71 വർഷം മുൻപ് കടലിരന്പലിന്റെ പ്രതീതിയായിരുന്നു ആലപ്പുഴ വേന്പനാട് കായലോരത്തുയർന്ന ആരവത്തിന്. ആഹ്ലാദത്തിൽ മതിമറന്നു ജയ് വിളിച്ചവർക്ക് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു കേവലമൊരു ട്രോഫി മാത്രമായിരുന്നില്ല അന്നു സമ്മാനിച്ചത്. ഓളപ്പരപ്പിലെ വള്ളംകളി ലോകത്തിലെ ഏറ്റവും വലിയ ജലമേളയാകാനുതകുന്ന ആവേശംകൂടി നെഹ്റു കിഴക്കിന്റെ വെനീസിനു സമ്മാനിച്ചു.
തടിപീഠത്തിൽ വെള്ളിവെളിച്ചം വിതറുന്ന വള്ളത്തിന്റെ മാതൃക സ്വന്തം കൈയൊപ്പു ചാർത്തി അദ്ദേഹം ഡൽഹിയിൽനിന്ന് കൊടുത്തയച്ചത് തിരുകൊച്ചിയിലെ സാമൂഹിക ജീവിതത്തിന്റെ അടയാളമായ വള്ളംകളിയിലെ വിജയികൾക്ക് എന്ന അടയാളക്കുറിപ്പോടെയാണ്.
വള്ളംകളിയെ പ്രണയിക്കുന്നവർ ജീവശ്വാസംപോലെ ആ വൈകാരികത കൈമാറിവരുന്നു. തെങ്ങോലത്തലപ്പുകൾക്ക് താഴെ വേന്പനാടു കായലിനക്കരെയിക്കരെയായി ഒന്നര ലക്ഷം ആസ്വാദകരെ ഒരേപോലെ ആവേശം കൊള്ളിക്കുന്ന ജലമേള വേറെ ഏതാണുള്ളത്?
1952 ഡിസംബർ 27. മഞ്ഞ് പുതപ്പണിയിച്ച വേന്പനാട്ടു കായലും തീരവും ആസ്വാദ്യമാക്കാൻ കോട്ടയത്തുനിന്ന് ജവഹർലാൽ നെഹ്റുവിനെ ജനം ആലപ്പുഴയിലേക്ക് ജലമാർഗം ആനയിച്ചു. പ്രധാനമന്ത്രിയുടെ ആ സംസ്ഥാന സന്ദർശനം അവിസ്മരണീയമാക്കാൻ പുന്നമടയെ പുളകംകൊള്ളിച്ചൊരു ജലഘോഷയാത്ര.
ഡൊറോത്തി ബോട്ടിൽ നെഹ്റുവിനൊപ്പം മകൾ ഇന്ദിരയും കൊച്ചുമക്കളായ രാജീവും സഞ്ജയും. ബോട്ടുകളിലും വള്ളങ്ങളിലും ആർപ്പുവിളിയും വഞ്ചിപ്പാട്ടുമായി കരിക്കാരും കരക്കാരും. വിശ്വപൗരനെ വരവേൽക്കാൻ കുട്ടനാട്ടിൽ വള്ളംകളിയോളം വലുതെന്തിരിക്കുന്നു?
ആലപ്പുഴയിൽ വേന്പനാട് കായൽ അതിരിടുന്ന കൊറ്റംകുളങ്ങരയിൽ പൂപ്പന്തൽ മണ്ഡപത്തിലേക്ക് നെഹ്റു കുടുംബമെത്തിയത് ഉച്ചകഴിഞ്ഞ് ഒന്നേമുക്കാൽ മണിക്കാണ്. കതിർമണികൾ കോർത്തൊരുക്കിയ ഹാരം അണിയിച്ചപ്പോൾ കേരളത്തിന്റെ നെല്ലറയിൽനിന്നു പൊന്നുമണിമാല ലഭിച്ച സന്തോഷത്തിലായി പ്രധാനമന്ത്രി.
വിസിൽ മുഴുങ്ങേണ്ട നിമിഷം ഓളപ്പരപ്പിൽ വെള്ളിച്ചിറകുകൾ വിടർത്തി ചുണ്ടൻമാർ നടത്തിയ മാസ്മരിക പ്രകടനം നെഹ്റുവിനെ ത്രസിപ്പിച്ചു. മുളങ്കാലുകൾ നാട്ടി മുപ്പത് മീറ്റർ വീതിയിൽ എട്ടു നേർവരികളിലൂടെ മിന്നൽപ്പിണറുകൾക്കു നടുവിലെ കരിനാഗങ്ങളെപ്പോലെ ചുണ്ടനുകൾ കുതിച്ചുവരുന്ന ബൈനോക്കുലർ ദൃശ്യം അദ്ദേഹത്തെ കോരിത്തരിപ്പിച്ചു.
നടുഭാഗം, ചന്പക്കുളം (അമിച്ചകരി), പാർഥസാരഥി, കാവാലം, വലിയ ദിവാൻജി, നെപ്പോളിയൻ, നേതാജി, ഗിയർഗോസ് ചുണ്ടനുകളുടെ ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ ഒന്നാമതെത്തിയ നടുഭാഗത്തിന്റെ അമരത്തേക്ക് രാജ്യത്തിന്റെ അമരക്കാരൻ ചാടിക്കയറി തുള്ളിച്ചാടിയതും വിജയികളെ ആദരിച്ചതും ഓർമക്കലണ്ടറിൽ ഇന്നും മായാതെ നിൽക്കുന്നു.
ഗാന്ധിത്തൊപ്പിയുടെ പ്രൗഢിയിൽ പൈജാമയും കുർത്തയും അണിഞ്ഞ് പത്താൻ ഷൂവിട്ട പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെ നടുഭാഗം വള്ളത്തിൽ ആലപ്പുഴ ജെട്ടിയിലേക്ക് ആനയിച്ചപ്പോൾ അത് ജനാവലിയുടെ ജലപ്രകടനമായി മാറി. കരഘോഷങ്ങൾക്ക് അകന്പടിയായി വഞ്ചിപ്പാട്ടിന്റെ താളലയം. ലോകജലഭൂപടത്തിൽ കുട്ടനാടിനെ അടയാളപ്പെടുത്താനും അലങ്കരിക്കാനുമായി നെഹ്റു ഡൽഹിയിൽനിന്നും അയച്ചുനൽകിയ സമ്മാനമാണ് നെഹ്റു ട്രോഫി.
ലോകത്തിലെ ഏറ്റവും വലിയ ജലമേളയുടെ തുടക്കമായിരുന്നു അത്. 1954ൽ കൈനകരിയിലെ മീനപ്പള്ളി വട്ടക്കായലിൽ പ്രൈംമിനിസ്റ്റേർസ് ട്രോഫി എന്നപേരിലാണ് വള്ളംകളി നടത്തിയത്. 1955 മുതലാണ് പുന്നമടയിൽ തുഴയാരവം തുടങ്ങിയത്. 1969ൽ പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി നെഹ്റു ട്രോഫിയായി. മിനിറ്റിൽ 100 തവണ മുതൽ 120 തവണവരെ വെള്ളത്തിൽ താഴ്ന്നും മിന്നിയും ഉയരുന്ന തുഴകൾ. മാസങ്ങളും വർഷങ്ങളും നീളുന്ന പരിശീലനം വേണം ഇത്തരമൊരു കളിക്കു പാകമാകാൻ.
നെഹ്റു ട്രോഫി വള്ളംകളി ഇക്കാലത്ത് പവലിയനുകളും സംവിധാനങ്ങളും ഘോഷയാത്രയും ചിത്രീകരണങ്ങളുമൊക്കെയായി വേന്പനാട് കായലോരത്ത് അലയടിക്കുന്ന ആർപ്പുവിളികളുടെ ദിവസമാണ്. കേരളത്തനിമയുടെ അടയാളവിരുന്നായി കഥകളി, തെയ്യം, പഞ്ചവാദ്യം, പടയണി കാഴ്ചകളുടെ ദൃശ്യാവതരണവും.
ഒന്നര കിലോമീറ്ററിന് അൽപം കുറവിൽ തീർക്കുന്ന ട്രാക്കുകളിലൂടെ ചുണ്ടൻ മാത്രമല്ല ചുരുളനും വെപ്പും ഇരുട്ടുകുത്തിയും ഓടിയുമൊക്കെ മത്സരിക്കുന്നു. വള്ളങ്ങൾ പലതെങ്കിലും ചുണ്ടന്റെ അഴകും ആകാരവും വേറെതന്നെ. 100 മുതൽ 158 അടിവരെ നീളം. പിൻഭാഗം ജലനിരപ്പിൽ നിന്ന് 20 അടി ഉയരത്തിൽ. നീണ്ടു കൂർത്ത മുൻഭാഗം. അകലക്കാഴ്ചയിൽ പത്തിവിരിച്ച നാഗത്തെപ്പോലെ തോന്നും. അതിന്റെ തലപ്പൊക്കവും നീളായവും എണ്ണത്തിളക്കവും പ്രൗഢിയും ഒന്നു വേറെതന്നെ.
മതമൈത്രിയുടെ ഉത്സവവും പങ്കാളിത്തത്തിന്റെ മത്സരവും കൂടിയാണ് നെഹ്റു ട്രോഫി വള്ളംകളി. വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും മറന്നുള്ള പരിശീലനവും ദിവസേന വള്ളസദ്യയുമൊക്കെയായി ഓരോ കരക്കാർക്കും അവരുടെ മാനവും ജീവനുമാണ് സ്വന്തം ചുണ്ടൻ.
150 പേർ ഒരേ വള്ളത്തിൽ താളത്തിലും കൈയനക്കത്തിലും നെല്ലിട വ്യത്യാസം വരാതെ വള്ളത്തെ വെള്ളപ്പരപ്പിലൂടെ പറപ്പിക്കുന്ന ജാലവിദ്യ. വള്ളംകളി ഉത്സവം ആലപ്പുഴയുടെയും കുട്ടനാടൻ ജനതയുടെയും സാംസ്കാരിക ജീവിതത്തിന്റെ അടയാളമാണ്.
റെജി ജോസഫ്