മണിപ്പുർ: വിഭജന രാഷ്ട്രീയത്തിന്റെ ഇര
Saturday, June 10, 2023 11:30 PM IST
ഭരണഘടനാ സംവിധാനങ്ങളുടെ സമ്പൂർണ പരാജയമാണ് മണിപ്പുരിൽ സംഭവിച്ചിരിക്കുന്നതെന്ന് ഇംഫാൽ അതിരൂപത വികാരി ജനറാൾ ഫാ. വർഗീസ് വേലിക്കകത്ത് ദീപിക ചീഫ് ന്യൂസ് എഡിറ്റർ സി.കെ.കുര്യാച്ചനു നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു.
ക്രൈസ്തവ ഉന്മൂലനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന തീവ്രവാദികൾക്ക് സംസ്ഥാന സർക്കാർ എല്ലാവിധ ഒത്താശയും ചെയ്തുകൊടുക്കുന്നു. അവരെ കേന്ദ്ര സർക്കാർ സംരക്ഷിക്കുന്നു. പ്രധാനമന്ത്രി ഒരക്ഷരം ഉരിയാടിയിട്ടില്ല. ഒരുമാസം കഴിഞ്ഞിട്ടും അക്രമങ്ങൾക്കു ശമനമില്ല. 40,000 പേർ ഇപ്പോഴും അഭയാർഥികളായി ക്യാമ്പുകളിൽ കഴിയുന്നു. തന്ത്രപ്രധാനമായ അതിർത്തി സംസ്ഥാനത്തുണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതി
ൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാട്ടുന്ന അലംഭാവം അതീവ ഗൗരവതരമാണെന്നും ഫാ. വർഗീസ് ചൂണ്ടിക്കാട്ടി.
മുന്നൂറോളം ക്രൈസ്തവ ദേവാലയങ്ങളാണ് തകർത്തത്. സ്കൂളുകളും സ്ഥാപനങ്ങളും നൂറുകണക്കിനു വീടുകളും തകർത്തു. തകർത്തവയിൽ 249 ദേവാലയങ്ങൾ മെയ്തെയ് ക്രൈസ്തവരുടെയാണ്. അവയെല്ലാംതന്നെ ഇംഫാൽ താഴ്വയിലുള്ളതാണ്.
ഭരണകൂടത്തിന്റെ ഒത്താശയോടെ മെയ്തെയ് തീവ്രവാദി ഗ്രൂപ്പുകളിൽപ്പെട്ടവർക്ക് ക്രൈസ്തവവേട്ട നടത്താൻ അവസരമൊരുക്കിയതിന്റെ തെളിവുകൾ നിരവധിയുണ്ട്. എന്നാൽ ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള കലാപമാണെന്നു വരുത്തിത്തീർക്കുകയാണ് സർക്കാർ. ഇന്റർനെറ്റ് നിരോധനംമൂലം മണിപ്പുരിലെ കലാപത്തിന്റെ യഥാർഥ വസ്തുതകൾ പുറംലോകം അറിയാതെപോവുകയാണ്.
മണിപ്പുർ നിയമസഭയിലെ 60 എംഎൽഎമാരിൽ 40 പേരും താഴ്വരയിലുള്ളവരാണ്. അതിനാൽത്തന്നെ മലനിരകളിൽ കഴിയുന്ന ഗോത്രവിഭാഗങ്ങൾക്ക് അർഹതപ്പെട്ട വികസനം ഒരിക്കലും കിട്ടുന്നില്ല. വിദ്യാഭ്യാസം, ആരോഗ്യം, സ്പോർട്സ് തുടങ്ങിയ മേഖലകളിലെ സ്ഥാപനങ്ങളെല്ലാം താഴ്വരയിലാണ്. അതിനാലാണ് മലനിരകളിലെ ഗോത്രവിഭാഗങ്ങൾ താഴ്വരയിൽ താമസത്തിനു വരുന്നത്.
അസമത്വത്തിന്റെ കണക്ക് ഞെട്ടിക്കുന്നതാണ്. എംഎൽഎയായിരിക്കെ ആൽഫ്രഡ് ആർതർ നിയമസഭയിൽ പറഞ്ഞതു പ്രകാരം 2017-18ൽ സർക്കാർ ചെലവഴിച്ച 5000 കോടി രൂപയിൽ 4892 കോടിയും താഴ്വരയിലാണ് ചെലവഴിച്ചത്. 108 കോടി രൂപ മാത്രമാണ് മലനിരകളിലേക്കെത്തിയത്.
2018-19ൽ 4900 കോടി രൂപയിൽ 4750 കോടിയും താഴ്വരയിൽ ചെലവഴിച്ചപ്പോൾ മലനിരകൾക്കു കിട്ടിയത് 150 കോടി. 2019-20ൽ 5000 കോടിയിൽ 120 കോടി മാത്രമേ മലനിരകളിലെ വികസനത്തിന് ലഭ്യമാക്കിയുള്ളൂ. 2020-21ൽ ഈ അന്തരം ഏറ്റവും രൂക്ഷമായി. 7000 കോടി രൂപ ചെലവഴിച്ചപ്പോൾ 41 കോടി രൂപമാത്രമാണ് മലനിരകൾക്കു മാറ്റിവച്ചത്. 6959 കോടിയും ഇംഫാൽ താഴ്വരയിലാണ് സർക്കാർ ചെലവഴിച്ചത്.
ഇത്തരത്തിൽ മണിപ്പുർ ജനതയിൽ കടുത്ത വിഭജനം സൃഷ്ടിക്കുന്നതിലും ഗോത്രങ്ങൾ തമ്മിൽ ഭിന്നത രൂക്ഷമാക്കുന്നതിനും ഭരണകൂടംതന്നെ ബോധപൂർവം ശ്രമിക്കുന്നുവെന്നത് അതീവ ഗൗരവതരമാണ്.
കഞ്ചാവും കറപ്പും കൃഷിചെയ്യുന്നവരെന്നും അനധികൃത കുടിയേറ്റക്കാരെന്നും ആക്ഷേപിച്ച് കുക്കി വിഭാഗത്തെ അടിച്ചമർത്താനും വനനിയമങ്ങളുടെ പേരിൽ ഭീഷണിപ്പെടുത്താനും സർക്കാർ ശ്രമിക്കുന്നതും പ്രകോപനങ്ങൾക്കു കാരണമാണ്. മണിപ്പുർ ജനതയ്ക്ക് രാജ്യത്തിന്റെ എല്ലാഭാഗത്തുനിന്നുമുള്ള പിന്തുണയും സഹായവുമാണ് അടിയന്തരമായി വേണ്ടതെന്നും ഫാ. വർഗീസ് പറഞ്ഞു.
ഫാ. വർഗീസ് വേലിക്കകത്ത്