റഫി ഫീൽ!
Sunday, July 30, 2023 1:12 AM IST
43 വർഷങ്ങൾ! മുഹമ്മദ് റഫിയുടെ ഓർമകൾ മങ്ങാതെ, വാടാതെ പൂക്കളായി വിടർന്നു നിൽക്കുന്നു.., ഋതുക്കളോരോന്നിലും ആ പാട്ടുകളുടെ വസന്തമുദിക്കുന്നു... റഫി അനുഭവങ്ങളില്ലാത്ത ഒരു പാട്ടുപ്രേമിയുമില്ല. കേട്ടറിവുകളുടെ പുതുമ ഒരുകാലത്തും നശിക്കുന്നുമില്ല. ഇതാ, റഫി- കിഷോർ ഓർമകളിൽ ചിലത്...
നാളെ, ജൂലൈ 31.
1980ലെ ഇതേ ദിവസമാണ് മുഹമ്മദ് റഫിയോടു പിണങ്ങി അദ്ദേഹത്തിന്റെ ഹൃദയം താളമിടൽ നിർത്തിയത്. തകർന്നത് കോടി കോടി ഹൃദയങ്ങളായിരുന്നു. താളത്തിനും ഈണത്തിനും മുഹമ്മദ് റഫി നൽകിയിരുന്ന പ്രാധാന്യം പറഞ്ഞറിയിക്കേണ്ടതല്ല. എല്ലാ ഗായകർക്കും മുഖ്യമാണല്ലോ അത്. എന്നാൽ അടിമുടി പെർഫെക്ഷനിസ്റ്റ് ആയിരുന്ന റഫി പാട്ടുകളെ സമീപിച്ചിരുന്നത് എങ്ങനെയാണ്?
അതിനുമുന്പ് മറ്റൊരു ചോദ്യത്തിലേക്കു വരാം. ഹിന്ദി ഭാഷയും അതിലെ ചലച്ചിത്രഗാനങ്ങളും നിലനിൽക്കുന്നിടത്തോളം കാലം ഉത്തരം കണ്ടുപിടിക്കാനാവാത്ത ചോദ്യമാണത്. മുഹമ്മദ് റഫിയോ കിഷോർ കുമാറോ, ആരാണ് കൂടുതൽ മികച്ചത്? പലർക്കും പല ഉത്തരങ്ങളുണ്ടാകാമെങ്കിലും അതെല്ലാം വ്യക്തിപരം മാത്രം.
ചില താരതമ്യങ്ങൾ നടത്തുകമാത്രമാണ് സാധ്യമാകുക. അതും ഒന്ന് നല്ലത്, അടുത്തത് മോശം എന്ന അർഥത്തിലല്ല. പാട്ടു പഠിക്കുന്ന കാര്യമെടുക്കാം. പലതവണ റിഹേഴ്സൽ നടത്തിയാണല്ലോ പാട്ടുകൾ പാട്ടുകൾ റെക്കോർഡ് ചെയ്യുന്നത്.
സംഗീതസംവിധായകൻ പാടിയോ ഉപകരണത്തിൽ വായിച്ചോ കേൾപ്പിക്കുന്ന ഈണം. അതല്ലെങ്കിൽ മറ്റാരെങ്കിലും പാടിവച്ച ട്രാക്ക്. ഇതാണ് ഗായകർ പഠിക്കുന്നത്. ആ ഈണത്തിൽ ഗായകരുടെ ചെറിയ തൊട്ടുതലോടലുകൾ ഉണ്ടാകാം- ചില സംഗീതസംവിധായകർ അത്തരം ഇംപ്രൊവൈസേഷനുകൾ അനുദവിക്കാറില്ലെങ്കിലും.
പാട്ടു പാടണമെങ്കിൽ ചില നിബന്ധനകൾ ഉണ്ടായിരുന്നു റഫിക്കും കിഷോറിനും. "പതിനൊന്നാം മണിക്കൂറിൽ’ ആലാപനത്തിൽ സ്വന്തം പരീക്ഷണങ്ങൾ കൊണ്ടുവരാൻ മിടുക്കനായിരുന്നു കിഷോർ കുമാർ. റെക്കോർഡിംഗിന്റെ തലേ ദിവസം ഈണം ഒരു സ്പൂൾ-ടേപ്പിലാക്കി തന്റെ വീട്ടിലെത്തിക്കണമെന്നതായിരുന്നു കിഷോറിന്റെ ഒരു നിബന്ധന.
സ്വന്തമായുള്ള റിഹേഴ്സൽ നടത്താനാണത്രേ ഇത്. അതും ഒരു മുഴുനീള കണ്ണാടിക്കുമുന്പിൽ! ആരാധന സൂപ്പർ ഹിറ്റായതോടെ ഇങ്ങനെ ടേപ്പ് കൊടുത്തയയ്ക്കാൻ മടിച്ചിരുന്ന സംഗീതസംവിധായകർപോലും കിഷോറിന്റെ എല്ലാ നിബന്ധനകളും അംഗീകരിച്ചുതുടങ്ങി. അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ കേൾവിക്കാർക്ക് ഇഷ്ടവുമായിരുന്നു.
അതേസമയം യാതൊരു പരീക്ഷണത്തിനും റഫി ഒരുക്കമായിരുന്നില്ല. അദ്ദേഹം ആവശ്യപ്പെട്ടിരുന്നത് ഫൈനൽ ട്യൂണ് ആയിരുന്നു. റിഹേഴ്സൽ സമയത്ത് സംഗീതസംവിധായകൻ നൽകുന്നത് എന്താണോ അത് പെർഫെക്ട് ആയി റെക്കോർഡിംഗിൽ റഫി നൽകിയിരിക്കും.
നൗഷാദ്, ഒ.പി. നയ്യാർ, ശങ്കർ-ജയ്കിഷൻ, റോഷൻ തുടങ്ങിയ സംഗീതസംവിധായകരെല്ലാം ഈണം നിശ്ചയിച്ചുറപ്പിച്ച ശേഷമേ റഫിയെ സമീപിക്കാറുള്ളൂ. ഒരർഥത്തിൽ റഫി ഏറ്റവും ഒടുവിലേ ചിത്രത്തിൽ വരാറുള്ളൂ എന്നുസാരം.
ട്യൂണിൽ അവസാനനിമിഷം വരുത്തുന്ന മാറ്റം റഫിയെ അസ്വസ്ഥനാക്കുമെന്ന് ഇവർക്കെല്ലാം അറിയാമായിരുന്നു. അനിൽ ബിശ്വാസ്, സി. രാമചന്ദ്ര, സലിൽ ചൗധരി, ആർ.ഡി. ബർമൻ തുടങ്ങിയവർ മാത്രമാണ് റഫിക്കു പാട്ടു പറഞ്ഞുകൊടുത്തശേഷം ഈണത്തിൽ മാറ്റം വരുത്താൻ ധൈര്യം കാണിച്ചിരുന്നത്- അതും ഏറ്റവും നല്ല റിസൽറ്റിനുവേണ്ടി മാത്രം.
ഈ നാലുപേർക്കും ഈണങ്ങൾ ഫൈനൽ എന്നു ബാഡ്ജ് ചെയ്യുന്ന പതിവില്ലായിരുന്നു. ഒരു സ്പാർക്ക് കിട്ടിയാൽ റെക്കോഡിംഗിനിടയിൽപ്പോലും സ്റ്റോപ്പ് പറയുന്ന ശീലമുണ്ടായിരുന്നു ഇവർക്ക്.
മദൻ മോഹനും പഞ്ചമും
കിഷോറിന്റെ ആരാധന ഇംപാക്ടിനു ശേഷവും റഫിയിൽ മാത്രം വിശ്വാസമുറപ്പിച്ചിരുന്ന സംഗീതസംവിധായകരാണ് ഉഷ ഖന്നയും മദൻ മോഹനും. പാട്ടുപഠിപ്പിക്കുന്ന കാര്യത്തിൽ റഫിയുമായി ഒരിക്കലും ഒരു പ്രശ്നവും മദൻ മോഹന് ഉണ്ടായിട്ടില്ല. അതേസമയം കിഷോർ കുമാറുമായി എണ്ണമറ്റ തർക്കങ്ങളുണ്ടാവുകയും ചെയ്തു.
ഒരിക്കൽ ഞാൻ കിഷോറിനെ എന്റെ റെക്കോർഡിംഗ് മുറിയിൽനിന്ന് ഓടിച്ചിട്ടുണ്ട്- മദൻ മോഹൻ പറഞ്ഞതാണിത്! പിൽക്കാലത്ത് അദ്ദേഹത്തിന്റെ ഈണങ്ങൾ പാടുന്പോൾ കിഷോർ പ്രാങ്കുകൾ ഒഴിവാക്കി "നല്ല കുട്ടി'യായിരുന്നു. റഫിയുടെ പെർഫെക്ഷനിസം മദൻ മോഹനുമായി ഇഴചേർന്നു പോകുകയും ചെയ്തു.
എന്നാൽ ആർ.ഡി. ബർമനും റഫിക്കുമിടയിൽ ചില്ലറ ഈഗോ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ബർമന്റേത് കലാകാരന്മാർക്ക് പൊതുവേ ഉണ്ടാകാവുന്ന ഈഗോ ആയിരുന്നു. റഫി നന്പർ വണ് ആയിരുന്നെന്നു സമ്മതിക്കുന്പോഴും തീസ്രീ മൻസിൽ എന്ന ചിത്രത്തിലെ ആജാ ആജാ എന്ന പ്രശസ്തമായ പാട്ട് അദ്ദേഹത്തെ പഠിപ്പിക്കാൻ താൻ കഷ്ടപ്പെട്ടുവെന്ന് ഒരിക്കൽ പഞ്ചം വെളിപ്പെടുത്തിയിരുന്നു. കിഷോർ കുമാറിനാണെങ്കിൽ ഈണം ഒരിക്കൽ പറഞ്ഞുകൊടുത്താൽ മതിയെന്നാണ് ബർമന്റെ ന്യായം.
റഫി പക്ഷേ ഇതൊന്നും കാര്യമായി എടുത്തിരുന്നില്ല. എല്ലാം ചെറുപുഞ്ചിരിയോടെ സ്വീകരിച്ചു. ലതാ മങ്കേഷ്കറുമായി ഒരിക്കൽ അഭിപ്രായവ്യത്യാസം ഉണ്ടായപ്പോഴും, ഓ ദുനിയാ കേ രഖ്വാലേ എന്ന പാട്ടിലും മാത്രമാണ് റഫി തന്റെ ശബ്ദം ഉയർത്തിയിട്ടുള്ളൂ എന്നാണ് തമാശയായി പറയാറുള്ളത്.
സംഗീതസംവിധായകരുടെ ഗായകനായ റഫിയിൽനിന്ന് ഏറ്റവും മികച്ചതു പുറത്തെടുക്കാൻ എല്ലാവർക്കും കഴിഞ്ഞു. സ്റ്റുഡിയോയിലെ ക്യുബിക്കിളിലേക്ക് ഓടിക്കിതച്ചെത്തി, എസിയുടെ സ്വിച്ച് സ്വയം ഓണ്ചെയ്ത് വിയർപ്പാറ്റി റഫി പാട്ടിന്റെ കുളിർക്കാലമുണ്ടാക്കി.
എസി വ്യാപകമാകുന്നതിനു മുന്പ് മിക്കപ്പോഴും രാത്രി ഒന്പതിനു ശേഷം മാത്രമേ റഫി റെക്കോർഡിംഗിന് എത്താറുള്ളൂവെന്ന് ആഷാ ഭോസ്ലേ ഓർമിച്ചിട്ടുണ്ട്. അപ്പോഴേക്കും അന്നത്തെ ബോംബെയിലെ കൊടുംചൂട് അല്പമൊന്നു ശമിച്ചിരിക്കുമല്ലോ. എപ്പോഴായാലും റഫി പാട്ട് പൂർണമായി പഠിച്ചിട്ടാവും എത്തുക.
കിഷോറിനെക്കുറിച്ച് റഫിയും തിരിച്ചും
റഫി ഒരിക്കൽ പറഞ്ഞത്: സൂപ്പർ സ്റ്റാറായി രാജേഷ് ഖന്ന ഉയർന്നുവന്നത് രംഗം അപ്പാടെ മാറ്റി. കിഷോറിന്റെ ശബ്ദമായി രാജേഷിന്. മറ്റു നടന്മാർ രാജേഷിനെ അനുകരിക്കാൻ ശ്രമിച്ചതോടെ കിഷോറിന്റെ ശബ്ദം രാജ്യത്തിന്റെ മുക്കിലും മൂലയിലും പ്രതിധ്വനിച്ചുതുടങ്ങി.
പാട്ടിന്റെ രംഗത്ത് ഇരുവരും പരസ്പരം മത്സരിച്ചിരുന്ന കാലമുണ്ടായിരുന്നെങ്കിലും പരസ്പരം അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചു. അവർക്കിടയിൽ ഒരിക്കലും ഒരു വിരോധവുമുണ്ടായിട്ടില്ലെന്ന് ഇരുവരുടെയും മക്കൾ പിന്നീട് ഓർമിച്ചിട്ടുണ്ട്.
കിഷോർ പറഞ്ഞത്: ഞങ്ങൾ ബദ്ധവൈരികളായിരുന്നു എന്ന പ്രചാരണം ഒട്ടും അടിസ്ഥാനമില്ലാത്തതാണ്. എനിക്ക് അദ്ദേഹത്തോടു വലിയ ബഹുമാനമാണ്. അപൂർവമായ കഴിവുള്ള ഗായകനാണ് അദ്ദേഹം.
റഫിയുടെ ഭൗതിക ശരീരത്തിനു കാൽക്കീഴിൽ മണിക്കൂറുകളോളം കണ്ണീരണിഞ്ഞ് ഇരുന്ന കിഷോർ കുമാറിന്റെ ദൃശ്യം ഒരു വിഷാദഗാനമായി ഇന്നും കേൾക്കാം.
ഹരിപ്രസാദ്