കല്യാണം ആലോചിക്കുന്പോൾ എന്താണ് പയ്യന് പണി എന്ന് പെണ്വീട്ടുകാർ ചോദിക്കുന്പോൾ കുട്ടനാട്ടുകാരനായ ദല്ലാൾ പറയും പയ്യന് ജോലി ‘പുഴുക്കാണ്.’ അത് കേൾക്കുന്പോൾ പെണ് വീട്ടുകാർക്ക് തൃപ്തിയാകും. നെല്ല് പുഴുങ്ങി കുത്തി അരിയാക്കി അത് ചന്തയിൽ കൊണ്ടുപോയി വിറ്റിരുന്നത് മാന്യമായ ഒരു തൊഴിലായിരുന്നു. കൊയ്തെടുത്ത നെല്ല് മൂന്നുനാലു ദിവസം ഉണക്കി പത്തായത്തിലും മറ്റും സൂക്ഷിക്കും. പത്തായത്തിൽ കിടക്കുന്ന നെല്ല് ഒരു പിടി വാരിനോക്കിയാണ് ഗുണനിലവാരം നിശ്ചയിക്കുക.
ശനിയാഴ്ച ചങ്ങനാശേരിയിൽ ആഴ്ചച്ചന്തയാണ്. വെള്ളിയാഴ്ച ഉച്ചമുതൽക്കേ വിവിധ ഇടങ്ങളിൽനിന്ന് കാളവണ്ടികൾ താളത്തിൽ ചങ്ങനാശേരിയിലേക്കു നീങ്ങും. ഇതേ സമയം കുട്ടനാട്ടിലെ നദികളിലൂടെയും തോടുകളിലൂടെയും ‘വളവരവള്ളങ്ങൾ’ ചങ്ങനാശേരി ചന്തത്തോടു ലക്ഷ്യംവച്ച് നിരനിരയായി മുന്നേറും.
പഴമക്കാരുടെ മനസിൽ ആ കാഴ്ചപ്പഴമ മങ്ങാതെ നിൽപുണ്ടാകും. വളവരവള്ളങ്ങളിൽ നിറയെ ചണച്ചാക്കിൽ നിറച്ച കുട്ടനാടൻ പുഞ്ചയരിയാണ് വിൽക്കാൻ കൊണ്ടുപോവുക. മലനാട്ടിൽനിന്നുള്ള കപ്പ, കാച്ചിൽ വിഭവങ്ങളുമായാ ണ് വള്ളങ്ങൾ ചങ്ങനാശേരി ചന്തക്കടവിൽ നിന്നു മടങ്ങുക.
ചങ്ങനാശേരിയിലേക്കു മാത്രമല്ല കോട്ടയം, ആലപ്പുഴ മാർക്കറ്റുകളിലേക്കു പുഞ്ച അരിയുമായി നിരയായി വള്ളങ്ങൾ പോയിരുന്നു. ഇത്തരത്തിൽ വള്ളം തുഴച്ചിൽ അക്കാലത്ത് ഏറെപ്പേരുടെ തൊഴിലുമായിരുന്നു. കാളവണ്ടി പ്രമാണിത്തത്തിന്റെ അടയാളവും. ഇക്കാലത്തെ കൃഷിക്കാരെല്ലാം വിതച്ചുകൊയ്യുന്ന നെല്ലിൽ ഒരു നാഴിപോലും ഉണ്ണാനെടുക്കാതെ പാടത്തുതന്നെ മില്ലുകൾക്കു വിൽക്കുകയാണ്.
യന്ത്രംകൊയ്യുന്ന നെല്ല് ചാക്കുകളിൽ നിറച്ച് തൊട്ടടുത്ത ദിവസങ്ങളിൽ ഇവിടെനിന്നു കാലടി യിലേയും മറ്റും മില്ലുകളിലേക്കു കൊണ്ടുപോകും. വൻകിട കുത്തുമില്ലുകളിൽ കയറിയിറങ്ങി കുട്ടനാട്ടിലെ അരി ഏതൊക്കെയോ പേരിൽ പായ്ക്ക് ചെയ്ത് പല നാടുകളിൽ അവർ വിറ്റഴിക്കുന്നു. കുട്ടനാടൻ പുഞ്ച അരിയുടെ രുചിപ്പെരുമ കുട്ടനാട്ടുകാരുടെ നാവിൽപ്പോലും അന്യമായിക്കഴിഞ്ഞിരിക്കുന്നു.
നഗരങ്ങളിലെ മാത്രമല്ല ഗ്രാമചന്തകളിലും വഴിയോരങ്ങളിലും മൂന്നു പതിറ്റാണ്ടു മുൻപുവരെ തട്ടുകടകൾ പോലെ കുട്ടയ്ക്കകത്ത് ഒരുപുഴുക്കും ഇരുപുഴുക്കുമായ പുഞ്ചയരിയും പൊടിയരിയും അവിലും വില്പന നടത്തിയിരുന്നു.
തൂക്കക്കണക്കിനും നാഴിക്കണക്കിനുമായിരുന്നു വ്യാപാരം. കുട്ടനാടൻ പുഞ്ച അരിയുടെ അവിൽ രൂചിയിൽ കേമനായതിനാല് എല്ലാ നാട്ടിലും പ്രിയപ്പെട്ടതായിരുന്നു. ഇന്നാവട്ടെ പുഞ്ചനെല്ല് പടിഞ്ഞാറൻ പാടങ്ങളിൽ കാണാനേയില്ല.
ആണ്ടുവട്ടം പുഞ്ചയരി ചോറും പലഹാരവും കഴിച്ചിരുന്നവർ ഏതൊക്കെയോ നാട്ടിൽനിന്ന് എന്തൊക്കെയോ പേരിൽ എത്തുന്ന അരിയും പൊടിയുംകൊണ്ട് അന്നന്നപ്പം തിന്നാൻ നിർബന്ധിതരായിരിക്കുന്നു. അതൊക്കെ തിന്ന് തീരാരോഗികളുമായിരിക്കുന്നു.
പാടങ്ങളിൽ സ്വർണ്ണക്കതിരുകൾ കൊയ്ത്തിന് പാകമായാൽ കുട്ടനാട് ഉത്സവപ്രതീതിയിലാകും. തെക്കുനിന്നും വടക്കുനിന്നും കൊയ്യാനും പെറുക്കാനും ആണും പെണ്ണുമായി ആൾക്കൂട്ടമെത്തി കുടിൽ കെട്ടി പാർക്കുകയായി.
ആരവത്തോ ടെ കൊയ്തു മെതിച്ചെടുക്കുന്ന നെല്ലിൽ കൂലിക്കുശേഷം വരുന്നത് അപ്പാടെ കർഷകർ അറയിലും പുരയിലും പത്തായത്തിലുമായി സൂക്ഷിക്കും. അറയും പത്തായവും ഇല്ലാത്തവർ മുറികളിൽ പനന്പ് വളച്ച് വല്ലം ഉണ്ടാക്കി നെല്ല് ഉണക്കി അതിൽ സൂക്ഷിക്കും. പുഞ്ചകൃഷി മാത്രമുള്ള കാലത്ത് നെല്ല് പുഴുങ്ങി ഉണങ്ങിയശേഷം കുത്തി അരിയാക്കുന്നത് കുട്ടനാട്ടിലെ ചെറുകിട മില്ലുകളിൽ തന്നെയായിരുന്നു.
പയ്യന് ജോലി പുഴുക്ക്
കല്യാണം ആലോചിക്കുന്പോൾ എന്താണ് പയ്യന് പണി എന്ന് പെണ്വീട്ടുകാർ ചോദിക്കുന്പോൾ കുട്ടനാട്ടുകാരനായ ദല്ലാൾ പറയും പയ്യന് ജോലി പുഴുക്കാണെന്ന്. അത് കേൾക്കുന്പോൾ പെണ് വീട്ടുകാർക്ക് തൃപ്തിയാകും. നെല്ല് പുഴുങ്ങി കുത്തി അരിയാക്കി അത് ചന്തയിൽ കൊണ്ടുപോയി വിറ്റിരുന്നത് അക്കാലത്തെ മാന്യമായ ഒരു തൊഴിലായിരുന്നു.
കൊയ്തെടുത്ത നെല്ല് മൂന്നുനാലു ദിവസം ഉണക്കി പത്തായത്തിലും മറ്റും സൂക്ഷിക്കും. പത്തായത്തിൽ കിടക്കുന്ന നെല്ല് ഒരു പിടി വാരിനോക്കിയാണ് പിന്നീട് ഗുണനിലവാരം നിശ്ചയിക്കുക. ഇക്കാലത്ത് ഈർപ്പത്തിന്റെ പേരിൽ വൻകിട മില്ലുകാരുടെ ചൂഷണമായ കിഴിവ് സന്പ്രദായമൊന്നും കേട്ടുകേൾവിപോലും മുൻപില്ലായിരുന്നു.
ദിവസേന അൻപതും അറുപതും പറ നെല്ല് വീതം പുഴുങ്ങിയുണങ്ങി മില്ലിൽ കുത്തി അരിയാക്കി ചന്ത ദിവസത്തിനു തലേന്ന് കന്പനി വള്ളത്തിൽ കയറ്റി ചന്തയിലെത്തിച്ചു വിറ്റിരുന്നത് ഒരു കാലം.
വൈകുന്നേരങ്ങളിൽ ചൂളക്ക് മുകളിൽ വലിയ ചെന്പിൽ നെല്ലു നിറച്ച് വെള്ളം ചെന്പ് നിരപ്പ് നിറച്ചിടും. സന്ധ്യയോടെ ഉമ്മിയിട്ട് തീ കൊടുത്ത് ചെറിയ പന്പ് പ്രവർത്തിപ്പിച്ച് നെല്ല് തിളപ്പിക്കും. ചൂടുമാറിയാൽ രാവിലെ ചെന്പിൽനിന്ന് കുറച്ച് വെള്ളം ഒഴുക്കി കളഞ്ഞിട്ട് വീണ്ടും പുഴുങ്ങും. ആ നെല്ല് കൈതപ്പായയിൽ ഉണക്കിയെടുക്കും. തഴപ്പായ എന്നും അറിയപ്പെടുന്ന ഈ പായ കുട്ടനാടിന്റെ പൈതൃകസ്വത്തായിരുന്നു.
മുപ്പതും നാല്പതും അടി നീളത്തിലും വീതിയിലും നെയ്തെടുക്കുന്ന പായയിലാണ് പുഴുക്ക് നെല്ല് ഉണക്കുക. പൊള്ളുന്ന വെയിലിൽ നെല്ല് ഉണക്കുകയെന്നത് വളരെ ശ്രമകരമായ ഒരു ജോലിയാണ്. കൃത്യമായ ഇടവേളകളിൽ ചിക്കിയും വകഞ്ഞും ഉണക്കിയെടുത്താലേ അരിക്ക് ഗുണമേൻമയുണ്ടാകൂ. മോശം അരി വിറ്റുപോവില്ല.
ഉണങ്ങി ചണച്ചാക്കിൽ സൂക്ഷിക്കുന്ന ഉണക്ക നെല്ല് ഓരോ കേന്ദ്രങ്ങളിലെയും ചന്തദിവസം കണക്കാക്കിയാണ് കുത്തിയെടുക്കുക. നാട്ടിൻപുറങ്ങളിലെ മില്ലുകളിൽ എത്തിക്കുന്ന നെല്ല് കുത്തി അരിയും പൊടിയരിയും തവിടും ഉമിയും വെവ്വേറെ ചാക്കുകളിലാക്കും. അരി വിൽപ്പനയ്ക്കും തവിട് കന്നുകാലികൾക്കും താറാവിനുമുള്ള തീറ്റയും ഉമി വീണ്ടും നെല്ല് പുഴുങ്ങാനുള്ള ഇന്ധനവുമാണ്.
വള്ളങ്ങളിൽ ചരക്ക് കൊണ്ടുവരാനും കൊണ്ടുപോകാനും സൗകര്യത്തിന് മില്ലുകൾ പുഴയുടെയും തോടിന്റെയും തീരത്തായിരിക്കും. ഓരോ ഗ്രാമത്തിലും നാലും അഞ്ചും ചെറുകിട കുത്തുമില്ലുകളുണ്ടാകും. അവിടെ കുത്തിയെടുക്കാവുന്ന നെല്ലിന്റെ അളവിനും പരിധിയുണ്ടായിരുന്നു. നെല്ല് കുത്തുന്നതോടൊപ്പം ധാന്യങ്ങൾ പൊടിച്ചും നല്കിയിരുന്നതുകൊണ്ട് രാവും പകലും മില്ലുകൾ ചലിച്ചുകൊണ്ടിരിക്കും. എന്നാൽ പഴയ പ്രതാപം അസ്തമിച്ചതോടെ ചെറുകിട മില്ലുകളിൽ ഭൂരിഭാഗവും അപ്രത്യക്ഷമായി.
വീട്ടമ്മമാർ ചെറിയ കുട്ടകത്തിൽ പുഴുങ്ങിയെടുക്കുന്ന നെല്ലും കുത്തിയെടുത്തിരുന്നത് ഈ അരി മില്ലുകളിലായിരുന്നു. ഇന്നാവട്ടെ പത്തു പറ നെല്ല് കുത്തി അരിയാക്കാം എന്നു കരുതുന്നവർക്ക് പഴയ റൈസ് മില്ലുകൾ തേടി ഏറെ ദൂരം നടക്കേണ്ടിയിരിക്കുന്നു.
ഒരുമയുടെ കുട്ടനാട്
കുട്ടനാടൻ കർഷകനെ പോലെതന്നെ വളരെ ശ്രദ്ധയോടെ തന്റെ ജോലിയെ സമീപിക്കുന്നവനാണ് പുഴുക്കുകാരനും. തിങ്കളാഴ്ച വീടുകളിൽനിന്നു വാങ്ങുന്ന നെല്ലിന്റെ വില ശനിയാഴ്ച വൈകുന്നേരംതന്നെ പുഴുക്കുകാരൻ കർഷകന് കൊണ്ടുപോയി കൊടുക്കും. ചില കർഷകരുടെ നെല്ല് അവരുമായി കാലങ്ങളുടെ അടുപ്പമുള്ള പുഴുക്കുകാർക്ക് മാത്രമേ നല്കുമായിരുന്നുള്ളു.
ചന്തയിൽ പുഞ്ച അരിക്ക് വിലമാറ്റം വരുന്പോൾ നെല്ലുവില കൂട്ടിയും കുറച്ചും കൊടുത്ത് പരസ്പരം സഹകരിച്ചിരുന്ന കർഷകരും പുഴുക്കുകാരും ഉണ്ടായിരുന്നു. അരി വിറ്റു കാശ് കൈയ്യിൽ വന്നാൽ നെല്ലു വാങ്ങിയ കർഷകന്റെ പണം അവരുടെ വീട്ടിൽ കൊണ്ടുപോയി കൊടുക്കാതെ പുഴുക്കുകാരന് ഉറക്കം വരില്ലെന്നതായിരുന്നു രീതി.
എന്നാൽ ഇക്കാലത്ത് കർഷകൾ വിറ്റ നെല്ലിന്റെ വിലക്കായി മാസങ്ങളോളം കാത്തുകെട്ടിയിരിക്കേണ്ടി വരുന്പോൾ പഴയ തലമുറയിൽപെട്ട പലരും ആ പഴയ കാല ഓർമകൾ അയവിറക്കും.
കർഷകനും പുഴുക്കുകാരും മില്ലുകാരും കന്പനി വള്ളക്കാരുമൊക്കെ ചേർന്നുള്ള ഒരുമയുടെ ഉത്പന്നമായിരുന്നു പുഞ്ച അരി. പുഴക്കലരിയായും പച്ചരിയായും പൊടിയരിയായും കുട്ടനാടൻ പുഞ്ച അരി അക്കാലത്ത് എല്ലായിടത്തും ലഭ്യമായിരുന്നു.
മലനാട്ടിൽനിന്ന് കുട്ടനാട്ടിലേക്കു വരുന്നവർ ചാക്കുകളിൽ കപ്പയും കാച്ചിലും ചേനയും ചേന്പും കൊണ്ടുവരുന്നതുപോലെ കുട്ടനാട്ടുകാർ കിഴക്കൻ നാട്ടിലും ആലപ്പുഴയിലും ബന്ധുവീടുകളിൽ പോകുന്പോൾ രണ്ട് ചാക്കുകെട്ടുകൾ കൂടെ കരുതിയിരുന്നു.
വലിയ ചാക്കിൽ പുഞ്ചയരിയും ചെറിയ ചാക്കിൽ പച്ചരിയും. പടിഞ്ഞാറുകാറുകാരുടെ പെരുമയായിരുന്നു അക്കാലത്ത് പുഞ്ചപ്പാടങ്ങൾ.
കാലം മാറി. രുചി മാറി. കുട്ടനാടൻ പുഞ്ചയരി എന്ന പേരിൽ മുന്നിലെത്തുന്നത് ഏതോ ദേശത്ത് വിളയുന്ന നെല്ല് ആണെന്നതിൽ തർക്കമില്ല. എന്നാൽ നാടൻ പുഞ്ചയരി ചോറിന്റെ രുചിയും പച്ചരി പലഹാരത്തിന്റെ മാധുര്യവും പഴമക്കാരുടെ നാവിൽ ഓർമത്തിരയാകുന്നു.
ഒരിക്കലെങ്കിലും ആ രുചിക്കാലം തിരിച്ചുവരുമോയെന്ന സന്ദേഹത്തോടെ കാത്തിരിക്കുന്നവർ കുട്ടനാട്ടിൽ ഏറെപ്പേരാണ്. അധ്വാനത്തിൽ ഒരു കാർഷികകലാശാലതന്നെയായ കുട്ടനാടിന്റെ ഹൃദയത്തുടിപ്പായിരുന്നു പുഞ്ച . ആ പ്രതാപത്തിനു പിന്നിലുണ്ടായിരുന്ന കർഷകനും പുഴുക്കുകാരനും മില്ലുകാരുമെല്ലാം ഇക്കാലത്ത് അവഗണനയുടെ പുറന്പോക്കിലാണ്. കുട്ടനാടിന്റെ തനതുപാരന്പര്യത്തിന് തിരിച്ചുവരവുണ്ടാകാൻ കൊതിക്കുന്നവർ ഏറെപ്പേരാണ്.
ആന്റണി ആറിൽചിറ, ചന്പക്കുളം