ഒരു നാടകം സമൂഹത്തിലുണ്ടാക്കിയ അസ്വസ്ഥതകൾക്കും മുറിവുകൾക്കും നല്ല നാടകങ്ങൾകൊണ്ടു മറുപടി പറയുക... ഈ ചിന്തയിൽ രൂപംകൊണ്ട കെസിബിസി നാടകമേള ഇന്നു കേരളത്തിലെ ഏറ്റവും മികച്ച നാടകമേളയായി വളർന്നിരിക്കുന്നു.
36 വർഷം മുന്പ് എറണാകുളം പാലാരിവട്ടം പിഒസിയിലെ ഒരു സായംസന്ധ്യയിൽ നെടുനീളൻ മണിയടിക്കു ശേഷം നാടകതിരശീല ഉയരുന്പോൾ ഈ സന്ദേശം കൂടി ഉറക്കെയുയർന്നു കേട്ടു."അരങ്ങിലെ മുറിവിന് അരങ്ങിന്റെ കരുത്തുകൊണ്ടൊരു മറുപടി'.
ഒരു നാടകം സമൂഹത്തിലുണ്ടാക്കിയ അസ്വസ്ഥതകൾക്കും മുറിവുകൾക്കും നല്ല നാടകങ്ങൾ കൊണ്ടു പ്രതിരോധം തീർക്കുകയാണ് ഉചിതമെന്ന ചരിത്രപരമായ തീരുമാനത്തിന്റെ സാക്ഷാത്കാരത്തിലേക്കു കൂടിയാണ് അന്നു തിരശീല ഉയർന്നത്. മൂന്നര പതിറ്റാണ്ടു പ്രായമെത്തിയ കെസിബിസി നാടക മേളയുടെ തുടക്കം അതായിരുന്നു.
നാടകമേളയ്ക്കു തുടക്കം
കസന്ത്സാക്കീസിന്റെ : ദ് ലാസ്റ്റ് ടെംപ്റ്റേഷന് ഓഫ് ജീസസ് ക്രൈസ്റ്റ്'' എന്ന നോവലിനെ ആധാരമാക്കി, പി.എം. ആന്റണി എഴുതിയ ''ക്രിസ്തുവിന്റെ ആറാം തിരുമുറിവ്'' എന്ന നാടകം കേരളത്തിൽ വിവാദമുയർത്തിയ നാളുകൾ നാടകാസ്വാദകർക്കു മറക്കാനാവില്ല.
ക്രിസ്തുവിനെയും ക്രിസ്തു സംഭവങ്ങളെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ക്രൂരസാധ്യത ഉപയോഗപ്പെടുത്തി വികലമായി വ്യാഖ്യാനിച്ച നാടകത്തെ, ക്രിയാത്മകമായി പ്രതിരോധിക്കാൻ എന്തു ചെയ്യണമെന്ന ആലോചനയാണ് ''നാടകത്തെ നാടകം കൊണ്ടു നേരിടുക'' എന്ന സർഗാത്മകമായ നിലപാടിലേക്കെത്തിയത്.
മൂല്യാധിഷ്ഠിതമായ നല്ല നാടകങ്ങളെ പ്രോത്സാഹിപ്പിച്ചു നന്മയുടെയും സുവിശേഷത്തിന്റെയും സന്ദേശം ജനങ്ങളിലേക്കെത്തിക്കുക എന്ന ദൗത്യം ഏറ്റെടുത്ത കെസിബിസി മാധ്യമ കമ്മീഷൻ, 1987 ഓഗസ്റ്റിൽ അഖില കേരള നാടക മത്സരത്തിനു തുടക്കമിട്ടു. പിന്നീട് ഇതു കെസിബിസി നാടകമേളയായി.
മേളകളുടെ അമരത്ത്
കേരളത്തിലെ നാടകമേളകളുടെ ചരിത്രത്തിൽ ശ്രദ്ധേയസ്ഥാനമാണ് എല്ലാ വർഷവും നടക്കുന്ന കെസിബിസി നാടകമേളയ്ക്കുള്ളത്. ആദ്യകാലത്തു ബൈബിൾ നാടകങ്ങൾ മാത്രമായിരുന്നു മേളയിലെത്തിയിരുന്നതെങ്കിൽ, ഇന്നു കേരളത്തിലെ പ്രമുഖ പ്രഫഷണൽ നാടകസംഘങ്ങളുടെ മികച്ച സാമൂഹ്യനാടകങ്ങളാണ് അവതരിപ്പിക്കപ്പെടുന്നത്. ഓരോ വർഷവും നാടകസംഘങ്ങളുടെ ഏറ്റവും പുതിയ നാടകങ്ങൾക്ക് ആദ്യ വേദിയാകുന്നതും പിഒസിയാണ്.
സ്ക്രിപ്റ്റുകൾ ക്ഷണിച്ചു ജൂറിയുടെ തെരഞ്ഞെടുപ്പു പൂർത്തിയാക്കി അരങ്ങിലെത്തുന്നത് പ്രതിവർഷം പത്തു മികച്ച നാടകങ്ങൾ. മത്സരനാടകങ്ങളും പ്രദർശന നാടകങ്ങളും ചേരുന്നതാണു മേള. നാടകകല വിനോദസാധ്യതകൾക്കൊപ്പം മൂല്യബോധനത്തിനുള്ള മാധ്യമം കൂടിയാണെന്നു വിളിച്ചുപറയുന്ന നാടകങ്ങളാണ് പിഒസിയുടെ കളിത്തട്ടിലെത്തുന്നത്. അതുകൊണ്ടുതന്നെ കേരളത്തിലെ നാടകമേളകളുടെ അമരത്തുതന്നെയാണ് പിഒസിയിലെ നാടകമേളയുടെ ഇടം.
ആദ്യമേളയിൽ എട്ടു നാടകങ്ങൾ
എട്ടു ബൈബിൾ നാടകങ്ങളായിരുന്നു 1987ലെ ആദ്യ നാടകമേളയുടെ അരങ്ങിലെത്തിയത്. ആലപ്പി തീയറ്റേഴ്സ്, കൊച്ചിൻ നാടകവേദി, പാലാ സാൻപയസ്, പൂഞ്ഞാർ നവധാര, കൊച്ചിൻ തീയറ്റേഴ്സ്, ചാലക്കുടി ഫൈവ് സ്റ്റാർ, പാലാ ദീപ്തി തീയറ്റേഴ്സ് എന്നീ നാടകസംഘങ്ങളാണ് അന്നു നാടകം അവതരിപ്പിച്ചത്.
പ്രമുഖരുടെ കളരി
നാടക അരങ്ങിലും അണിയറയിലും പിന്നീട് സിനിമയിലുമെല്ലാം ശ്രദ്ധേയരായ പലരുടെയും കലാരംഗത്തെ ആദ്യചുവടുകളിൽ പിഒസിയിലെ നാടകമേളകളുണ്ടായിരുന്നു.
സംഗീത നാടക അക്കാദമിയുടെ സാരഥിയായിരുന്ന സേവ്യർ പുൽപ്പാട്ട്, പ്രമുഖ നാടക കൃത്തും ഗ്രന്ഥകാരനുമായ എ.കെ. പുതുശേരി, ജോസ് താന, ശ്രീമൂലനഗരം വിജയൻ, ശ്രീമൂലനഗരം മോഹൻ എന്നിവരുടെയെല്ലാം ആദ്യകാല നാടകങ്ങൾ പിഒസി നാടകമേളയിലേതായിരുന്നു.
പിൽക്കാലത്തു സിനിമയിലെത്തിയ ചെന്പിൽ അശോകൻ, പിഒസിയിലെ പതിനൊന്നാം നാടകമേളയിലെ അമ്മൂമ്മക്കിളി നാടകത്തിലൂടെ മികച്ച സഹനടനുള്ള പുരസ്കാരം നേടിയിരുന്നു. സിനിമകളിലും സീരിയലുകളിലും അറിയപ്പെട്ട പൗളി വൽസൻ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്കെത്തിയത്. 2009 ലെ മേളയിൽ ശ്രദ്ധിക്കപ്പെട്ട അശോകചക്ര നാടകത്തിലൂടെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് പൗളിയായിരുന്നു.
ഒരു കാലത്ത് ഗാംഭീര്യമാർന്ന ശബ്ദംകൊണ്ടു നാടകവേദികളെ കീഴടക്കിയ കുയിലനും കെസിബിസി നാടകമേളകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. മത്സരനാടകങ്ങളെന്ന നിലയിൽ പ്രമുഖ നാടകപ്രവർത്തകരും എഴുത്തുകാരും കെസിബിസി നാടകമേളകളിൽ വിധികർത്താക്കളായെത്തി.
ജോൺപോൾ, തോമസ് മാത്യു, ടി.എം. ഏബ്രഹാം, ജോൺ ടി. വേക്കൻ തുടങ്ങിയവരെല്ലാം വിവിധ വർഷങ്ങളിൽ ജൂറി അംഗങ്ങളായിരുന്നുവെന്നു കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി റവ.ഡോ. ഏബ്രഹാം ഇരിമ്പിനിക്കൽ പറഞ്ഞു.
ബെന്നി പി. നായരന്പലം, ടി.എം. ഏബ്രഹാം, ഷേർളി സോമസുന്ദരൻ എന്നിവരാണ് 2023 ലെ നാടകമേളയിലെ വിധികർത്താക്കൾ.
ട്രിപ്പിൾ നേട്ടത്തിന്റെ സ്മരണയിൽ എ.കെ. പുതുശേരി
കെസിബിസിയുടെ ആദ്യത്തെ മൂന്നു നാടകമത്സരങ്ങളിലും ഒന്നാമതെത്തിയ നാടകങ്ങൾ പ്രമുഖ നാടകകൃത്തും ഗ്രന്ഥകാരനുമായ കൊച്ചിയിലെ എ.കെ. പുതുശേരിയുടെ തൂലികയിലാണു പിറന്നത്. ആദ്യമേളയിലെ മികച്ച നാടകം കാനായിലെ കല്യാണം, രണ്ടാം മേളയിൽ ഒന്നാം സ്ഥാനം നേടിയ വചനം തിരുവചനം എന്നിവ എഴുതിയത് പുതുശേരിയാണ്. രണ്ടു നാടകങ്ങളും അവതരിപ്പിച്ചത് കൊച്ചിൻ തീയറ്റേഴ്സ്.
മൂന്നാം വർഷം എഴുതിയ യഹോവയുടെ മുന്തിരിത്തോപ്പ് മേളയിലെ സ്പെഷൽ കാഷ് അവാർഡിന് അർഹമായി. പുതുശേരിയുടെ നാടകങ്ങൾ സംവിധാനം ചെയ്ത ജെ.സി. കുറ്റിക്കാട് പിൽക്കാലത്തു സിനിമയിലെത്തി.
108 പള്ളികളിൽ അവതരിപ്പിച്ച വാഗ്ദത്തഭൂമി ഉൾപ്പെടെ 22 ബൈബിൾ നാടകങ്ങൾ പുതുശേരി രചിച്ചിട്ടുണ്ട്. നാടകങ്ങളും മറ്റു രചനകളുമായി 92 പുസ്തകങ്ങൾ ഇദ്ദേഹം എഴുതി. നാടകരംഗത്തെ പ്രതിഭകളെ വാർത്തെടുക്കുന്നതിൽ കെസിബിസി നാടകമേള വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് എ.കെ. പുതുശേരി പറഞ്ഞു.
സിജോ പൈനാടത്ത്