ഓർമകൾപോലും കൈകൂപ്പി നിൽക്കുന്നു, ആ നാദത്തിനു മുന്നിൽ. സമാനതകളില്ലാത്ത ഒരനുഭവത്തിന്റെ പേരാണ് മെഹ്ദി ഹസൻ. രാജ്യങ്ങളുടെ അതിരുകൾ മായ്ച്ചുകളഞ്ഞ സംഗീത പ്രവാഹം. ഗസലുകളുടെ ചക്രവർത്തിയെന്നറിയപ്പെട്ട അദ്ദേഹത്തിന്റെ തൊണ്ണൂറ്റിയാറാം ജന്മവാർഷികമാണ് വരുന്ന ചൊവ്വാഴ്ച.
എങ്ങനെയെങ്കിലും ജീവിക്കാനുള്ള വഴി കണ്ടെത്തണമെന്ന ഒരവസ്ഥവരും മിക്കവരുടെയും ജീവിതത്തിൽ., എപ്പോഴെങ്കിലുമൊരിക്കൽ. അതു മറ്റു കഴിവുകളില്ലാഞ്ഞിട്ടല്ല. മറിച്ച് അവസരങ്ങൾക്കുമേൽ നിർഭാഗ്യത്തിന്റെ കാർമേഘം മൂടിയിട്ടാവാം. അങ്ങനെയൊരാൾ തന്റെ ഇരുപതുകളിൽ കുടുംബത്തെ ചേർത്തുപിടിക്കാൻ സൈക്കിൾ റിപ്പയർചെയ്യുന്ന ഷോപ്പിൽ ജോലിക്കുപോയി.
പിന്നീടയാൾ കാർ മെക്കാനിക്കും ട്രാക്ടർ മെക്കാനിക്കുമായി. ഈ ജോലികളൊന്നും കുറഞ്ഞതെന്നല്ല, പക്ഷേ ആ യുവാവിൽ തീവ്രമായ മറ്റൊരഭിനിവേശമുണ്ടായിരുന്നു- സംഗീതം. അയാളൊരിക്കലും റിയാസ് (സാധകം) മുടക്കിയിരുന്നില്ല. പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് റേഡിയോയിലൂടെ ആ യുവാവിന്റെ കഴിവുകൾ ലോകം കേട്ടത്. അയാളുടെ പേര് മെഹ്ദി ഹസൻ എന്നായിരുന്നു.
അതിർത്തിക്കപ്പുറം...
വിഭജനകാലത്ത് രാജസ്ഥാനിൽനിന്ന് കുടുംബത്തോടൊപ്പം പാക്കിസ്ഥാനിലേക്കു കുടിയേറുന്പോൾ മെഹ്ദി ഹസന് ഇരുപതു വയസ്. രാജകുടുംബാംഗങ്ങളെയും പ്രഭുകുടുംബാംഗങ്ങളെയും സംഗീതമഭ്യസിപ്പിച്ചിരുന്ന "കലാവന്തി' എന്നറിയപ്പെട്ടിരുന്ന സംഗീതജ്ഞരുടെ കുടുംബത്തിലെ പതിനാറാം തലമുറയിൽപ്പെട്ടയാളാണ് മെഹ്ദി ഹസൻ. 1927ൽ രാജസ്ഥാനിലെ ലൂണാ എന്ന ഗ്രാമത്തിലായിരുന്നു ജനനം. സന്പന്നമായ സംഗീതപാരന്പര്യത്തിലൂടെയായിരുന്നു ബാല്യത്തിലെ സഞ്ചാരം.
ആറാം വയസിൽ സംഗീതം അഭ്യസിച്ചുതുടങ്ങി. ദ്രുപദ് ശൈലിയിലെ മികവുറ്റ സംഗീതജ്ഞനായിരുന്ന സ്വന്തം പിതാവായിരുന്നു പ്രധാന വഴികാട്ടി. ഉസ്താദ് ഇസ്മയിൽ ഖാനു കീഴിലും അഭ്യസിച്ചു. തുംരി, ദ്രുപദ്, ഖയാൽ, ദാദ്ര എന്നിങ്ങനെ വിവിധ ശൈലികളോടു കൂട്ടായി. എട്ടാം വയസിൽ ജയ്പുർ രാജസദസിൽവച്ച് ആദ്യ കച്ചേരി. പിന്നീടദ്ദേഹം കൊട്ടാരത്തിലെ ആസ്ഥാന സംഗീതകാരനായി.
അങ്ങനെയിരിക്കെയാണ് വിഭജനവും കുടിയേറ്റവും. പാക്കിസ്ഥാനിലെ ആദ്യ കാലഘട്ടത്തിലാണ് കഠിനമായ സാന്പത്തികപ്രയാസങ്ങളിലൂടെ കടന്നുപോയതും തുടക്കത്തിൽ കണ്ട ജോലികൾ ജീവിതമാർഗമാക്കിയതും. എന്നിരിക്കിലും തന്റെ രക്തത്തിൽ അലിഞ്ഞ സംഗീതത്തെ പൊടിയാൻ അനുവദിച്ചില്ല. റേഡിയോ പാക്കിസ്ഥാനിൽ അവസരംകിട്ടിയതോടെ അദ്ദേഹത്തിന്റെ സ്വരം ലോകം കേട്ടുതുടങ്ങി. ജീവിതം പതിയെ അതിന്റെ താളം വീണ്ടെടുക്കാനും തുടങ്ങി.
ഇതുവരെ കേട്ടത്...
തുംരിയും ഗസലുകളുമാണ് റേഡിയോ പാക്കിസ്ഥാനിലൂടെ മെഹ്ദി ഹസൻ കേൾപ്പിച്ചത്. വളരെച്ചുരുങ്ങിയ കാലംകൊണ്ട് പാക്കിസ്ഥാനിൽ ജനപ്രീതിയും അംഗീകാരവും നേടാനായി. എണ്ണപ്പെട്ട സംഗീതകാരന്മാരിൽ ഒരാളായി പേരെടുക്കാനും കഴിഞ്ഞു. അക്കാലത്തെ പ്രമുഖരായ ഉസ്താദ് ബർക്കത് അലി ഖാൻ, ബീഗം അക്തർ, മുഖ്താർ ബീഗം എന്നിവരുടെ കാലത്ത് അവർക്കൊപ്പം തിളങ്ങിയ മെഹ്ദി ഹസൻ പിന്നീട് ഗസലുകളുടെ ചക്രവർത്തിയായി.
രഞ്ജിഷ് ഹി സഹീ, പട്ട പട്ട ബൂട്ട ബൂട്ട, കബ് കേ ബെചാരേ, ആപ് കീ ആംഖോം നേ, മൊഹബത് കർനേ വാലേ, തേരേ മേരേ പ്യാർ... നിത്യഹരിതമായ ഗസൽപ്രവാഹം. അതു ഹൃദയങ്ങളിൽനിന്നു ഹൃദയങ്ങളിലേക്കു പടർന്നൊഴുകി...
ബുൾബുൾ നേ ഗുൾ സേ, ഗുൾ നേ ബഹാരോം സേ കെഹ് ദിയാ
ഇക് ചൗദവീ കൈ ചാന്ദ് നേ താരോം സേ കെഹ് ദിയാ...
ദുനിയാ കിസീ കേ പ്യാർ മേ ജന്നത് സേ കം നഹീ...
ആരോടെങ്കിലുമുള്ള സ്നേഹത്താൽ ഭൂമി സ്വർഗസമാനമാകുന്നു... (ഗസലുകളാലും!)
പാക്ക് സിനിമകളിലും മെഹ്ദി ഹസന്റെ പാട്ടുകൾ തരംഗമായി. അദ്ദേഹത്തിന്റെ ഗാനങ്ങൾ അക്കാലത്ത് ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമായി. അഹമ്മദ് റുഷ്ദിയോടൊപ്പം ഏറെക്കാലം പാക്ക് സിനിമാ ഗാനരംഗം അദ്ദേഹം അടക്കി ഭരിച്ചു. അപ്പോഴും റേഡിയോയോടുള്ള പ്രിയം മെഹ്ദി കൈവിട്ടില്ല. ആഴ്ചയിൽ ഏഴു പാട്ടുകൾ വരെ റേഡിയോയ്ക്കു വേണ്ടി പാടുമായിരുന്നു. ഒപ്പം സ്റ്റേജ് പരിപാടികളും അവതരിപ്പിച്ചു.
അറുപതുകളിൽ ഗസലുകളുമായി അദ്ദേഹം ലോകപര്യടനത്തിനു തുടക്കമിട്ടു. ഏഷ്യൻ രാജ്യങ്ങളിലെല്ലാം ആരാധകർ അദ്ദേഹത്തെ ഹർഷാരവത്തോടെ എതിരേറ്റു. ഇന്ത്യയും പ്രിയപുത്രന്റെ സംഗീതത്തെ സ്നേഹാദരപൂർവമാണ് സ്വീകരിച്ചത്.
കേരളത്തിൽ
രണ്ടായിരാമാണ്ടിൽ കോഴിക്കോട്ട് അദ്ദേഹത്തിന്റെ അവസാന ആലാപനസന്ധ്യ അരങ്ങേറി. ടാഗോർ സെന്റിനറി ഹാളിൽ തടിച്ചുകൂടിയ ശ്രോതാക്കളെ സംഗീതത്താൽ ഭൂമിയിലെ സ്വർഗഗോപുരങ്ങൾ കാണിച്ചശേഷമാണ് അദ്ദേഹം ഹാർമോണിയപ്പെട്ടി അടച്ചത്. ഗസലിന് ഈ നാട്ടിൽ ഇത്രയധികം ആരാധകരോ എന്ന് ഒരു സ്വകാര്യ സംഭാഷണത്തിൽ അദ്ദേഹം വിസ്മയിക്കുകയും ചെയ്തു.
രോഗാവസ്ഥകളാൽ ദുരിതത്തിലായിരുന്നു അദ്ദേഹത്തിന്റെ അവസാനകാലം. എണ്പതുകളുടെ ഒടുക്കം സിനിമയിൽ പാടുന്നതു നിർത്തി. രോഗം മൂർച്ഛിച്ചതിനാൽ മറ്റു സംഗീതപരിപാടികളിൽനിന്നും പൂർണമായും പിൻവാങ്ങി. കറാച്ചിയിലെ ആശുപത്രിമുറിയിൽ വർഷങ്ങളോളം അദ്ദേഹം ചികിത്സയിൽ കഴിഞ്ഞു. ആശുപത്രിച്ചെലവുകൾ പോലും താങ്ങാൻ കഴിയാതെ കുടുംബം കണ്ണീരണിഞ്ഞു.
കേരളത്തിൽ വന്നുമടങ്ങി എട്ടുവർഷങ്ങൾക്കുശേഷം ഇന്ത്യയിലേക്ക് യാത്ര ആലോചിച്ചിരുന്നു. മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതു മുടങ്ങി. ലതാ മങ്കേഷ്കർ, അമിതാഭ് ബച്ചൻ, ദിലീപ് കുമാർ തുങ്ങിയവരെ കാണണമെന്നത് വലിയ ആഗ്രഹമായിരുന്നു. നടന്നില്ല. 2012 ജൂണ് 13ന് 84-ാം വയസിൽ അദ്ദേഹം വിടവാങ്ങി.
ഒട്ടേറെ ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയിരുന്നെങ്കിലും കോടിക്കണക്കിനു വരുന്ന ആരാധകരുടെ ഹൃദയങ്ങളിലെ സിംഹാസനമാകും ഏറ്റവും വലുത്!..
ഹരിപ്രസാദ്