പോകാം ഊട്ടിയിലേക്ക്, പൈതൃകവണ്ടിയിൽ
Sunday, July 30, 2023 1:07 AM IST
നാല് ചെറിയ ബോഗികൾ മാത്രമുള്ള കളിവണ്ടിപോലൊരു തീവണ്ടി. ഊട്ടിയിലെത്തുന്ന സഞ്ചാരികളാണ് ഈ ട്രെയിനിലെ ഏറെ യാത്രക്കാരും.
സഹ്യസാനു താഴ്വരകളിലൂടെ മേട്ടുപ്പാളയമെത്തുന്പോൾ പുതിയ യാത്രാനുഭവം പകരാൻ ഒരു വിസ്മയ ട്രെയിനാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. 115 വർഷമായി ഓട്ടം തുടരുന്നതും 2005 ൽ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയതുമായ ടോയ് ട്രെയിൻ സർവീസ്. ഏറെ പ്രത്യേകതകളും കൗതുകങ്ങളുമുണ്ട് ഈ തീവണ്ടിക്കും ഇതിലെ യാത്രയ്ക്കും.
മേട്ടുപ്പാളയത്തുനിന്ന് നീലഗിരിയെ തഴുകി ഉൗട്ടിക്കു സമീപം ഉദഗമണ്ഡലം വരെ 45.88 കിലോ മീറ്റർ ദൈർഘ്യമുള്ള മീറ്റർ ഗേജ് സിംഗിൾ ട്രാക്ക് റെയിൽവെ അഥവാ നീലഗിരി മൗണ്ടൻ റെയിൽവെ. അതിവേഗ തീവണ്ടികളുടെ ഇക്കാലത്തും പുകതുപ്പി ചൂളംവിളിച്ചു കിതച്ചുനീങ്ങുന്ന ആവി എഞ്ചിനിലാണ് ഈ ട്രെയിൽ ഓടുന്നത്. നാല് ചെറിയ ബോഗികൾ മാത്രമുള്ള കളിവണ്ടിപോലൊരു തീവണ്ടി.
ഉൗട്ടിയിലെത്തുന്ന വിനോദസഞ്ചാരികളാണ് ഈ ട്രെയിനിലെ ഏറെ യാത്രക്കാരും. കിലുക്കം തുടങ്ങി പല സിനിമകളിലും മലയാളികൾ ഈ ട്രെയിൻ കണ്ടിട്ടുണ്ടാകും.
മേട്ടുപ്പാളയം മുതൽ ഉൗട്ടി വരെ 16 തുരങ്കങ്ങളും നിരവധി പാലങ്ങളും നൂറിലധികം വളവുകളുമുണ്ട്. ഇത്രയും ദൂരം സഞ്ചരിക്കാൻ വേണ്ടതു നാലു മണിക്കൂർ 45 മിനിറ്റ്. രാജ്യത്തെ അതിവേഗ വണ്ടികൾ മൂന്നോ നാലോ മിനിറ്റുകൾക്കുള്ളിൽ ഓടുന്ന ദൂരം. ഈട്ടിയുടെ പഴമയുടെ അടയാളമായ തീവണ്ടിയുടെ ശരാശരി വേഗം മണിക്കൂറിൽ പത്തു കിലോമീറ്റർ.
പ്രകൃതിയെ ആവോളം ആസ്വദിക്കാനാകും വിധമാണ് ഈ പാതയുടെ സംവിധാനം. മേട്ടുപ്പാളയത്തും കൂനൂരും ഈ ട്രെയിനിന് യാർഡും വർക് ഷോപ്പുമുണ്ട്. എല്ലാ സ്റ്റേഷനുകളിലും പെട്രോൾ പന്പുകൾ പോലെ സ്റ്റിം എഞ്ചിനിൽ ഒഴിക്കാനുള്ള വെള്ളം നിറച്ച സംഭരണികളുമുണ്ട്.
ഒരു ട്രെയിൻ മാത്രമാണ് മേട്ടുപ്പാളയം മുതൽ ഉൗട്ടിവരെ ദിവസം ഒരു സർവീസ് നടത്തുന്നത്. എന്നാൽ കൂനൂരിൽ നിന്ന് ഉൗട്ടിയിലേക്കും തിരിച്ചും പല ട്രെയിനുകളുണ്ട്. അവ ഡീസൽ എഞ്ചിനിൽ ഓടുന്ന മീറ്റർഗേജ് ട്രെയിനുകളാണെന്നു മാത്രം. എന്നാൽ നിലഗിരിയുടെ സൗന്ദര്യം ആസ്വദിക്കണമെന്നുള്ളവർ ഒരു ദിവസം നീളുന്ന യാത്രയ്ക്കുതന്നെ സമയം കണ്ടെത്തണം. ഈ യാത്രക്ക് മൂന്ന് മാസങ്ങൾക്കു മുൻപേ ടിക്കറ്റ് റിസർവ്വ് ചെയ്താലെ യാത്ര തരപ്പെടൂ.
കോയന്പത്തൂരിൽ നിന്നുള്ള ബ്രോഡ്ഗേജ് മേട്ടുപ്പാളയത്ത് അവസാനിക്കുന്നതോടെ അവിടെനിന്ന് മീറ്റർ ഗേജ് ആരംഭിക്കും. ഈ യാത്രയിൽ കേരളത്തിൽ നിന്ന് കിഴക്കോട്ടൊഴുകുന്ന ഭവാനിപ്പുഴയും കടന്ന് കല്ലാറിൽ എത്തുന്പോഴാണ് ആദ്യ സ്റ്റേഷൻ.
ഇവിടെ നിന്ന് റാക് റെയിൽ സർവീസ് തുടങ്ങും. അഡോർളിയും ഹിൽഗ്രേവും റണ്ണിമേടും കതേരി റോഡും കടന്ന് കുന്നൂർ എത്തുന്നതുവരെ റാക് റെയിലാണ്. ഈ 28 കിലോമീറ്റർ പിന്നിടുന്നതോടെ സമുദ്രനിരപ്പിൽനിന്ന് 1069 അടി ഉയരമുള്ള മേട്ടുപ്പാളയത്തുനിന്ന് 5616 അടി ഉയരമുള്ള കുനൂരിലെ കാഴ്ചകൾ വലിയ അനുഭവമാണ് സമ്മാനിക്കുക.
കല്ലാർ മുതൽ എല്ലാ സ്റ്റേഷനുകളിൽ നിന്ന് സ്റ്റിം എഞ്ചിനിൽ വെള്ളം നിറയ്ക്കുന്നത് യാത്രക്കാർക്ക് പുതിയൊരു അനുഭവമാണ്. പാറയിടുക്കുകളും പാറ തുരന്നുള്ള തുരങ്കങ്ങളും പാലങ്ങളും കൊക്കകളും മലനിരകളും മൊട്ടക്കുന്നുകളും തേയിലത്തോട്ടങ്ങളും പൈൻ മരങ്ങളും കണ്ണിനും കരളിനും കുളിർമയേകും. മൂടൽമഞ്ഞും വെള്ളച്ചാട്ടങ്ങളും ദ്യശ്യവിരുന്നുകളാണ്.
റെയിൽവെ സ്റ്റേഷനുകളിൽ ഇറങ്ങിനിന്ന് പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനും ചിത്രങ്ങൾ പകർത്തുന്നതിനും സമയം അനുവദിക്കും. ടോയ് ട്രെയിനിൽ ടോയ്ലറ്റ് സൗകര്യമില്ലെങ്കിലും സ്റ്റേഷനുകളിൽ വൃത്തിയും വെടിപ്പുമുള്ള ശൗചാലയങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. കൂനൂരിൽ ഒഴികെ ഭക്ഷണം ലഭ്യമല്ലാത്തതിനാൽ ഭക്ഷണവും വെള്ളവും കരുതിവേണം യാത്ര.
ബ്രിട്ടീഷുകാർ താഴ്വാരത്തിലെ ചൂടിൽനിന്നും കുളിരാസ്വദിക്കാനും ഒഴിവുകാല യാത്ര ഒരുക്കുന്നതിനുമായി 1854ൽ തുടക്കമിട്ടതാണ് നീലഗിരി മൗണ്ടൻ റെയിൽവേ. 1899 ൽ മേട്ടുപ്പാളയം മുതൽ കൂനൂർ വരെ പാത പൂർത്തിയാക്കി. 1908ലാണ് ഉൗട്ടിവരെ പൂർത്തീകരിച്ചത്. ടോയ് ട്രെയിന്റെ ഓരോ ബോഗിയിലും ഗാർഡ് കൊടിയുമായി സ്ഥാനം പിടിച്ചിരിക്കുന്നു.
സ്റ്റേഷനുകളിൽ ബോഗികൾ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത് ഗാർഡുകളാണ്. വിനോദസഞ്ചാര പ്രധാനമായതിനാൽ ജീവനക്കാരുടെ ഹൃദ്യമായ പെരുമാറ്റം ടോയ് ട്രെയിൻയാത്ര അവിസ്മരണീയമാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഈ ട്രെയിനിന്റെ ഒരു യാത്രയിൽ 250 യാത്രക്കാർക്ക് മാത്രമേ ഇടമുള്ളൂ. നൂറ്റാണ്ടിലധികം പഴക്കമുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് തുടങ്ങിയ യാത്രാ പദ്ധതി ഇക്കാലത്തും നിലനിർത്താനാവുന്നു എന്നത് വിസ്മയംതന്നെ.
കേരളത്തിൽ വയനാട്, ഇടുക്കി മലയോരജില്ലകൾ ഇക്കാലത്തും റെയിൽവേ ഭൂപടത്തിൽ ഇടംപിടിക്കാതെ നിൽക്കുന്പോഴാണ് സാങ്കേതികവിദ്യ പരിമിതമായിരുന്ന കാലത്ത് 4500 ൽ അധികം അടി ഉയരത്തിലേയ്ക്കുള്ള റെയിൽ പാത നിർമിക്കാൻ സാധിച്ചത്.
ആന്റണി ആറിൽചിറ, ചന്പക്കുളം