സരയു തിരക്കിലാണ്
Saturday, April 29, 2023 11:00 PM IST
മിനി സ്ക്രീനിൽനിന്ന് വെള്ളിവെളിച്ചത്തിലെത്തിയ സരയു മോഹന്റെ പുതിയ ചിത്രമാണ് ഉപ്പുമാവ്. ശ്യാം ശിവരാജൻ കഥയെഴുതി സംവിധാനം ചെയ്ത ഈ സിനിമ ഇക്കഴിഞ്ഞ ദിവസമാണ് തിയറ്ററിലെത്തിയത്. ചക്കരമുത്ത് എന്ന സിനിമയിൽ ചെറിയ വേഷത്തിലായിരുന്നു അരങ്ങേറ്റം. രമേശ് പിഷാരടി ആദ്യം നായകനായ കപ്പൽ മുതലാളി എന്ന ചിത്രത്തിൽ സരയു നായികയായി.
സിനിമയിലെത്തുന്നതിനു മുന്‍പ് സീരിയൽ രംഗത്തായിരുന്നു സരയു. വേളാങ്കണ്ണി മാതാവാണ് ആദ്യ സീരിയൽ. ആൽബങ്ങളിലും വേഷമിട്ടിട്ടുണ്ട്. ടെലിവിഷൻ അവതാരകയായായും നർത്തകിയായും മികവ് തെളിയിച്ചു. പച്ച എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്തു.
സിനിമയിലെ ഇടവേള
മുൻകൂട്ടി തീരുമാനിച്ചല്ല സിനിമകളിൽ ഇടവേളകൾ വരുന്നത്. മനഃപൂർവം ഇടവേളയെടുത്തിട്ടില്ല. എല്ലാം ഒത്തുവരുന്ന സിനിമകൾ ഇടവേളകളിലാണ് സംഭവിക്കുന്നതെന്നു മാത്രം.
വിവാഹശേഷവും സ്ക്രീനിൽ
വിവാഹശേഷം സിനിമയിൽ തുടരുകയെന്നതു പേഴ്സണൽ ചോയ്സാണ്. ഏതു കരിയറാണെങ്കിലും വിവാഹശേഷവും അതിൽ തുടരുക വ്യക്തിപരമായ താത്പര്യം മാത്രമാണ്. ഞാൻ വിവാഹം കഴിച്ചത് എന്റെ ബെസ്റ്റ് ഫ്രണ്ടിനെ തന്നെയായിരുന്നു. അദ്ദേഹവും സിനിമയിൽതന്നെ ജോലി ചെയ്യുന്നതിനാൽ വിവാഹശേഷം ജീവിതത്തിൽ മാറ്റമൊന്നും സംഭവിച്ചില്ല. വിവാഹത്തിന് ഒരാഴ്ചയ്ക്കു ശേഷം ഞാൻ പുതിയ സിനിമയുടെ ഷൂട്ടിംഗിനു പോയിത്തുടങ്ങി.
ഭർത്താവും സിനിമയിൽ
ഭർത്താവ് സനൽ വി. ദേവൻ അസോസിയേറ്റ് ഡയറക്ടറായിരുന്നു. ഇപ്പോൾ കുഞ്ഞമ്മണീസ് ഹോസ്പിറ്റൽ എന്ന ചിത്രം സംവിധാനം ചെയ്തു. ആ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ഇന്ദ്രജിത്, പ്രകാശ് രാജ്, ബാബുരാജ്, നൈല ഉഷ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ഞാനും ഈ സിനിമയിൽ പ്രധാനപ്പെട്ട വേഷം ചെയ്യുന്നുണ്ട്. വർഷം എന്നൊരു സിനിമയുടെ പ്രവർത്തനത്തിനിടെയാണ് സനലുമായി പരിചയത്തിലായത്. കുഞ്ഞമ്മണീസ് ഹോസ്പിറ്റലിനു പുറമെ ത്രയം, നമുക്ക് കോടതിയിൽ കാണാം എന്നീ സിനിമകൾ അടുത്ത മാസം തിയറ്ററുകളിലെത്തും.
സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയയിൽ അത്ര സജീവമാണെന്നു പറയാനാകില്ല. വിശ്രമ സമയങ്ങളിൽ സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ പോസ്്റ്റ് ചെയ്യുന്നു, റീലുകൾ ചെയ്യുന്നു എന്നേയുള്ളു. എല്ലാറ്റിനും അതിന്റേതായ ഗുണദോഷങ്ങളുണ്ട് എന്നു പറയുന്നതുപോലെ സോഷ്യൽ മീഡിയയ്ക്കും നല്ലതും മോശവുമുണ്ട്. സോഷ്യൽ മീഡിയ ഇക്കാലത്ത് പലരുടെയും വരുമാനമാർഗം കൂടിയാണ്. ഏറെപ്പേർക്കും സഹായകമായ ഒരു പ്ലാറ്റ്ഫോമായതിനാൽ അതിനെ തള്ളിക്കളയാനാകില്ല. പക്ഷേ, മുഖമില്ലാത്ത ഒരുപാട് ആളുകളുള്ള ഇടം കൂടിയാണിത്. അത്തരക്കാരുടെ അഭിപ്രായങ്ങൾക്ക് ഞാൻ വിലകൊടുക്കാറില്ല.
വൈറൽ കുറിപ്പ്
സോഷ്യൽ മീഡിയയിൽ ഞാനിട്ട ആ കുറിപ്പ് എനിക്കു പരിചയമുള്ളയാളുടെ ജീവിതത്തെക്കുറിച്ചായിരുന്നു. പരാമർശിച്ചയാൾ വലിയ കഠിനാധ്വാനിയാണ്. മകളെ പഠിപ്പിച്ചു, ജോലി നേടിക്കൊടുത്തു. ഇഷ്ടപ്പെട്ടയാൾക്ക് വിവാഹം ചെയ്തുകൊടുത്തു. കല്യാണം ആഡംബരമായി നടത്തണമെന്ന്് അവൾ നിർബന്ധം പിടിച്ചതോടെ ആ അച്ഛൻ ബുദ്ധിമുട്ടുന്നതു കണ്ടപ്പോൾ എനിക്കത് സഹിക്കാൻ വയ്യാതായി. അതു ഞാൻ എപ്പോഴും പെണ്‍കുട്ടികളോടു പറയുന്ന കാര്യമാണ്.
കല്യാണം ആഘോഷമായി നടത്തുന്നത് മോശം കാര്യമൊന്നുമല്ല. പണമുണ്ടെങ്കിൽ ചെലവഴിക്കാം. പക്ഷേ, അതില്ലെങ്കിൽ വിവാഹം ആഡംബരമായി നടത്തിക്കൊടുക്കണമെന്നു നിർബന്ധം പിടിക്കുന്പോൾ ഏറെ കഷ്ടപ്പെടുന്ന നിരവധി മാതാപിതാക്കൾ ഇവിടെയുണ്ട്. അതുകൊണ്ടാണ് പെണ്‍കുട്ടികളോട് ജോലി നേടി പണമുണ്ടാക്കിയ ശേഷം മതി വിവാഹം എന്നു തുടങ്ങുന്ന കുറിപ്പിട്ടത്.
കുടുംബം
വീട്ടിൽ അമ്മയും ഞാനും ഭർത്താവുമാണുള്ളത്. അച്ഛൻ മോഹൻ മരിച്ചു. അമ്മ ചന്ദ്രിക. ചോറ്റാനിക്കരയാണ് വീട്. ഭർത്താവിന്റെ വീട് പാലക്കാട്്. ഇപ്പോൾ എറണാകുളത്താണ് താമസം.
പ്രദീപ് ഗോപി,/b>