സംഗീത സാന്ദ്രമാണ് ഹിമുന
Sunday, April 23, 2023 12:05 AM IST
ഹിമുന വീട്ടിലെ അമ്മയും സംഗീത അധ്യാപികയുമായ പി. ബി മോഹനകുമാരി നാൽപതിനായിരം വിദ്യാർഥികളെ സംഗീതം പരിശീലിപ്പിച്ചിട്ടുണ്ട്. മക്കൾ അറിയപ്പെടുന്ന ഗായകരായി മാറിയപ്പോഴും ടീച്ചർക്കു മുന്നിൽ ഇപ്പോഴും സരിഗമയുടെ ശ്രുതിമന്ത്രവുമായി ഒട്ടേറെ കുട്ടികളുണ്ട്
സംഗീതസാന്ദ്രമാണു മൂലമറ്റത്തെ ഹിമുന വീട്. അച്ഛനും അമ്മയും മക്കളും മരുമക്കളും ചേർന്നൊരു സംഗീതലോകം. സംഗീത അധ്യാപകരും ഗായകരും സാങ്കേതിക വിദഗ്ധരും ഒത്തുചേരുന്ന ഹിമുനയിൽ ഒരു സ്റ്റുഡിയോയുടെ പ്രതീതി.
ഹിമുനയിലെ അമ്മയും സംഗീത അധ്യാപികയുമായ പി. ബി. മോഹനകുമാരി ഇതേ വരെ നാൽപതിനായിരം വിദ്യാർഥികളെ സംഗീതം പരിശീലിപ്പിച്ചിട്ടുണ്ട്. മക്കൾ പ്രഫഷണൽ ഗായകരായി മാറിയപ്പോഴും ടീച്ചർക്കു മുന്നിൽ സരിഗമയുടെ ശ്രുതിമന്ത്രവുമായി ഒട്ടേറെ കുട്ടികളുണ്ട്.
തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽനിന്ന് ഗാനപ്രവീണ് കരസ്ഥമാക്കിയ മോഹനകുമാരി അറക്കുളം സെന്റ് തോമസ്, മൂലമറ്റം സെന്റ് ജോർജ് സ്കൂളുകളിൽ 36 വർഷം പാട്ട് ടീച്ചറായിരുന്നു.
സ്കൂൾ ജീവിതത്തിന് വിരാമമായെങ്കിലും ഹിമുനയിൽ ഇപ്പോഴും പാടിത്തെളിയാൻ കൊതിക്കുന്നവരുടെ തിരക്കാണ്. നേരം പുലരുന്പോൾ തുടങ്ങുന്ന പരിശീലനം രാവോളം നീളും. ടീച്ചറുടെ ശിഷ്യഗണങ്ങളിൽ അനവധിപ്പേർ സംഗീതലോകത്ത് സജീവമാണ്.
കോട്ടയം മറ്റക്കര സ്വദേശി കെ.ആർ രാഘവൻനായരും അമ്മയുടെ സഹോദരി ചെല്ലമ്മയുമാണ് സംഗീത ലോകത്തേക്ക് മോഹനകുമാരിയെ നയിച്ചത്. പിന്നീട് പ്രഫ. പാൽക്കുളങ്ങര അംബികാദേവിയുടെ ശിക്ഷണത്തിൽ പരിശീലനം നേടി. കാറ്ററിയില്ല , കടലറിയില്ല; അലയും തിരയുടെ വേദന ... ഇതാണ് മോഹനകുമാരിയുടെ ഇഷ്ടഗാനം.
മകൾ അശ്വതി വിജയനും മകൻ വി. അജിത്തും അറിയപ്പെടുന്ന ഗായകരാണ്. ഇരുവരുടെയും ആദ്യഗുരു അമ്മയായിരുന്നു. പിൽക്കാലത്ത് ചിറയ്ക്കൽ സന്തോഷ്, പ്രഫ. പാൽക്കുളങ്ങര അംബികാദേവി എന്നിവരുടെ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ചു.
അശ്വതി സിനിമാ ആലാപനത്തിലും ഏറെ പെരുമ നേടി. രാക്ഷസരാജാവ് എന്ന സിനിമയിൽ യേശുദാസിനും കെ.എസ്. ചിത്രയ്ക്കുമൊപ്പം സ്വപ്നം ത്യജിച്ചാൽ സ്വർഗം ലഭിക്കും, ദുഃഖം മറന്നാൽ ശാന്തി ലഭിക്കും... എന്ന ഗാനം ആലപിച്ചതോടെയാണ് അശ്വതിയുടെ പ്രതിഭ ആസ്വാദകർ അറിഞ്ഞത്.
പിന്നീട് ക്യാമൽ സഫാരി, മിഴി സിനിമകളിലും ഗായികയായി. എണ്ണൂറോളം ക്രിസ്തീയ ഭക്തിഗാനങ്ങൾ അശ്വതി വിജയൻ പാടിയിട്ടുണ്ട്. കലോത്സവ വേദികളിൽ ലളിതഗാനം ഉൾപ്പെടെ വിവിധ ഇനങ്ങളിൽ ജേതാവുമായിരുന്നു.
ഭർത്താവ് മെബിൻ മാവേലിക്കര സൗണ്ട് എൻജിനിയറും സംഗീതജ്ഞനുമാണ്. ഹിമുനയിലെ അച്ഛൻ മുൻ ട്രഷറി ഓഫീസർ പി.കെ. വിജയൻ സംഗീതജ്ഞനും പ്രമുഖ ഗിത്താർ വായനക്കാരനുമാണ്.
അശ്വതിയുടെ സഹോദരൻ വി.അജിത്ത് സൗണ്ട് എൻജിനിയറാണ്. അജിത്തിന്റെ ഭാര്യ ഹിമയും മകൻ നദാഷയും ഗായകരാണ്. മോഹനകുമാരിയുടെ സഹോദരൻ കലാമണ്ഡലം ബാലചന്ദ്രൻ പ്രമുഖ കഥകളി സംഗീതജ്ഞനാണ്. ഇദ്ദേഹത്തിന്റെ മകൻ ദേവിദാസ് ഹ്യൂമൻ എന്ന സിനിമയിൽ പാടിയിട്ടുണ്ട്.
സംഗീതം ഈ വീടിന് ഉപാസനയാണ്. ആത്മീയതപോലൊരു അനുഭവവുമാണ്. വരുമാനമോ പ്രശസ്തിയോ പ്രതീക്ഷിച്ചല്ല മോഹനകുമാരി പരിശീലനം നൽകുന്നത് . നിർധനരായ കുട്ടികളെ ടീച്ചർ ഫീസ് വാങ്ങാതെ പരിശീലിപ്പിക്കുന്നു. ഇത്തരമൊരു സേവനം പകരുന്ന ആത്മസംതൃപ്തി പറഞ്ഞറിയിക്കാനാവില്ലെന്ന് ടീച്ചർ പറയുന്നു. അറുപത്തിയാറാം വയസിലും പാട്ടുടീച്ചറുടെ ജൻമസിദ്ധമായ സ്വരമാധുരിക്ക് പതർച്ചയില്ല.
മൂലമറ്റത്തെ സംഗീത തറവാട്ടിലേക്ക് കടന്നുചെല്ലുന്പോൾ വാതിൽപടിയിൽ കുറിച്ചിരിക്കുന്ന ഹിമുന എന്ന വീട്ടുപേരിന്റെ അർഥവും പൊരുളും ആരും മറക്കില്ല. ഹിന്ദു, മുസ്ലീം, നസ്രാണി ചുരുക്കപ്പേരാണ് ഹിമുന. മതസൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്തായ പാഠങ്ങൾ പകർന്നുനൽകുന്ന ഹിമുനയിൽ മുഴങ്ങുന്നത് സംഗീതത്തിന്റെ മാത്രമല്ല, വാത്സല്യത്തിന്റെയും താളവും ഈണവുമാണ്.
ജോയി കിഴക്കേൽ