയുന്ന ആർക്കും ഡ്രൈവിംഗ് സ്കൂൾ നടത്താം എന്നതാണ് ഇന്നാട്ടിലെ രീതി. എന്നാൽ വിദേശത്ത് ഡ്രൈവിംഗ് പരിശീലിപ്പിക്കണമെങ്കിൽ ദീർഘകാല കോഴ്സ് പാസാകണം.
1939ലെ മോട്ടോർ വാഹന ആക്ടിൽനിന്ന് 1989ലെ ആക്ടിലേക്കു വരുന്പോൾ നിയമങ്ങളിൽ കാര്യമായ മാറ്റങ്ങൾ പ്രകടമാണ്. എന്നാൽ പലർക്കും അതറിയില്ല. നിയമം നടപ്പാക്കുന്ന രീതിയിലും തിരുത്തൽ വരണം.
പിഴയിട്ടതുകൊണ്ടോ ലൈസൻസ് സസ്പെൻഡ് ചെയ്തതുകൊണ്ടോ വാഹനമോടിക്കുന്നയാളുടെ മനോഭാവത്തിലും രീതിയിലും മാറ്റമുണ്ടാക്കാൻ കഴിയില്ല. പണം സ്വരൂപിക്കാൻ വേണ്ടിയുള്ള റവന്യൂ ഓറിയന്റഡ് എൻഫോഴ്സ്മെന്റാണ് ഇവിടെ നടക്കുന്നത്. പകരം സേഫ്റ്റി ഓറിയന്റഡ് (സുരക്ഷയിൽ അധിഷ്ഠിതമായ)എൻഫോഴ്സ്മെന്റാണ് വേണ്ടത്.
അറിവുകളുടെ പുസ്തകങ്ങൾ
മോട്ടോർ വാഹനവകുപ്പിലെ അറിവുകളും അനുഭവങ്ങളും നിരീക്ഷണങ്ങളും അടിസ്ഥാനമാക്കി പ്രഭാകരൻ ഏതാനും പുസ്തകങ്ങൾ രചിച്ചു. വാഹനങ്ങളുടെ ചലനശാസ്ത്രം വരെ അപഗ്രഥിക്കുന്നതാണ് ആദ്യ പുസ്തകം ‘ബിഹൈൻഡ് ദ വീൽ’.
വാഹനം ഓടിക്കൊണ്ടിരിക്കുന്പോഴും ബ്രേക്ക് ചെയ്യുന്പോഴും സ്റ്റിയറിംഗ് തിരിക്കുന്പോഴും ഏതെല്ലാം ഫോഴ്സുകൾ ഉണ്ടാകുന്നുവെന്നും അവ എങ്ങനെയൊക്കെ നിയന്ത്രണത്തെ ബാധിക്കുന്നുവെന്നും അറിഞ്ഞിരിക്കണം. ഈ പുസ്തകം ഹൈവേ എൻജിനിയറിംഗ്, വെഹിക്കിൾ ടെക്നോളജി, റോഡ് നിയമങ്ങൾ, ഡ്രൈവിംഗ് സൈക്കോളജി തുടങ്ങിയ മേഖലകളെ പരാമർശിക്കുന്നു. ചിട്ടയായും ശാസ്ത്രീയമായും ഡ്രൈവിംഗ് പഠിക്കുന്നതിനു തയാറാക്കിയതാണ് ‘ഡ്രൈവിംഗ് ലെസൻസ്’. ‘മോട്ടോർ വെഹിക്കിൾസ് ഡ്രൈവിംഗ് റെഗുലേഷൻസ്’ എന്ന പുസ്തകവും ശ്രദ്ധേയമാണ്.
ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടർമാർക്ക് കാലോചിത പരിശീലനം എന്ന ലക്ഷ്യത്തോടെ സെന്റർ ഫോർ ഡ്രൈവർ എഡ് ആൻഡ് ട്രെയിനിംഗ് (കാഡെറ്റ്)എന്ന സ്ഥാപനം ആലുവയിൽ തുടങ്ങാനുള്ള ഒരുക്കത്തിലാണ് പ്രഭാകരൻ.
ഇംഗ്ലണ്ടിൽ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടറായ മാത്യു സ്റ്റീഫന്റെ പിന്തുണയും പ്രോത്സാഹനവുമാണ് സംരംഭത്തിന് പ്രചോദനം. പ്രഭാകരന്റെ ഒരു പുസ്തകം വായിച്ചാണ് മാത്യു, പ്രഭാകരനുമായി പരിചയത്തിലെത്തുന്നത്. ഇംഗ്ലണ്ടിലെ പരിശീലനരീതി പിന്തുടരാൻ ഉദ്ദേശിക്കുന്ന ഇവിടത്തെ കോഴ്സിൽ മാത്യുവിന്റെ അറിവും സേവനവും പ്രയോജനപ്പെടുത്തും.
പ്രവർത്തനമികവ്
വാഹനക്കന്പമാണ് ഫാക്ടിലെ ജോലി അഞ്ചാം വർഷം അവസാനിപ്പിച്ച് 1981ൽ മോട്ടോർ വാഹന വകുപ്പിലേക്ക് മാറാൻ പ്രഭാകരനു പ്രേരണയായത്. എറണാകുളം ആർടിഒ ആയിരുന്ന കാലമായിരുന്നു പ്രധാനം. യാതൊരു നിയന്ത്രണവുമില്ലാതെ നഗരത്തിൽ ഓട്ടോറിക്ഷകൾ ഓടുന്നതായിരുന്നു പ്രധാന വെല്ലുവിളി.
അയൽജില്ലകളിൽനിന്നുവരെ കൊച്ചിയിലെത്തി അനധികൃതമായി ഓടിയിരുന്ന ഓട്ടോറിക്ഷകൾക്കു കടിഞ്ഞാണിടാനും സിറ്റി പെർമിറ്റ് ശാസ്ത്രീയമാക്കാനും കഴിഞ്ഞു. റിക്ഷകളുടെ മുന്നിൽ മഞ്ഞ പെയിന്റും സിപി (സിറ്റി പെർമിറ്റ്) നന്പരും കൊടുത്തത് പെർമിറ്റുള്ള വാഹനങ്ങളെ തിരിച്ചറിയാൻ സഹായകമായി.
കേരളത്തിൽ ആദ്യമായി പ്രീപെയ്ഡ് ഓട്ടോ ടാക്സി ഏർപ്പെടുത്തിയതായിരുന്നു മറ്റൊരു നേട്ടം. സിറ്റിയിൽ ഓടുന്ന എല്ലാ ഓട്ടോകളെക്കുറിച്ചുമുള്ള വിവരങ്ങൾ കംപ്യൂട്ടറിലാക്കി പിപി (പ്രീപെയ്ഡ്) നന്പരും കൊടുത്തു. ആര് ഏത് ഓട്ടോയിൽ എപ്പോൾ യാത്ര ചെയ്തെന്ന് കൃത്യമായി അറിയാൻ കഴിയുന്ന സംവിധാനം.
ഗതാഗതവകുപ്പിൽ ഏറ്റവും വിഷമമേറിയ ജോലിയാണ് ബസുകളുടെ സമയക്രമീകരണം. ടൈമിംഗിനുവേണ്ടി പ്രത്യേകം രൂപകൽപന ചെയ്ത കംപ്യൂട്ടർ സോഫ്റ്റ്വെയറിന്റെ സഹായത്താൽ ഇതിനു പരിഹാരം കണ്ടെത്തി. 2007ൽ തുടങ്ങിയ കംപ്യൂട്ടറൈസ്ഡ് ടൈം ഷീറ്റ് സംവിധാനം ഇന്നും കൃത്യമായി പ്രവർത്തിക്കുന്നു.
2006ൽ കൊച്ചിയിൽ മാലിന്യനീക്കം മുടങ്ങി ചീഞ്ഞുനാറിയപ്പോൾ പരിഹാരം തേടി ജില്ലാ കളക്ടറുടെ വിളിയെത്തി. അന്ന് നൂറോളം ടിപ്പർ ലോറികൾ പിടിച്ചെടുത്ത് ഫാക്ടിനു സമീപം മാലിന്യങ്ങൾ തള്ളി. മികവിന്റെ കൈയൊപ്പു ചാർത്തിയ ഈ പ്രവർത്തനങ്ങൾക്കുള്ള സാക്ഷ്യപത്രമായിരുന്നു ഇന്ത്യൻ എക്സ്പ്രസ് മികച്ച അഞ്ച് ഉദ്യോഗസ്ഥരിലൊരാളായി തെരഞ്ഞെടുത്തു നല്കിയ ആദരം. റിട്ടയേഡ് ഹെഡ്മിസ്ട്രസ് രമണിയാണ് പ്രഭാകരന്റെ ഭാര്യ. മൂന്നു മക്കൾ.
ഷാജിമോൻ ജോസഫ്