മഴവില്ലിന്റെ സ്വരം!
Saturday, April 15, 2023 6:38 AM IST
പാട്ടുകൾ ലോകമെങ്ങും ചുറ്റി സഞ്ചരിക്കുന്നതുപോലെ ഗായകന്റെ സഞ്ചാരം. പ്രിയപ്പെട്ട പാട്ടുകാരാ, താങ്കൾ ഇവിടെ വേണമെന്ന് ആവശ്യപ്പെടുന്ന ഭരണാധികാരികൾ.. നഗരങ്ങൾ... രാജകൊട്ടാരങ്ങൾ... സർവവ്യാപിയായി സംഗീതം. നഗരങ്ങൾ നശിച്ചാലും, കല്ലിൻമേൽ കല്ലു ശേഷിക്കാതെ കൊട്ടാരങ്ങൾ തകർന്നടിഞ്ഞാലും എല്ലാറ്റിനും മുകളിൽ ആ സംഗീതം എപ്പോഴുമുണ്ടാകും...
121 വർഷങ്ങൾ!
ഉസ്താദ് ബഡേ ഗുലാം അലി ഖാൻ എന്ന സംഗീത ഇതിഹാസം ഈ ഭൂമിയിൽ ജന്മമെടുത്തിട്ട് ഇത്രയും കാലം കടന്നുപോയി. തലമുറകൾ അദ്ദേഹത്തിന്റെ പാട്ടുകൾ കേട്ടു. കുറേപ്പേർ ആ പേരുപോലും കേൾക്കാതെയും പോയിട്ടുണ്ടാകാം. അദ്ദേഹം ഓർമയായിട്ടുപോലും വർഷം 55 ആയിരിക്കുന്നു. ഏപ്രിലിലാണ് അദ്ദേഹത്തിന്റെ ജനനവും മരണവുമെന്നത് അല്പം വിചിത്രമായി തോന്നാം. സംഗീത താത്പര്യങ്ങൾ മാറിമറിയുന്ന പുതുതലമുറ അദ്ദേഹത്തിന്റെ പാട്ടു കേൾക്കാതിരിക്കുന്നതിൽ അത്ഭുതപ്പെടാനെന്ത്! എന്നാൽ അവർക്കും അത്ഭുതം തോന്നുന്ന ഒരു കാര്യമുണ്ട്. അതിങ്ങനെയാണ്:
പാട്ടുസഞ്ചാരത്തിനിടെ ഏറെക്കാലം അദ്ദേഹം സിനിമാഗാനരംഗത്തുനിന്ന് ഒഴിഞ്ഞുനിന്നു. വിഖ്യാതരായ നിർമാതാക്കളും സംഗീത സംവിധായകരും നിരന്തരം അഭ്യർഥിച്ചിട്ടും അദ്ദേഹം വഴങ്ങിയില്ല. എന്നാൽ 1960ൽ നിർമാതാവ് കെ. ആസിഫിന്റെ നിർബന്ധത്തിന് അദ്ദേഹം സമ്മതംമൂളി. മുഗൾ-ഇ-അസം എന്ന ചിത്രത്തിനുവേണ്ടി രണ്ടു പാട്ടുകൾ പാടാം. ഒറ്റ നിബന്ധന- പാട്ടൊന്നിന് 25,000 രൂപ വേണം! നിർമാതാവിന് എതിരഭിപ്രായമില്ലായിരുന്നു.
ഒരു പാട്ടിന് 25,000 എന്നത് അത്ര വലിയ സംഖ്യയാണോ എന്ന് ഇപ്പോൾ തോന്നിയേക്കാം. എന്നാൽ അന്ന് ഹിന്ദിയിലെ വിഖ്യാത ഗായകരായ ലതാ മങ്കേഷ്കർക്കും മുഹമ്മദ് റഫിക്കും ഓരോ പാട്ടിനും ലഭിച്ചിരുന്ന പ്രതിഫലംകൂടി കേൾക്കുക- കൂടിയാൽ 500 രൂപ!
സബ്രംഗ് എന്ന മഴവില്ല്
തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ, പല നഗരങ്ങളിൽ ജീവിതം മുന്നോട്ടുകൊണ്ടുപോയയാളാണ് ബഡേ ഗുലാം അലി ഖാൻ. 1902ൽ ഇന്നത്തെ പാക്കിസ്ഥാന്റെ ഭാഗമായ കസൂറിൽ ജനനം. വിഭജനത്തിനു ശേഷം പാക്കിസ്ഥാനിലായിരുന്നു അദ്ദേഹം. പക്ഷേ 10 കൊല്ലംകൂടി കഴിഞ്ഞതോടെ ഇന്ത്യയിൽ സ്ഥിരതാമസമാക്കാൻ അദ്ദേഹം ആഗ്രഹിച്ചു.
അന്നു ബോംബെ മുഖ്യമന്ത്രിയായിരുന്ന മൊറാർജി ദേശായിയുടെ സഹായത്തോടെ ഇന്ത്യൻ പൗരത്വം നേടി അദ്ദേഹം മലബാർ ഹില്ലിലെ ഒരു ബംഗ്ലാവിലേക്കു താമസം മാറി. ഇന്ത്യയിലേക്കു തിരികെവരാനായി ഉസ്താദ് തന്നെ കാണാൻ വന്നകാര്യം ഒരിക്കൽ മൊറാർജി പറഞ്ഞിട്ടുണ്ട്. പത്രപ്രവർത്തകനായിരുന്ന മവിൻ കുർവേയോട് അദ്ദേഹം പറഞ്ഞതിങ്ങനെ: ലാഹോറിൽനിന്ന് ബഡേ ഗുലാം അലി രാവിലെ ഇവിടെ വന്നിരുന്നു.
ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതരംഗത്തെ ജീവിച്ചിരിക്കുന്ന പ്രയോക്താക്കളിൽ ഒന്നാമനാണ് അദ്ദേഹം. പത്തുവർഷം ലഹോറിൽ ജീവിച്ചശേഷം തന്റെ സാംസ്കാരികമായ വേരുകൾ ഇന്ത്യയിലാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു. ഇവിടേക്കുള്ള സ്ഥിരമായ കുടിയേറ്റത്തിനുള്ള വിസയാണ് അദ്ദേഹത്തിന് ആവശ്യം. ഇക്കാര്യത്തിൽ ഞാൻ എന്തുചെയ്യണമെന്നാണ് താങ്കൾക്കു തോന്നുന്നത്., ശിപാർശ ചെയ്യണോ?
പത്രപ്രവർത്തകന്റെ അഭിപ്രായം സ്വീകരിച്ചാലും ഇല്ലെങ്കിലും മൊറാർജി അദ്ദേഹത്തെ ഇന്ത്യയിൽ എത്തിച്ചു. അന്നു പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവും ആ വരവു സുഗമമാക്കാൻ സഹായിച്ചു. പാക്കിസ്ഥാനിൽ ശാസ്ത്രീയ സംഗീതത്തിന് കേൾവിക്കാർ തീരെ കുറവായിരുന്നതും അദ്ദേഹത്തിന്റെ മടക്കത്തിനു കാരണമായിരുന്നു.
ബോംബെയിൽ താമസമാക്കിയശേഷം കൊൽക്കത്ത, ഹൈദരാബാദ് തുടങ്ങിയ പല നഗരങ്ങളും അദ്ദേഹത്തെ വിളിച്ചു. സബ്രംഗ് എന്നു വിളിപ്പേരുണ്ടായിരുന്ന അദ്ദേഹം വിളികേൾക്കുകയും ചെയ്തു. മഴവില്ല് എന്ന അർഥമാണ് സബ്രംഗിന്. സ്വരങ്ങൾക്ക് ഏഴഴകു നൽകിയ മാന്ത്രികനായിരുന്നു ബഡേ ഗുലാം അലി ഖാൻ. മൂന്നു വ്യത്യസ്ത പാരന്പര്യങ്ങളെ (ദ്രുപദ്, ജെയ്പൂർ, ഗ്വാളിയോർ) തന്റെ പട്യാല-കസൂർ ശൈലിയിലേക്ക് അതിസുന്ദരമായി കൂട്ടിയിണക്കുകയായിരുന്നു അദ്ദേഹം.
ഹംസധ്വനിയും ഉസ്താദും
പതിനെട്ടാം നൂറ്റാണ്ടിൽ രാമസ്വാമി ദീക്ഷിതർ ഒരുക്കിയ രാഗമായ ഹംസധ്വനിയിൽ ഒട്ടേറെ കർണാടക സംഗീത കൃതികളുണ്ട്. വാതാപി ഗണപതിം പോലുള്ളവ ഏറെ ജനപ്രിയം. ചില വേളകളിൽ ഹിന്ദുസ്ഥാനി സംഗീതജ്ഞർ ഹംസധ്വനി പാടാറുണ്ട്. ബഡേ ഗുലാം അലി ഖാൻ അങ്ങനെ പാടിയ ഒരവസരം എടുത്തുപറയുന്നുണ്ട് എഴുത്തുകാരൻ രാമചന്ദ്ര ഗുഹ. ഖാൻ സാഹിബിന്റെ പഹാഡിയും ബിഹാഗും കേട്ടാണ് ശീലം. 1956ൽ ബംഗളൂരുവിൽ രാമ നവമി ഫെസ്റ്റിവൽ വേദിയിലാണ് ഗുലാം അലി ഖാൻ ഹംസധ്വനി പാടിയത്. ചാമരാജപേട്ട് ഫോർട്ട് ഹൈസ്കൂൾ ആയിരുന്നു വേദി.
ഇപ്പോൾ പാക്കിസ്ഥാനിലുള്ള പ്രദേശത്ത് ജനിച്ച, മുസ്ലിം ആയ ഇന്ത്യൻ സംഗീതജ്ഞൻ, സിഖ് മഹാരാജാക്കന്മാരുടെ അധികാരത്തിനു കീഴിൽ വളർന്ന ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഒരു ഘരാനയിലെ ഉസ്താദ്, ഹിന്ദു ദൈവമായ രാമന്റെ പേരിലുള്ള സംഗീതോത്സവം, അതിൽ കർണാട്ടിക് ശൈലി, ഹിന്ദു, മുസ്ലിം ഭരണാധികാരികൾ ഭരിച്ച ഒരു കോട്ടയുടെ പേരുള്ള സ്കൂളിലെ വേദി... എന്തെല്ലാം വൈവിധ്യങ്ങളിലൂടെയാണ് ആ കച്ചേരി കടന്നുപോയതെന്ന് രാമചന്ദ്ര ഗുഹ വിസ്മയിക്കുന്നു.
ഭാഷകൾ, മതങ്ങൾ, പ്രദേശങ്ങൾ, രാഷ്ട്രീയ ഭരണകൂടങ്ങൾ, സംഗീത പാരന്പര്യങ്ങൾ, വാസ്തുശില്പ ശൈലികൾ തുടങ്ങി ഒട്ടേറെ കാര്യങ്ങളെ ഗുലാം അലി ഖാന്റെ കച്ചേരി ഒരുമിച്ചു ചേർക്കുന്നു. അതിസുന്ദരമായ ആ സംഗീതശകലം ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തിനും ജനപഥത്തിനുമുള്ള തിളങ്ങുന്ന സ്നേഹാർച്ചനയാണെന്നാണ് രാമചന്ദ്ര ഗുഹയുടെ പക്ഷം.
ശ്രോതാക്കളുടെ ഗായകൻ
ശാസ്ത്രീയ സംഗീതത്തിന്റെ ഭംഗി ഇംപ്രൊവൈസേഷനിലാണെന്ന് അംഗീകരിച്ചിരുന്നു ബഡേ ഗുലാം അലി ഖാൻ. എന്നാൽ ദൈർഘ്യമേറിയ ആലാപുകൾ ശ്രോതാക്കൾക്ക് അത്ര ഇഷ്ടമാകില്ലെന്നും അദ്ദേഹം കരുതി. അതുകൊണ്ടുതന്നെ തന്റെ സംഗീതത്തെ ശ്രോതാക്കൾക്കു വേണ്ടിയുള്ളതാക്കി അദ്ദേഹം മാറ്റി. അഠാണ, ഭൂപാളി, ഹമീർ, ജയ്ജയ്വന്തി, ജോണ്പുരി തുടങ്ങിയ സങ്കീർണങ്ങളല്ലാത്ത രാഗങ്ങളിൽ അദ്ദേഹം തന്റെ ഒതുങ്ങിയ ശബ്ദത്തിൽ കൂടുതൽ വ്യാപരിക്കുകയും ചെയ്തു.
നവാബ് സഹീർ യാർ ജംഗിന്റെ ക്ഷണപ്രകാരം ദീർഘകാരം ഗുലാം അലി ഖാൻ താമസിച്ചത് ഹൈദരാബാദിലെ ബഷീർ ബാഗ് കൊട്ടാരത്തിലായിരുന്നു. അതിഗംഭീരമായ വാസ്തുശില്പഭംഗിയും സുന്ദരമായ ഉൾത്തളങ്ങളുമുണ്ടായിരുന്ന കൊട്ടാരം കാലക്രമേണ ക്ഷയിച്ചു. പക്ഷാഘാതം വന്ന് ക്ഷീണിതനായിരുന്നു ഉസ്താദ് അവസാന നാളുകളിൽ. ശരീരം തളർന്നിട്ടും ഏതാനും വർഷങ്ങൾ മകൻ മുനവ്വർ അലി ഖാന്റെ സഹായത്തോടെ കച്ചേരികൾ അവതരിപ്പിച്ചിരുന്നു. 1968 ഏപ്രിൽ 23ന് അദ്ദേഹം വിടപറഞ്ഞു.
പത്മഭൂഷണ്, സംഗീത നാടക അക്കാദമി അവാർഡ്, ഫെലോഷിപ് എന്നിവയാൽ സമ്മാനിതനായിരുട്ടുണ്ട് ഉസ്താദ് ബഡേ ഗുലാം അലി ഖാൻ. ബഷീർ ബാഗിലെ പ്രധാന തെരുവിന്റെ പേര് ഉസ്താദ് ബഡേ ഗുലാം അലി ഖാൻ മാർഗ് എന്നാണിപ്പോൾ. വഴികളും ലക്ഷ്യങ്ങളും സംഗീതമാകുന്പോൾ സബ്രംഗ് മനസുകളിൽ മഴവില്ലായി തെളിയും.
ഹരിപ്രസാദ്