ബേല ബോസ്: ബംഗാളിന്റെ ഝാൻസി റാണി
Sunday, January 22, 2023 1:08 AM IST
ബംഗാൾ വിഭജനത്തിനു പിന്നാലെ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ ബേല സാധാരണ അഭയാർഥികളുടെ സഹായത്തിനായി 1947ൽ ഝാൻസി റാണി റിലീഫ് ടീം രൂപീകരിച്ചു. കിഴക്കൻ പാക്കിസ്ഥാനിൽ നിന്നെത്തിയ അഭയാർഥികൾ ഉൾപ്പടെ ആയിരങ്ങളുടെ പുനരധിവാസത്തിനായി അവർ പ്രയത്നിച്ചു. അഭയ് നഗറിൽ ബേലയുടെ നേതൃത്വത്തിൽ ഒരു അഭയാർഥി ക്യാന്പ് തുറന്നു.
രാഷ്ട്രപിതാവ് ഗാന്ധിജിക്ക് ഇന്ത്യയിൽ പല തരത്തിലുള്ള സ്മാരകങ്ങളുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശ്രമങ്ങൾ, സ്മാരകങ്ങൾ അങ്ങനെ പലതുമുണ്ടെങ്കിലും ഏറ്റവും ശ്രദ്ധേയം മഹാത്മാ ഗാന്ധി റോഡുകളാണ്. എം.ജി. റോഡ് എന്ന ചുരുക്കപ്പേരിൽ പല സംസ്ഥാനങ്ങളിലുമായി ദേശീയതലത്തിൽ അറുപതോളം റോഡുകളുണ്ടെന്നാണ് കണക്ക്.
പ്രഗത്ഭരുടെ സ്മരണ നിലനിറത്താൻ റെയിൽവേ സ്റ്റേഷനുകൾക്ക് അവരുടെ പേരുകൾ നൽകുന്ന പതിവ് ഈസ്റ്റേണ്‍ റെയിൽവേയ്ക്കും ഉണ്ട്. പതിവായി പുരുഷനായകരുടെ പേരുകളാണ് റെയിൽവേ സ്റ്റേഷനുകൾക്ക് നൽകിവന്നിരുന്നത്. 1958ലാണ് ഈ പതിവ് മാറ്റി ബംഗാളിലെ ഹൗറ ജില്ലയിലെ ഒരു റെയിൽവേ സ്റ്റേഷന്റെ പേര് ബേല നഗർ എന്നാക്കി മാറ്റിയത്.
ഇന്ത്യാ ചരിത്രത്തിൽതന്നെ അത്തരമൊരു ആദരത്തിന് അർഹയായ വനിതയായി ബേല മിത്ര മാറുകയായിരുന്നു. ബ്രീട്ടീഷ് ഭരണകാലത്ത് 24 പർഗാനയിലെ കൊഡാലിയയിൽ 1920ലായിരുന്നു ബേല മിത്രയുടെ ജനനം. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ മൂത്ത സഹോദരൻ സുരേന്ദ്ര ചന്ദ്രബോസിന്റെ പുത്രിയായിരുന്നു ബേല ബോസ് എന്നും അറിയപ്പെട്ടിരുന്ന ബേല മിത്ര.
യൗവനത്തിലെത്തിയ കാലത്തുതന്നെ ചെറിയച്ഛനായ സുഭാഷ് ചന്ദ്രബോസിന്റെ ആരാധക വലയത്തിലായി ബേല. ബോസ് ഇന്ത്യൻ നാഷണൽ ആർമി രൂപീകരിച്ചതിനു പിന്നാലെ ബേല അതിന്റെ ഭാഗമായ ഝാൻസി റാണി റെജിമെന്റിൽ ചേർന്നു. ഭർത്താവ് ഹരിദാസ് മിത്ര ഐഎൻഎയുടെ രഹസ്യാന്വേഷണ വിഭാഗം മേധാവിയായിരുന്നു.
ബേലയെ ഐഎൻഎ പിന്നീട് പ്രത്യേക പ്രവർത്തനങ്ങൾക്കായി കോൽക്കത്തയിലേക്കു നിയോഗിച്ചു. വിവിധ ദേശീയ പ്രസ്ഥാനങ്ങളുമായുള്ള ആശയ വിനിമയങ്ങളുടെ ചുമതലയായിരുന്നു ബേലയ്ക്ക് ലഭിച്ചത്. അക്കാലത്ത് ഹരിദാസ് മിത്രയെ ബ്രിട്ടീഷ് ഭരണകൂടം അറസ്റ്റുചെയ്തതോടെ ഭർത്താവ് ചുമതല വഹിച്ചിരുന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലപ്പത്തേക്ക് ബേലയെത്തി.
അതിശയകരമായ പ്രവർത്തനമായിരുന്നു പുതിയ മേഖലയിൽ കാഴ്ചവച്ചത്. ബേല ഐഎൻഎയിലെ ആശയ വിനിമയങ്ങളുടെയും സേനാവിന്യാസങ്ങളുടെയും ചുക്കാൻപിടിച്ചു. വിവാഹ ആഭരണങ്ങൾവരെ വിറ്റഴിച്ചാണ് പ്രമുഖ നേതാക്കളുടെയും സുരക്ഷാ സംവിധാനങ്ങൾക്ക് ബേല ചെലവ് കണ്ടെത്തിയിരുന്നത്.
പിൽക്കാലത്ത് ബേലയുടെ നേതൃത്വത്തിൽ ഐഎൻഎക്ക് മികവുറ്റ സീക്രട്ട് ട്രാൻസ്മിഷൻ സർവീസ് സ്വന്തമായി. ഏറ്റവും മികച്ച റേഡിയോ ഓപ്പറേറ്റർമാരുടെയും ചാരൻമാരുടെയും ടീമിനെ മികവോടെ അവർ നയിച്ചു. ഇവരാണ് പിൽക്കാലത്ത് ഇന്ത്യയ്ക്കും സിംഗപ്പൂരിനും ഇടയിൽ ഐഎൻഎയ്ക്കു സ്വന്തമായി റേഡിയോ ട്രാൻസ്മിറ്ററുകളും റിസീവറുകളും സ്ഥാപിച്ചത്. ഒരു വർഷത്തോളം ഈ റേഡിയോ ട്രാൻസ്മിറ്ററുകളിൽ ഇരു രാജ്യങ്ങൾക്കുമിടിയിലുള്ള ആശയവിനിമയം നടന്നു.
രണ്ടാം ലോക മഹായുദ്ധത്തിനു പിന്നാലെ ബേലയുടെ ഭർത്താവ് ഹരിദാസിനെയും നേതാക്കളായ പബിത്ര റോയ്, ജ്യോതിഷ് ചന്ദ്ര ബോസ് എന്നിവരെയും ബ്രിട്ടീഷ് ഭരണകൂടം രാജ്യദ്രോഹികളായി പ്രഖ്യാപിക്കുകയും വിചാരണയ്ക്കു ശേഷം 1945ൽ വധശിക്ഷ വിധിക്കുകയും ചെയ്തു.
ഇവരെ രക്ഷപ്പെടുത്താൻ സഹായംതേടി ബേല പൂനെയിൽ മഹാത്മാഗാന്ധിയുടെ പക്കലെത്തി. വധശിക്ഷ തടവുശിക്ഷയാക്കി ഇളവ് ചെയ്യണമെന്ന ശിപാർശക്കത്ത് മഹാത്മജി അന്നത്തെ വൈസ്രോയ് ലോർഡ് വേവലിന് നൽകി.
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചപ്പോൾ മൂവരും ജയിൽമോചിതരായി. ഹരിദാസ് പിന്നീട് കോണ്‍ഗ്രസിൽ ചേരുകയും ബംഗാൾ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ആകുകയും ചെയ്തു. ബേല പക്ഷേ, രാഷ്്ട്രീയത്തിൽ നിന്ന് പാടേ അകന്നു നിന്നു.
ബംഗാൾ വിഭജനത്തിനു പിന്നാലെ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ ബേല സാധാരണ അഭയാർഥികളുടെ സഹായത്തിനായി 1947ൽ ഝാൻസി റാണി റിലീഫ് ടീം രൂപീകരിച്ചു. കിഴക്കൻ പാക്കിസ്ഥാനിൽ നിന്നെത്തിയ അഭയാർഥികൾ ഉൾപ്പടെ ആയിരങ്ങളുടെ പുനരധിവാസത്തിനായി അവർ പ്രയത്നിച്ചു. അഭയ് നഗറിൽ ബേലയുടെ നേതൃത്വത്തിൽ ഒരു അഭയാർഥി ക്യാന്പ് തുറന്നു.
ബംഗാളിന്റെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ ഇവർ നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് ഈസ്റ്റേണ്‍ റെയിൽവേ ബേല നഗർ റെയിൽവേ സ്റ്റേഷന് ഈ പേര് നൽകിയത്. ബേലയുടെ അഭയാർഥി ക്യാന്പ് പ്രവർത്തിച്ചിരുന്നതും ഈ റെയിൽവേ സ്റ്റേഷനോടു ചേർന്നായിരുന്നു. 1952 ജൂലൈയിൽ മരിക്കുംവരെ അവർ അഭയാർഥികളുടെ പുനരധിവാസത്തിനായി വിശ്രമമില്ലാതെ പ്രവർത്തിച്ചു.
സെബി മാത്യു